ദൈവം

ദൈവം എന്നത്‌ നമ്മുടെ ശുഭകാലങ്ങളിൽ പലപ്പോഴും തീരെ പരിചയമില്ലാത്ത ഒരാളാണ്. എന്നാൽ പരിഹരിക്കാനാവാത്തതോ, പ്രതീക്ഷിക്കാനാവാത്തതോ, മനസിലാക്കാനാകാത്തതോ ആയ ചിലകാര്യങ്ങൾ നമ്മുടെ മുന്നിൽ ചില്ലുപാത്രങ്ങളുടയും പോലെ പൊടിഞ്ഞുവീഴുമ്പോൾ നമ്മൾ അയാളെ പരിചയപ്പെടാൻ ശ്രമിക്കുന്നു. ഉടഞ്ഞതെല്ലാം സാവധാനം പെറുക്കിക്കൂട്ടാൻ അയാളെ കൂട്ടുപിടിക്കുന്നു.

ഈ കാരണങ്ങളിലൂടെ നമ്മൾ എത്തിപ്പെടുന്ന ഇടങ്ങളിലെല്ലാം നമുക്കു ദൈവത്തെ മണക്കുന്നു.. ചിലപ്പോൾ, ആ ദൈവം നീയും ഞാനവനു കൂട്ടുകളിക്കാരനുമാകുന്നു. മറ്റുചിലപ്പോൾ, ഞാൻ ദൈവവും നീയവനു കൂട്ടുകളിക്കാരനുമാകുന്നു. അങ്ങനെ, എത്തിപ്പെട്ട ഇടങ്ങളിലെ, ജീവിതസാധ്യതകളിലൂടെ തെളിഞ്ഞുവരുന്ന നിറവായി മാറുന്നു ദൈവം.

കാലഭേദമില്ലാത്ത അയാളെപ്പോഴും ഞാനും നീയുമാണു.. നമ്മൾ തന്നെയാണു.

റോബിൻ കുര്യൻ

error: Content is protected !!