ചുവന്ന കുന്നിലെ പ്രവാചകൻ

‘ഓ ലാൽ പഹാഡീ വാലാ സൂഫീ
തൂ ഹീ മേരേ ജന്നത്ത്..’
അയാൾ പാടുകയാണ്, നീണ്ട താടിയും മുഷിഞ്ഞ വേഷവുമായി നിൽക്കുന്ന ആയാളുടെ ഒരു കാലിലെ മന്ത് ആൽമരത്തിന്റെ വേരുകൾ പുറമേക്ക് തെറിച്ചുനിൽക്കുന്നത് പോലെയാണ്. കാഴ്ച്ചയിൽ അറപ്പോ ഭീതിയോ വിതക്കുന്നു. കയ്യിലെ ബോർഡിൽ ലോട്ടറി ടിക്കറ്റ് നിരത്തിവച്ചിരിക്കുന്നു. അയാൾ നടന്ന് ചായത്തട്ടിനു അരികെ എത്തി. സായി ഒന്ന് ഒതുങ്ങി, അയാളുടെ സാന്നിധ്യം ചായക്കടക്കാരനെ അസ്വസ്ഥനാക്കുന്നുവെന്ന് വ്യക്തം. അത് തന്റെ കച്ചവടത്തെ ബാധിക്കുമെന്ന ഭയമാവാം.
ചായക്കടക്കാരൻ ഗ്ലാസിൽ ചായ കൊടുക്കാൻ മടിക്കുമ്പോൾ അതിനെതിരെ ഒരു വാക്കുപോലും ഉച്ചരിക്കാതെ താനെത്ര നിഷ്ക്രിയനായി മാറുന്നു. പതുക്കെയെങ്കിലും ഭീതിയുടെ ചാലിലേക്ക് താനും വീഴുകയാണോ?
അയാളെ കേൾക്കാൻ ആർക്കും നേരമില്ല. പാട്ട് അർത്ഥവത്തായിട്ടു കാര്യമില്ല, പാടുന്ന ആളും വേഷവും നന്നാവണമെന്നൊരു തോന്നലാവാം പലർക്കും.
ഒരു നഗരം എത്രവേഗമാണ് ഭീതിയിലേക്കും സംശയത്തിലേക്കും പതിച്ചത്. നടക്കുന്ന ഓരോരുത്തരം മുന്നിൽ മരണം വായ തുറന്നു പിടിച്ചത് സങ്കൽപ്പിച്ചെടുക്കുന്നു. എതിരേ വരുന്നവർ രോഗം പരത്തിയേക്കാമെന്ന് കരുതുന്നു. ഓരോ നീക്കവും കരുതലോടെയാണ്, അതിലും കരുതലോടെയാണ് മരണവും അനുഗമിക്കുന്നത്.
നിരത്ത് ഏറെക്കുറെ വിജനമാണ്, പീടികൾ പലതും പൂട്ടികിടക്കുന്നു. തുറന്നുവച്ച ഹോട്ടലുകളിൽ ആളുകൾ കയറാൻ മടിക്കുന്നു. ഒരീച്ചയോ കൊതുകോ മരണം വിതച്ച് കടന്നുപോകാം. അരികെ നടക്കുന്ന ആളുടെ ശ്വാസം മരണക്കെണിയൊരുക്കാം.
‘ ഈ പകർച്ച വ്യാധിയൊക്കെ പണ്ടും ഉണ്ടായിട്ടുണ്ട്, നമ്മുടെ കാരണവന്മാരിൽ എത്രയോ പേരെ അത് കൊന്നുതള്ളി. മനുഷ്യൻ മനുഷ്യനെ കൊന്നു തള്ളുന്നു, അതിലാർക്കും ഒരു പ്രശ്നോം ഇല്ല. അത് മതത്തിനു വേണ്ടീട്ടല്ലേ, അല്ലെങ്കിൽ ദൈവത്തിനു വേണ്ടീട്ടല്ലേ എന്നങ്ങ് കേട്ടാൽ പിന്നെ ആശ്വാസമായി.’ അയാൾ പറഞ്ഞത് മനസിലുടക്കി.
സായി അയാളുടെ കണ്ണുകളിലേക്ക് നോക്കി, തടാകസാന്ദ്രമായ മിഴികൾ, അതൊരു പുരുഷന്റെ കണ്ണുകളല്ല, സുന്ദരിയായൊരു പെൺകുട്ടിക്ക് ചേരും.
രാവിലെ വീട്ടിൽ നിന്നിറങ്ങിയവർ പാതിവഴിയിൽ വ്യാധിയിൽ കുരുങ്ങി മരിച്ചുവീണത് പലരും പലരിലൂടെ കൈമാറി കൊണ്ടിരിക്കുകയാവും.
‘ ചായ തണുത്തല്ലോ, ഞാൻ വേറെ എടുക്കാം.’ പീടികക്കാരൻ പറഞ്ഞു.
‘ ആയികോട്ടെ..’
ഓ അയാൾ തന്നെ നോക്കിയാണല്ലോ പാടുന്നത്, താനത് കേൾക്കുന്നുണ്ടെങ്കിലും മനസ് മറ്റെവിടെയൊക്കെയോ അലയുകയാണ്. ആ വരികൾ താനാണ് പാടേണ്ടിയിരുന്നത്,
മനുഷ്യൻ പരമാനന്ദത്തോടെ പിറക്കുന്നു, മതങ്ങളുടെ നിഴലിലോ ചങ്ങലയിലോ കുടുങ്ങുമ്പോൾ ആനന്ദം നഷ്ടമാകുന്നു… അത് തിരികേ പിടിക്കണമെങ്കിൽ എല്ലാത്തരം മാലിന്യങ്ങളിൽ നിന്നും മോചനം നേടണം.‘
‘ചുവന്ന കുന്നിലേക്ക്..’
മുഷിഞ്ഞ തുണി സഞ്ചി എടുത്ത് തോളിലിട്ട് അയാൾ പറഞ്ഞു. ചായത്തട്ടിനരികെ ആ ശബ്ദം പതിഞ്ഞതെങ്കിലും അതിനു വല്ലാത്തൊരു ആഴവും നടുക്കവും ഉണ്ടായിരുന്നു. ചായ കൂട്ടികൊണ്ടിരുന്ന ആൾ നടന്നകലുകയായിരുന്ന അയാളിൽ നിന്നും നോട്ടമെടുത്തില്ല.
വർഷങ്ങൾക്ക് ശേഷം ചുവന്ന കുന്ന് മനസിലേക്കെത്തുകയാണ്, ഏതോ അജ്ഞാതന്റെ ശവം തിരഞ്ഞ് ഒരുപറ്റം പോലീസുകാർ അവിടെക്ക് തിരിച്ചത്, ഓർമ്മയിലുണ്ട്. ശവം എവിടെയും കണ്ടില്ല. ആ ശവം എവിടെ പോയി മറഞ്ഞുവെന്ന് കുറെ നാളുകൾ പലരും ആലോച്ചിക്കുകയും തമ്മിൽത്തമ്മിലും ചോദിക്കുകയും ചെയ്തു. അതിനു ഉത്തരമില്ലായിരുന്നു. എന്നാൽ അതിനെ ചുറ്റി കുറെ കഥകൾ നിരന്നു. കഥകൾക്കും ഏറെ ആയുസുണ്ടായില്ല. അതും കാലത്തിന്റെ ഒഴുക്കിൽ നഷ്ടപ്പെട്ടു. ഇപ്പോൾ ആ കുന്നിനെ ഓർമ്മയിലേക്ക് എടുത്തിട്ട് സഞ്ചാരി പോകുന്നു.
സായി അയാളെ അനുഗമിച്ചു. അയാൾ ഒട്ടു ദൂരെയെത്തി തിരിഞ്ഞുനോക്കി. ആ കണ്ണുകൾ തീഷ്ണമായി. മറ്റൊരാൾ പിന്തുടരുന്നത് അയാൾക്ക് രുചിക്കുന്നില്ലെന്ന് ആ മുഖം പറയുന്നു. അയാളുടെ യാത്ര അയാളുടെ മാത്രം സ്വകാര്യതയാണ്. സായി സംശയിച്ചുനിന്നു. അയാളും നിൽക്കുകയാണ്. എന്തും സംഭവിക്കട്ടെ എന്ന കരുതലോടെ സായി അയാൾക്ക് അരികെ നടന്നെത്തി.
‘‘ഊം?’
‘ ചുവന്ന കുന്നിലേക്ക് ഞാനും വരുന്നു.’
പൊട്ടിച്ചിരിയായിരുന്നു അയാളിൽ നിന്നും. അയാളൊരു ഭ്രാന്തനെന്ന് ചായക്കടക്കാരൻ പറഞ്ഞത് ശരിയായിരിക്കാം. ഓരോ പൊട്ടത്തരങ്ങൾ വിളിച്ചുപറഞ്ഞ് നടക്കുന്നവരിൽ ഒരാൾ. അയാളുടെ പുറകെ വച്ചുപിടിച്ച താനൊരു വിഢി.
‘‘ചുവന്ന കുന്ന് എവിടെയും ഉണ്ട്, നിന്നിലും എന്നിലും ഈ ലോകത്ത് എവിടെയും. അവിടെക്ക് തനിച്ച് തന്നെ പോകണം, എങ്കിലേ അവിടെ എത്തൂ. ഇനി അവിടെ എത്തിയാൽ തന്നെ കുന്നിനു മുകളിൽ നിന്നതുകൊണ്ടായില്ല, കുന്ന് കുഴിച്ച് ഉള്ളിലേക്ക് സഞ്ചരിക്കണം. ‘
‘ ‘എന്നിട്ടോ?’ സായ് സംശയിച്ചു.
‘ ഓരോരുത്തർക്കും ഓരോ അനുഭവമാണ്, മുൻ വിധിയില്ലാതെ പോകുക, എന്ത് കിട്ടുന്നോ അത് അനുഭവിക്കുക.’
അയാൾ പതുക്കെ നടക്കാൻ തുടങ്ങി, ആ നടപ്പിൽ ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ടിരുന്നു:
ചുവന്ന കുന്നിലേക്ക് യാത്രപോകുമ്പോൾ, സൂര്യനെ കിനാവ് കാണുമ്പോൾ, മരണത്തിന്റെ ചുഴിയിൽ നിന്നും പിറവിയുടെ ചിറകടികൾ ഉയരുന്നു… തലേനാൾ അല്ലെങ്കിൽ അതിനു മുമ്പോ, ചിലപ്പോൾ ജന്മാന്തരങ്ങൾക്ക് മുമ്പുമാകാം കഥ പറഞ്ഞുനിന്ന ഇടവഴി, മോണകാട്ടി ചിരിച്ചു കിടന്ന തൊട്ടിൽ, എല്ലാം മഴയെടുത്തുപോകുന്നു. ഉള്ളിലോ കൈകുമ്പിളിലോ കൊണ്ടുനടന്നതും, ഒരിക്കൽ പുറത്തുകടക്കേണ്ടതുമായ വാതിൽ മാഞ്ഞുപോകുന്നു. കടലുകൾക്കപ്പുറത്തുനിന്നും അതിരുകൾ താണ്ടി ആരെല്ലാമോ ഉടലുകളായോ ആത്മാവായോ എത്തുന്നത്, മരുഭൂമിയിലോ, തിരയിലോ, മഞ്ഞുമലയിലോ പ്രത്യക്ഷപ്പെടുന്നത് വെറുമൊരു സ്വപ്നമായി എഴുതിതള്ളാനാവാതെ. ഇവിടെ വസന്തങ്ങളില്ല, കാലാളുകളില്ല, അസ്ഥികളില്ല, മരത്തിന്റെ വേരുകൾ ചിതറിയ ഈ കുഴി എന്നേ ഉടലിനെ വിഴുങ്ങികഴിഞ്ഞു. അത് അജ്ഞാതന്റെ കുഴിയെന്നോ, അല്ലെങ്കിൽ വഴിയാത്രക്കാരുടെ നേരമ്പോക്കിൽ പിറന്നതോ ആയ കുഴിയെന്ന് കരുതി അതുവഴി വരുന്നവർ ഒന്നെത്തിനോക്കിയേക്കാം. അപ്പോഴും ഉടൽ വിട്ട ആത്മാവ് എവിടെയൊക്കെയോ പാറിപ്പിടിക്കുന്നു.
നേരിന്റെ പക്ഷം പിടിച്ച് തിന്മക്കെതിരേ പൊരുതിയവരിൽ സിഹഭാഗവും കൊല്ലപ്പെട്ടിട്ടുണ്ടല്ലോ. എന്തിനേറേ പ്രവാചകൻ പോലും എത്രയോ വട്ടം കൊല്ലപ്പെടേണ്ടതായിരുന്നു. ആയുസിന്റെ നീളം കൊണ്ട് നന്മയുടെ ശക്തികൊണ്ടോ, ഇനി ദൈവ വിശ്വാസിയുടെ ഭാഷയോടെ പറഞ്ഞാൽ ദൈവം കാവലായി മാറിയതുകൊണ്ടോ പ്രവാചകൻ കൊല്ലപ്പെട്ടില്ല. എന്നിരിക്കിലും പ്രവാചകൻ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു. അതിനു കാരണക്കാർ മതവ്യാപാരികളും അവരുടെ ആശ്രിതരും തന്നെ.
തീവണ്ടിയാപ്പീസിൽ ആൾത്തിരക്കില്ല. കിഴക്കോട്ടോ വടക്കോട്ടോ വണ്ടികൾ കുറവ്. ഭയത്തിന്റെ കുരുക്കിൽ പെട്ടവർ സഞ്ചരിക്കാൻ മടിക്കുന്നു. പലരും താന്താങ്കളുടെ കൂരകളിൽ ഒതുങ്ങികൂടിയിരിക്കുന്നു. വഴിയോരത്തെ പന്തലിച്ച ആൽമരച്ചുവട്ടിൽ കൈനോട്ടം എന്നെഴുതിയ ബോർഡ് അനാഥമായി ചരടിൽ തൂങ്ങികിടക്കുന്നു. കൈനോക്കി ഭാവി പ്രവചിക്കുന്നവനും രംഗം വിട്ടിരിക്കുന്നു.
‘ നമുക്ക് അവിടെ ഇരിക്കാം, ‘ അയാൾ പറഞ്ഞു.
സായി അത് ശരിവച്ചു, എത്രയോ ആയി നടക്കുന്നു. ഒന്നിരുന്നാൽ കൊള്ളാമെന്ന് നേരത്തേ തോന്നിയിരുന്നു. അയാളെ മുഷിപ്പിക്കേണ്ടെന്ന് കരുതി നിശബ്ദത പാലിച്ചുവെന്നേയുള്ളൂ. മുഴിഞ്ഞ തുണിക്കെട്ട് ആൽത്തറയിൽ വച്ച് കൈനോട്ടം എന്നെഴുതിയ ബോർഡിനു താഴെ അയാൾ ഇരുന്നു.
‘ ഈ കാലും വച്ച് നടക്കുന്ന നിങ്ങളെ സമ്മതിക്കണം,‘ സായി പറഞ്ഞു.
‘ ഈ മന്ത് എനിക്കൊരു ഭാരമല്ല. മന്തില്ലാത്തവരെക്കാൾ ദൂരം ഞാൻ സഞ്ചരിക്കുന്നുണ്ട്. ഇതൊരു ശീലമായിരിക്കുന്നു.’ അയാൾ ബീഡിയെടുത്ത്ചുണ്ടിൽ വച്ച് തീ കൊളുത്തി, ഒന്ന് സായിക്കും നീട്ടി. സായി അത് വാങ്ങി.
ഇപ്പോൾ മന്ത് അലട്ടുന്നില്ല, ആ വേഷം പോലും അകന്നിരിക്കുന്നു, ആ ഹൃദയ പ്രകാശമാണ് നിറയുന്നത്.
‘ എന്തൊക്കെയായിരുന്നു പുകിൽ, രോഗശാന്തിക്ക് പ്രാർത്ഥന, നേർച്ച, എന്നിട്ടിപ്പോൾ ഒരു കുഞ്ഞൻ വൈറസ് കേറി പണി തുടങ്ങിയപ്പോൾ പുരോഹിതരും ആൾദൈവങ്ങളും മുങ്ങി, ഇത്രേയുള്ളൂ അവറ്റകളുടെ വിശ്വാസം.’
കാതിലേക്കോ, ഹൃദയത്തിലേക്കോ മഴതോർച്ചയിൽ നിന്നെന്ന പോലെ അയാൾ മന്ത്രിക്കുകയാണ്. ഇറ്റുവീഴുന്ന സ്വരം ഉള്ളിൽ കരുത്തുനേടുന്നു. ഇളം കാറ്റിൽ പെയ്യുന്നത് ഇലകളല്ല, ശിഖരങ്ങളാണ്. അവിടെ വേരുകളുടെ ദേശം പരുവപ്പെടുകയാണ്. ആ വേരുകളത്രയും തന്നെ വലിക്കാൻ തുടങ്ങിയിരിക്കുന്നു.

എം.കെ.ഖരീം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!