നാനാത്വത്തിൽ ഏകത്വം

മെഡിക്കൽ ട്രാൻസ്ക്രിപ്ഷനിസ്റ്റ് ആയി തിരുവനന്തപുരം ടെക്നോപാർക്കിൽ ഒരു ബിപിഒ കമ്പനിയിൽ ജോലിക്ക് കയറുമ്പോൾ ഒരിക്കലും കരുതിയിരുന്നില്ല വിവാഹത്തിന് ശേഷം ഈ മേഖലയിൽ തന്നെ യുഎഇ യിലെ ഒരു ഹോസ്പിറ്റലിൽ സേവനം തുടങ്ങുമെന്ന്. പ്രസ്തുത ഹോസ്പിറ്റലിലെ ഐ സി യു/എൻ ഐ സി യു മെഡിക്കൽ സെക്രട്ടറി ആയിട്ടാണ് ഞാൻ രണ്ടായിരത്തി പതിനാറിൽ ജോലിക്ക് കയറുന്നത് .

അന്ന് എന്റെ കൂടെ ഐ സി യു സെക്യൂരിറ്റി ആയി ഉണ്ടായിരുന്നത് ഉഗാണ്ടയിൽ നിന്നുള്ള ഖദീജ ആയിരുന്നു. ഖദീജയും ഞാനും വളരെ പെട്ടെന്ന് തന്നെ കൂട്ടുകാരായി.

ഞങ്ങളുടെ വിശ്രമവേളകളിൽ, ഉഗാണ്ട എന്ന ശാന്തസുന്ദരമായ രാജ്യത്തെക്കുറിച്ചും അവിടെ ഉള്ള മലയാളികളായ വ്യവസായികളെ കുറിച്ചുമൊക്കെ അവൾ എനിക്കു പറഞ്ഞു തരുമായിരുന്നു. ഞാൻ തിരിച്ച്‌ നമ്മുടെ ശ്യാമ സുന്ദര കേര കേദാര ഭൂമിയെ കുറിച്ചും വർണ്ണിക്കും.

അതിരാവിലെ എഴുന്നേറ്റ് രാവിലേക്കുള്ള പലഹാരവും, ഉച്ചയ്കുകഴിക്കാനുള്ള ചോറും കറിയും ഉണ്ടാക്കിയ കഥയൊക്കെ പറയുമ്പോ ഖദീജ ചോദിക്കും, “ശുഹാദാ (എന്താ ഇത് എന്ന് അറബിക്കിൽ ചോദിക്കുന്നത് ഇങ്ങനെ ആണ്) വൈ ആർ യു കുക്കിംഗ്‌ ലൈക്‌ ദിസ്‌ മഹി? കുക്ക് ലെസ്സ്, ഈറ്റ് ബ്രെഡ്‌, സാൻഡ്‌വിച്, സാത്തർ ആൻഡ് സ്ലീപ്‌ മോർ, യു ആർ വേസ്റ്റിംഗ് യുവർ എനർജി മഹി, യു ഷുഡ് ലവ് യുവർസെല്ഫ്”.

അപ്പോൾ ഞാൻ ഓർക്കും ശരിയാണ് നമ്മൾ മലയാളികളാണ് ഇങ്ങനെ പാചകം ചെയ്തു മരിക്കുന്നത്. ഒരു ദിവസത്തിന്റെ നല്ല പങ്കും പാചകം ചെയ്തും, തുണി അലക്കിയും, വീട് അടിച്ചു വാരിയും, പാത്രം കഴുകിയും തീർക്കും, പക്ഷെ അങ്ങനെ അല്ലാതെ ഒരു ജീവിതവും നമുക്ക് ചിന്തിക്കാനാകുമോ, സംശയമാണ്.

ഇടയ്ക്ക് ഞാൻ ഉണ്ടാക്കിയ ഭക്ഷണം കൊടുക്കുമ്പോൾ അവൾ പറഞ്ഞു, “നൗ ഐ അണ്ടർസ്റ്റുഡ് വൈ യു പീപ്പിൾ കുക്ക് ലൈക്‌ ദിസ്‌, ഇറ്റ് ഈസ്‌ വെരി ടേസ്റ്റി മഹി’.

സത്യം പറഞ്ഞാൽ നമ്മൾ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്ന ആൾ പറയുന്ന മനം നിറയ്ക്കുന്ന ഈ വാക്കുകൾ കേൾക്കാൻ കൂടെ അല്ലേ നമ്മൾ ഇങ്ങനെ പാചകം ചെയ്യുന്നത്?. വെറും ആറ് മാസമേ ഞാനും ഖദീജയും ഒരുമിച്ച് ജോലി ചെയ്തുള്ളു എങ്കിലും ഇപ്പോഴും എന്റെ നല്ല സുഹൃത്തുക്കളിൽ ഒരാൾ ആണ് അവൾ.

ഐ സി യുവിൽ ജോലി ചെയ്തിരുന്നപ്പോഴുള്ള ഏക പ്രയാസം രോഗികളുടെ മരണവും, മരണപ്പെട്ട ആളുടെ ബോഡി ഷിഫ്റ്റ്‌ ചെയ്യുന്നതും ആണ്. ആദ്യമായി കണ്ട മരിച്ച ആളുടെ ശരീരം പെട്ടിയിലാക്കി മാറ്റുന്ന കാഴ്ച ഇപ്പോഴും മനസ്സിൽനിന്നും പോയിട്ടില്ല. ആരെങ്കിലും അന്നേ ദിവസം മരണപെട്ടിട്ടുണ്ടെങ്കിൽ പ്രാർത്ഥിച്ചിട്ടുണ്ട്, എന്റെ ഡ്യൂട്ടി കഴിഞ്ഞു പോയതിനു ശേഷം മാത്രമേ ഷിഫ്റ്റ്‌ ചെയ്യാവുകയുള്ളു ഭഗവാനെ എന്ന്.

ഞാനും ഖദീജയും അങ്ങനെ കഥകൾ പറഞ്ഞും ഉഗാണ്ടയിൽ സഹോദരിയുടെ കൂടെ കഴിയുന്ന അവളുടെ മകളോട് അവൾ ഫോണിൽ കൊഞ്ചിയും ഇടയ്ക്ക് തമ്മിൽ വഴക്കിട്ടും രോഗികളെ കുറിച്ച് പ്രയാസപ്പെട്ടും അവർക്ക് വേണ്ടി പ്രാർത്ഥിച്ചും കഴിഞ്ഞു പോകെ ഒരു ദിവസം കാർഡിയാക് അറസ്റ്റ് വന്ന ഒരു പാകിസ്താനി, മുപ്പത്തിയഞ്ച് വയസുള്ള യുവാവിനെ അഡ്മിറ്റ്‌ ചെയ്തു. കൂടെ ഉണ്ടായിരുന്നത് കരഞ്ഞു തളർന്ന, മെലിഞ്ഞു സുന്ദരിയായ അദ്ദേഹത്തിന്റെ ഭാര്യ തയിബ.

അവരുടെ കല്യാണം കഴിഞ്ഞു അഞ്ച് വർഷം തികയുകയായിരുന്നു അന്നേക്ക്. കുട്ടികളില്ല. വളരെ സന്തോഷകരമായ ദാമ്പത്യം, രാവിലെ പതിവ് പോലെ ഭാര്യയോട് യാത്ര പറഞ്ഞു ജോലി സ്ഥലത്തേക്ക് തിരിച്ചതാണ്. വഴിയിൽ വെച്ച് കാർഡിയാക് അറസ്റ്റ് വന്നു, അത് ബ്രയിനിനെ ബാധിച്ചു.

കൂടെ ഇരിക്കാൻ കൂട്ടായി ആരുമില്ലാതിരുന്ന തയിബയ്ക്കു ഞങ്ങൾ കൂട്ടായി. അവളുടെ നല്ല പാതിക്കു വേണ്ടി മനസ്സുരുകി പ്രാർത്ഥിച്ചു. ബ്രെയിൻ ഡെത്ത് സംഭവിച്ച് കോമയിൽ കിടക്കുന്ന ഭർത്താവിനെ കണ്ടു വരുമ്പോഴേല്ലാം അവൾ പറഞ്ഞു “ഐ നോ ഹി വിൽ കം ബാക്ക്, ഹി നോസ് ദാറ്റ്‌ ഐ കന്നോട്ട് ലിവ് വിത്തൌട്ട് ഹിം”.

രണ്ടു ദിവസത്തിനകം അവളുടെ അച്ഛനും അമ്മയും പാകിസ്ഥാനിൽ നിന്നു വന്നു. അവൾക്ക് അത് താങ്ങായി.

കിഡ്നി തകരാറിലായി ഡയലിസിസ് ചെയ്തു പോരുമ്പോൾ അവൾ ഒരിക്കൽ ഡോക്ടറിനോട് പറഞ്ഞു ഇനി ഡയലിസിസ് ചെയ്യരുത്; കോമയിൽ ആണെങ്കിലും അദ്ദേഹത്തിന് വേദന താങ്ങാൻ കഴിയുന്നില്ല, അതു ഞാൻ അറിയുന്നുണ്ട് എന്ന്.

കോമയിൽ കിടക്കുന്ന ഒരാൾക്കു ചുറ്റും നടക്കുന്നതും, അയാളുടെ വേദനകളും അറിയാൻ കഴിയുമെന്നു പറയുന്നത് ശരിയായിരിക്കുമോ എന്നു ഞാൻ ചിന്തിച്ചു.

ഈ വേദനകൾക്കിടയിലും അവൾ ഭർത്താവുമൊത്തുള്ള ചിത്രങ്ങൾ കാട്ടിത്തരുകയും അവരുടെ കഥകളും, പാകിസ്ഥാനിൽ പഠിക്കുന്ന അവളുടെ ഇളയ സഹോദരിമാരെക്കുറിച്ചുമൊക്കെ ഞങ്ങളോട് പറഞ്ഞുകൊണ്ടിരുന്നു. ഇതിനിടയിൽ എന്റെയും ഖദീജയുടെയും മക്കളെക്കുറിച്ചും അവൾ സ്നേഹത്തോടെ അന്വേഷിച്ചു.

അധികം വൈകിയില്ല, വേനൽ കത്തി നിൽക്കുന്ന നോമ്പ് കാലത്തെ ഒരു പകൽ സമയത്ത് അവളുടെ നല്ല പാതി യാത്രയായി. പ്രതീക്ഷിച്ചതാണെങ്കിലും അവളുടെ ഇനിയുള്ള ജീവിതത്തെക്കുറിച്ചോർത്ത് ഞാനും ഖദീജയും കരഞ്ഞത് ഇന്നലെ എന്ന പോലെ മനസ്സിൽ തെളിഞ്ഞു കിടക്കുന്നു.

അവൾ തളർന്നു വീണില്ല, കരച്ചിലോടെ ഞങ്ങളെ കെട്ടിപ്പിടിച്ചു, “യു ബോത്ത്‌ ഗെവ് മി സ്‌ട്രെങ്ത്, യു ക്രൈഡ് വിത്ത്‌ മി, ഐ ക്യാൻ നെവർ ഫോർഗെറ്റ്‌ യു പീപ്പിൾ ടിൽ ഐ ആം അലൈവ്, വീ വിൽ മീറ്റ് എഗൈൻ.” ഇത്രയും പറഞ്ഞ് അച്ഛന്റേയും അമ്മയുടേയും നടുവിലായി, വാടി തളർന്നു, ലിഫ്റ്റ് അടയുന്ന വരെ ഞങ്ങളെ തന്നെ നോക്കി നിന്ന തയിബയുടെ മുഖം ഇപ്പോഴും യുഎഇ-യിലെ ആൾക്കൂട്ടത്തിൽ ഞാൻ തിരയാറുണ്ട്. തയിബ അവളുടെ ജന്മനാട്ടിൽ പോയതിനു ശേഷം ഒരു വിവരവും അറിയാൻ കഴിഞ്ഞിട്ടില്ല.

പാക്കിസ്ഥാൻ എന്ന് കേൾക്കുമ്പോൾ ശത്രുരാജ്യം എന്നല്ല തയിബയെ ആണ് എനിക്കു ഓർമ വരിക.

നാനാത്വത്തിൽ ഏകത്വം എന്നത് വളരെ അന്വർത്‌ഥമാകുന്നത് ഗൾഫ് രാജ്യങ്ങളിൽ ആണ് എന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്. ഏതെല്ലാം രാജ്യക്കാർ ഇവിടെ ഒത്തൊരുമയോടെ ജീവിക്കുന്നു. ഇവിടെ ശത്രുരാജ്യവുമില്ല, മിത്രരാജ്യവുമില്ല, എല്ലാവരും തുല്യർ.

ഉഗാണ്ട, പാക്കിസ്ഥാൻ, സുഡാൻ, ജോർദാൻ, ഫിലിപ്പിൻസ്, ഈജിപ്ത്, ശ്രീലങ്ക, നേപ്പാൾ, അങ്ങനെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള എന്റെ സഹപ്രവർത്തകർക്കും, അയൽവാസികൾക്കുമൊക്കെ എന്റെ ഉള്ളു നിറഞ്ഞ സ്നേഹം, പ്രാർത്ഥന.

മഹാലക്ഷ്മി മനോജ്

Leave a Reply

Your email address will not be published.

error: Content is protected !!