നാനാത്വത്തിൽ ഏകത്വം -2

ഐസിയുവിൽ സെക്യൂരിറ്റിമാർ മാറി മാറി വരുമായിരുന്നു. പകൽ ഷിഫ്റ്റിൽ ലേഡി സ്റ്റാഫും, ഈവെനിംഗ്‌, നൈറ്റ് ഷിഫ്റ്റ്സിൽ മെയിൽ സ്റ്റാഫും. ഇടയ്ക്ക് ലേഡി സ്റ്റാഫിനെ മറ്റു വാർഡിലോട്ടു മാറ്റുമ്പോൾ മെയിൽ സെക്യൂരിറ്റി പകലും വരുമായിരുന്നു.

തമിഴ്‌നാട്ടിൽ നിന്നുള്ള ഷറഫുദ്ധീനെ മാറ്റി നിർത്തിയാൽ മറ്റു എല്ലാവരും അന്യരാജ്യക്കാർ ആയിരുന്നു. പാകിസ്ഥാനിൽ നിന്നുള്ള വഖാസ്, ഉഗാണ്ടയിൽ നിന്ന് ഖദീജ പിന്നെ നൈജീരിയയിൽ നിന്നും ചാൾസ്.

നൈജീരിയക്കാരെ കുറിച്ച് പൊതുവെ ഞാൻ കേട്ടിട്ടുള്ളത് അവർക്കു പെരുമാറാൻ അറിയില്ല, കൊള്ള, പിടിച്ചു പറി അങ്ങനെ ഒക്കെയാണ്.

“ഹായ് സിസ്റ്റർ, ഐ ആം ചാൾസ് ആൻഡ് ഐ ആം ഫ്രം നൈജീരിയ” എന്ന് ഘനഗംഭീര ശബ്ദത്തിൽ സ്വയം പരിചയപ്പെടുത്തി എനിക്ക് ഷേക്ക്‌ഹാൻഡ് തരുമ്പോൾ ഞാൻ ഒന്ന് ഭയന്നു, “ദൈവമേ നൈജീരിയക്കാരൻ, ആ നാടേ ശരിയല്ല എന്നാണ് കേൾക്കുന്നത്, എന്താകുമോ എന്തോ” എന്ന ചിന്തയോടെ വിറച്ചു വിറച്ചു ഞാനും കൈ കൊടുത്തു.

“ഹായ് ചാൾസ്, ഐ ആം മഹാലക്ഷ്മി ആൻഡ് ഐ ആം ഫ്രം ഇന്ത്യ.” നൈജീരിയക്കാരെ കുറിച്ചുള്ള എന്റെ വിചാരങ്ങൾ എല്ലാം കാറ്റിൽ പറത്തി, അതിന് നേരെ വിപരീതമായി ചാൾസ് എന്നോട് പെരുമാറി. ഒരിക്കലും എന്നെ പേര് വിളിച്ചില്ല, സിസ്റ്റർ എന്ന് മാത്രം അഭിസംബോധന ചെയ്തു.

രോഗികളുടെ കൂട്ടിരുപ്പുകാർ വന്ന് അകത്തു കയറാനുള്ള അനുവാദത്തിന് വേണ്ടി എന്നോട് ബഹളം വെയ്ക്കുമ്പോൾ “ഐ ആം ദി സെക്യൂരിറ്റി ഹിയർ, ഇഫ് യു വാണ്ട്‌ ടു ഗോ ഇൻസൈഡ് യു ഹാവ് ടു ആസ്ക്‌ മി ആൻഡ് ഐ കെന്നോട്ട് അലവ് യു അൺലസ് ആൻഡ് അന്റിൽ ഇറ്റ് ഈസ് വിസിറ്റിംഗ് ടൈം, സൊ പ്ലീസ് ഡോണ്ട് ഡിസ്റ്റർബ് ഹെർ, ഷീ ഹാസ് ടു ഫിനിഷ് ഹെർ വർക്ക്‌” എന്ന് ചാൾസ് പറയുമായിരുന്നു.

ചാൾസ് ഉണ്ടായിരുന്നപ്പോൾ രോഗികളുടെ കൂട്ടിരുപ്പുകാരെ പേടിക്കാതെ ജോലി ചെയ്യാൻ സാധിച്ചു.

ഒരുമിച്ച് ജോലി ചെയ്ത ദിവസങ്ങളിൽ എല്ലാം മറക്കാതെ ചാൾസ് ചോദിക്കുമായിരുന്നു, “സിസ്റ്റർ, ഹൌ ഈസ് യുവർ ഡോട്ടർ?, സേ മൈ ലവ് ടു ഹെർ.” അധിക കാലം ചാൾസിന്റെ കൂടെ ജോലി ചെയ്യാൻ സാധിച്ചില്ല, അതിനു മുൻപേ അദ്ദേഹം വേറെ നല്ല ജോലി തരപ്പെട്ട് ഹോസ്പിറ്റൽ മാറി പോയി.

പിന്നെ ഉണ്ടായിരുന്ന സെക്യൂരിറ്റി വഖാസ് ആണ്, പാകിസ്താനി. വിവാഹം കഴിഞ്ഞു ഭാര്യയെ നാട്ടിൽ വിട്ടിട്ടു വന്നതിന്റെ വിഷമം പറഞ്ഞാൽ തീരില്ല വഖാസിന്. നാട്ടിലെ തന്റെ വീടും, അവിടെ തന്റെ വരവും കാത്തിരിക്കുന്ന അമ്മയെയും, ഭാര്യയെയും, അനിയത്തിമാരെയും കുറിച്ചു സമയം കിട്ടുമ്പോഴൊക്കെ വഖാസ് വാതോരാതെ സംസാരിച്ചു.

വഖാസിന്റെ വാക്കുകളിലൂടെ കേട്ട മലഞ്ചെരുവുകൾക്കടുത്തുള്ള അദ്ദേഹത്തിന്റെ വീടും, വീടിനു അധികം ദൂരത്തായല്ലാതെ ഒഴുകുന്ന ചെറിയ പുഴയുമൊക്കെ എൻ്റെ മനസ്സിൽ ചിത്രങ്ങളായി തെളിയുമായിരുന്നു.

ഇടയ്ക്കു ഭാര്യയുമായി സൗന്ദര്യ പിണക്കം ഉണ്ടാകുമ്പോ എന്നോട് പറയും, “സിസ്റ്റർ മഹി, വാട്ട് ഐ വിൽ ടൂ ട്ടു സോൾവ് ദിസ്?. യു ഗിവ് മി എ സൊല്യൂഷൻ.”

ഒരിക്കൽ ഭാര്യയുടെ ഫോട്ടോ മൊബൈലിൽ എനിക്ക് കാണിച്ചു തന്നു പറഞ്ഞു,”ഫസ്റ്റ് ടൈം ഐ ആം ഷോയിങ് മൈ വൈഫ്‌’സ് പിക്ചർ ടു അനതർ പേഴ്സൺ, നൗ യു ടെൽ മി, ഈസ്’ന്റ് ഷീ ബ്യൂട്ടിഫുൾ?”, ഞാൻ പറഞ്ഞു, “യെസ് ഓഫ്‌കോഴ്സ് ഷീ ഈസ് ആൻഡ് യു ആർ മേഡ് ഫോർ ഈച്ച് അതർ.” അന്ന് വഖാസിന്റെ മുഖം ചുവന്നു തുടുത്തത് ഇന്നും ഓർമയിൽ ഉണ്ട്. യുഎഇ ജീവിതം മതിയാക്കി വഖാസും തന്റെ ജന്മനാട്ടിൽ സെറ്റിൽ ആയി.

അത് പോലെ സ്നേഹമുള്ള ഇപ്പോഴും സഹോദരസ്നേഹത്തോടെ പെരുമാറുന്ന ഒരാളാണ് തഞ്ചാവൂർകാരൻ ഷറഫുദ്ധീൻ, “ആ മഹാ, എപ്പടിയിറക്കു, കൊളന്ത എന്ന പണ്ണീട്ടിറുക്കാ? അവൾക്കു ഇപ്പൊ വന്ത് ഹെൽത്ത് എല്ലാം ഓക്കെ താനാ?”.

ഇടയ്ക്ക് മോൾക്ക് ചുമയും, അലർജിയും, വീസിങ്ങും അധികമായി ഉണ്ടായിരുന്ന സമയത്തു ഒട്ടുമിക്ക ദിവസങ്ങളിലും ഹോസ്പിറ്റലിൽ മോളെയും കൊണ്ട് ഡോക്ടറിനെ കാണിക്കാൻ കയറി ഇറങ്ങുമായിരുന്നു. ആ വിഷമം കണ്ടു കണ്ടു ഇപ്പോഴും എവിടെ വെച്ച് കണ്ടാലും ഷറഫ് ചോദിക്കും “കൊളന്ത നല്ലാ ഇറുക്കാ?”, ആ സ്നേഹത്തോടെയുള്ള ചോദ്യം എപ്പോഴും മനസ്സിൽ കുളിർമഴ പെയ്യിക്കും.

ഐസിയുവിൽ സെക്യൂരിറ്റിയെ കൂടാതെ ഒരു പോർട്ടർ കൂടി ഉണ്ടാകും, ഐസിയുവിലെ രോഗികൾക്കും, സ്റ്റാഫിനും എല്ലാ സഹായത്തിനുമുള്ള ആൾ, അന്നുണ്ടായിരുന്ന പോർട്ടർ കശാൻ ആണ്, പരിചയപ്പെടുമ്പോൾ പറഞ്ഞു, “ഐ ആം ഫ്രം പഞ്ചാബ്.. മുഴുവനും കേൾക്കാൻ നില്ക്കാതെ ഞാൻ ഇടയിൽ കയറി, “ആഹാ യു ആർ ഫ്രം പഞ്ചാബ്!”, എന്ന് ചോദിച്ചു ആശ്ചര്യപ്പെട്ടു നിൽക്കുമ്പോൾ അവൻ പറഞ്ഞു,”യെസ് പഞ്ചാബ്, ഇൻ പാക്കിസ്ഥാൻ, നോട് ഇൻ ഇന്ത്യ”.

പാകിസ്താനിലും പഞ്ചാബ് എന്നൊരു സ്ഥലം ഉണ്ടെന്ന അറിവ് കിട്ടിയത് അന്നാണ്. കശാൻ എനിക്കൊരു അനിയനെ പോലെ ആയിരുന്നു, എൻ്റെ ചെയറിന്റെ അടുത്തായി ഒരു ചെയറിൽ അവനും ഇരിക്കും, എന്ത് ജോലി പറഞ്ഞാലും ഒരു മടിയും കൂടാതെ വേഗം ചെയ്തു വരും.

ആ ദിവസങ്ങളിൽ എപ്പോഴോ ആയിരുന്നു വിഷു. വിഷുക്കണിയും വെച്ച് കുറച്ച് പായസവും പഴവുമൊക്കെ കൊണ്ട് ഞാൻ കഷാനും ഖദീജക്കും കൊടുത്തു, രണ്ടു പേരും ആസ്വദിച്ചു അത് കഴിച്ചു, വിഷുവിന്റെ കഥയൊക്കെ അവർക്ക് മനസിലാകുന്ന പോലെ പറഞ്ഞു കൊടുത്തു. അന്ന് ഞാൻ കഷാനു അഞ്ച് ദിർഹംസ് വിഷുകൈനീട്ടമായി കൊടുത്തു, ഇരുകൈയും നീട്ടി അത് സ്വീകരിച്ചിട്ടു അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു,’ഐ തിങ്ക് ദിസ് ഈസ് വൺ ഓഫ് ദി വണ്ടർഫുൾ ഫെസ്റ്റിവൽ സിസ്റ്റർ മഹി,’ അവന്റെ ആ തമാശയിൽ ഞാനും പങ്ക് ചേർന്നു.

അങ്ങനെ തമാശകളും, പൊട്ടിച്ചിരികളും, അല്ലറ ചില്ലറ പിണക്കങ്ങളുമൊക്കെ ആയി കഴിഞ്ഞു പോകെ ജോലിക്ക് കയറിയതിനു ശേഷമുള്ള ആദ്യത്തെ ഈദ് വന്നു.

ഈദ് അവധി കഴിഞ്ഞു വന്ന ആദ്യ ദിവസം കഷാൻ എനിക്കൊരു കവർ കൊണ്ട് തന്നു. ആകാംഷയോടെ അത് മേടിച്ചു ഉള്ളിലേക്കു നോക്കിയ ഞാൻ കണ്ടത് ഒരു ബോക്സിൽ നീറ്റ്‌ ആയി പാക്ക് ചെയ്ത ബിരിയാണി ആണ്.

ബിരിയാണിയുടെ മണം മുക്കിലാകെ നിറഞ്ഞു അത് ആമാശയത്തിനുള്ളിൽ പോയി ഉറങ്ങി കിടന്ന എൻ്റെ വിശപ്പിനെ തട്ടി ഉണർത്തി.

അവൻ പറഞ്ഞു,”മൈ മദർ മേഡ് ദിസ് ഫോർ യു സിസ്റ്റർ”.

അവന്റെ അമ്മ ഉണ്ടാക്കിയ ബിരിയാണി സ്നേഹത്തോടെ എനിക്ക് കൊണ്ട് തരണമെങ്കിൽ അവന്റെ മനസ്സിൽ എനിക്ക് സഹോദരതുല്യമായ സ്ഥാനം ഉള്ളത് കൊണ്ടാവില്ലേ എന്ന് ചിന്തിച്ചായിരിക്കണം അവനെ ആർദ്രമായി നോക്കി “താങ്ക് യു കഷാൻ” എന്ന് പറയുമ്പോൾ വാക്കുകൾ ഇടറിയിരുന്നു, കണ്ണുകൾ നിറഞ്ഞ് കാഴ്ചയും മങ്ങിയിരുന്നു.

എൻ്റെ സന്തതസഹചാരിയും, പ്രിയ കൂട്ടുകാരിയും, അന്ന് പീഡിയാട്രിക് വാർഡിലെ സെക്രട്ടറിയും ആയിരുന്ന, നെലീനയുമായി ആ ബിരിയാണി പങ്കിട്ടു കഴിച്ചു.

ആ അമ്മയുടെ സ്നേഹം കൂടി ആ ബിരിയാണിക്ക് മുകളിൽ ആവോളം വിതറിയിരുന്നത് കൊണ്ടാകണം പിന്നീട് കഴിച്ച ഒരു ബിരിയാണിക്കും അത്രയും സ്വാദ് തോന്നാതിരുന്നത്.

ഇന്നും ഡ്യൂട്ടിക്ക് കയറുമ്പോഴോ, തിരിച്ചു ഇറങ്ങുമ്പോഴോ ഹോസ്പിറ്റൽ കോമ്പൗണ്ടിനകത്ത് എവിടെയെങ്കിലും കഷാൻ ഉണ്ടെങ്കിൽ, ഞാൻ കണ്ടില്ലെങ്കിലും അവൻ വിളിക്കും, “സിസ്റ്റർ മഹീ..” എന്നിട്ടു കൈ ഉയർത്തി കാണിക്കും, സന്തോഷത്തോടെ തിരിച്ചു കൈ ഉയർത്തുമ്പോൾ എവിടെ നിന്നാണെന്നു അറിയില്ല ഒരു അമ്മയുടെ സ്നേഹം ചേർത്തുണ്ടാക്കിയ ബിരിയാണിയുടെ മണം നാസികയിൽ ഇങ്ങനെ നിറഞ്ഞു നില്ക്കും.

ഇപ്പോൾ സഹപ്രവർത്തകർ അല്ലാത്ത ഖദീജ, വഖാസ്, ചാൾസ്, നിങ്ങളെല്ലാവരും നല്ല സുഹൃത്തുക്കൾ ആയി, ആത്മബന്ധങ്ങൾ ആയി എൻ്റെ മനസ്സിന്റെ വിശാലമായ കോണിൽ ഉണ്ട്. നിങ്ങളും എന്നെ ഓർക്കുന്നുണ്ടാവും എന്ന വിശ്വാസത്തോടെ, സ്നേഹത്തോടെ.

മഹാലക്ഷ്മി മനോജ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!