ഇന്നലെകള്‍

ഇന്നുകൊണ്ടു നിലക്കുന്ന ഒരു ഘടികാരമാണത്. പരിചിതമല്ലാത്ത പല മുഖങ്ങളും നമുക്കു പരിചിതമാക്കിത്തന്ന പുസ്തകത്താളുകൾ.

അവിടെ ഒരുപാട് മുരടനക്കങ്ങള്‍ ഉണ്ടായിരുന്നിരിക്കാം..
സിംഹമടയിലെ ഗര്‍ജ്ജനങ്ങളുണ്ടായിരുന്നിരിക്കാം..
പൂക്കളുടെ ചിരികളുണ്ടാവാം..
കരിഞ്ഞുപോയ കിനാക്കളുടെ ചെറുസ്പന്ദനങ്ങളുണ്ടാകാം..
രക്തം പുരണ്ട ആടകള്‍ ഉണ്ടാകാം..
അഴിഞ്ഞു വീണ മുടിക്കെട്ടുകള്‍ ഉണ്ടാകാം..
ഒരിക്കലും പൊട്ടിമാറാത്ത പാറകള്‍ ഉണ്ടാകാം..
വൈകിവന്ന വസന്തങ്ങള്‍ ഉണ്ടാകാം..

എങ്കിലും ഇന്നലെകളെ വായിച്ചു തീർത്ത് ഇന്നിലൂടെ നാളെയിലേക്ക് നടന്നുകയറുമ്പോൾ, മുന്നിൽ തുറക്കുന്ന ശൂന്യമായ താളുകളിൽ പകർത്തിയെഴുതാൻ കുറെ സ്വപ്നങ്ങൾ വേണം. ചിത്രങ്ങളെഴുതാൻ കുറച്ചു വർണ്ണങ്ങൾ വേണം. ഇനിയുമെഴുതാനുള്ള പുതിയതാളുകളിലെ സ്വപ്നങ്ങൾക്ക് ജീവിതം പകർന്ന വർണ്ണങ്ങളാണ് ഇന്നലെകൾ.

നോക്കൂ.. നിന്റെ ആകാശത്ത് ഒരുപാടു നക്ഷത്രങ്ങള്‍ ഉണ്ട്.. അവയെല്ലാം സൂര്യനാകണം എന്നു നീ വാശിപിടിക്കരുത്‌. പതിയെ അവയോടു കുറെക്കൂടി നടന്നടുക്കാൻ ശ്രമിക്കൂ.. ശരിക്കും, അവയെല്ലാം സൂര്യനെക്കാള്‍ വലുതാണ്‌.!

റോബിൻ കുര്യൻ

error: Content is protected !!