കോവിഡാനന്തരം നമ്മൾ…

കോവിഡാനന്തരം എന്നു പറയാറായിട്ടില്ലെങ്കിലും അങ്ങനെ ഒരു കാലം വിദൂരമല്ല എന്ന ശുഭപ്രതീക്ഷയിലാണ് ഞാനും നിങ്ങളുമടങ്ങുന്ന ലോകം. 2019 ഡിസംബറിൽ ചൈനയിൽ ഹുബെയ് പ്രവിശ്യയിലെ വുഹാനിൽ റിപ്പോർട് ചെയ്യപ്പെട്ടെങ്കിലും ലോകാരോഗ്യസംഘടന പൊതുജനാരോഗ്യത്തിനെതിരെയുള്ള വെല്ലുവിളിയായി ഈ പകർച്ചവ്യാധിയെ പ്രഖ്യാപിച്ചത് 2020 ജനുവരി 30-നാണ്. ഇന്നുവരെയുള്ള കണക്കനുസരിച്ച്‌ ലോകമൊട്ടാകെ 201 മില്യൺ ആളുകളെ നേരിട്ട് ബാധിക്കുകയും 4.28 മില്യൺ മനുഷ്യരുടെ ജീവനെടുക്കുകയും ചെയ്തുകൊണ്ട് ചരിത്രം കണ്ടതിലെ ഏറ്റവും വലിയ പകർച്ചവ്യാധികളിൽ ഒന്നായി കോവിഡ് മാറിക്കഴിഞ്ഞു. കഴിഞ്ഞ 18 മാസം കൊണ്ട് ലോകജനത നേരിടേണ്ടിവന്നത് ഈ കാലഘട്ടത്തിലെ സമാനതകളില്ലാത്ത വെല്ലുവിളിതന്നെയാണ്.

മുൻപ് കേട്ടുകേഴ്വി പോലുമില്ലാത്ത ഒരു ജീവിത സാഹചര്യത്തിലേക്ക് എടുത്തെറിയപ്പെടുകയായിരുന്നു മനുഷ്യരാശി എന്നു പറയുന്നതാവും ശരി. സ്വകാര്യ ജീവിതവും സാമൂഹ്യജീവിതവും ഒരു തുലനാവസ്ഥയിൽ ക്രമീകരിച്ചിരുന്ന ആധുനിക മനുഷ്യന്റെ ചുവടുതെറ്റിക്കുന്നതായിരുന്നു ഒന്നരവർഷമായുള്ള ലോകാവസ്ഥ. സാമ്പത്തികമായും സാമൂഹികമായും വ്യക്തിപരമായിത്തന്നെയും അടിപതറി വീണുപോയൊരു ജനതയാണ് എമ്പാടും. പഴയ താളം വീണ്ടെടുക്കാനുള്ള പരിശ്രമം പല ലോകരാജ്യങ്ങളും ആരംഭിച്ചിട്ടുണ്ടെങ്കിലും നമുക്ക് അതത്ര എളുപ്പമുള്ള കാര്യമല്ല ഇപ്പോഴുള്ള സാഹചര്യം നോക്കുമ്പോൾ. വസ്തുത അതാണെങ്കിലും, ടോക്യോ ഒളിംപിക്സിൽ ഇന്ന് നീരജ് ചോപ്ര ജാവലിൻ ത്രോയിൽ നേടിയ സ്വർണ്ണം, ഇന്ത്യയുടെ ഒളിമ്പിക് ചരിത്രത്തിലെ ആദ്യത്തെ അത്ലറ്റിക് സ്വർണ്ണം, പതിന്മടങ്ങു മാറ്റോടെ തിളങ്ങുന്നു.. നമ്മുടെ രാജ്യവും ആത്മവിശ്വാസത്തോടെ തിരിച്ചു വരവിന്റെ പാതയിലാണ്!

2020 മാർച്ച് 22- ലെ ജനതാ കർഫ്യു മുതൽ പലഘട്ടങ്ങളിലായി അടഞ്ഞുകിടക്കുന്ന രാജ്യവും സംസ്ഥാനവുമാണ് നമ്മുടേത്. ഇടയ്ക്കിടയ്ക്കുള്ള ഇളവുകളും, ഭാഗീകലോക്‌ഡൗണും ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നു എന്ന അറിവിനിടയിലും, ശാരീരികവും മാനസികവുമായി മനുഷ്യർ അനുഭവിക്കുന്ന യാതനകൾ പരാമർശിക്കാതെ വയ്യ. തൊഴിൽ നഷ്ടവും വരുമാനമില്ലായ്മയും താളംതെറ്റിക്കുന്ന കുടുംബബഡ്ജറ്റും അതുവഴിയുള്ള മാനസിക പ്രയാസങ്ങളും കുറച്ചൊന്നുമല്ല മലയാളി ജീവിതത്തെയും ബാധിച്ചിട്ടുള്ളത്. അതിനേക്കാളും ഏറെയാണ് വീടകങ്ങൾക്കുള്ളിൽ ഒതുങ്ങിപ്പോയ ഓൺലൈൻ വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ. സ്‌കൂളും കൂട്ടുകാരും കളികളുമൊക്കെ നഷ്ടപ്പെട്ട കുട്ടികളുടെ മാനസിക നില, അവരെ അവർ പോലുമറിയാതെ എത്രയെത്ര പ്രശ്നങ്ങളിലാണ് കൊണ്ടെത്തിച്ചിരിക്കുന്നത്. വീടിനുള്ളിൽ തളച്ചിടുന്നത് സദാ ഓടിനടന്ന കാലുകളെ ആണെന്നത് വിഷമമുണ്ടാക്കുന്ന ഒന്നുതന്നെ.

വീടുകൾക്കുള്ളിൽ അടച്ചിരിക്കുന്നതിലെ പ്രശ്നങ്ങളാണ് ഇന്ന് കൊറോണയെക്കാളും കൂടുതലെന്നായിട്ടുണ്ട്. വെളിയിലേയ്ക്ക് ഇറങ്ങാനാകുന്ന ചുരുക്കം അവസരങ്ങളിൽ റോഡിൽ കാണുന്ന അസഹിഷ്ണുത മേൽപ്പറഞ്ഞ പ്രശ്നങ്ങളുടെയും പ്രതിഫലനമാകാം. പരിചയമുള്ള വഴികളെക്കുറിച്ച്‌, എന്നും വഴിയിൽ കാണുന്ന ആളുകളെക്കുറിച്ച്, ജീവനായിരുന്ന യാത്രകളെക്കുറിച്ച്‌, സന്തോഷത്തോടെ തിയേറ്ററിലേക്കോടി പോയി കണ്ടിരുന്ന സിനിമകളെക്കുറിച്ച്‌, വായിക്കണമെന്ന് മനസ്സിലോർക്കുമ്പോൾ തേടുന്ന ലൈബ്രറി കാർഡിനെക്കുറിച്ച്‌…അങ്ങനെ.. അങ്ങനെ, മനസ്സിൽ പതിഞ്ഞുപോയ ഒരുപാട് ഇഷ്ടങ്ങളെക്കുറിച്ച്‌ ഓർമ്മിക്കാൻ തന്നെ നമ്മൾ മറന്നുപോയിരിക്കുന്നു.
ചുരുക്കത്തിൽ ചിരപരിചിതരെ കാണുമ്പോൾ ഇപ്പോഴൊരു തോന്നലുണ്ട്, അവരിങ്ങനെ ആയിരുന്നില്ലല്ലോ മുൻപെന്ന്! കാലം, കൊറോണയ്ക്കു മുൻപെന്നും ശേഷമെന്നും അടയാളപ്പെടുത്തേണ്ടിയിരിക്കുന്നു.

ബിന്ദു ഹരികൃഷ്ണൻ

  

12 thoughts on “കോവിഡാനന്തരം നമ്മൾ…

  1. Актуальные рейтинги лицензионных онлайн-казино по выплатам, бонусам, минимальным депозитам и крипте — без воды и купленной мишуры. Только площадки, которые проходят живой отбор по деньгам, условиям и опыту игроков.

    Следить за обновлениями можно здесь: https://t.me/s/reitingcasino

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!