കള്ളനും പോലീസും


“ഡോ താനൊക്കെ എന്ത് ഉണ്ടാക്കാനാടോ പോലീസ് എന്നും പറഞ്ഞ് കാക്കി ഇട്ടോണ്ട് നടക്കുന്നത്.”
ജില്ലയിലെ മൂന്ന് ഡി.വൈ.എസ്.പി മാരെയും വിളിച്ച് ചേർത്തുള്ള റൂറൽ എസ്.പി വിനോദിന്റെ മീറ്റിംഗ് ആണ്. അയാളുടെ ദേഷ്യം കണ്ട് മുൻപിലിരിക്കുന്ന മൂന്ന് പേരും കണ്ണ് തള്ളിയിരിക്കുകയാണ്.
“ഡോ സക്കീറെ, കഴിഞ്ഞയാഴ്ച തന്റെ പരിധിക്ക് കീഴിൽ അല്ലേ മോഷണം നടന്നത്. എന്നിട്ട് എന്ത് കോപ്പാ താൻ കണ്ടു പിടിച്ചത്?”
അല്പം പരുങ്ങലോടെ എഴുന്നേറ്റ് നിന്നുകൊണ്ട് സക്കീർ പറഞ്ഞു.
“സാർ, കാരിക്കൂട്ടം എസ്.ഐ അരുണിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഭാര്യയുടെ താലി മാലയും അരുണിന്റെ കഴുത്തിൽ കിടന്ന മാലയുമാണ് മോഷ്ടിച്ചത്. അയാളുടെ വീടിന്റെ മതിലിൽ തൊപ്പി ഊരി കയ്യിൽ പിടിച്ചിരിക്കുന്ന പോലീസുകാരന്റെ ചിത്രവും അതിന് താഴെ ‘അയ്യേ പറ്റിച്ചേ!’ എന്നും എഴുതീട്ടുണ്ട്. രണ്ട് ദിവസം കഴിഞ്ഞപ്പോൾ അയാളുടെ തന്നെ സ്റ്റേഷന് മുന്നിൽ ഒരു പൊതിയിൽ ഉപേക്ഷിച്ച നിലയിൽ മാലകൾ കിട്ടി.”
ദേഷ്യത്താൽ പല്ലിറുമ്മിക്കൊണ്ട് വിനോദ് മുന്നിലേക്ക് ആഞ്ഞിരുന്ന് കൈ ചുരുട്ടി മേശയിൽ അടിച്ചുകൊണ്ട് പറഞ്ഞു.
“എഡോ കോപ്പേ, ഈ മാസം നടന്ന നാല് മോഷണവും ഈ രീതിയിൽ തന്നെയാണ് നടന്നത്. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പോലീസിന്റെ വീട്ടിൽ നിന്ന് മോഷ്ടിക്കുന്നു. തിരികെ അയാളുടെ സ്റ്റേഷനിൽ തന്നെ മോഷണ വസ്തു അയച്ച് കൊടുക്കുന്നു. കൂടെ വീടിന് മതിലിലൊരു ചിത്രപ്പണിയും. കോപ്പിലെ ഒരു ‘അയ്യേ പറ്റിച്ചേ’. ആള് കൂടുന്നിടത്തെല്ലാം നാട്ടുകാർ അതെടുത്തിട്ട് നന്നായി അലക്കുന്നുണ്ട്. പത്രക്കാരാണേൽ ഹാസ്യത്തിന് വേണ്ടിയുള്ള കോളത്തിൽ ഇപ്പോൾ ഇതെടുത്തിട്ട് ആഘോഷിക്കുന്നുമുണ്ട്. താൻ വല്ല ക്ലൂവും കിട്ടിയിട്ടുണ്ടേൽ അത് പറയടോ.”
നെറ്റിയിൽ പൊടിഞ്ഞിറങ്ങുന്ന വിയർപ്പിനെ വിരലുകൾ കൊണ്ട് തുടച്ചുകൊണ്ട് സക്കീർ തുടർന്നു.
“സർ, ജനൽച്ചില്ലിന്റെ ഒരു ഭാഗം പൊട്ടിച്ചിട്ട് അതിലൂടെ കമ്പിയോ മറ്റോ കടത്തി പിൻവാതിലിന്റെ സാക്ഷ ഇളക്കിയാണ് കള്ളൻ അകത്ത് കടന്നിരിക്കുന്നത്. ഒരിടത്ത് നിന്നും കൈ രേഖകൾ ഒന്നും ലഭിച്ചില്ല. അതിനർഥം പ്രതി കയ്യുറയോ മറ്റോ ഉപയോഗിച്ചിട്ടുണ്ട് എന്നാണ്. കീ ഉപയോഗിച്ച് ലോക്ക് ചെയ്തിരുന്ന മാസ്റ്റർ ബെഡ് റൂം കൃത്യമായി എങ്ങനെയാണ് തുറന്നതെന്ന് വ്യക്തമല്ല. വാതിലിന്റെ ലോക്ക് ഉള്ള വശത്ത് താഴ് ഭാഗത്ത് നിന്നും മുകളിലേക്ക് ലോക്കിന്റെ അടുത്ത് വരെ എന്തോ വാതിലിനിടയിലൂടെ വലിച്ചിഴച്ച പാടുണ്ട്. മറ്റൊരു തെളിവും ഇല്ല സർ.”
വിനോദിന്റെ മുഖമാകെ ദേഷ്യം പടർന്ന് പല്ലുകൾ ഞെരിയുന്നത് കണ്ട് ഡി.വൈ.എസ്.പി രാജേഷ് എഴുന്നേറ്റു.
“സർ, വളരെ സമയമെടുത്ത് ഓരോ മോഷണം നടത്തേണ്ട സ്ഥലത്തെയും കുറിച്ച് പഠിച്ചാണ് കള്ളൻ മോഷണം നടത്തുന്നത്. അതുകൊണ്ട് തന്നെ CCTV കളിൽ പോലും പെടാതെ രക്ഷപ്പെടാൻ അയാൾക്ക് കഴിയുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിൽ അടിയന്തിരമായി ജില്ലയിലെ എല്ലാ പോലീസുകാരുടെയും വീടുകളിൽ രണ്ട് ദിവസത്തിനുള്ളിൽ സി.സി.ടി.വി ഘടിപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മറ്റൊരു കാര്യം എന്തെന്നാൽ എല്ലാ വെള്ളിയാഴ്ചകളിലുമാണ് ഇയാൾ മോഷണം നടത്തുന്നത്. അതുകൊണ്ട് തന്നെ വെള്ളിയാഴ്ചകളിൽ വീടുകളിൽ കൂടുതൽ ജാഗരൂകരായി ഇരിക്കാനും നിർദേശം നൽകിയിട്ടുണ്ട്.”
“ഇതിത്രയും ചെയ്യാൻ അഞ്ചുമോഷണം നടക്കണമായിരുന്നോ? മുൻപേ ചെയ്തൂടായിരുന്നോ?”
“സർ ഇപ്പോഴാണ് ഇത് പോലീസ് ഡിപ്പാർട്മെന്റിനെ ഉന്നം വയ്ക്കുന്നതാണെന്ന് ഒരു നിഗമനത്തിലേക്ക് എത്താൻ കഴിഞ്ഞത്.”
“ഒരു നിഗമനത്തിലെത്താൻ അഞ്ചു മോഷണം.” അയാൾ പുശ്ചത്തോടെ രാജേഷിനെ നോക്കി.
ആന്റോ എഴുന്നേറ്റുകൊണ്ട് പറഞ്ഞു.
“സോറി സർ. എടുത്തുചാടി ഒരു നിഗമനത്തിൽ എത്തി കുഴപ്പം പിടിക്കേണ്ട എന്ന് കരുതിയതാണ്. ഇപ്പോൾ വെള്ളിയാഴ്ച രാത്രി ജില്ല മുഴുവൻ പട്രോളിംഗ് ശക്തമാക്കാനും നിർദേശം കൊടുത്തിട്ടുണ്ട്. പൊലീസുകാരെ മുഴുവൻ നാണക്കേടിലാക്കുന്ന സംഭവം ആയതുകൊണ്ട് എല്ലാവരും ഇപ്പോൾ കൂടുതൽ ശ്രദ്ധാലുക്കളാണ്. ഇത്തവണ അവൻ കുടുങ്ങും സർ.”
തെല്ലൊന്ന് ദേഷ്യമമർത്തി വിനോദ് ചോദിച്ചു.
“ഇത് വർക്ക് ഔട്ട്‌ ആകുമല്ലോ അല്ലേടോ?”
വിനോദ് പറഞ്ഞവസാനിപ്പിക്കും മുന്നേ ആന്റോ മറുപടിയുമായി എത്തി.
“ഉറപ്പായും സർ.”
വിനോദ് അയാളെ ഒന്ന് തറപ്പിച്ച് നോക്കി.
“ഈ ആവേശം ഒക്കെ വെള്ളിയാഴ്ച കഴിഞ്ഞും കാണണം. ആഹ് മൂന്നും പൊയ്ക്കോ.”
മൂന്ന് പേരും തറയിലമർത്തി ചവിട്ടി സല്യൂട്ട് അടിച്ച് പുറത്തേക്ക് നടന്നു.


ശനിയാഴ്ച രാവിലെ എഴുന്നേറ്റ ഉടനേ വിനോദ് മൂന്ന് ഡി.വൈ.എസ്.പി മാരെയും ഫോണിൽ കോൺഫറൻസ് കാൾ വിളിച്ചു.
മൂന്ന് പേരും വർധിച്ച സന്തോഷത്തോടെ പറഞ്ഞു. “ഇല്ല സർ ഇന്നലെ രാത്രി ഒരിടത്തും മോഷണം നടന്നിട്ടില്ല. നമ്മുടെ പദ്ധതി വിജയിച്ചു.”
“ഹാ! പൂർണ്ണമായും അങ്ങനെ പറയാൻ വരട്ടെ. നമുക്ക് ഒരാഴ്ച കൂടി നോക്കാം.”
“ഓകെ സർ.”


പിറ്റേ ദിവസം ഡ്യൂട്ടിക്ക് ഇറങ്ങാൻ റെഡി ആവുമ്പോൾ മൊബൈൽ റിംഗ് ചെയ്യുന്ന ശബ്ദം കേട്ട് വിനോദ് ഫോണിനടുത്തേക്ക് നീങ്ങി.
ഡി.വൈ.എസ്.പി ആന്റോയാണ്.
“എന്താടോ രാവിലെ?”
അപ്പുറത്ത് നിന്ന് പരുങ്ങിയ സ്വരത്തിൽ
“സർ, ഇന്നലെ രാത്രി എൻ്റെ വീട്ടിൽ മോഷണം നടന്നു.”
ദേഷ്യം കടിച്ചമർത്തി വിനോദ്
“ഷിറ്റ്, താൻ ഓരോ പ്ലാനും ഉണ്ടാക്കീട്ട് തന്റെ വീട്ടിൽ തന്നെ കയറിയോ?”
അപ്പുറത്ത് നിശബ്ദത.
“തൊള്ള തുറന്ന് പറയെടോ എങ്ങനാ സംഭവം?”
“സർ, മിനിഞ്ഞാന്ന് ഉറക്കമൊഴിഞ്ഞത് കാരണം ഇന്നലെ രാത്രി ഞാൻ നന്നായിട്ട് ഉറങ്ങുകയായിരുന്നു. മുകളിലത്തെ നിലയിലെ ഡോർ അയാളുടെ സ്ഥിരം പരിപാടി ആയ എന്തോ ഡോറിനിടയിൽ വലിച്ച് നീക്കിയാണ് ഡോർ തുറന്ന് അകത്ത് കയറിയത്.”
അക്ഷമനായ വിനോദ് ചോദിച്ചു
“ആഹ് ! എന്നിട്ട് സി.സി.ടി.വി യിൽ വല്ലതും പതിഞ്ഞോ?”
“ഇല്ല സർ, വീടിന്റെ വടക്ക് വശത്ത് മതിലിനോട് ചേർന്ന് വീടിന് മുകളിലേക്ക് ചാഞ്ഞ് ഒരു മാവ് നിൽപ്പുണ്ടായിരുന്നു. കള്ളൻ മതിലിൽ കയറിയ ശേഷം മാവിലേക്ക് ചാടിക്കയറിയാണ് വീടിനുള്ളിൽ കടന്നിരിക്കുന്നത്.”
“വെരി ഗുഡ്. ക്യാമറ വച്ചപ്പോൾ താഴെ മാത്രം വച്ചല്ലേ! എന്നിട്ട് മതിലിലെ കലാപരിപാടി ഇല്ലായിരുന്നോ?”
“ഉണ്ട് സർ.”
“എത്രയും പെട്ടെന്ന് തന്റെ ഓഫീസ് പരിസരത്ത് ചെന്ന് എല്ലാവരെയും നിരീക്ഷിക്കാൻ പറയ്. എന്തായാലും അവൻ അത് തിരികെ കൊണ്ടിടാൻ വരുമല്ലോ.”
“സർ”
“എന്നിട്ട് മൂന്നെണ്ണവും കൂടി നേരെ ഓഫീസിലോട്ട് വാ. ബാക്കി അവിടെ.”
ഫോൺ കുത്തി പൊട്ടിക്കുന്നതെന്നവണ്ണം കാൾ കട്ട്‌ ചെയ്തിട്ട് വിനോദ് തിരിഞ്ഞു നടന്നു.


ഡി.വൈ.എസ്.പി മാർ കടന്ന് വരുമ്പോൾ വിനോദ് വളരെ ശാന്തനായി ഇരിക്കുകയായിരുന്നു. സല്യൂട്ട് ചെയ്തതിന് ശേഷം മൂന്ന് പേരും പരസ്പരം നോക്കുമ്പോൾ മനസ്സിൽ കൊടുങ്കാറ്റിന് മുൻപേയുള്ള ശാന്തത ആവരുതേ ഇതെന്ന് പ്രാർഥിക്കുകയായിരുന്നു.
“ആഹ്, മൂന്നും ഇരിക്ക്.”
വിനോദ് വളരെ ശാന്തമായി സംസാരിച്ചുകൊണ്ട് മേശ വലിപ്പിൽ നിന്ന് ടാഗ് ചെയ്ത കുറച്ച് കടലാസുകൾ പുറത്തേക്കെടുത്തു. സാധാരണ കടിച്ചു കീറാൻ നിൽക്കുന്ന എസ്.പി യുടെ ഈ പെരുമാറ്റം കണ്ട് മൂന്ന് പേരും ശരിക്കും അമ്പരന്നു.
“വേറെന്തെങ്കിലും തെളിവ് കിട്ടിയോ?”
തലകുനിച്ചുകൊണ്ട് മൂന്ന് പേരും ഒരേ സ്വരത്തിൽ പറഞ്ഞു.
“ഇല്ല സർ.”
“ആഹ്, വേണം എന്നുള്ള രീതിയിൽ അന്വേഷിച്ചാൽ മാത്രമേ എന്തെങ്കിലും കിട്ടൂ.”
ഒരു പുച്ഛ ചിരി വരുത്തിക്കൊണ്ട് വിനോദ് തുടർന്നു.
“ഇത്രയും ദിവസം ഇതൊരു റാൻഡം മോഷണ പരമ്പര ആയിരുന്നു.”
കടലാസുകൾ അവർക്ക് മുന്നിലേക്കിട്ടുകൊണ്ട് വിനോദ്.
“പക്ഷേ ഇപ്പോൾ മുതൽ ഇതങ്ങനെ അല്ല. ഈ നടന്ന എല്ലാ മോഷണങ്ങളും ആയി ബന്ധമുണ്ട്.”
മൂന്ന് പേരും എന്താണ് പറയുന്നതെന്ന് മനസ്സിലാകാതെ വിനോദിന്റെ മുഖത്തേക്കും കടലാസ്സുകളിലേക്കും മാറി മാറി നോക്കിക്കൊണ്ട് അടുത്ത വാക്കുകൾക്കായി അക്ഷമരായി കാത്തിരിക്കാൻ തുടങ്ങി.
“ഇതുവരെ നടന്ന 6 മോഷണങ്ങൾ. ആറും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ. ഒരാൾ പ്രഥമദൃഷ്ട്യാ നോക്കുമ്പോൾ ഒരു ബന്ധവുമില്ല. പക്ഷെ ഈ മോഷണം നടന്ന ആറ് ഉദ്യോഗസ്ഥരും.”
ഒന്ന് നിർത്തിക്കൊണ്ട് ആന്റോയുടെ മുഖത്തേക്ക് നോക്കി വിനോദ് തുടർന്നു.
“ആന്റോ ഉൾപ്പെടെ ആറ് പേരും ഒരേ സ്ഥലത്ത് ഡ്യൂട്ടി നോക്കിയിട്ടുണ്ട്.”
“ങേഹ്!”
അന്തം വിട്ടുകൊണ്ട് ആന്റോ മുന്നിലേക്ക് നീങ്ങിയിരുന്നു.
“അതെ. നിങ്ങൾ ആറ് പേരും രണ്ട് വർഷം മുന്നേ പോലീസ് റിക്രൂട്ട്മെന്റ് നടക്കുന്ന ഗ്രൗണ്ടിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരാണ്. അന്ന് താനായിരുന്നു അവിടെ CI.”
വിനോദ് പറയുന്നതെല്ലാം കേട്ട് ഒരല്പം ഭയത്തോടെ അയാൾ തല കുലുക്കി.
“അതെ സാർ ഞാൻ അന്ന് അവിടെ CI ആയിരുന്നു. പക്ഷേ ആ അഞ്ചു പോലീസുകാർ അവിടെ…”
പൂർത്തിയാക്കാനാകാത്ത മറുപടിക്കായി അയാൾ വീണ്ടും വിനോദിന്റെ മുഖത്തേക്ക് കണ്ണുകൾ പായിച്ചു.
“അതിൽ നാലുപേർ അവിടെ അന്ന് പരിശീലനക്യാമ്പിൽ നിന്നും ഡ്യൂട്ടിക്ക് ഉണ്ടായിരുന്നവരാണ്. കഴിഞ്ഞ വർഷം ആദ്യമാണ് അവർക്ക് വിവിധ സ്റ്റേഷനുകളിലേക്ക് മാറ്റം കിട്ടുന്നത്. അവരെ കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയപ്പോഴാണ് അന്ന് അവിടെ എസ്.ഐ ഈയിടെ മോഷണം നടന്ന കാരിക്കൂട്ടത്തെ എസ്.ഐ അരുൺ ആയിരുന്നെന്നും താൻ അവിടത്തെ സി.ഐ ആയിരുന്നെന്നും കണ്ടെത്തിയത്. കഴിഞ്ഞ വർഷം അല്ലേ താൻ പ്രമോഷനായത്, അല്ലേ?”
“അതെ സർ.”
മുകളിൽ കറങ്ങുന്ന ഫാനിന് ചുവട്ടിൽ ലോകം തന്നെ കറങ്ങുന്നത് പോലെ ആന്റോക്ക് തോന്നാൻ തുടങ്ങി. ഈ മോഷണ പരമ്പര നടക്കുന്നത് തന്നെ കേന്ദ്രീകരിച്ച് ആണെന്നോ. വിശ്വസിക്കാൻ പറ്റുന്നില്ല. അയാളുടെ ശരീരത്തിൽ നിന്ന് നീരുറവ കണക്കേ യൂണിഫോം കുതിർത്തുകൊണ്ട് വിയർപ്പ് തുള്ളികൾ പുറത്തേക്ക് ചാടാൻ തുടങ്ങി.
“ആന്റോ…”
വിനോദിന്റെ ആ വിളിയിൽ ഞെട്ടി അയാൾ മുന്നിലേക്ക് നോക്കി.
“സാർ..”
രണ്ട് കൈകളും പരസ്പരം കൂട്ടി തിരുമ്മിക്കൊണ്ട് വിനോദ് മുന്നിലേക്ക് ആഞ്ഞിരുന്നു.
“അന്ന് അവിടെ, ആ ഗ്രൗണ്ടിൽ എന്തോ സംഭവിച്ചിട്ടുണ്ട്. അതിന്റെ ബാക്കി പത്രമാണ് ഈ മോഷണ പരമ്പര. അതറിയണം എന്നുണ്ടെങ്കിൽ താൻ തന്നെ പറയണം.”
ചുറ്റുമുള്ളതെല്ലാം തനിക്ക് നേരെ കാതോർത്തിരിക്കുന്ന പോലെ. ഒന്നും ആലോചിക്കാൻ പറ്റുന്നില്ല. മുഴുവൻ ഇരുട്ട് മാത്രം. അന്നെന്താണ് സംഭവിച്ചത്. ഇല്ല പ്രേത്യേകിച്ച് ഒന്നും സംഭവിച്ചില്ലല്ലോ!
“ഇല്ല സർ, സാധാരണയിൽ കവിഞ്ഞ് അന്നവിടെ ഒന്നും നടന്നില്ല.”
ഒരു കുറ്റവാളിയെ എന്നവണ്ണം ആന്റോയെ ചൂഴ്ന്ന് നോക്കിക്കൊണ്ട് വിനോദ് ചോദിച്ചു.
“ഒന്നും? “
“ഇല്ല സർ.” അയാളത് പറയുമ്പോൾ അടി വയറ്റിലൂടെ ഒരു കൊള്ളിയാൻ മാഞ്ഞ് പോവുന്നുണ്ടായിരുന്നു. മനസ്സിൽ അവ്യക്തമായ ഒരു ചെറുപ്പക്കാരന്റെ കരച്ചിലും.
അയാളോടുള്ള സംശയം നിലനിർത്തിക്കൊണ്ട് തന്നെ വിനോദ് ഒരു പേന കയ്യിലെടുത്ത് മുന്നിലിരുന്ന കടലാസിലേക്ക് കുത്തിവരച്ചുകൊണ്ട് തുടർന്നു.
“പൂർണ്ണമായ കാരണങ്ങൾ അറിയില്ലെങ്കിലും ഇപ്പോൾ കാര്യങ്ങൾ ഏറെക്കുറെ വ്യക്തമാണ്. അതുകൊണ്ട് അന്നവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മുഴുവൻ പേരുടെയും ലിസ്റ്റ് എടുത്തിട്ടുണ്ട്. ഡ്യൂട്ടിയിൽ രണ്ട് എസ്.ഐ ഉണ്ടായിരുന്നു. അരുണും ജിബിനും. അരുണിന്റെ വീട്ടിൽ മോഷണം നടന്ന് കഴിഞ്ഞു. ഇനി അടുത്ത് ചിലപ്പോൾ ജിബിൻ ആവാം. ഉറപ്പില്ല.”
മറ്റ് രണ്ട് പേരും വിനോദ് പറയുന്ന കാര്യങ്ങളെ സൂക്ഷ്മതയോടെ ശ്രദ്ധിക്കുമ്പോൾ ആന്റോയുടെ പരവേശം വിനോദ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
ആദ്യം മുന്നിലേക്കിട്ട കടലാസുകൾ ആന്റോയുടെ മുന്നിലേക്ക് നീക്കി വച്ചുകൊണ്ട് വിനോദ് പറഞ്ഞു.
“ആന്റോ ഇത് അന്ന് അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ലിസ്റ്റ് ആണ്. ആരുടെയെങ്കിലും പേര് കൂട്ടിച്ചേർക്കാൻ ഉണ്ടോ എന്ന് പരിശോധിക്കണം. ഇപ്പോൾ തന്നെ. പുറത്തെ ഏതെങ്കിലും ടേബിൾ യൂസ് ചെയ്തോളൂ.”
“ഓക്കേ സർ.”
വിറയ്ക്കുന്ന വിരലുകളെ മറച്ചുകൊണ്ട് അയാൾ കടലാസുകളും വാരിക്കൊണ്ട് എസ്.പി യുടെ മുറിക്ക് പുറത്തേക്കിറങ്ങി. കടലാസിലെ ഓരോ പേരുകളിലൂടെയും വിരലോടിക്കുമ്പോൾ അയാൾക്ക് ഉറപ്പായിരുന്നു അതിൽ അദ്ദേഹത്തിന്റെ പേര് ഉണ്ടാകില്ല എന്ന്. അവസാനത്തെ പേരും വായിച്ച് കഴിഞ്ഞപ്പോൾ കീഴ്ച്ചുണ്ടിനെ മുറുക്കെ കടിച്ചുകൊണ്ട് മേലേക്ക് നോക്കി. എന്താണ് ഇനി ചെയ്യേണ്ടത്. അദ്ദേഹത്തെ ഇൻഫോം ചെയ്യണ്ടേ? അതോ എസ്.പി യോട് അദ്ദേഹത്തിന്റെ പേര് പറയണോ?
വേണ്ട അത് ബുദ്ധിയല്ല. അദ്ദേഹത്തെ വിളിക്കുക തന്നെ. എസ്.പി തന്നെ ശ്രദ്ധിക്കുന്നില്ല എന്നുറപ്പ് വരുത്തിക്കൊണ്ട് അയാൾ പുറത്തേക്ക് നടന്നു.
സ്റ്റേഷന്റെ പുറകിലെ പുളി മരച്ചോട്ടിൽ നിന്ന് ഒരു സിഗററ്റിന് തീ കൊളുത്തിക്കൊണ്ട് അയാൾ നമ്പർ ഡയൽ ചെയ്തു. റിംഗ് പോകുന്നുണ്ട്. ലോങ്ങ്‌ റിംഗ്. അസ്വസ്ഥതയോടെ അയാൾ ഒരു പുക ഉള്ളിലേക്കെടുത്തതും അങ്ങേ തലക്കൽ നിന്ന് “ഹലോ” കേട്ടതും ഒരുമിച്ചായിരുന്നു. ഞെട്ടിപ്പോയ അയാളുടെ വായിൽ നിന്ന് മൂക്കിലേക്കും തൊണ്ടക്കുഴിയിലേക്കും പുക ഇടിച്ചു കയറി. ചുവന്ന് പിടച്ച ഞരമ്പുകൾ തെളിഞ്ഞു കലങ്ങിയ കണ്ണുകളോടെ ചുമച്ചുകൊണ്ടയാൾ വാക്കുകൾക്കായി ബദ്ധപ്പെട്ടു. മറുതലക്കൽ നിന്ന് വീണ്ടും ശബ്ദം. ഒരു വിധം ബുദ്ധിമുട്ടി അയാൾ ശബ്ദം വീണ്ടെടുത്തുകൊണ്ട് ദയനീയമായി വിളിച്ചു.
“സാർ”
അയാളുടെ കയ്യിൽ നിന്ന് താഴേക്കൂർന്ന് വീണ സിഗരറ്റ് തറയിൽ കിടന്ന് എരിഞ്ഞ് തീരുമ്പോൾ അയാൾ ഫോണിലൂടെ എല്ലാ വിവരവും കൈമാറുകയായിരുന്നു. മറുതലക്കൽ നിന്നുള്ള നിർദ്ദേശങ്ങൾക്കെല്ലാം മൂളൽ കൊണ്ട് സമ്മതമറിയിച്ചുകൊണ്ട് അയാൾ ഫോൺ കട്ട് ചെയ്ത് അകത്തേക്ക് നടന്നു.


എസ്.പി യുടെ ക്യാബിന്റെ മുന്നിലെ ഹാഫ് ഡോറിൽ വിരലുകൾ കൊണ്ട് തട്ടി ശബ്ദമുണ്ടാക്കിക്കൊണ്ട് ആന്റോ
“സർ, മെയ്‌ ഐ കം ഇൻ”
“യെസ്”
അയാൾ ഉള്ളിലേക്ക് കടക്കുമ്പോൾ ഒരു ഫയലുമായി മറ്റ് രണ്ട് പേരും പോകാൻ എഴുന്നേൽക്കുകയായിരുന്നു. അവരോടായി വിനോദ് പറഞ്ഞു.
“ഓർമ്മ ഉണ്ടല്ലോ, നിങ്ങൾ നേരിട്ട് തന്നെ ഇടപെടണം. 24 മണിക്കൂറിനുള്ളിൽ തന്നെ കംപ്ലീറ്റ് റിപ്പോർട്ട്‌ എടുക്കണം.”
“ഓക്കേ സർ.” ഇരുവരും ഒന്നിച്ച് മറുപടി പറഞ്ഞുകൊണ്ട് സല്യൂട്ട് അടിച്ച് പുറത്തേക്ക് നടന്നു. അകത്ത് എന്താണ് നടന്നതെന്ന് മനസ്സിലാകാതെ ആന്റോ മുന്നിലേക്ക് നീങ്ങി.
“ആഹ് ഇരിക്കെടോ. എന്തായി.”
കടലാസ് മുന്നിലേക്ക് നീക്കി വച്ചുകൊണ്ട് അയാൾ തുടർന്നു.
“സർ ആരെയും വിട്ടുപോയിട്ടില്ല എന്ന് തോന്നുന്നു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കോൺസ്റ്റബിൾമാരുടെ പേരൊന്നും ഓർമ്മയില്ല. എങ്കിലും ഇത് അവിടത്തെ ഡ്യൂട്ടി മസ്ട്രോളിൽ നിന്നെടുത്ത ലിസ്റ്റ് ആയതുകൊണ്ട് ആരെയും വിട്ടുപോകാനും സാധ്യതയില്ല.”
“ഓക്കേ അങ്ങനെ ആണെങ്കിൽ നമുക്ക് ഇനി ഇത്രയും ആൾക്കാരുടെ വീടുകൾ മാത്രം കേന്ദ്രീകരിച്ചാൽ മതിയാകും. പ്രതിയോട് നമ്മൾ കൂടുതൽ കൂടുതൽ അടുത്ത് വരുന്നു. എന്തായാലും നമുക്ക് ഒരാഴ്ചക്കുള്ളിൽ ഉത്തരം കിട്ടും അല്ലേടോ?”
മുഖത്ത് ഒരു ചിരി വരുത്താൻ ശ്രമിച്ചുകൊണ്ട് അയാൾ മറുപടി പറഞ്ഞു.
“അതെ സർ.”
“താനപ്പോൾ ഈ ലിസ്റ്റിൽ ഉള്ള മുഴുവൻ പേരുടെയും വീടുകൾ നമ്മുടെ നിരീക്ഷണത്തിൽ ആണെന്ന് ഉറപ്പ് വരുത്തണം. എന്നാൽ പുറത്ത് നിന്ന് നോക്കുന്ന ഒരാളിന് നിരീക്ഷണത്തിൽ ആണെന്ന് തോന്നാനും പാടില്ല. ഇതിന്റെ പൂർണ്ണ ചുമതല തനിക്കാണ്. ഒരു വീഴ്ചയും വരാൻ പാടില്ല. ഓക്കേ?”
“ഓക്കേ സർ.”
“ദെൻ യു മേയ് ഗോ.”
സല്യൂട്ട് അടിച്ചുകൊണ്ട് അയാൾ പുറത്തേക്ക് നടക്കുമ്പോൾ വിനോദ് സംശയ ദൃഷ്ടികളോടെ എന്തൊക്കെയോ കുത്തിക്കുറിക്കുകയായിരുന്നു.


പിറ്റേദിവസം ഫയലുകൾ പരിശോധിച്ചുകൊണ്ടിരിക്കുമ്പോഴാണ് വിനോദിന് സക്കീറിന്റെ കാൾ വരുന്നത്. ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് അയിരൂർ സ്റ്റേഷനിലാണ്. കൃത്യമായ തെളിവുകൾ ഇല്ലാത്തതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അത് കേട്ടതും ദാ വരുന്നു എന്ന് പറഞ്ഞു കൊണ്ട് വിനോദ് പുറപ്പെട്ടു.
സ്റ്റേഷൻ എത്തിയപ്പോൾ പരിസരം ഒക്കെ വിജനമായിരുന്നു. ഒരു ഉൾപ്രദേശത്തെ സ്റ്റേഷൻ. പ്രധാനപ്പെട്ട കോളനികളും കുറേ ആദിവാസി മേഖലകളും പരിധിയിൽ വരുന്ന ഒരു സ്റ്റേഷൻ ആണെന്ന് ഓർത്തെടുത്തുകൊണ്ട് വിനോദ് ഉള്ളിലേക്ക് ചെന്നു. വിനോദിനെ കണ്ടതും പോലീസുകാരും ഡി.വൈ.എസ്.പിമാരായ സക്കീറും രാജേഷും എഴുന്നേറ്റ് നിന്ന് സല്യൂട്ട് അടിച്ചു.
“എവിടാണ് അയാൾ?”
“ലോക്കപ്പിൽ ഉണ്ട് സർ.”
“ഓക്കേ എങ്കിൽ നമുക്ക് സമയം കളയണ്ട. ആന്റോയെ അറിയിച്ചോ?”
“ഇല്ല സർ.”
“നന്നായി. കുറച്ച് കഴിഞ്ഞ് വിളിക്കാം.”
ഒരു കോൺസ്റ്റബിൾ ഓടി വന്ന് ലോക്കപ്പ് തുറന്നു. മറ്റുള്ളവരോട് പുറത്ത് നിൽക്കാൻ പറഞ്ഞിട്ട് അവർ മൂന്ന് പേരും ഒരുമിച്ച് അകത്തേക്ക് കടന്നു. അകത്തെത്തിയ വിനോദ് അയാളെ നിരീക്ഷിക്കാൻ തുടങ്ങി.
കറുത്ത് ചെമ്പിച്ച ചുരുണ്ട മുടികളും കരുവാളിച്ച ചുണ്ടുകളും കുഴിഞ്ഞ കണ്ണുകളുമുള്ള എന്നാൽ നല്ല ആരോഗ്യത്തോടെയുള്ള ഉറച്ച ശരീരവുമുള്ള ശരാശരി പൊക്കമുള്ള ഒരു യുവാവ്. ഇവൻ ശരിക്കും കള്ളൻ തന്നെയാണെന്ന് അയാളുടെ മനസ്സ് ഉറപ്പിച്ചു.
എങ്കിലും ദേഷ്യം പുറത്ത് കാട്ടാതെ വിനോദ് അയാളുടെ മുന്നിലേക്ക് നീങ്ങി നിന്നു. നാല് കണ്ണുകൾ പരസ്പരം ഇടഞ്ഞു. ഉള്ളിൽ വന്യമായതെന്തോ എരിയുന്ന പോലെ അയാൾ വിനോദിന്റെ കണ്ണുകളെ തന്റെ കണ്ണുകൾ കൊണ്ട് നേരിട്ടു. ഒട്ടും പിന്നോട്ടില്ല എന്നുറപ്പിച്ചുകൊണ്ട് ഇമവെട്ടുക പോലും ചെയ്യാതെ വിനോദ് ചോദിച്ചു.
“നീയല്ലേ മോഷണം നടത്തിയത്?”
തളം കെട്ടി നിന്ന ക്രൗര്യമേറിയ പരിതഃസ്ഥിതികൾക്ക് വീണ്ടും തീ പകർന്നുകൊണ്ട് കൂസലില്ലാതെ അവൻ തിരിച്ചു ചോദിച്ചു.
“അതെങ്ങനാ സാറേ ഞാൻ കള്ളൻ ആവുന്നത്? “
“നിന്നെയൊക്കെ കണ്ടാലേ അറിഞ്ഞൂടെ കള്ളൻ ആണെന്ന്.” ഉള്ളിലുയർന്ന് വന്ന ദേഷ്യത്തോടെ സക്കീർ മുന്നോട്ട് നീങ്ങിയതും വിനോദ് കൈ കൊണ്ട് തടഞ്ഞു.
അവൻ പുച്ഛത്തോടെ ചിരിച്ചുകൊണ്ട് സക്കീറിന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.
“അതെന്താ സാറേ ഞാൻ കറുത്തിരിക്കുന്നത് കൊണ്ടാണോ? അതോ ഈ ചുരുണ്ട മുടിയോ? ഏത് കണ്ടാ സാറെന്നെ കള്ളൻ എന്ന് തീരുമാനിച്ചത്? “
മുന്നിൽ എസ്.പിയുടെ കൈ തടസ്സമായി നിൽക്കുന്നത് കൊണ്ട് മറുത്തൊന്നും പറയാതെ സക്കീർ പല്ലുകൾ ഞെരിച്ചുകൊണ്ട് ദേഷ്യം കടിച്ചമർത്തി.
അവന്റെ മുഖത്ത് നിന്ന് കണ്ണുകളെടുക്കാതെ വിനോദ് സംയമനത്തോടെ തുടർന്നു.
“നിങ്ങൾ രണ്ട് വർഷം മുൻപ് പോലീസ് ലിസ്റ്റിൽ ഇല്ലായിരുന്നോ?”
അവൻ ഒന്നും മിണ്ടാതെ തലകുനിച്ചു.
“അന്ന് പോലീസ് റിക്രൂട്ടിട്മെന്റിൽ പങ്കെടുക്കാൻ വന്നിട്ട് പുറത്തായി അല്ലേ.”
“മ്” അവൻ മൂളി.
“അതിന്റെ പ്രതികാരമാണോ ഈ മോഷണ പരമ്പര?”
അവൻ തലയുയർത്തി വീണ്ടും വിനോദിന്റെ കണ്ണുകളിലേക്ക് നോക്കി പുശ്ചത്തോടെ ചിരിച്ചു. ഇതുകണ്ട് ദേഷ്യം പിടിച്ചു നിർത്താനാവാതെ മുന്നിലേക്ക് വന്ന സക്കീർ
“പുലയാടി മോനേ, നീ എന്താടാ കളിയാക്കുന്നോ?” എന്ന് ചോദിച്ചുകൊണ്ട് അവന്റെ കരണത്തേക്ക് ഒറ്റയടി. പെട്ടെന്ന് കിട്ടിയ അടിയിൽ നില തെറ്റിയ അവൻ ഒരു വശത്തേക്ക് മറിഞ്ഞ് കറ പിടിച്ച ലോക്കപ്പ് ഭിത്തിയിലേക്ക് വീണു.
ചുണ്ടിലൂടെ ഒലിച്ചിറങ്ങിയ ചോരത്തുള്ളികൾ തുടച്ചുകൊണ്ട് അവൻ സക്കീറിന്റെ മുഖത്തേക്ക് നോക്കി വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു.
“പുലയാടി മോൻ, പുലയാടി മോൻ അല്ലേ!ഇതുകൊണ്ടാണ്…
ഇതുകൊണ്ടാണ് ഞാൻ മോഷ്ടിച്ചത്.”
അവിടെ നിന്നവരെല്ലാം പരസ്പരം മുഖത്തേക്ക് നോക്കി. ഇവൻ ഇതെന്താണ് പറയുന്നത്.
അവൻ വിനോദിന്റെ മുന്നിലേക്ക് നീങ്ങി നിന്നുകൊണ്ട് പറഞ്ഞു.
“അതെ സാറേ ഞാനാ ഈ മോഷണങ്ങൾ എല്ലാം നടത്തിയത്. എന്തിനെന്ന് അറിയണ്ടേ? “
ഒരു കഥ കേൾക്കുന്ന ലാഘവത്തോടെ എല്ലാവരും അന്തംവിട്ട് അവന്റെ മുഖത്തേക്ക് തന്നെ മിഴികളൂന്നി നിൽക്കുകയായിരുന്നു.
സക്കീറിന്റെ വിരലുകൾ പതിഞ്ഞ കവിളത്ത് കൈകൾ കൊണ്ട് തടവിക്കൊണ്ട് അവൻ പറഞ്ഞു.
“ഭയങ്കര ഇഷ്ടമായിരുന്നു സാറേ പോലീസ് ആവാൻ. ഊരിൽ ഭയങ്കര ദാരിദ്ര്യം ആയിരുന്നോണ്ട് പാതി വഴിയിൽ പഠിത്തം നിർത്താൻ എല്ലാരും പറഞ്ഞപ്പോഴും എനിക്ക് പഠിക്കാൻ അത്രയും ഇഷ്ടം ആയോണ്ട് അപ്പ നിർത്തീല. പത്തിൽ പഠിക്കുമ്പോൾ അപ്പ മരിച്ചു.
ആദ്യമൊക്കെ റബ്ബർ വെട്ടാനും പാലെടുക്കാനും ഒക്കെ പോയി. ചില ദിവസങ്ങളിൽ മഴയത്ത് കുതിർന്നിരിക്കുന്ന ഒട്ടുപാൽ വലിച്ചിട്ട് എത്ര കുളിച്ചാലും അതിന്റെ നാറ്റം പോകില്ലായിരുന്നു. അങ്ങനുള്ള ദിവസങ്ങളിൽ ക്ലാസ്സിൽ കയറ്റില്ലായിരുന്നു. നെഞ്ച് നീറണ സങ്കടം വരും. എങ്കിലും സഹിക്കും. ക്ലാസ്സിന് പുറത്ത് കള്ളനെ പോലെ നിന്ന് പഠിക്കണമായിരുന്നു. അതുകൊണ്ട് റബ്ബർ വെട്ടാൻ പോക്ക് നിർത്തി.
പിന്നെ കാട്ടിൽ ഈറ വെട്ടിയും മുളയും തടിയും ചുമന്നുമൊക്കെയാ സാറെ പഠിക്കാൻ പോയത്. ഈറ കുത്തിക്കയറിയ ഉള്ളം കയ്യും തടിയുരഞ്ഞ് അടർന്ന തോളുമായി നീറി നീറി ക്ലാസ്സിൽ പോകുമ്പോഴും പിള്ളാരെല്ലാം ആദിവാസി എന്നേ വിളിക്കുമായിരുന്നുള്ളൂ. സ്നേഹം കൊണ്ടല്ല. വെറുപ്പോടെ, അറപ്പോടെ. കൂട്ട് കൂടാൻ പോലും ഒരാളും ഇല്ലായിരുന്നു. ഉപദ്രവിക്കാനായ് മാത്രം എല്ലാവരും ഒന്നിച്ച് നിന്നു. തലമുടി പിടിച്ച് വലിച്ചും കഴിച്ചുകൊണ്ടിരിക്കുന്ന ചോറിൽ വെള്ളമൊഴിച്ചും മൂത്രമൊഴിച്ചു കൊണ്ട് നിൽക്കേ തറയിലേക്ക് തള്ളിയിട്ടും ഓരോരുത്തരും അവരുടേതായ രീതിയിൽ നോവിച്ചുകൊണ്ടിരുന്നു. ആരെയും തിരികെ ഒന്നും ചെയ്യാൻ പോയില്ല. ചെയ്യാൻ കഴിയാത്തത് കൊണ്ടല്ല, അക്കാരണം കൊണ്ടെന്റെ പഠിപ്പ് മുടങ്ങാൻ പാടില്ലല്ലോ.
ടീച്ചർമാരും ഒരു കയ്യകലത്തിൽ മാത്രം നിന്നു. പരീക്ഷ പേപ്പർ ഒക്കെ നോക്കുക പോലും ചെയ്യാതെ പലപ്പോഴും മുഖത്തേക്ക് ചുരുട്ടി എറിയുക മാത്രമാണ് ചെയ്തിരുന്നത്.
മണ്ണെണ്ണ വിളക്കിന്റെ ചോട്ടിലിരുന്ന് പഠിക്കുമ്പോൾ ബുക്കിൽ കരിയടർന്ന് വീഴുമായിരുന്നു. എഴുതുമ്പോൾ ശ്രദ്ധിക്കാതെ ആ കരി കടലാസ്സിൽ പടരും. പിറ്റേന്ന് ക്ലാസ്സിൽ ചെല്ലുമ്പോൾ കണക്ക് സാർ എന്നും ആദ്യം എൻ്റെ ബുക്ക്‌ ചോദിക്കും. എടുത്തുയർത്തി കാട്ടിയിട്ട് ഉറക്കെ ചിരിച്ചുകൊണ്ട് ക്ലാസ്സിനോട് പറയും ടോയ്‌ലറ്റ് പേപ്പർ… ടോയ്‌ലറ്റ് പേപ്പർ എന്ന്. കണ്ണ് നിറയാതെ നെഞ്ച് പിടയാതെ ഒരു ക്ലാസ്സ് പോലും കടന്ന് പോയിട്ടില്ലായിരുന്നു.
എല്ലായിടത്തും അവഗണന ആയിരുന്നു. ബസിൽ ഒക്കെ പോകുമ്പോൾ അറിയാതെയെങ്ങാനും ആരുടെയെങ്കിലും ശരീരത്തിൽ കൈ തട്ടിയാൽ അവർ കണ്ണ് പൊട്ടുന്ന ചീത്ത വിളിക്കുമായിരുന്നു. കടയിൽ ചെല്ലുമ്പോൾ എല്ലാവർക്കും കൊടുത്ത് കഴിഞ്ഞ് മാത്രമേ സാധനം തരുമായിരുന്നുള്ളൂ. എത്ര നേരം കടന്ന് പോകുമ്പോഴും പരാതി പോലും പറയാനാകാതെ തലകുനിച്ച് മാത്രം നിൽക്കാൻ വിധിക്കപ്പെട്ടവൻ.
ഒരാൾ, ഒരാൾ മാത്രം സ്നേഹിച്ചു. മഞ്ജു ടീച്ചർ. പഠിക്കാനുള്ളതൊക്കെ പറഞ്ഞു തന്നു. പരീക്ഷ ഫീസ് അടയ്ക്കാൻ ഇല്ലാത്തപ്പോഴൊക്കെ കാശ് തന്നു.
ഒടുവിൽ പോലീസ് ആവാനാണ് ഇഷ്ടമെന്ന് പറഞ്ഞപ്പോൾ പി.എസ്.സി പഠിക്കാൻ പറഞ്ഞു. കുറേ ഒക്കെ ടീച്ചർ പഠിപ്പിച്ചു. ഞാൻ ഉറക്കമിളച്ചു പഠിച്ചു. പരീക്ഷ പാസ്സായി. ലിസ്റ്റിൽ വന്നു.”
നിറഞ്ഞ് തുളുമ്പുന്ന കണ്ണുകളോടെ അവൻ തൊണ്ടക്കുഴിയിലേക്കിറങ്ങി വന്ന സങ്കടത്താൽ വാക്കുകൾ കിട്ടാതെ ഒരു നിമിഷം നിശബ്ദനായി.
അതേ സമയം അവന്റെ കഥ കേൾക്കാൻ താല്പര്യമില്ലാത്ത മട്ടിൽ വലിഞ്ഞ് മുറുകിയ മുഖത്തോടെ രാജേഷ് മുന്നോട്ട് നീങ്ങി.
“നിന്റെ ചരിത്രം ഇവിടാർക്കും കേൾക്കണ്ട. നീ നേരെ കാര്യത്തിലേക്ക് വാടാ.”
അയാളെ പുശ്ചത്തോടെ നോക്കിക്കൊണ്ട് അവൻ സക്കീറിന് നേരെ വീണ്ടും വിരൽ ചൂണ്ടി.
“ദേ ഈ സാർ പറഞ്ഞില്ലേ കണ്ടാലേ അറിയാം കള്ളനാണെന്ന്. അത് തന്ന ആയിരുന്നു സാറേ അവിടെ ചെന്നപ്പോഴും എന്റെ അവസ്ഥ. ഗ്രൗണ്ടിൽ ഇറങ്ങുന്നതിന് മുന്നേ അവർ മുദ്ര കുത്തി ഞാൻ വേണ്ടെന്ന്.”
“ആര്? ആന്റോ ആണോ”
വിനോദ് ചോദിച്ചു.
രാജേഷിൽ നിന്ന് നോട്ടം വിനോദിലേക്ക് മാറ്റിക്കൊണ്ട് അവൻ പറഞ്ഞു.
“ഏയ് അല്ല. രാവിലെ അവിടെ എസ്.പി വന്നിരുന്നു.”
“ആര് ഞാനോ?” വിനോദ് അത്ഭുതത്തോടെ അയാളെ നോക്കി.
“ഏയ്, സാർ റൂറൽ. സിറ്റി എസ്.പി. വന്ന ഉടനേ അയാൾ ഫിസിക്കലിന് വന്ന എല്ലാവരെയും പേര് വിളിച്ച് നിരത്തി നിർത്തി. ആരുടെയൊക്കെയോ പേരിന് നേരെ ചുവന്ന വര ഇട്ടിട്ട് പോയി. അതിലൊന്ന് എൻ്റെ പേരായിരുന്നു. ഗ്രൗണ്ടിലേക്ക് ഇറങ്ങാൻ പോലും അവരെന്നെ സമ്മതിച്ചില്ല സാറെ. പൊക്കം നോക്കിയപ്പോൾ കുറവാണെന്ന് പറഞ്ഞു. പക്ഷേ എനിക്ക് അവർ പറയുന്നതിലും കൂടുതൽ പൊക്കം ഉണ്ടായിരുന്നു. ഒന്ന് കൂടി അളക്കാൻ വേണ്ടി കരഞ്ഞു കാൽ പിടിച്ചു. അന്ന് ആന്റോ എന്നെ പിടിച്ചു തള്ളിക്കൊണ്ട് പറഞ്ഞത് എനിക്കിപ്പോഴും ഓർമ്മയുണ്ട് ‘കാടന്മാർ കേറി നിരങ്ങിയാൽ യൂണിഫോമിന്റെ ഉള്ള വില കൂടി പോവുമെന്ന്.’ അന്ന് അവിടന്ന് ഇറങ്ങുമ്പോൾ ഉറപ്പിച്ചതാ സാറേ പോലീസിനെ നാണം കെടുത്തണമെന്ന്. ദേ ഇപ്പോൾ വരെയും അത് നടന്നുകൊണ്ടേയിരിക്കുന്നു. നിങ്ങൾക്ക് എന്നെ ഒന്നും ചെയ്യാൻ പറ്റില്ല. നിങ്ങടേൽ എനിക്കെതിരെ ഒരു തെളിവുമില്ല.”
“അത് നമുക്ക് ആലോചിക്കാം” എന്ന് പറഞ്ഞുകൊണ്ട് വിനോദ് തിരിഞ്ഞു നടന്നു. അയാൾക്ക് പിറകേ സക്കീറും രാജേഷും.
“ആന്റോയോട് എത്രയും പെട്ടെന്ന് ഇവിടേക്ക് വരാൻ പറയ്”
“സർ.” എന്ന് പറഞ്ഞുകൊണ്ട് രാജേഷ് ഫോൺ ചെയ്യാൻ പോയി.


വിനോദും മറ്റ് രണ്ട് പേരും ആഹാരം കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് ആന്റോ അങ്ങോട്ടേക്ക് വന്നത്. കണ്ട ഉടനേ വിനോദ് ചോദിച്ചു.
“ആന്റോ താൻ വല്ലതും കഴിച്ചോ?”
“ഉവ്വ് സാർ.” കഴിച്ചില്ല എങ്കിലും കേസുമായി ബന്ധപ്പെട്ട് തനിക്കെന്തോ അപകടം മണത്താണ് അയാൾ കള്ളം പറഞ്ഞത്.
“എന്തായി തന്റെ പ്രൊട്ടക്ഷൻ കൊടുക്കൽ ഒക്കെ.”
അത് കേട്ടതും അതിലെന്തോ മുന വച്ചുള്ള സംസാരം ഇല്ലേ എന്ന് തോന്നിയ ആന്റോ സംശയത്തോടെ ചോദിച്ചു.
“സാർ മനസിലായില്ല?”
“ആഹ് താൻ ആ ലിസ്റ്റിൽ ഉള്ള പോലീസുകാർക്ക് പ്രൊട്ടക്ഷൻ കൊടുക്കുന്നത് എന്തായെന്ന്?”
അല്പം ഒരാശ്വാസത്തോടെ അയാൾ പറഞ്ഞു.
“നടക്കുന്നു സാർ.”
“എന്നാൽ ഇനിയത് വേണ്ട.”
അയാൾ വീണ്ടും സംശയത്തോടെ വിനോദിന്റെ നേർക്ക് നോക്കി.
കറിയിൽ നിന്നും ഒരു മുരിങ്ങക്കായ എടുത്ത് കടിച്ചു വലിച്ചുകൊണ്ട് വിനോദ് പറഞ്ഞു.
“അവനെ ഞങ്ങൾ തൂക്കി.”
സങ്കടമാണോ സന്തോഷമാണോ വരേണ്ടതെന്നറിയാതെ ആകെ പരവശനായി ആന്റോ ചോദിച്ചു.
“എങ്ങനെ?”
രാജേഷിന് നേരെ മുഖമുയർത്തിക്കൊണ്ട് വിനോദ് പറഞ്ഞു “തെളിച്ചു പറഞ്ഞു കൊടുക്കെടോ”
വായ്ക്കുള്ളിൽ ചവയ്ക്കാൻ തുടങ്ങിയ ഒരുരുളയെ വിഴുങ്ങിക്കൊണ്ട് രാജേഷ് ആന്റോയ്ക്ക് നേരെ തിരിഞ്ഞു.
“അന്ന് ഫിസിക്കലിന് പങ്കെടുത്ത പോലീസുകാരുടെ ലിസ്റ്റ് തനിക്ക് തന്നപ്പോൾ ഞങ്ങൾ ഉദ്യോഗാർഥികളുടെ ലിസ്റ്റ് എടുത്തു. എല്ലാവരുടെയും നമ്പർ ട്രെയിസ് ചെയ്തു. അതിൽ ഒരുത്തന്റെ നമ്പർ മാത്രം മോഷണം നടന്ന എല്ലാ ലൊക്കേഷനിലും കണ്ടെത്തി. ദെൻ ഞങ്ങൾ അവനെ തൂക്കി.”
ആന്റോ നിർവികാരനായി ചിരിക്കാൻ ശ്രമിച്ചെങ്കിലും അയാളുടെ മനസ്സിനൊപ്പം ചുണ്ടുകൾ ചലിച്ചില്ല. അയാളെ ഉറ്റ് നോക്കിക്കൊണ്ട് വിനോദ് ചോദിച്ചു.
“എന്താടോ തനിക്കൊരു സന്തോഷം ഇല്ലാത്തത്?”
“സന്തോഷം ആണ് സാർ.” അയാൾ വീണ്ടും ചിരിക്കാൻ ശ്രമിച്ചു.
“എങ്ങനെ ചിരിക്കും താൻ നായകന്റെ ടീം അല്ലല്ലോ വില്ലന്റെ ടീം അല്ലേ? “
പരിഹസിച്ചുകൊണ്ട് വിനോദ് കഴിച്ചുകൊണ്ടിരുന്ന പൊതി മടക്കി കയ്യിൽ പിടിച്ചുകൊണ്ട് എഴുന്നേറ്റ് ആന്റോയുടെ തൊട്ടടുത്ത് വന്ന് അയാളുടെ കണ്ണുകളിലേക്ക് നോക്കി.
“അവൻ എല്ലാം പറഞ്ഞു.”
തലയ്ക്കുള്ളിലേക്ക് ആയിരം വണ്ടുകൾ മൂളി പറന്നെത്തുന്നപോലെ.
പുഴു തിന്നു തീർത്ത് ബാക്കി വച്ച ഇലഞരമ്പിൽ ഉറുമ്പുകൾ എന്നപോലെ അയാളുടെ മനസ്സാകെ ചോദ്യങ്ങൾ നിറഞ്ഞു. ഇനിയെന്താണ് ചെയ്യേണ്ടത്?
അദ്ദേഹത്തെ വിളിക്കണോ?
വേണ്ട ഇപ്പോൾ വിളിച്ചാൽ ചിലപ്പോൾ അബദ്ധമായാലോ?
അവനെ കാണണോ?
അവൻ വീണ്ടും എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയാലോ?
കഴിച്ച് കഴിഞ്ഞ് രാജേഷ് വന്ന് തോളിൽ കൈ വയ്ക്കുമ്പോഴാണ് അയാൾ ചിന്തയിൽ നിന്നുണർന്നത്.
“വാ” രാജേഷ് വിളിച്ചു.
അവർ നാല് പേരും സ്റ്റേഷൻ എസ്.ഐയുടെ മുറിയിലേക്ക് കയറി.
എന്ത് ചെയ്യണമെന്നറിയാതെ മൂന്ന് പേരും വിനോദിന്റെ നേർക്ക് തന്നെ നോക്കുകയായിരുന്നു. അത് മനസ്സിലാക്കിയ വിനോദ് സംസാരിച്ചു തുടങ്ങി.
“സീ ഇപ്പോൾ തന്നെ ഡിപ്പാർട്മെന്റിന് നല്ല ക്ഷീണം ആണ്. ഈ ഒരു വിഷയം കൂടി പുറത്ത് വന്നാൽ അത് കൂടുതൽ വഷളാവുകയേ ഉള്ളൂ.”
ആകാംക്ഷയോടെ ആന്റോ കുറച്ചൂടെ മുന്നോട്ട് നീങ്ങി. അത് ശ്രദ്ധിച്ചുകൊണ്ട് തന്നെ വിനോദ് തുടർന്നു.
“സോ, നമുക്ക് വേറേതെലും ഒരുത്തന്റെ തലയിൽ ഇതിനെ വച്ചു കൊടുക്കാം. പോലീസിനെ വട്ടം കറക്കാൻ ചെയ്ത പണിയാണെന്ന് വരുത്തി തീർത്ത് നമുക്ക് ആ കേസ് ഒതുക്കാം.”
“സാർ അപ്പോൾ ഇവനോ? ഇവനെ പുറത്ത് വിട്ടാൽ വീണ്ടും ഇത് ആവർത്തിക്കില്ലേ?”
ആശങ്കയോടെ സക്കീർ വിനോദിനെ നോക്കി.
“പോലീസിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച മാവോവാദി കാട്ടിനുള്ളിലെ കിണറ്റിൽ കാൽ തെറ്റി വീണ് കൊല്ലപ്പെട്ടു. അല്ലേടോ ആന്റോ? “
വലയിൽ നിന്നൂർന്ന് വെള്ളത്തിലേക്ക് ചാടുന്ന മീനിന്റെ വെപ്രാളത്തോടെ മുഖമുയർത്തിക്കൊണ്ട് അയാൾ പറഞ്ഞു.
“അതെ സർ, ഒരു ചുവന്ന ബാഗും കുറച്ച് കടലാസും ശരിയാക്കാം.”
അത് കേട്ട് അവർ പരസ്പരം നോക്കി ചിരിക്കുമ്പോൾ ചെമ്പോത്തിന്റെ കണ്ണിലെ ചുവന്ന മാണിക്യം കണക്കേ അവരുടെ കണ്ണുകൾ വന്യമായ് തിളങ്ങുന്നുണ്ടായിരുന്നു.
കസേരയുടെ പിന്നിലേക്ക് ചാഞ്ഞിരുന്ന് വിനോദ് സക്കീറിനോട് ചോദിച്ചു.
“ഇവിടത്തെ എസ്.ഐയുടെ പേരെന്തെന്നാ പറഞ്ഞത്?”
“ജിനു.”
“ആഹ് അയാളെ വിളിക്ക്.”
സക്കീർ വിളിച്ചതും ജിനു ക്യാബിനിലേക്ക് ഓടി വന്ന് അറ്റൻഷനായി നിന്നു. അയാളുടെ അതിവിനയം കണ്ട് ചെറിയ പുഞ്ചിരിയോടെ സക്കീർ പറഞ്ഞു.
“ജിനൂ, ഇയാളെ നമ്മൾ പുറത്ത് വിടാൻ പോവുകയാണ്.”
തെല്ലൊരു അമ്പരപ്പോടെ അയാൾ വിക്കി വിക്കി ചോദിച്ചു.
“സർ.. അയാൾ… കുറ്റം സമ്മതിച്ചതല്ലേ!”
“അതേടോ, പക്ഷെ അയാൾക്കെതിരെ നമുക്ക് ആകെ ഉള്ളൊരു തെളിവ് ഫോൺ ലൊക്കേഷൻ മാത്രമല്ലേ. അത് വച്ച് മാത്രം എങ്ങനാ നമുക്ക് അവനെ പൂട്ടാൻ കഴിയുന്നത്. മാത്രവുമല്ല അവൻ പറഞ്ഞ കാര്യങ്ങൾ താൻ കൂടി കേട്ടതല്ലേ. അതൊക്കെ ഇനി നാട്ടുകാർ അറിഞ്ഞാൽ നമുക്ക് അല്ലേ ക്ഷീണം.”
എന്ത് പറയണമെന്നറിയാതെ ജിനു കണ്ണുമിഴിച്ച് വിനോദിന്റെ മുഖത്തേക്ക് നോക്കി നിന്നു. അയാളുടെ അങ്കലാപ്പ് മനസ്സിലാക്കിയ വിനോദ് കസേരയിൽ നിന്നെഴുന്നേറ്റ് അയാളുടെ അടുത്തേക്ക് നടന്നു. ജിനുവിന്റെ തോളിൽ കയ്യിട്ട് വളരെ ശബ്ദം താഴ്ത്തി വിനോദ് തുടർന്നു.
“ഈ കേസിൽ നമുക്ക് അവനെ പൂട്ടാൻ കഴിയില്ല. പക്ഷേ അവനെ വെറുതേ വിട്ടാൽ നമുക്ക് വീണ്ടും ദോഷമാണ്. അതുകൊണ്ട് ഞങ്ങൾ ഒരു പ്ലാൻ ഉണ്ടാക്കി.”
മറ്റുള്ളവരെ നോക്കി കണ്ണിറുക്കി ചിരിച്ചുകൊണ്ട് വിനോദ് കുറച്ച് കൂടി അയാളോട് ചേർന്ന് നിന്നുകൊണ്ട് തുടർന്നു.
“താനും ഡ്രൈവറും കൂടി ഇയാളെ മലാപ്പട്ടി വനമേഖല തുടങ്ങുന്നിടത്ത് ഒരു ചെറിയ തോട്ടം ഏരിയ ഉണ്ട്, അവിടെ ഇറക്കണം. അവിടെ നിന്ന് സംസാരിക്കുന്നതിനിടയിൽ അവനോട് നല്ല ചൂടാവണം. എങ്ങനേയും പ്രകോപിപ്പിച്ച് അവനെ തോട്ടത്തിലേക്ക് ഓടിച്ചു കയറ്റണം. അതിനുള്ളിൽ കടന്നാൽ അവന് പുറത്തേക്ക് വരാൻ മുൻവശത്തെ വഴി മാത്രമേ ഉള്ളൂ. കാരണം അതിന്റെ മറ്റ് വശങ്ങളെല്ലാം ആന കയറാതിരിക്കാൻ എർത്ത് വയർ കൊണ്ട് വേലി കെട്ടിയിരിക്കുകയാണ്. താൻ അയാളെ അവിടെ കയറ്റിയ ഉടൻ തന്നെ ഞങ്ങളെ വിവരം അറിയിക്കണം. കൂടുതൽ ഫോഴ്‌സുമായി ഞങ്ങൾ അവിടേക്ക് വരും അപ്പോൾ.”
തെല്ലൊന്ന് നിർത്തി കൈകൾ ഞെരിച്ചുകൊണ്ട് വിനോദ് തുടർന്നു.
“അവിടെ നിന്ന് നമുക്ക് അവനെ ഓടിക്കാം.”
“സർ, പക്ഷെ എന്ത് കേസിൽ ആവും നമ്മൾ അയാളെ പിന്നീട് കസ്റ്റഡിയിൽ എടുക്കുന്നത്? ” അയാളുടെ തോളിൽ തട്ടിക്കൊണ്ട് വിനോദ് പറഞ്ഞു.
“അതൊക്കെ വഴിയേ പറയാം. താനിപ്പോൾ അവനെയും കൊണ്ട് ചെല്ല്. പോകുന്ന വഴിക്ക് മറ്റൊരിടത്തും ഇറക്കരുത് കേട്ടോ?”
“ഓക്കേ സർ.”
അയാൾ പുറത്തിറക്കിറങ്ങി പോകുന്നതും നോക്കി വിനോദ് വീണ്ടും കസേരയിലേക്ക് വന്നിരിക്കുമ്പോൾ രാജേഷ് സംശയത്തോടെ ചോദിച്ചു.
“സർ ആ സ്ഥലത്തെപ്പറ്റി സാറിന് ഇത്ര കൃത്യമായി എങ്ങനെ അറിയാം?”
അയാളെ നോക്കി ചിരിച്ചുകൊണ്ട് വിനോദ് പറഞ്ഞു.
“ഇതിപ്പോൾ കുറേ വർഷം ആയില്ലേ കാക്കിക്കുള്ളിൽ കയറിയിട്ട്. ഇതുപോലെ എത്ര കേസുകൾ!”
അയാളത് പറഞ്ഞ് നിർത്തിയിടത്ത് നിന്ന് അയാളുടെ ഗൂഢസ്മിതം മറ്റുള്ളവരുടെ മുഖത്തേക്ക് പടർന്നു.


ഡി.വൈ.എസ്.പിമാർ ചേർന്ന് പൊലീസുകാരെ അടുത്ത നീക്കത്തിന് പ്രാപ്തരാക്കുന്നതിനിടയിലാണ് വിനോദിന്റെ ഫോണിലേക്ക് കാൾ വന്നത്.
“ആഹാ, ജിനുവാണല്ലോ! ഇത്ര പെട്ടെന്ന് അയാൾ കാര്യങ്ങൾ ഒക്കെ ശരിയാക്കിയോ!”
മറ്റുള്ളവരുടെ മുഖത്തേക്ക് അതിയായ സന്തോഷത്തോടെ നോക്കിക്കൊണ്ട് അയാൾ ഫോൺ എടുത്തതും അപ്പുറത്ത് നിന്ന് കിതപ്പോടെ വിക്കി വിക്കി ഒരു ശബ്ദം.
“സ…ർ അവൻ ചാടി. ഇപ്പോൾ അവൻ ഞങ്ങളെ ഓടിക്കുകയാണ്.”
ഇരുന്നിടത്ത് നിന്ന് വിനോദ് ചാടി എഴുന്നേറ്റു.
“വാട്ട്‌? ഹൗ?”
വളരെ ദയനീയമായ സ്വരത്തിൽ അങ്ങേത്തലക്കൽ നിന്നുള്ള ശബ്ദം അയാളുടെ ചെവിയിലേക്ക് ഉരുക്കി ഒഴിക്കുന്ന ലോഹം പോലെ സർവ്വനാഡികളെയും പൊള്ളിച്ചുകൊണ്ട് അയാളിലേക്ക് ഇറ്റു വീണു.
“സർ, മലാപ്പട്ടി എത്തുന്നതിന് ഏകദേശം രണ്ട് കിലോമീറ്റർ മുന്നേ വച്ച് അയാൾക്ക് മൂത്രമൊഴിക്കണം. ഒട്ടും താങ്ങാൻ പറ്റുന്നില്ല. രാവിലെ മുതൽ സ്റ്റേഷനിൽ അല്ലായിരുന്നോ എന്നൊക്കെ പറഞ്ഞ് ഞരങ്ങാൻ തുടങ്ങി. ദയവ് തോന്നി വണ്ടി ഓരം ചേർത്ത് നിർത്തിയിട്ട് അയാൾക്കൊപ്പം ഞാനും ഡ്രൈവറും കൂടി പുറത്തേക്കിറങ്ങി. ഇരുവശവും നല്ല കാടല്ലേ സർ. അയാൾക്കൊപ്പം ഞങ്ങളും റോഡിൽ നിന്നും കുറച്ച് അകത്തായി നിന്നു. മൂത്രമൊഴിച്ചു കഴിഞ്ഞതും കണ്ണ് തുറന്നടയ്ക്കുന്ന നേരം കൊണ്ടയാൾ കാടിനുള്ളിലേക്ക് ഓടിക്കയറി. ഞങ്ങൾ പുറകേ ഓടിച്ചെന്നതും മരങ്ങളിൽ തൂങ്ങിക്കിടന്ന വള്ളികളിൽ തൂങ്ങി ഒരു സർക്കസ്കാരനെപ്പോലെ അവൻ ദൂരേക്ക് ദൂരേക്ക് പോയി. എന്നിട്ടും ഞങ്ങൾ വിട്ടില്ല സർ. പുറകേ ഓടി. ഓടി വന്നപ്പോൾ ദേ കാടിന് നടുവിൽ വനം തെളിച്ച് നെഞ്ചോളം പൊക്കത്തിൽ വളരുന്ന എതോ ചെടി നട്ടിരിക്കുന്നു. അതിനിടയിലൂടെ വളരെ ദൂരത്തായ് അവൻ കാറ്റ് പോലെ പോകുന്നത് ഞങ്ങൾക്ക് പുൽത്തലപ്പുകൾ മാറുന്നതിലൂടെ മനസ്സിലാക്കാൻ കഴിയുന്നുണ്ട് സർ.”
ദേഷ്യത്തോടെ മേശയിൽ ഇടിച്ചുകൊണ്ട് വിനോദ് ചാടി എഴുന്നേറ്റു.
“സർക്കസ് കണ്ടാസ്വദിക്കാതെ അവന്റെ പുറകേ ഓടെടോ?”
“സർ ഞങ്ങൾ ശ്രമിച്ചതാണ്. പക്ഷേ ഈ പുല്ല് ശരീരത്തിൽ കുടുങ്ങി ഞങ്ങൾക്ക് മുന്നോട്ട് നീങ്ങാൻ തന്നെ കഴിയുന്നില്ല. അവൻ ആണേൽ ചിരപരിചിതനെപ്പോലെ പോകുന്നു. സർ, അവൻ വളരെ ദൂരെ എത്തിയെന്നു തോന്നുന്നു. ഇപ്പോൾ പുല്ലുകൾക്കിടയിലെ അനക്കം കൂടി അറിയാൻ കഴിയുന്നില്ല.”
ദേഷ്യത്താൽ കലങ്ങിയ കണ്ണുകളോടെ വിനോദ് ഫോൺ കട്ട് ചെയ്തുകൊണ്ട് പുറത്തേക്കിറങ്ങുന്നതിനിടയിൽ മറ്റുള്ളവരോടായ് പറഞ്ഞു.
“ഇന്ന് മുതൽ നമ്മുടെ ലിസ്റ്റിൽ ഉള്ള എല്ലാവരുടെയും വീട് കർശന നിരീക്ഷണത്തിൽ കൊണ്ട് വരണം. ഒരു കാരണവശാലും ഇവിടെ നടന്നത് പുറത്തറിയാനും പാടില്ല.”
വിനോദ് വണ്ടിയിൽ ചീറി പാഞ്ഞു പോകുമ്പോൾ എന്താണ് സംഭവിച്ചതെന്നറിയാതെ മറ്റുള്ളവർ സ്തബ്ധരായി നിൽക്കുകയായിരുന്നു.


പിറ്റേ ദിവസം വൈകുന്നേരം തുടർച്ചയായി ഓഫീസ് ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടുകൊണ്ടാണ് വിനോദ് ക്യാബിനുള്ളിലേക്ക് കടന്ന് വന്നത്.
“ഹലോ, എസ്.പി ഹിയർ.”
“സർ, രാജേഷ് ആണ്.”
“ആഹ് പറയെടോ.”
“സർ ന്യൂസ്‌ കണ്ടോ?”
“ഇല്ല, എന്തേ?”
“സർ, പെട്ടെന്ന് ഒന്ന് റിപ്പോർട്ട്‌ ചാനൽ വച്ച് നോക്കൂ.”
“ഓക്കേ.” അടുത്തിനി എന്താണ് സംഭവിച്ചതെന്നറിയാതെ വിനോദ് യൂ ട്യൂബ് ഓൺ ചെയ്ത് ‘റിപ്പോർട്ട് ചാനൽ ലൈവ്’ എന്ന് സെർച്ച്‌ ചെയ്തു.
ചാനൽ ഓപ്പൺ ആയതും ആളുകൾ കൂടി നിന്ന് ഒരു ബാഗ് പരിശോധിക്കുന്ന ദൃശ്യമാണ് കാണിച്ചുകൊണ്ടിരിക്കുന്നത്. അയാൾ ന്യൂസ്‌ ഹെഡ്ലൈനിലേക്ക് കണ്ണുകൾ പായിച്ചു.
‘കള്ളനും പോലീസും കളി തുടരുന്നു – റൂറൽ എസ്.പിയുടെ വീട്ടിലും മോഷണം – എസ്.പിയുടെ വീട്ടിൽ നിന്നും മോഷ്ടിച്ച ഫോട്ടോയും ക്യാഷുമടങ്ങിയ ബാഗ് റിപ്പോർട്ട് ചാനലിന്റെ ഓഫീസിന് മുന്നിൽ ഉപേക്ഷിച്ച നിലയിൽ.’
അത്രയും വായിച്ചതും അയാളുടെ കണ്ണുകളിലൂടെ ഇരുട്ട് പാഞ്ഞുകയറി. ധൃതിയോടെ അയാൾ വീട്ടിലേക്ക് ഫോൺ ചെയ്തു. റിംഗ് ചെയ്യുന്നുണ്ട്. ആരും എടുക്കുന്നില്ല. ദേഷ്യത്തോടെ പല്ലുകൾ ഞെരിച്ചുകൊണ്ട് അയാൾ വണ്ടിയിലേക്ക് പാഞ്ഞു കയറി.
വിനോദ് വീട്ടിലേക്ക് എത്തുമ്പോൾ വീടിന് മുന്നിൽ പത്രക്കാർ വന്ന് തുടങ്ങിയിരുന്നു. ആരെയും അകത്തേക്ക് കയറ്റേണ്ടന്ന് ഗേറ്റിൽ നിന്ന പോലീസുകാരന് നിർദേശം കൊടുത്തുകൊണ്ട് അയാൾ അകത്തേക്ക് പാഞ്ഞു കയറി. അയാളുടെ ഭാര്യ അപ്പോൾ വിയർത്തൊലിച്ച് തലയ്ക്ക് കയ്യും കൊടുത്ത് സോഫയിൽ ഇരിക്കുന്നുണ്ടായിരുന്നു.
അവളുടെ അവസ്ഥ കണ്ട് ദേഷ്യത്തെ കടിച്ചമർത്തി സാവധാനം അയാൾ അവളുടെ അടുത്തേക്ക് നീങ്ങി.
“ആയിഷ എന്താ സംഭവിച്ചത്?”
അയാളുടെ ചോദ്യം കേട്ട് തലയുയർത്തിയ ആയിഷ കലങ്ങിയ കണ്ണുകളോടെ സാരിത്തലപ്പ് തലയിലേക്ക് വലിച്ചിട്ടുകൊണ്ട് അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞുകൊണ്ട് പറഞ്ഞു.
“വിനോദേ, ഉച്ചയ്ക്ക് ഉപ്പാക്ക് വയ്യ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോവുകയാണ് എത്രയും പെട്ടെന്ന് വരണം എന്ന് പറഞ്ഞ് ഒരു ഓട്ടോക്കാരൻ വിളിച്ചു. ഞാൻ ധൃതിയിൽ അങ്ങോട്ടേക്ക് ഇറങ്ങുമ്പോഴാണ് ഒരു കേബിൾ ഓപ്പറേറ്റർ വന്നത്. കംപ്ലയിന്റ് ഒന്നും പറഞ്ഞിട്ടില്ലല്ലോ എന്ന് ചോദിച്ചപ്പോൾ, സാർ വന്ന് ചെക്ക് ചെയ്യാൻ പറഞ്ഞിരുന്നെന്ന് പറഞ്ഞു. അപ്പോഴത്തെ തിരക്കിൽ ഞാൻ നിന്നെ വിളിക്കാൻ വിട്ടുപോയി. ഗാർഡ് വാസുവേട്ടനോട് നോക്കിക്കോളാൻ പറഞ്ഞിട്ടാ ഞാൻ ഇറങ്ങിയത്. ഹോസ്പിറ്റലിൽ ചെന്നപ്പോൾ അവിടെങ്ങും ആരും വന്നിട്ടില്ല. ഉപ്പയെ വിളിച്ചപ്പോഴാണ് ഫേക്ക് കാൾ ആണെന്ന് മനസിലായത്. എന്നാൽ നിന്നെ വന്ന് കണ്ട് കാര്യം പറയാം എന്ന് കരുതിയപ്പോഴാണ് വാർത്ത കണ്ടത്. പിന്നെ ഓടി ഇങ്ങോട്ടേക്ക് വരാനാ തോന്നിയത്. നിന്നോട് എന്ത് പറയുമെന്നറിയാത്തതുകൊണ്ടാണ് ഫോൺ പോലും എടുക്കാതിരുന്നത്.” അവളുടെ സങ്കടം തെന്നിച്ചിതറിപ്പെയ്യുന്ന മഴ പോലെ അയാളുടെ യൂണിഫോം നനച്ചുകൊണ്ട് ഒഴുകിയിറങ്ങി. അവളെ കുഴപ്പമൊന്നുമില്ല എന്ന് സമാധാനിപ്പിച്ചുകൊണ്ട് വിനോദ് ഗാർഡ് വാസുവിനടുത്തേക്ക് നടന്നു.
“വാസുവേട്ടാ ആരാ അവൻ എന്ന് അറിയോ? എന്താ സംഭവിച്ചത്?”
പേടിച്ചരണ്ട കണ്ണുകളോടെ വിറയാർന്ന വാക്കുകളോടെ അയാൾ പറഞ്ഞു.
“ആരാന്ന് അറിയില്ല സാറെ. മാസ്ക് വച്ചിരുന്നു. കൊറോണ ഒക്കെ ആയോണ്ട് അതിൽ സംശയം തോന്നിയില്ല. ഞാൻ ചെല്ലുമ്പോൾ അയാൾ സെറ്റ് ടോപ് ബോക്സ് ഇളക്കി വേറെ കണക്ട് ചെയ്യുകയായിരുന്നു. അപ്പോഴാണ് ഗേറ്റിന് അടുത്ത് വച്ചിരുന്ന എന്റെ ഫോൺ റിംഗ് ചെയ്തത്. എന്റെ മോൾ ആയിരുന്നു വിളിച്ചത്. ഞാൻ പിന്നെ അവളോട് സംസാരിച്ചു തുടങ്ങിയപ്പോൾ ഇക്കാര്യം വിട്ടു പോയി സാറെ. ഒരഞ്ചു മിനിറ്റ് കഴിഞ്ഞതും ആ പയ്യൻ പോകുന്നു എന്ന് പറഞ്ഞിട്ട് ഇറങ്ങി പോയി.”
അത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ അയാളുടെ കഴുത്തിലാകെ വിയർപ്പ് നിറഞ്ഞിരുന്നു.
ഉള്ളിലെ ദേഷ്യത്തെയും സങ്കടത്തെയും അടക്കിപ്പിടിച്ചുകൊണ്ട് വിനോദ് അകത്തേക്ക് കയറി.
“പുഷ്പേ, നീ ഇന്ന് ഉച്ചക്ക് വീട്ടിൽ ഇല്ലായിരുന്നോ?” അയാൾ വേലക്കാരിയുടെ നേരെ തിരിഞ്ഞു.
“അയാൾ വന്നപ്പോൾ ഞാൻ അടുക്കളയിൽ ഉണ്ടായിരുന്നു സാറേ. ഇടയ്ക്ക് വന്ന് നോക്കിയപ്പോൾ വാസുവേട്ടൻ പുറത്ത് നിൽക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് പിന്നെ ഞാൻ ഇങ്ങോട്ടേക്ക് നോക്കിയില്ല.”
ആരെയാണ് കുറ്റം പറയേണ്ടതെന്നറിയാതെ അയാൾ ഭ്രാന്തമായി കൈകൊണ്ട് തലമുടിയിൽ പരതിക്കൊണ്ട് മുറിക്കുള്ളിലേക്ക് കയറി. മുഖത്ത് കയ്യമർത്തിപ്പിടിച്ചുകൊണ്ട് കട്ടിലിലേക്ക് ഇരുന്ന അയാൾ മുന്നോട്ടേക്ക് നോക്കിയതും നടുങ്ങിപ്പോയി. മുന്നിലത്തെ ചുവരിൽ തൊപ്പി ഊരി കയ്യിൽ പിടിച്ചിരിക്കുന്ന ഒരു പോലീസുകാരന്റെ ചിത്രം കടലാസ്സിൽ വരച്ച് ഒട്ടിച്ചിരിക്കുന്നു. അതിന് താഴെ ഇങ്ങനെ എഴുതിയിരുന്നു.
‘പിക്ചർ അഭി ബാക്കി ഹേ സാർ..!”

ശ്രീജിത്ത്‌ ശ്രീകുമാർ

error: Content is protected !!