ദുഃഖസ്മൃതി

ഇപ്പോൾ ചാരമാകും എന്ന കണക്കെ പകലിങ്ങനെ കത്തി അമരുകയാണ്.. നെരിപ്പോടിലെരിയുമ്പോൾ നാളെയൊരു പുലരിയുണ്ടെന്നത് വലിയൊരു പ്രതീക്ഷയാണ്. ഇന്നത്തെ പകൽ വിതറിയിടുന്ന കനൽചീളുകളിൽ നിന്നുമാണ് നാളത്തെ പുലരി പിറക്കുന്നത് എന്നത് എത്ര ചാരുതയുള്ള വിചാരമാണ്.

ആധ്യാത്മികതയുടെ വേരുകൾ തപ്പി ആഴങ്ങളിലേക്ക് പോകുന്നത് കൂടുതലും എപ്പോഴോക്കെയോ കുറച്ചൊക്കെ ഇടറിയ മനുഷ്യരായിരിക്കാം. ആ അന്വേഷണത്തിൽ താൻ ഇതുവരെ സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കേണ്ടി വരികയും, അവയെല്ലാം എത്ര സുന്ദരവും പ്രശാന്തവുമാണെന്നു തിരിച്ചറിയുകയും ചെയ്യും. ചിലപ്പോഴൊക്കെ ഭക്തിയുടെ വിശാലതയിലെ ചില നേർത്ത ഇടവഴികളിൽ തടഞ്ഞു നിൽക്കാറുമുണ്ട്. ജീവിതം ഒരു ശാശ്വതമായ ദുഃഖമാണെന്ന് വിശ്വസിച്ചു ജീവിക്കുന്ന ചില മണ്ടൻ തിരിച്ചറിവുകളുമുണ്ട്. എന്നിരുന്നാലും, ആദ്യന്തികമായി ഇത്തിരിയെങ്കിലും മഞ്ഞുതൂവുന്ന ഒരു പുലരിയിൽ എത്തണമെങ്കിൽ പകലിലെ കനലുകളെ കുറച്ചുകൂടി പാകപ്പെടുത്തേണ്ടതുണ്ട് എന്ന് തോന്നുന്നു.

മനുഷ്യനാകുക എന്ന പരിണാമത്തിനു നാം കൊടുക്കുന്ന കൂലിയാണ് കണ്ണുനീർ. സ്ത്രീകൾ എത്ര കുലീനമായാണ് കണ്ണുനീരൊഴുക്കുന്നത്. പൊഴിക്കുന്ന ഓരോ തുള്ളിയും അവളുടെ ആന്തരിക ഭൂമിയെ ലവണമയമാക്കുന്നത് അവൾ അറിയുന്നുപോലുമില്ല. “ജൂൺ” എന്ന സിനിമയിൽ നായിക കിടക്കയിൽ കിടന്നു അലറിക്കരയുന്ന ഒരു രംഗമുണ്ട്. തന്റെ പ്രണയം വ്യർത്ഥമാണെന്നറിഞ്ഞ നിമിഷം അവൾക്കതു സഹിക്കാനാവുന്നില്ല. അലറിക്കരഞ്ഞു നാളത്തെ പുലരിക്കുവേണ്ടി എത്ര മധുരമായവൾ കനലുവിതറുന്നു. ആഴങ്ങളിലേയ്ക്ക് വേരുകൾ ആർന്നു പുൽകുമ്പോൾ, ഇലയുടെ തളിർപ്പുകൾ ആകാശത്തിലേയ്ക്കും ആഞ്ഞുകൊണ്ടിരിക്കുമെന്നത് എത്ര സത്യമാണ്.

ലോകത്തിറങ്ങിയിട്ടുള്ള ക്ളാസിക്കുകളെല്ലാം തന്നെ ദുഖിതർക്കുള്ള വാഴ്ത്തുകളാണ്. ഗുരുക്കന്മാർ സംസാരിച്ചതെല്ലാം സങ്കടങ്ങളുടെ തിരമാലകളിൽ പെട്ടവർക്കുവേണ്ടിയാണ്. ദശരഥം എന്ന സിനിമയിൽ മോഹൻലാൽ ചിരിച്ചുകൊണ്ട് കരയുണ്ട്.. കരഞ്ഞുകൊണ്ട് ചിരിക്കുന്നുണ്ട്.. കരിങ്കലിലിൽ തട്ടി പ്രതിഫലിക്കുന്ന സൂര്യകിരണം അയാളുടെ കണ്ണുകളിൽ കാണാം.. അവയെല്ലാം നാളത്തെ ഉദയമല്ലാതെ മറ്റെന്താണ്.

കടൽത്തീരത്തെ ചുട്ടുപഴുത്ത മണലിൽ നെഞ്ചുപൊത്തികിടന്ന്, അവയെല്ലാം ചങ്കിലേയ്ക്കു വാരി അടുപ്പിക്കാം..
കണ്ണുനീരിന്റെ ഉപ്പുകലർത്തി അവയോടു കിന്നാരം ചൊല്ലാം..
അതാ.. നീ വിരിച്ച കനലും പേറി നാളത്തെ പുലരിയിലേയ്ക്ക് സൂര്യൻ മറയുന്നതു കണ്ടോ..

അറിയുന്നില്ലേ നീ.. ചങ്കിലിരുന്നാരോ തീപ്പെട്ടിക്കോളി ഉരച്ചുരച്ചു കത്തിക്കുന്നു..

-റോബിൻ

error: Content is protected !!