ഭ്രമം

നമ്മളിൽ അന്യോന്യം മനസ്സിലാകാതെ പോകുന്ന നിമിഷങ്ങളെ നമുക്ക്‌ ഭ്രാന്ത്‌ എന്നു വിളിക്കാം. ഓർമ്മപ്പെടുത്തലുകളുടെയും ദീർഘമാകാത്ത നൊമ്പരങ്ങളുടെയും, സുദീർഘമായ ചിന്താധാരകളുടെ പുതിയ നാമ്പിടലിന്റെയും നല്ല നിമിഷങ്ങളായി നമുക്കതിനെ നിർവചിക്കാം.. വളർച്ച മുറ്റിയ ഒരു ചെടി മറ്റൊരു വന്മരത്തോടു ചേർന്ന് വളരുമ്പോൾ ഉണ്ടാകുന്ന തളിരാർന്ന ഉരസൽ.. സ്നേഹത്തിന്റെ ആ തണലിൽ ആ ചെടി ഇങ്ങനെ ഒരൊ ദിവസവും വെള്ളവും വളവും വലിച്ചെടുത്ത്‌ ആ മരത്തോടു ഒട്ടിപ്പിടിച്ച്‌.., പ്രണയിച്ച്‌.., ചില ചില്ലകളെ ആർന്നു പുൽകി വളരുമ്പോൾ ഈ ഭ്രാന്തുകൾ ഒരു ഉന്മാദമായി മാറും.. ആനന്ദമായി മാറും. കള്ളം പറയാതെ, ഒന്നും ഒളിക്കാനില്ലാതെ, കണ്ണുകളിൽ നോക്കി അന്യോന്യം വാക്കുകളിലൂടെ മധുരം ഭക്ഷിക്കുമ്പോഴും, മനസ്സിലാകാത്ത ഒരു സ്നേഹനാമ്പിടൽ അവിടെയുണ്ടാകും.

ഓരോ ഭ്രാന്ത നിമിഷങ്ങളുടെയും അവസാനം നമ്മൾ അനുഭവിക്കുന്ന നിർവൃതി.. ആ നിമിഷങ്ങളെ ഓർത്തു നമുക്ക്‌ ക്ഷമിക്കാം. ഇന്നു വരെ ഒരു കവിയും നിർവ്വചിച്ചിട്ടില്ലാത്ത അവളുടെ മുറിവുണങ്ങിയ മാറിലെ സ്നേഹത്തിലേയ്ക്ക്‌ നാമ്പിടുന്ന ഒരൊ നിമിഷവും ഈ ഭ്രാന്തിന്റെ പരിച്ഛേദങ്ങളാവട്ടെ!.

പ്രണയത്തെ സ്നേഹിച്ച കുട്ടികളാണു നമ്മൾ..

റോബിൻ കുര്യൻ

error: Content is protected !!