വെറും ഒരു അണുവിനുമുന്നിൽ..

വെറും ഒരു അണുവിനുമുന്നിൽ വിശ്വം നിശ്ചലമായിരിയ്ക്കുന്നു..
ഒരു കഷ്ണം തുണിയിലാണ് മനുഷ്യന്റെ എല്ലാ ഭാവങ്ങളെയും കൂട്ടി കെട്ടിയിരിയ്ക്കുന്നത്‌.
ശ്വാസത്തെ പോലും നാം സ്വയം തടവിലാക്കി. ഭൂഗോളം തുറിച്ചു നോക്കുന്നുണ്ട് .
ഷാർജയിലെ ഒരിയ്ക്കലും ഉറങ്ങാത്ത നഗരം ഇന്നിപ്പോൾ മൗനത്തിലാണ്.
കറ്റാർ വാഴകൾ നിറഞ്ഞ ബാൽക്കണിയിൽ ഒരിലപോലും അനങ്ങാതെ ഒരു തുളസിചെടിയും ,
അതിനിടയിൽ കസേരയിട്ട് ഒരു വലിയ ഗ്ലാസ്സു നിറയെ chamomile tea കുടിച്ചിറക്കി പുറത്തേയ്ക്കു നോക്കിയിരിയ്ക്കുകയാണിപ്പോൾ .
അതൊരു സ്ഥിരം പരിപാടിയാണ്
അതെത്ര നേരം ?
ഒരു ഗ്ലാസ്സ് ചായയോ വെള്ളമോ ഞൊടിയിടയിൽ കുടിച്ച് കാലിയാക്കുന്ന ഞാനിന്ന് പതിയെ എല്ലാം ആസ്വദിയ്ക്കാൻ വൃഥാ ശ്രമിയ്ക്കുകയാണ് .
ഒരു പേപ്പറും പേനയും എടുത്ത് ,ബാൽക്കണിയിൽ നിന്ന് നോക്കിയാൽ കാണുന്ന കാറുകളുടെ എണ്ണം എടുത്തു .
വരിവരിയായി വീഥിയിൽ നാട്ടി പിടിപ്പിച്ചിട്ടുള്ള പനകളുടെ എണ്ണം എടുത്തു .
പിന്നീട് വായിയ്ക്കാൻ വാങ്ങിയ പലപുസ്തക ങ്ങകളും തുറന്നു നോക്കിയിട്ടില്ല ,അതിൽ നിന്ന് Bipolar Disease നെ കുറിച്ചുള്ള പുസ്തകത്തിന്റെ താളുകൾ മറിയ്‌ക്കേണ്ട താമസം
മൊബൈൽ ഫോൺ Ring ചെയ്യുന്നു .
ഇപ്പോൾ മൊബൈൽ ഫോൺ ഒരു മാരക അസുഖമായി മാറിയിരിയ്ക്കുന്നു
whats app, face book പേജുകളിൽ വരുന്ന comment ഉം likes ഉം നോക്കി നെടുവീർപ്പിടുക .
കൂട്ടത്തിൽ ചില സുഹൃത്തുക്കൾ (ആണുങ്ങളും പെണ്ണുങ്ങളും അങ്ങനെ ഒരു തരം തിരിക്കൽ ജീവിതത്തിൽ ഇല്ലാത്തതുകൊണ്ട്)  ഇടയ്ക്കു ഇണക്കവും പിണക്കവും സംവാദങ്ങളും പരിഭവവും ഒക്കെയുണ്ടാകുമല്ലോ എങ്കിലും .എന്നും ചേർത്ത് പിടിയ്ക്കുന്നതു സൗഹൃദം തന്നെയാണ്.
ഇവിടെ അങ്ങനെ ഒരു ഗുണം ഉണ്ട് ലോകത്തിലെ ഏതു രാഷ്ട്രത്തിലെയും സുഹൃത്തുക്കളോട് എളുപ്പം കൂട്ടുകൂടാം .
കേരളത്തിലെ തന്നെ കന്യാകുമാരി മുതൽ കാസർഗോഡ് വരെയുള്ള വരെ സമാന മനസ്സുള്ളവരെ ഒരേ സംഘടനകളിൽ കണ്ടുമുട്ടുന്നു .

ഒരു തരത്തിൽ സ്നേഹത്തിനോടുള്ള സ്വാർത്ഥതയിൽ വരുന്ന ചില പിഴവുകൾ വേറെ. കൂട്ടുകാർ തന്നെയാണ് എപ്പോഴും ജീവിതം ആനന്ദകരമാക്കിയതെന്നും. അവരുമായുള്ള യാത്രകൾ ,കൂട്ടം ചേരലുകൾ , സംവാദങ്ങൾ, സാഹിത്യസദസ്സുകൾ , കവി സമ്മേളനങ്ങൾ , ചിത്രകലാക്യാമ്പുകൾ , ഫിലിം സൊസൈറ്റികൾ ശേഷമുള്ള ചർച്ചകൾ , സംഗീതോൽസവങ്ങൾ , പുസ്തകോൽസവങ്ങളും പുസ്തകപരിചയപെടുത്തലുകൾ , രാഷ്ട്രീയ ചർച്ചകൾ എല്ലാം ഇപ്പോൾ ഇല്ലാതായിരിയ്ക്കുന്നു ..
ഇപ്പോൾ ഒറ്റയ്ക്ക് ഒരു ഫ്‌ളാറ്റിൽ .
സ്വന്തംവീടുകൾ ജയിലുകളായി മാറുന്നു .
നാല് ചുവരുകൾക്കിടയിൽ എന്റെ നിശ്വാസങ്ങളും ,ക്ളോക്കിന്റെ പെന്റുലവും മാത്രം ശബ്‌ദിച്ചു കൊണ്ടിരിയ്ക്കുന്നു .
ഏകാന്തത എന്നും ആർത്തിയോടെ ആസ്വദിച്ചിട്ടുള്ള ഞാൻ പോലും ഒറ്റപെടുന്നുവോ എന്നൊരു സന്ദേഹം ,
കൂടെ കൂടെ ലോകത്തുനിന്ന് കേൾക്കുകയും കാണുകയും ചെയ്യുന്ന മനുഷ്യരുടെ ജീവന് വേണ്ടിയുള്ള പൊരുതൽ .
കൂടെ നിൽക്കുന്നവർക്ക് ഞാൻ എന്നും പോസിറ്റീവാണു എന്നവർ പറയുമ്പോഴും എന്റെ മനസ്സിൽ പോലും ഇടയ്ക്കു താളം തെറ്റുന്നുണ്ടു എന്നൊരു തോന്നൽ .
പുറത്ത് എന്നും കാർ പാർക്ക് ചെയ്തു പോകുബോൾ ചിരിയ്ക്കാറുള്ള സുന്ദരിയായ ആ പെൺകുട്ടി പോലും മുഖം മാസ്ക് കൊണ്ട് മറച്ചിരിയ്ക്കുന്നു.
പുറത്ത് കാണുന്ന എല്ലാ മനുഷ്യരുടെയും പുഞ്ചിരിയെ മാസ്ക് കൊണ്ട് തടവിലാക്കിയിരിയ്ക്കുന്നു .
മനുഷ്യരുടെ ഭാവങ്ങൾ എന്താണെന്ന് പോലും തിരിച്ചറിയാനാവാത്ത വിധം മറയ്ക്കപ്പെട്ടിരിയ്ക്കുന്നു.
കണ്ണുകളിൽ നിസ്സാഹയത മാത്രം .
പ്രകൃതി ഒരുക്കിയ അല്ലെങ്കിൽ അറിഞ്ഞോ അറിയാതെയോ ഒരുക്കിയ ഈ വിപത്തിൽ ഒരണു വിനുമുന്നിൽ ഈ ഭൂഗോളം സ്തംഭിച്ചു നില്കുന്നു .
കാടും കാട്ടിലേയും നാട്ടിലെയും മൃഗങ്ങളും സ്വതന്ത്രമായി ഭയമില്ലാതെ ആഘോഷിയ്ക്കുമ്പോൾ ,
മനുഷ്യൻ കൂട്ടിനുള്ളിൽ തളയ്ക്കപ്പെടുന്നു.
കിളികളെ കൂട്ടിലടച്ചവർ കൂടു തുറന്നു വിടുന്നു . കൂട്ടികൾ നാല് ചുമരുകൾക്കുള്ളിൽ കുടുങ്ങുന്നു .

ഇവിടെ ഇനി ഒന്നേ ചെയ്യാനുള്ളൂ
നമുക്ക് വേണ്ടിയും സമൂഹത്തിനു വേണ്ടിയും
മൊത്തം ലോകത്തിനു വേണ്ടിയും
നീ നിന്നിലേക്ക്‌ മാത്രം ഒതുങ്ങുക
.നിന്റെ കണ്ണുകൾ മാത്രം നോക്കുക .
നിന്റെ മുഖം മാത്രം ആസ്വദിയ്ക്കുക .
നിന്റെ ഹൃദയത്തിലേയ്ക്ക് നോക്കി നിശ്ചലനായി മൗനമായ് നിന്നെ തന്നെ ശുദ്ധീകരിയ്ക്കുക .
.അല്ലെങ്കിൽ നവീകരിയ്ക്കുക .
തീർച്ചയായും രണ്ടു വഴികളെ മനസ്സിൽ തെളിയൂ .
അതിൽ ഒന്നാമത്തെ വഴി .
എല്ലാം നേരെയായി മനുഷ്യരായ നാം ഇതിനെ മറികടന്നു നന്മയുടെ പുതിയൊരു ലോകം സൃഷ്ടിയ്ക്കപ്പെടും ..പുഞ്ചിരിയ്ക്കുന്ന മുഖങ്ങളുള്ള ജീവിതം ആനന്ദവും ആഘോഷവുമാക്കി നാം തിരിച്ചു വരും .എന്നും
രണ്ടാമത്തെ വഴി
എല്ലാം നേരെയായി മനുഷ്യരായ നാം ഇതിനെ മറികടന്നു നന്മയുടെ പുതിയൊരു ലോകം സൃഷ്ടിയ്ക്കപ്പെടും ..പുഞ്ചിരിയ്ക്കുന്ന മുഖങ്ങളുള്ള ജീവിതം ആനന്ദവും ആഘോഷവുമാക്കി നാം തിരിച്ചു വരും.
അത്രമാത്രം..
ഷാജി എൻ പുഷ്‌പാംഗദൻ

Leave a Reply

Your email address will not be published.

error: Content is protected !!