ഉള്ളിൽ പതിഞ്ഞ ഉൾച്ചുമരെഴുത്തുകൾ

“മോളോന്നും കഴിച്ചിട്ടില്ലെന്നു വേവലാതി കൊള്ളുന്ന അമ്മയെ പിന്നിൽ വിട്ടു നടക്കുമ്പോൾ സ്കൂളിലേയ്ക്കുള്ള വഴി ഒരൂഹം മാത്രമായിരുന്നു. കടത്തുകഴിഞ്ഞ് ഏഴുകിലോമീറ്റർ ദൂരം ഒഴിഞ്ഞ വയറുമായി കണ്ണീരിടയ്ക്കിടെ തുടച്ചു വഴിചോദിച്ചു നടന്നു പോകുന്ന ഒരു പതിമൂന്നുകാരി.”

കണ്ണു നിറഞ്ഞൊഴുകിയിരുന്നു വായിച്ച് തീർന്നപ്പോൾ. നന്ദയുടെ ദുഃഖം എന്റേതുമായി തീർന്നിരുന്നു അപ്പോഴേക്കും. അത്രമേൽ മനോഹരമായി എഴുതിയിരുന്നു നന്ദയുടെ വേദനകളെ. ഇത്രയും പറഞ്ഞത് ബുദ്ധ ക്രിയേഷൻസിന്റെ “ഉൾചുമരെഴുത്തുകൾ ” എന്ന പുതിയ നോവലിനെ കുറിച്ചാണ്. ബിന്ദു ഹരികൃഷ്ണനാണ് നോവലിന്റെ രചയിതാവ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് നോവൽ കൈയിൽ കിട്ടിയത്. ഏതൊരു പുതിയ ബുക്ക് കിട്ടുമ്പോഴും ഉണ്ടാകുന്ന പതിവ് സന്തോഷത്തോടെ എഴുത്തുകാരിയുടെ ഒപ്പോടെ കിട്ടിയ ഈ ബുക്കും സ്വീകരിച്ചു.

തിരക്കുള്ള ദിവസമായത് കൊണ്ട് വൈകുന്നേരം വീട്ടിൽ എത്തിയിട്ടാണ് വായിക്കാൻ തുടങ്ങിയത്. അത്ര നല്ലതല്ലാത്ത ഒരു മൂഡിലാണ് വായിച്ച് തുടങ്ങിയത്. ആദ്യ രണ്ട് അദ്ധ്യായങ്ങൾ വായിച്ചപ്പോൾ മനസ്സിന്റെ ഭാരം കൂടുന്നതായി തോന്നി. ബുക്ക് അടച്ചു മാറ്റി വച്ചു. മനസ്സ് സ്വസ്ഥമായിരിക്കുന്ന ഒരു ദിവസം വായിക്കാം എന്ന് കരുതി. തണുപ്പുകാലത്തോടുള്ള പ്രതിഷേധം എന്നവണ്ണം വന്നെത്തിയ ഒരു പനി കാരണം റസ്റ്റ് എടുക്കേണ്ടി വന്നു. വേറൊന്നും ചെയ്യാൻ പറ്റില്ല എന്ന അവസ്ഥയിൽ വായിക്കാൻ തീരുമാനിച്ചു.

വീണ്ടും “ഉൾചുമരെഴുത്തുകൾ” കൈയിലെടുത്തു. വായിച്ച് തീർത്ത ആദ്യ രണ്ട് അധ്യായങ്ങൾ വീണ്ടും നോക്കാൻ മടിച്ച് നേരെ മൂന്നാമത്തെ അദ്ധ്യായത്തിലേക്ക്. നന്ദയുടെയും ശോഭിയുടെയും കഥ തുടങ്ങുന്നത് അവിടെയാണ്. ശോഭിയുടെ ജീവിതം നന്ദയുടെ കണ്ണുകളിലൂടെയാണ് വായനക്കാരന് മുന്നിലെത്തുന്നത്. മകളുടെ കണ്ണിലൂടെ കാണുന്ന അമ്മയുടെ ജീവിതം. ശോഭി, ഏതൊരു പഴയ തറവാടുകളിലും കാണപ്പെടുന്ന, സർവ്വംസഹയായ ഒരു ഭാര്യയുടെ, അമ്മയുടെ പ്രതീകമാണ്. രാജീവിന്റെ ചതികൾ അറിഞ്ഞുകൊണ്ട് അയാളെ സ്നേഹിക്കാൻ ശോഭിയ്ക്കു കഴിയുമ്പോൾ, അവൾ നിസ്വാർത്ഥ സ്നേഹത്തിന്റെ പ്രതീകമാണ്. എതിർക്കാൻ കഴിവില്ലാത്ത ഒരു സ്ത്രീയായി അവർ നിൽക്കുന്നത് കുടുംബം എന്ന തണൽ നന്ദയ്ക്ക് നൽകാൻ വേണ്ടിയായിരുന്നു. അത് മനസ്സിലാകുന്നത് ഒടുവിൽ മകളുടെ കൈപിടിച്ച് ഒറ്റയ്ക്ക് ജീവിക്കാനും മകളെ ഉയരങ്ങൾ സ്വപ്നം കാണാൻ പഠിപ്പിക്കുമ്പോഴും ആണ്.

വളരെ ശക്തമായ അമ്മ മകൾ ബന്ധം വളരെ മനോഹരമായ വാക്കുകൾ കൊണ്ട് വരച്ചു വച്ചിരിക്കുന്നു ബിന്ദു എന്ന കഥാകാരി. നന്ദ സാഹചര്യങ്ങളോട് പൊരുതി സ്വപ്നങ്ങൾ വെട്ടിപിടിക്കാൻ കൊതിക്കുന്ന പെൺകുട്ടികളുടെ പ്രതീകമാണ്. അവളുടെ സ്വപ്നങ്ങൾക്ക് താങ്ങായി ശോഭി എന്ന അമ്മയും. ഈ കുറിപ്പിന്റെ തുടക്കത്തിൽ എഴുതിയ വാചകങ്ങൾ ഇരുപത്തിയൊന്നാം അദ്ധ്യായത്തിന്റെ അവസാനത്തിലുള്ളതാണ്. പകുതിയോളം വായിച്ചു കഴിഞ്ഞപ്പോഴേക്കും പനിയും ക്ഷീണവും കണ്ണുകളെ വേദനിപ്പിച്ചു തുടങ്ങി. ഇരുപത്തിമൂന്നാം അധ്യായത്തിൽ, ബുക്ക് അടച്ചുവച്ച് ഉറങ്ങാൻ കിടന്നു. കണ്ണടച്ചു കിടക്കുമ്പോഴും നന്ദ അവൾക്ക് പറയാനുള്ളത് മുഴുവൻ കേൾക്കാതെ പോയ എന്നോട് പരിഭവിച്ചു മനസ്സിൽ ഉറക്കം തരാതെ നിന്നു. മുഴുവൻ വായിച്ചു തീർക്കാതെ ഉറങ്ങാൻ പറ്റില്ല എന്ന അവസ്ഥ.

വീണ്ടും വായന തുടങ്ങി. നന്ദയ്ക്ക് പറയാനുള്ളത് മുഴുവൻ കേട്ടു. അവൾക്കൊപ്പം പലതവണ കരഞ്ഞു. തലകുനിച്ചു നിൽക്കുന്ന അരുണിന് മുന്നിലൂടെ തലയുയർത്തി നടന്നു പോയ നന്ദയെ ചേർത്തുപിടിച്ചു അരുൺ നിന്നെ അർഹിക്കുന്നില്ല കുഞ്ഞേ എന്ന് പറയാൻ തോന്നി. ഒടുവിൽ വായിച്ച് തീർന്ന്, ബുക്ക് അടച്ചു വച്ചപ്പോൾ ഇഷ്ടപുസ്തകങ്ങളുടെ ഇടയിൽ തന്നെ വയ്ക്കാൻ മറന്നില്ല. നന്ദയും ശോഭിയും മാത്രമല്ല, അവരെ ചുറ്റിപ്പറ്റി വരുന്ന എല്ലാവരും കൂടി ജീവിത സ്പർശിയായ ഒരു നോവലായി ‘ഉൾചുമരെഴുത്തു’കളെ മാറ്റുന്നു. അടുത്തിടെ വായിച്ച ഏറ്റവും നല്ല നോവൽ. വായിക്കാൻ ഇഷ്ടമുള്ള ആരെയും നിരാശപ്പെടുത്തില്ല. ബിന്ദു ഹരികൃഷ്ണൻ എന്ന എഴുത്തുകാരിക്ക് എല്ലാ ഭാവുകങ്ങളും; ഒപ്പം ബുദ്ധ ക്രിയേഷൻസിനും.

രമ്യ ഗോവിന്ദ്

ഉൾച്ചുമരെഴുത്തുകൾ
വില : 240 രൂപ
പ്രസാധകർ : ബുദ്ധാ ക്രിയേഷൻസ്
പുസ്തകം ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://buddhacreations.myinstamojo.com/product/3011563/-8e9b5

error: Content is protected !!