ഗർഭഭൂമി

പൂമ്പാറ്റകളെ പോലെ വർണ്ണച്ചിറകു വെച്ച് പാറിപ്പറക്കാൻ പാകത്തിൽ എത്ര എത്ര സുന്ദര സ്വപ്നങ്ങളാണ് നമ്മിൽ ഉറങ്ങികിടക്കുന്നത്. “നീ പാറിപ്പറക്കൂ…” എന്ന് നൂറു പ്രാവശ്യം ഉള്ളിലിരുന്നു മൊഴിയുന്ന ബോധത്തോടു നീതി പുലർത്തനാവാതെ, നിരർത്ഥകമായ നിസ്സംഗതയോടെ ജീവിച്ചു മരിക്കയാണ് നമ്മൾ.

നൂറ്റാണ്ടുകളിലെ ഒരു ദിവസം മരുഭൂമി പൊടുന്നനെ പൂപ്പാടമായി മാറുന്ന സങ്കല്പമുണ്ട്. ആയിരക്കണക്കിന് മുളപൊങ്ങാൻ പാകമായ വിത്തുകൾ അവിടെ അവിടെ ഉറങ്ങിക്കിടപ്പുണ്ടെന്നത് ആ മരുഭൂമി അറിഞ്ഞതുപോലുമില്ല. എങ്കിലും ആരോ ഒരാൾ ഒരു തുള്ളി ജലം കൊടുത്തു ഉത്തേജിപ്പിച്ച ആ വിത്തുകൾക്ക്, ഇനി സൂര്യനെ പോലെ ഉദിച്ചുയരാനല്ലാതെ വേറെ തരമില്ലല്ലോ.

ഇങ്ങനെ ആയിരക്കണക്കിന് വിത്തുകൾ മനുഷ്യനിൽ ആരോ പാകി ഇട്ടിട്ടുണ്ട്. അതു വെറും സ്വപ്നങ്ങളിൽ മാത്രമല്ല മുളച്ചു പോങ്ങേണ്ടത്.. ഉണർന്നിരിക്കുന്ന നിന്റെ പകൽ വെളിച്ചത്തിൽ പാറിപ്പറക്കുവാനും, ആ പകലിലെല്ലാം ആയിരം സൂര്യനാകുവാനും ഈ വിത്തുകൾക്കാവും.

നമുക്കൊരുമിച്ച് അമ്മയുടെ ഗർഭപാത്രത്തിലേയ്ക്കൊന്നു തിരികെ പ്രവേശിക്കാം. ആ പറുദീസയിൽ നിന്നും ഒരു തവണകൂടി നോവറിയിച്ച് പുറത്തുവരാം. വേദനയുടെ ഭാണ്ഡങ്ങളും, ധാരണകളുടെ പടലങ്ങളും, അഴുകി എല്ലിനോടടുത്ത വൃണശീലങ്ങളും, കത്തിയമർന്നിട്ടും ചാരമാവാത്ത ഭാഷണങ്ങളും അഴിച്ചു – പൊഴിച്ചു – ഉരുക്കികളയാൻ, ആ ഗർഭഭൂമികയ്ക്കല്ലാതെ മറ്റെന്തിനാണ് സാധിക്കുക.

ചിലപ്പോഴൊക്കെ നിന്നെ എന്റെ ഗർഭത്തിലേയ്ക്ക് ഉൾക്കൊള്ളുന്ന ഒരമ്മയാവാതെ എനിക്ക് തരമില്ലല്ലോ..
തന്നെ പറ്റിയിരിക്കുന്നവർക്ക് മുങ്ങി ഉയരാനുള്ള ഗംഗ..
പലപ്പോഴും ഒരു ബോധിവൃക്ഷത്തണൽ..
വല്ലപ്പോഴുമൊക്കെ നിന്റെ ഹൃദയം പേറുന്ന കൈക്കുമ്പിൾ..

കണ്ടില്ലേ..സ്നേഹം പൂർണ്ണ ഗർഭം ധരിച്ച് ഒരമ്മയാവുന്നത്..

റോബിൻ കുര്യൻ

error: Content is protected !!