മണികണ്ഠൻ

മാർ ഗ്രിഗോറിയോസ് കോളേജിന്റെ മുന്നിൽ ബസിറങ്ങുമ്പോൾ ദീർഘമായ യാത്രയുടെ ക്ഷീണവും പെടലി വേദനയും മണികണ്ഠനൊപ്പം കൂടിക്കഴിഞ്ഞിരുന്നു. തൊടുപുഴ വരെ ലോറിയിലായിരുന്നു യാത്ര. തൊടുപുഴയിൽ നിന്നാണ് തിരുവനന്തപുരത്തേക്കുള്ള ബസിൽ കയറിയത്. തിരുവനന്തപുരത്തേക്ക് ആദ്യമായാണ്. ദീർഘമായ യാത്ര ശരീരത്തെ ആകെയൊന്നുലച്ചിരുന്നു. ക്ഷീണം മാറാൻ ഒരു ചായ കുടിക്കാനാണ് ആദ്യം തോന്നിയത്. പിന്നെ ഒരു പുകയും. ചുറ്റും പരതിയിട്ടും ചായയുടെയും സിഗററ്റിന്റെയും മണമുള്ള കടകളൊന്നും കണ്ടില്ല. ബസിൽ നിന്നിറങ്ങുന്നതിന് മുമ്പ്, തൊട്ടു മുന്നിലെ സ്റ്റോപ്പിൽ കുറച്ചധികം കടകളുണ്ടായിരുന്നത് മണികണ്ഠനെ അങ്ങോട്ടേക്ക് നടക്കാൻ പ്രേരിപ്പിച്ചു.

രണ്ടു ചെറു വളവുകൾ തിരിഞ്ഞപ്പോഴേക്കും ചായ വീശുന്ന കാഴ്‌ച കണ്ണിൽ തടഞ്ഞു. ചെറിയ തട്ടുകടയ്ക്ക് മുന്നിൽ രണ്ടുപേർ മാത്രമാണുണ്ടായിരുന്നത്. ചായ കുടിച്ചയാളിൽ നിന്നും കാശ് വാങ്ങി കണക്കു നോക്കുന്ന സ്ത്രീയോട് ഒരു ചായ എന്നു കുറച്ചുറക്കെപ്പറഞ്ഞു. കാശ് കൊടുത്തു ബാക്കി വാങ്ങാൻ നിന്നയാൾ മണികണ്ഠനായി ഒന്നൊതുങ്ങി നിന്നു. അയാൾക്ക് ബാക്കി കൊടുക്കുന്ന കൂട്ടത്തിൽ കടുപ്പം വേണോ എന്നാ സ്ത്രീ ചോദിച്ചു. ‘ആ!’ എന്ന് മാത്രം മണികണ്ഠൻ പ്രതിവദിച്ചു.

നാട്ടിൽ ചായക്ക് എല്ലാം ഒരേ കടുപ്പമാണ്. ഒരേ നിറവും ഒരേ രുചിയും. നാടിറങ്ങുമ്പോൾ കടുപ്പം ലൈറ്റും മീഡിയവും സ്ട്രോംഗുമാകും, രുചികൾ മാറും, പല നിറങ്ങളുള്ള ചായകളാകും. അത് പലതരം ഗ്ലാസ്സുകളിലേക്ക് പതയും. നാട്ടിൽ എല്ലായിടത്തും ചായ ഗ്ലാസ്സുകളുടെ രൂപവും വലിപ്പവും പോലും ഒരേ പോലെയാണ്. ഗ്ലാസ്സുകളിലെ കയറ്റിറക്കങ്ങളിൽ ചായക്കറ കറുത്തു കിടക്കും.

ചായ കുടിക്കുന്നതിനിടയിൽ ഒച്ച താഴ്ത്തി മണികണ്ഠൻ ആ സ്ത്രീയോട് സിഗരറ്റ് അന്വഷിച്ചു. അവർ അമ്പരപ്പോടെ ഇരുപാടും നോക്കി. ‘സിഗരറ്റും പൊടിയും ഒന്നും കൊടുക്കാൻ പറ്റൂല, സ്കൂളും കോളേജുമൊക്കെ ഒള്ളതല്ലേ. പോലീസാര് അറിഞ്ഞാൽ ആകെ കിട്ടുന്ന നക്കാപ്പിച്ച വരുമാനം കൂടി തീരും.’
മണികണ്ഠൻ ചായ ഒന്നു വലിച്ച ശേഷം ഒന്നു മൂളി അവർ പറഞ്ഞതിൽ അടയാളം വച്ചു.

അവിടെ സിഗരറ്റ് കിട്ടും എന്ന് മണികണ്ഠന് ഉറപ്പായിരുന്നു. വലിച്ചു കെടുത്തിയ ഫിൽറ്ററുകൾ ഒന്നു രണ്ടെണ്ണം അവിടെത്തന്നെയുണ്ടായിരുന്നു. “ഞാൻ പോലീസൊന്നുമല്ല. നാലഞ്ചു മണിയ്ക്കൂർ ബസിലിരുന്നു വന്നതാണ്. ഒന്നു വലിച്ചാൽ യാത്രേടെ പെരുപ്പ് മാറിയേനെ.”
അവർ മണികണ്ഠനെ ഒന്നിരുത്തി നോക്കി. നരച്ച ഷർട്ടും പാന്റ്സും അഴുക്കുപുരണ്ട സ്ലിപ്പർ ചെരുപ്പും. നരച്ചു തുടങ്ങിയ താടി രോമങ്ങളും ഒതുക്കമില്ലാത്ത മുടിയും. കൈയിൽ ചുരുട്ടി വച്ചിരുന്ന ടെക്സ്റ്റൈൽസിന്റെ മഞ്ഞ നിറമുള്ള പ്ലാസ്റ്റിക് കവറിൽ നിന്നും രാജമുടി എന്നവർ വായിച്ചെടുത്തു. എന്നിട്ടും അവരുടെ സംശയം മാറിയില്ല. പതിവുകാരല്ലാതെ ആര് ചോദിച്ചാലും അവർ സിഗരറ്റ് വിറ്റിരുന്നില്ല. ചായഗ്ലാസ് തിരികെ നൽകി പോക്കറ്റിൽ നിന്നെടുത്ത അൻപതു രൂപ നോട്ട് നീട്ടുന്നതിനിടയിൽ ‘ഉണ്ടെങ്കിൽ ഒരു മിനി’ എന്ന് ഒരിക്കൽ കൂടി ചോദിച്ചു. കുറച്ചു സംശയത്തോടെ അവർ ഉള്ളിൽ നിന്നും ഒരു സിഗരറ്റ് എടുത്തു നൽകി കാശ് വാങ്ങി. ‘ഇവിടെ നിന്ന് വലിക്കരുത്, ആ കോഴിക്കടയുടെ പിറകിലേക്ക് ചെല്ലീ’ എന്നു പറഞ്ഞ് റോഡിനെതിർ വശത്തേക്ക് കൈചൂണ്ടി. ബാക്കി വാങ്ങി പോക്കറ്റിലിട്ടു സിഗരറ്റ് കൈക്കുള്ളിൽ വച്ച് കവർ നിവർത്തി അതിന്റെ ചെവിയിൽ പിടിച്ച് റോഡിലേക്കിറങ്ങി. വേഗത്തിൽ വരുന്ന വാഹനങ്ങൾക്കിടയിൽ റോഡ് മുറിച്ചു കടക്കാനുള്ള സെക്കന്റുകൾക്കായി കാത്തു നിൽക്കെ തിരിഞ്ഞ് ആ സ്ത്രീയോടായി ‘ ഇവിടെ ബി എഡിൽ പഠിപ്പിക്കുന്ന ഒരു ഗിൽഡ തോമസ് എന്ന ടീച്ചറെ അറിയാമോ’ എന്നു ചോദിച്ചു.

അവർ അറിയില്ലെന്ന് തലയാട്ടി ചായ ഗ്ലാസ്സിലേക്ക് വെള്ളം ചാലിച്ച് താളത്തിൽ ഗ്ലാസ് കറക്കി കഴുകുന്നതിലേക്ക് ശ്രദ്ധ തിരിച്ചു. ഒരു നിമിഷം കൂടി അവരെ നോക്കിയ ശേഷം കിട്ടിയ ഗ്യാപ്പിലൂടെ മണികണ്ഠൻ റോഡ് മുറിച്ചോടി കോഴിക്കടയുടെ പിന്നിലേക്ക് മറഞ്ഞു. കവറിനുള്ളിൽ നിന്നും തീപ്പെട്ടിയെടുത്ത് കത്തിച്ച് പുകചുരുളുകളിലൂടെ യാത്രയുടെ ക്ഷീണത്തെയൊന്നാകെ പറത്തിവിട്ടു.

കോഴിക്കടയിൽ തട്ടുകളായി അടുക്കി വച്ചിരുന്ന തുരുമ്പിച്ച കൂടുകളിൽ നാലഞ്ചു കോഴികൾ കിടന്നിരുന്നു. കടയ്ക്കുള്ളിൽ ആ കോഴികളെയല്ലാതെ മറ്റാരെയും മണികണ്ഠൻ കണ്ടില്ല. അഴുക്കുപുരണ്ടു പണ്ടെങ്ങോ നീലനിറമുണ്ടായിരുന്നു എന്നു തോന്നിപ്പിച്ചിരുന്ന ഒരു വലിയ വീപ്പയും അടുത്ത കാലത്തായി ആ കടയിലേക്കെത്തിയ ബക്കറ്റിൽ നിറയെ വെള്ളവും ഒരു ഓറഞ്ചു നിറമുള്ള കപ്പും ആ പഴകിയ വീപ്പയ്ക്ക് സമീപത്തായി വച്ചിരുന്നു. ആളനക്കം കേട്ട് കൂട്ടിൽ ഊഴം കാത്ത് കിടക്കുകയായിരുന്ന കോഴികളിലൊന്ന് ഉണർന്ന് ബഹളം കൂട്ടി മറ്റുള്ളവയെക്കൂടി ഉണർത്തി. ചോര മണമുള്ള കടമുറിയിൽ തങ്ങളിലൊന്നോ അതിലധികമോ അറ്റുവീഴുമെന്നും കറുത്ത കവറുകൾക്കുള്ളിയിലായി യാത്രയാകുമെന്നും ഉറപ്പിച്ച് വീണ്ടും ഉച്ചത്തിൽ കൊക്കി വിളിക്കാൻ തുടങ്ങി. മണികണ്ഠൻ അവയെ നിസ്സഹായതയോടെ നോക്കി. കൂടുകളിലൊന്നിൽ തൊട്ട് തന്റെ ഉദ്ദേശം അതല്ല എന്നു പറയാൻ ശ്രമിച്ചു.

കോഴികളുടെ കൊക്കി വിളി കേട്ട് അപ്പുറത്തെവിടെയോ മാറിനിന്നയാൾ കടയിലേക്ക് വന്നു. ചോദ്യമൊന്നും കൂടാതെ ചുമരിലെ ആണിയിൽ തൂക്കിയിട്ടിരുന്ന ചോരക്കറ പുരണ്ട മുന്നാരത്തുണിയെടുത്തു കഴുത്തിലിട്ടു മുറുക്കിക്കെട്ടി. ഒരു ചെറിയ സ്റ്റീൽ പാത്രത്തിൽ ബക്കറ്റിൽ നിന്നും വെള്ളമെടുത്ത് കോഴിയെ മുറിക്കുന്ന സ്ലാബിനു മുകളിൽ വച്ചു. കൂടിനു നേരെ തിരിഞ്ഞ് നിന്ന് കോഴികളെ ആകെയൊന്നു നോക്കി “എത്ര” എന്നു ചോദിച്ചു. അതുവരെ കൊക്കി വിളിച്ചു കരഞ്ഞ കോഴികൾ അപ്പാടെ നിശബ്ദരായി. തങ്ങളിൽ നിന്നും പിരിഞ്ഞു പോകുന്നവനായി മൗനപ്രാർത്ഥന നടത്തുകയാണവർ എന്നാണ് അന്നേരം മണികണ്ഠന് തോന്നിയത്. മണികണ്ഠനിൽ നിന്നും ഉത്തരമൊന്നും കിട്ടാതെ വന്നപ്പോൾ അയാൾ തിരിഞ്ഞു നോക്കി.
കോഴികളെ നോക്കി നിൽക്കുന്ന മണികണ്ഠനോട് “ഏത് വേണമെന്ന് പറഞ്ഞാൽ മതി, അതെടുക്കാം.” എന്ന് വീണ്ടും ഓർമപ്പെടുത്തി. കോഴികളിൽ നിന്നും നോട്ടം കടക്കാരന്റെ മുഖത്തേക്ക് നീട്ടി.
“കോഴിക്കല്ല!”
മണികണ്ഠന്റെ നിൽപ്പും ഭാവവും കണ്ട് അയാളിൽ നിന്നും പരുഷശബ്ദമുയർന്നു.
“പിന്നെ?”
“ഞാൻ ഇവിടെ കോളേജിൽ പഠിപ്പിച്ചിരുന്ന ഒരാളെ അന്വഷിച്ചു വന്നതാണ്”
“പഠിപ്പിക്കാൻ പോകുന്ന ആളെ കോളേജിൽ അന്നഴിക്കണം. കോഴിക്കടയിലാണോ സാറന്മാരെ അന്നെഴിക്കണത്”
ഒരു കച്ചവടം പ്രതീക്ഷിച്ചത് ഇല്ലാതായതിന്റെ കെറുവ് അയാൾ മറുപടിയിലൂടെ പുറത്തു കളഞ്ഞു.
“ഞാനിത്തിരി ദൂരേന്ന് വരുന്നതാണ്. ഈ കോലത്തിൽ ഉള്ളിൽ പോകുന്നത് ശരിയല്ലാന്ന് തോന്നി.”
അയാൾക്ക് മുന്നിൽ വിവരമന്വഷിക്കുന്നതിന്റെ സാധ്യതയെ മണികണ്ഠൻ മുഴുവനായും തള്ളിക്കളഞ്ഞില്ല.
അയാൾ മണികണ്ഠനെ സസൂക്ഷ്മം നോക്കി. ഇടം കൈവിരൽ മൂക്കിലേക്കിട്ടു കറക്കി, വിരലറ്റങ്ങൾ ഒന്നു തിരുമ്മിക്കുടഞ്ഞപ്പോഴേക്കും അയാളൊന്നു മയപ്പെട്ടു.
“അവിടെ പഠിപ്പിക്കുന്നോരൊന്നും സാധാരണ ഇങ്ങോട്ട് വരാറില്ല. പിന്നെ അടുത്തെങ്ങാനും താമസിക്കണോരാണെങ്കിൽ ആട്ടോക്കാരോട് തെരക്കണതാകും നല്ലത്.”
അയാൾ കൊലയ്ക്കുള്ള തയ്യാറെടുപ്പുകൾ അവസാനിപ്പിച്ചു.

മണികണ്ഠനും അയാൾക്കും ഇടയിലുണ്ടായിരുന്ന മേശയുടെ കീഴിൽ നിന്നും ഒരു മരക്കസേര വലിച്ചിട്ട് അതിലിരുന്നു. മേശ വലിപ്പ് തുറന്ന്, പിന്നിപ്പറിഞ്ഞ പുറംചട്ടയുള്ള ഒരു ബുക്കെടുത്ത് മറിച്ചു നോക്കാൻ തുടങ്ങി. ഇനി നിന്നിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കി മണികണ്ഠൻ റോഡിലേക്കിറങ്ങി. കൂട്ടത്തിൽ ഒരു കോഴി മാത്രം ഒന്ന് കൊക്കി തങ്ങളുടെ നന്ദി അറിയിച്ചു.

കോഴിക്കടയിൽ നിന്നും നടപ്പാതയിലൂടെ പത്തു പന്ത്രണ്ടു ചുവടുകൾ മാത്രം മുന്നിലായി കരിവണ്ടുകളെപ്പോലെ നിരന്നു കിടക്കുന്ന ഓട്ടോറിക്ഷകൾ കാണാം. ഏറ്റവും പുറകിലായി കിടന്ന ഓട്ടോറിക്ഷയുടെ പിന്നിൽ “തട്ടല്ലേ മുത്തേ പട്ടിണിയാകും” എന്നെഴുതിയിരിക്കുന്നു. ഓരോ ഓട്ടോറിക്ഷയുടെയും പിന്നാമ്പുറം ഓരോ മനുഷ്യരുടെയും ആകുലതകളുടെയും പ്രതീക്ഷകളുടെയും കളിസ്ഥലമാണെന്നു പലപ്പോഴും തോന്നാറുണ്ട്. ,”വീണ്ടും കാണാം” എന്ന പ്രതീക്ഷ, “ചിരിയ്ക്കിടയിൽ ചില്ലറ മറക്കല്ലേ” എന്ന അപേക്ഷ. മൂളിപ്പറക്കുന്ന കരിവണ്ടുകളോട് സാധാരണക്കാർക്ക് പ്രണയമുണ്ട്. പത്താം ക്ലാസ് വരെ പഠിച്ച് തോറ്റാലും ജയിച്ചാലും ഡ്രൈവിംഗ് ലൈസൻസും പാസും നേടി കാക്കിയണിഞ്ഞ് ദിവസ വാടകയ്ക്ക് ഓട്ടോയെടുത്ത് മുന്നിൽ ഞെളിഞ്ഞിരിക്കുന്നത് സ്വപ്നം കണ്ടിരുന്ന ഒരു തലമുറയ്ക്കൊപ്പം ജീവിച്ച ആളാണ് താനും എന്ന് മണികണ്ഠനോർത്തു. പിന്നിൽ കിടന്ന ഓട്ടോയിൽ ഡ്രൈവർ ഉണ്ടായിരുന്നില്ല. അതങ്ങനെയാണ്! തന്റെ ഊഴം വരും വരെ വെടി പറഞ്ഞും പുകയെടുത്തും ചായ നുണഞ്ഞും മൂന്നാലു പേർ കൂട്ടം ചേർന്ന് മാറി നിൽപ്പുണ്ടാകും. അല്ലെങ്കിൽ മുന്നിൽ നിന്നും മൂന്നോ നാലോ ഓട്ടോകൾക്ക് പിന്നിലായി ഒന്നിൽ കൂടിയിരുന്ന് അന്നത്തെ യാത്ര വിശേഷങ്ങൾ പങ്കു വയ്ക്കുന്നുണ്ടാവാം. അവരിലാരുടെയെങ്കിലും കഷ്ടപ്പാടുകൾ സ്വന്തം വിഷമങ്ങളായി ഏറ്റെടുക്കുകയുമാവും.

മണികണ്ഠൻ രണ്ടു മൂന്ന് ഓട്ടോറിക്ഷകൾ കൂടി കടന്നു മുന്നിലേക്കെത്തിയപ്പോൾ ഓരത്ത് നട്ടിരുന്ന ബദാമിന്റെ തണലിൽ ഇലക്ട്രിക് പോസ്റ്റ് പിടിച്ചിട്ട് വിശ്രമകേന്ദ്രമാക്കിയിടത്ത് മൂന്നാലുപേർ വട്ടം കൂടി നിൽക്കുന്നതു കണ്ടു. അവർക്കരിക്കിലേക്ക് നടന്ന മണികണ്ഠനോട് “ഓട്ടം പോകാനാണെങ്കിൽ മുന്നിൽ കയറിക്കോ. അതിലാളുണ്ട്” എന്ന് കൂട്ടത്തിലൊരാൾ പറഞ്ഞു. ഒന്നു ശങ്കിച്ച്, ‘ഒരാളെ അന്വഷിക്കാനാണ്.’ എന്ന തന്റെ ആവശ്യം അറിയിച്ചു.
മണികണ്ഠന്റെ വിവരണത്തിൽ നിന്നും ഗിൽഡ തോമസ് എന്ന ബി എഡ് ടീച്ചറെ മനസിലാകാത്ത അവർ ആലോചനയിലും പരസ്പരം ചർച്ചയിലും ആളെ തിരഞ്ഞു. കൂട്ടത്തിൽ തടിച്ചൊരാൾ തിരിഞ്ഞു നിന്ന് “സാബുവേ…” എന്നു നീട്ടി വിളിച്ചു. രണ്ടാമതായി നിർത്തിയിട്ടിരുന്ന ഓട്ടോയിൽ നിന്നും ഇറങ്ങി വന്ന ആളാണ് സാബു എന്ന് മണികണ്ഠന് മനസ്സിലായി. കൂട്ടക്കാരുടെ കൂടെ നിൽക്കുന്ന അപരിചിതനെ സംശയത്തോടെ നോക്കി സാബു തന്നെ വിളിച്ച ആളിനോട് കാര്യമന്വേഷിച്ചു.
“നിന്റെ വണ്ടിയിൽ സ്ഥിരമായി ഓട്ടം പൊക്കോണ്ടിരുന്ന ആ പൊക്കം കുറഞ്ഞ ടീച്ചറ്ല്ലേ, അവര് ബിയേഡ് കോളേജിലല്ലേ പഠിപ്പിച്ചിരുന്നെ?”
സാബു അതെയെന്ന് തല കുലുക്കി മണികണ്ഠനെ ഒന്നുകൂടി നോക്കി.
“അവരുടെ പേരെന്താണെന്നറിയമോ?” ഇടുപ്പിൽ നിന്നും താഴ്ന്ന് കിടന്ന പാന്റ്‌സ് ഒന്നു വലിച്ചു കയറ്റി അയാൾ വീണ്ടും ചോദിച്ചു.
സാബു എല്ലാവരെയും മാറി മാറി നോക്കി. അവിടെ കൂടി നിന്ന എല്ലാ കണ്ണുകളും സാബുവിലേക്ക് മാത്രമായി.

” പേരോർക്കുന്നില്ല… അത്ര പരിചയമല്ലാത്ത ഒരു പേരാണെന്നാണ് ഓർമ!” സാബു ഓർമിയിൽ ഒന്നു പരതി പരാജയപ്പെട്ടു.

“ഗിൽഡ തോമസ് എന്നാണോ. പൊക്കം കുറഞ്ഞ് ചുരുളൻ മുടിയുള്ള ആൾ?” മണികണ്ഠന്റെ ആകാംക്ഷ പുറത്തുചാടി.

“ആള് അങ്ങനെയൊക്കെ തന്നെ. പേര് ഓർക്കുന്നില്ല. ബിയേഡ് കോളേജിലാണ് പഠിപ്പിച്ചിരുന്നത്.”

“എന്നാൽ നിങ്ങള് അതിൽ കേറിക്കോ! സാബു വീട്ടിലെത്തിക്കും.”

“ഇയാളെ ആ ടീച്ചറുടെ വീടൊന്ന് കാണിച്ചു കൊടുക്ക്. ഇടുക്കീന്ന് വരുവാണ്” ആളെ ഉറപ്പിച്ച മട്ടിൽ തടിച്ച ഓട്ടോക്കാരൻ സാബുവിനോടായി പറഞ്ഞു.
സാബുവിന്റെ പിന്നാലെ നടന്ന് മണികണ്ഠൻ ഓട്ടോയിൽ കയറി.

മെയിൻ റോഡിൽ നിന്നും ഒരു വട്ടം കറങ്ങി ഇടറോഡിലേക്ക് കയറി ഹമ്പ് ചാടി ഓട്ടോറിക്ഷ മുന്നോട്ട് പോയി. ഇടറോഡിലെ കുഴികൾ വെട്ടിത്തിരിച്ചും ചാടിച്ചും സാബു മുച്ചക്രത്തിൽ തന്റെ സാമർത്ഥ്യം വെളിവാക്കി. ഓട്ടോറിക്ഷ ഒരദ്‌ഭുത ലോകമാണ്. മിനുസമുള്ള സീറ്റും രണ്ടു വശത്തു നിന്നും യാത്രക്കാരെ നോക്കി ചിരിക്കുന്ന സിനിമാ നായികമാരും. ഒരാൾ മോഹിനിയാട്ടത്തിലാണെങ്കിൽ മറ്റേയാൾ ചുവന്ന സാരിയിൽ പുഞ്ചിരിച്ചു നിൽക്കുന്നുണ്ട്. എത്ര ആലോചിച്ചാലും തനിയ്ക്ക് അവരുടെ പേരുകൾ ഓർത്തെടുക്കാനാവില്ലെന്ന് മണികണ്ഠനറിയാം. സിനിമാ നടിമാരേയോ നടന്മാരേയോ ഫുട്ബാൾ കളിക്കാരേയോ!
ഓർത്തെടുക്കാൻ പാകത്തിൽ അവരാരും ഒരു കാലത്തും ചിന്തകളിലേക്ക് വന്നിരുന്നില്ല. നാട്ടിലെ എസ് ആർ കെ സിനിഹാളിൽ വരുന്ന തമിഴ് സിനിമകളുടെ പോസ്റ്ററുകളിലും തൊടുപുഴയിലോ മറ്റോ വരുമ്പോൾ നിരനിരയായി പതിച്ചിരിക്കുന്ന വലിയ പോസ്റ്ററുകളിലുമായി കണ്ടിട്ടുള്ള ചുരുക്കം ചിലരെ മുഖപരിചയമുണ്ട്. ഓരോ തവണയും അവർക്ക് ഓരോ മുഖങ്ങളാണ്. ജനനത്തിനും മരണത്തിനും ഇടയിൽ നൂറ്റിക്കണക്കിന് മുഖങ്ങൾ അണിയുന്നവർ.

സഞ്ചരിച്ചുകൊണ്ടിരുന്ന റോഡിൽ നിന്നും ഓട്ടോറിക്ഷ വീതികുറഞ്ഞ മറ്റൊരു റോഡിലേക്ക് മുരണ്ടു കയറി. ഓട്ടോറിക്ഷയുടെ വേഗത വീണ്ടും കുറഞ്ഞു. ഒരു വളവിൽ റോഡിനോരം ചേർന്ന് ഓട്ടോറിക്ഷ നിന്നു. സാബു സീറ്റിൽ കാൽ കയറ്റി തിരിഞ്ഞിരുന്നു. പുറത്തേക്ക് തലയിട്ട് റോഡിൽ നിന്നും പത്തു പതിനഞ്ചു മീറ്റർ മാറി ഒരു ഗേറ്റ് ചൂണ്ടിക്കാട്ടി.
“അത് തന്നെയാണ് എന്നുറപ്പുണ്ടോ?”

“നിങ്ങള് പോയി നോക്കീട്ട് വാ. ഞാൻ വെയിറ്റ് ചെയ്യാം”.
മണികണ്ഠൻ പുറത്തിറങ്ങി. പാന്റ്സിന്റെ പിൻ പോക്കറ്റിൽ നിന്നും കാശെടുത്തു നീട്ടി.
“എമ്പതായി. ഇതിൽ അറുപതേയുള്ളൂ” സാബു ബാക്കി കിട്ടുമോ എന്നറിയാൻ മണികണ്ഠനെ നോക്കി.
മണികണ്ഠൻ നിർവ്വികാരനായി സാബുവിന്റെ മുന്നിൽ നിന്നു. ഇത്രേയുള്ളൂ എന്നെങ്കിലും പറഞ്ഞിരുന്നെങ്കിൽ എന്ന് സാബു ഒരു നിമിഷം ആഗ്രഹിച്ചു. പിന്നെ ഒന്നും മിണ്ടാതെ ഓട്ടോ വട്ടം ചുറ്റിച്ചു വേഗത്തിൽ യാത്രയായി.

കുറച്ചു വർഷങ്ങളുടെ പഴക്കമേയുണ്ടായിരുന്നുവെങ്കിലും നിറം മങ്ങിയ പെയിന്റും ചുറ്റിലുമായി വളർന്നു നിന്നിരുന്ന പേരറിയാത്ത ചെടികൾ നിറഞ്ഞ മുറ്റവും വീടിനെ അതിന്റെ പഴക്കത്തെക്കാൾ പ്രായം തോന്നിച്ചിരുന്നു. ഗേറ്റ് തുറക്കാൻ മടിച്ചു നിന്നപ്പോൾ അകത്തു നിന്നും ഉച്ചത്തിൽ കേൾക്കുന്ന ശബ്ദം ഗിൽഡ ടീച്ചറുടേതാണ് എന്ന് മണികണ്ഠന് ഉറപ്പായി. ഇരുപത്തെട്ടു വർഷങ്ങൾക്കിപ്പുറവും ഏതിരുട്ടിലും തിരക്കിലും ഒരു ശബ്ദം മാത്രം തിരിച്ചറിയാൻ കഴിയുന്നൊരാളാണ് താൻ. തിരിച്ചു പോയാലോ എന്ന ആലോചന മനസ്സിലേക്ക് കടന്നു വന്നു.
മറ്റൊരു ചിന്തയ്ക്കും പിന്നീട് ഇടനൽകാതെ ടീച്ചറേ എന്ന് ഉറക്കെ വിളിച്ചു. അകത്തു നിന്നുള്ള സംസാരം തുടരുകയാണ് എന്നു മനസ്സിലാക്കി മണികണ്ഠൻ ഒരിക്കൽ കൂടി ‘ടീച്ചറേ’ എന്നു വിളിച്ചു. ഇത്തവണ മറ്റേതു ശബ്ദത്തെയും അമർത്തിക്കളയാനുള്ള ശക്തിയതിനുണ്ടായിരുന്നു. അകത്തെ സംഭാഷണം നിലക്കുകയും മുൻവാതിൽ തുറന്ന് ഒരു സ്ത്രീരൂപം പുറത്തേക്കിറങ്ങുകയും ചെയ്തു.
മുറ്റത്തേക്കിറങ്ങി ഗേറ്റിനരികിൽ എത്തി. പുറത്തു നിൽക്കുന്ന രൂപത്തെക്കണ്ട് ഒരു നിമിഷം സ്തബ്ധയായി.
“മണികണ്ഠാ…!”
ഗിൽഡ തോമസ് വലിയ വെപ്രാളത്തോടെ ഗേറ്റ് വലിച്ചു തുറന്നു.
മണികണ്ഠനെ കൈയിൽ പിടിച്ചു വലിച്ച് വീടിനകത്തേക്ക് ക്ഷണിച്ചു.
അകത്ത് സെറ്റിയിൽ ഇരുത്തി. ഒരിക്കലും സംഭവിക്കില്ല എന്നു കരുതിയത് സംഭവിച്ചതിന്റെ അദ്‌ഭുതത്തിൽ നിന്നും ടീച്ചർ മുക്തയായിരുന്നില്ല.

പ്രായം ചെന്ന് അതിന്റെ ബാഹ്യാവശിഷ്ടങ്ങൾ പേറുന്ന മനുഷ്യൻ ഹാളിലേക്ക് വന്നു. അയാളെ നോക്കി ഗിൽഡ ടീച്ചർ പറഞ്ഞു. “മണികണ്ഠൻ”
കൈയിൽ പിടിച്ചിരുന്ന കണ്ണട മുഖത്തേക്ക് സ്ഥാപിച്ച് അയാൾ മണികണ്ഠനെ ശ്രദ്ധയോടെ നോക്കി.
“ഇതാണ് ഹസ്ബൻഡ്, ഐസക്. ഡന്റിസ്റ്റാണ്”
മണികണ്ഠൻ സെറ്റിയിൽ നിന്നും ഒന്നുയർന്നു ബഹുമാനം കാട്ടി.
“പിന്നെ എന്തൊക്കെയുണ്ട് മണികണ്ഠാ കാര്യങ്ങൾ. അവിടെ നിന്നും പോയ ശേഷം ബാക്കിയുള്ള എല്ലാവരെയും കോണ്ടാക്ടിൽ കിട്ടി. വാട്സാപ്പ് ഗ്രൂപ്പ് വരെയുണ്ട്. മണികണ്ഠനെപ്പറ്റി മാത്രം ആർക്കും ഒരു വിവരവും ഇല്ല.”
മണികണ്ഠൻ തലകുനിച്ചിരുന്നു. ടീച്ചറും ഐസക്കും പരസ്പരം നോക്കി.
“എനിയ്ക്ക് വിശക്കുന്നു ടീച്ചറേ” മുഖമുയർത്താതെ മണികണ്ഠൻ പറഞ്ഞു.

പാത്രത്തിൽ നിന്നും തല ഉയർത്താതെ ചോറു വാരിക്കഴിക്കുന്ന മണികണ്ഠനെ രണ്ടാളും നോക്കി നിന്നു. ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ മണികണ്ഠന് ഇപ്പോഴും ഒരു മാറ്റവുമില്ല.
എം എഡ് കഴിഞ്ഞയുടനെ രാജമുടി സെന്റ്. ജോർജ്ജ് ബി എഡ് കോളേജിൽ പഠിപ്പിക്കാൻ അവസരം ഉണ്ടാക്കി തന്നത് അപ്പയുടെ സുഹൃത്തായ ഫാദറാണ്. സാമ്പത്തിക നേട്ടം പ്രതീക്ഷച്ചല്ലെങ്കിലും ഒരു എക്സ്പീരിയൻസ് നല്ലതാണ് എന്നു കരുതി. അവിടെത്തന്നെ ലേഡീസ് ഹോസ്റ്റലിൽ നിന്നായിരുന്നു കോളേജിലേക്ക് പൊയ്ക്കൊണ്ടിരുന്നത്.
ഇരുപതു പേരുള്ള ക്ലാസ്സിൽ കൂടുതലും പെൺകുട്ടികളായിരുന്നു. കണ്ണൂരിൽ നിന്നുള്ള സാബു, ഇടുക്കിയിൽ തന്നെയുള്ള സെബാസ്റ്റ്യനും മഹേഷും തൃശ്ശൂരിൽ നിന്നുള്ള സ്റ്റീഫനും പിന്നെ മണികണ്ഠനും. മണികണ്ഠൻ രാജമുടിയിൽ തന്നെയായിരുന്നു.
പഠിപ്പിക്കാനായി ഉണ്ടായിരുന്നതിൽ മാത്യൂസ് സാർ ഒഴികെ എല്ലാവരും ഇരുപത്തഞ്ചും ഇരുപത്തെട്ടും വയസുളളവർ.
ക്ലാസ്സിലെ മറ്റെല്ലാവരെക്കാളും പൊക്കം കുറഞ്ഞ തന്നെ എന്തെല്ലാം പേരിൽ അവിടെയുള്ള കുട്ടികളും അധ്യാപകരും കളിയാക്കിയിട്ടുണ്ട്. കളിയാക്കലിൽ നിന്നെല്ലാം ഒഴിഞ്ഞു നിന്നത് മണികണ്ഠൻ മാത്രമായിരുന്നു. സ്റ്റാഫ് റൂമിൽ നിന്നും ക്ലാസ്സ് മുറിയിലേക്ക് ഉച്ചഭക്ഷണം കഴിക്കുന്ന ഇടം മാറ്റിയത് മണികണ്ഠന് വേണ്ടിയായിരുന്നു. ചോറ് പകുത്തു നൽകുമ്പോൾ മണികണ്ഠന്റെ ഉള്ളിൽ തണുത്ത കാറ്റ് പായാറുണ്ട് എന്നു തോന്നിയിട്ടുണ്ട്. അന്ന് തന്റെ ചോറിന്റെ പങ്ക് വാരിക്കഴിച്ചു വിശപ്പ് മാറ്റിയിരുന്ന അതേ മണികണ്ഠനെത്തന്നെയാണ് ഇപ്പോഴും ഗിൽഡ ടീച്ചർ മുന്നിൽ കണ്ടത്.

വെളുത്ത സെറാമിക് പാത്രത്തിലെ അവസാന അവശേഷിപ്പും മോതിരവിരലിൽ വടിച്ചെടുത്ത് നാവിലേക്ക് രുചിപകർന്ന് മണികണ്ഠൻ നിവർന്നു.
“ടീച്ചർ വിളമ്പി തരുന്നതിനെല്ലാം നല്ല രുചിയാണ്.”

ആ നേരമത്രയും ഐസക് കുഷ്യൻ പതിപ്പിച്ച കസേരയിൽ തന്നെയിരിക്കുകയായിരുന്നു. അപ്രതീക്ഷിതമായി എത്തിയ അതിഥിയിൽ തന്റെ ആകാംക്ഷ നിറഞ്ഞ ചോദ്യങ്ങൾ എറിയാൻ അയാൾ ഒരുക്കമായിരുന്നില്ല. ചോദ്യങ്ങൾ സ്വയം ചോദിക്കുകയും ഉത്തരങ്ങൾ കണ്ടെത്തുകയും ചെയ്തുകൊണ്ടിരുന്നു. ഗിൽഡ പറയാറുണ്ടായിരുന്ന പേരുകളുടെ കൂട്ടത്തിൽ മണികണ്ഠൻ എന്ന പേര് പലവട്ടം കേട്ടിട്ടുണ്ട്. അയാൾ കല്പിച്ചു വച്ചിരുന്ന രൂപമോ വേഷമോ അകർഷണമോ മുന്നിൽ നിൽക്കുന്ന ആളിനുണ്ടാകാത്തത് അയാളിൽ നിരാശയുണ്ടാക്കി എന്നത് സത്യമാണ്. ആ നിരാശ അയാളെ മണികണ്ഠനിൽ നിന്നും നോട്ടം കൊണ്ടും ശബ്ദം കൊണ്ടും മാറി നിൽക്കാൻ പ്രേരിപ്പിച്ചു. ഗിൽഡ സംസാരിക്കട്ടെ. ഗിൽഡ കാര്യങ്ങൾ അന്വഷിക്കട്ടെ. റൂമിൽ നിന്നും കേട്ട മൊബൈൽ റിംഗ് ഐസക്കിന്‌ അവിടം വിടാനുള്ള ഒരു കാരണമായി.
“ഐസക്കിന്‌ ഉച്ചയ്ക്ക് ഒരു ഉറക്കം പതിവാണ്. മണികണ്ഠൻ വന്നത് കൊണ്ടാണ് അത് വൈകിയത്. മണികണ്ഠന് കിടക്കണമെങ്കിൽ മുകളിൽ കിടക്കാം. മോന്റെ മുറിയാണ്. അവൻ പുറത്താണ്.”
മണികണ്ഠൻ വേണ്ട എന്നർത്ഥത്തിൽ തലയാട്ടി.
” ഞാൻ ഇറങ്ങുന്നു ടീച്ചറേ”
ഗിൽഡ ടീച്ചർ “ഏ!” എന്നു ശബ്ദമുണ്ടാക്കി.
“ഒന്നു കാണണം എന്നുണ്ടായിരുന്നു. അതിനാ വന്നത്” മണികണ്ഠന്റെ കണ്ണുകൾ നിറഞ്ഞോ എന്ന് ടീച്ചർ സംശയിച്ചു.
ഡൈനിംഗ് ടേബിളിൽ വച്ചിരുന്ന പ്ലാസ്റ്റിക് കവർ കൈയിലെടുത്ത് മണികണ്ഠൻ മടങ്ങാനൊരുങ്ങി നിന്നു. ടീച്ചർക്ക് എന്ത് പറയണം എന്നറിയാതെയായി.
ഗേറ്റ് കടന്ന് റോഡിലേക്ക് നടക്കുന്ന മണികണ്ഠനെ നോക്കി നിന്നപ്പോൾ കുറ്റബോധം കലർന്ന വിഷമം ഗിൽഡ ടീച്ചറിന്റെ ഉള്ളിൽ തികട്ടി.

എസ് ജെ സുജിത്

error: Content is protected !!