ഒന്ന്
മഴ പെയ്തൊഴിഞ്ഞ ആകാശം. കാറുംകോളും ഒഴിഞ്ഞെങ്കിലും നിറങ്ങൾ വാരിയണിയാൻ മടിക്കുന്ന മേഘക്കൂട്ടങ്ങൾ. നേരം വെളുത്തുവരുന്നതോ ഇരുട്ടുന്നതോ എന്നറിയാനാവാത്ത വിധം മങ്ങിയ വെളിച്ചംകൊണ്ട് പ്രകൃതി ഒരുക്കുന്ന ജാലവിദ്യ. പെട്ടെന്ന് ശാന്തമായ അന്തരീക്ഷത്തെ ഞെട്ടിച്ചുകൊണ്ട് ഭൂമിയിലേയ്ക്ക് ചാഞ്ഞിറങ്ങുന്ന മിന്നൽപ്പിണർ, ദിക്കുകൾ കിടുങ്ങുന്ന ഇടിമുഴക്കം. ഇളകിപ്പറക്കുന്ന പക്ഷിക്കൂട്ടം, ആകാശത്തു വട്ടമിട്ടു പറക്കുന്ന പരുന്തുകൾ.. ഞൊടിയിടയിൽ ഇരുട്ടുകൊണ്ടു മൂടിയ ആകാശത്ത്, തീപിടിച്ചുപായുന്ന മേഘങ്ങൾ! ചെവികൊട്ടിയടപ്പിച്ചുകൊണ്ടു വീണ്ടും ഇടിവെട്ടി! ഞെട്ടിത്തെറിച്ചത് ഉണർച്ചയിലേയ്ക്ക്.. എന്തൊരു സ്വപ്നം!
ഹെഡ്റെസ്റ്റിനു മേലെ വാച്ചിനു പരതി. സമയം മൂന്നായിട്ടേയുള്ളൂ. ഇന്നിനി ഉറങ്ങാനാവില്ല. എണീറ്റുപോകാമെന്നുവച്ചാൽ നിത്യ ഉണരും. വെറുതെയെന്തിന് അവളുടെ ഉറക്കംകൂടി കളയുന്നു. വീടിന്റെ നിശ്വാസവും ശ്രദ്ധിച്ച് ഹരിശങ്കർ ആലോചനയോടെ കിടന്നു.
പുലരുന്നത് ശനിയാഴ്ചയാണ്. നേരിടേണ്ടുന്ന പ്രശ്നങ്ങൾ പലതുണ്ട്. മടിപിടിച്ചിരിക്കുക സ്വതേ ശീലമില്ല. സ്വകാര്യജീവിതം വലിയ പ്രശ്നങ്ങളില്ലാതെ നീങ്ങുന്നതിന്റെ ക്രെഡിറ്റ് നിത്യയ്ക്കുള്ളതാണ്. പക്ഷേ, താമസിയാതെ വന്നുചേർന്നേയ്ക്കാവുന്ന അസ്വസ്ഥതകളുടെ നിഴലുകൾ ഇന്നലെ വൈകിട്ടത്തെ അമ്മായിയച്ഛന്റെ സംസാരത്തിൽ എവിടെയൊക്കെയോ കണ്ടു. അല്ലെങ്കിലേ പ്രഷുബ്ധമാണ് മനസ്സ്. മനസ്സാക്ഷിയുള്ള ആർക്കും അതങ്ങനെയെ വരുള്ളൂ. രാജ്യത്തൊട്ടാകെ പ്രക്ഷോഭങ്ങളാണ്. ജെ.എൻ.യു. സമരത്തിന്റെ അലകളടങ്ങിയിട്ടില്ല, അതിനേക്കാൾ രൂക്ഷമായത് ജാമിയ മിലിയയിലും അലിഗഢിലുമൊക്കെ ജ്വലിച്ചു കയറുന്നു. ദിവസവും പത്തുപതിന്നാല് വിദ്യാർത്ഥിപ്രക്ഷോഭങ്ങൾ കാണുന്ന ഡൽഹി! വിദ്യാർത്ഥികളിൽ, യുവതയിൽ ഒരു രാജ്യം പ്രതീക്ഷയർപ്പിക്കുന്നതിൽ കുറ്റം പറയാനാവില്ല.
ചിന്തകൾ അത്രത്തോളമായപ്പോൾ പിന്നെ കിടക്കാൻ തോന്നിയില്ല. ഒരുവശം തിരിഞ്ഞുകിടക്കുന്ന നിത്യയെ ഉണർത്താതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ട് വാതിലു തുറന്നു സ്റ്റഡിയിലേയ്ക്ക് പോന്നു. സ്റ്റഡി-കം-ലൈബ്രറി റൂമിന്റെ വാതിലടയ്ക്കുമ്പോൾ പാളികൾ കരകരർത്തു. വീടിന്റെ താളത്തിന് എന്തെങ്കിലും മാറ്റമുണ്ടോ എന്ന് കാതോർത്തു രണ്ടു നിമിഷം! പിന്നെ സ്റ്റഡിയിലെ വിളക്കു തെളിയിച്ചു. ആവശ്യമായ എഴുക്കുത്തുസാമഗ്രികൾ തേടിപ്പിടിച്ചശേഷം മുറിയിലെ ലൈറ്റ് ഓഫാക്കി, ടേബിൾ ലാമ്പിനെ അഭയംപ്രാപിച്ചു. ഈ സമയം ആരും ഉണരാറില്ല. ഇനി ആരെങ്കിലും ഉണർന്നുവന്നാൽത്തന്നെ അത് ലൈറ്റ് കണ്ടിട്ടാണെന്ന പരാതി വേണ്ട.
എഴുതി പകുതിയാക്കിവച്ചിരുന്ന ലേഖനപരമ്പര ഒന്നുകൂടി വായിക്കാനെടുത്തുകൊണ്ടു ഹരിശങ്കർ കസേരയിലേക്ക് ചാഞ്ഞിരുന്നു. എഴുതിപ്പിടിപ്പിച്ചതിൽ തൃപ്‌തി തോന്നുന്നില്ല, എവിടെയൊക്കെയോ ഒരു മിസ്സിംഗ്; അപൂർണ്ണത. പലതും മനസ്സിനെ അലട്ടുന്നുണ്ട്, പക്ഷെ ഒന്നും എഴുതി ഫലിപ്പിക്കാനാവുന്നില്ല. ഒരു കട്ടൻ കിട്ടിയെങ്കിൽ കൊള്ളാമായിരുന്നു. അടുക്കള അനക്കങ്ങൾക്ക് വീടിനെ ഉണർത്താനാവുമെന്ന ചിന്ത, കട്ടനെന്ന ആർഭാടം വേണ്ടെന്നുവയ്ക്കാൻ പ്രേരിപ്പിച്ചു.
പ്രിന്റഡ് മീഡിയയിലെ എഴുത്തുകൾക്കു പുറമെ സോഷ്യൽമീഡിയയിലും ഇപ്പോൾ ആക്റ്റീവ് ആണ്. പണ്ടുള്ള ലാഘവം ഇപ്പോഴത്തെ എഴുത്തുകളിലില്ല, വിഷയങ്ങളും അത്രയ്ക്ക് ഗൗരവമേറിയതാണല്ലോ. രാജ്യമൊട്ടാകെ പ്രഷുബ്ധമാണ്. ഷഹീൻബാഗിലും ഡൽഹിയിലെ മറ്റു പ്രാന്തപ്രദേശങ്ങളിലും ആയിരക്കണക്കിന് സ്ത്രീകളാണ് കൂട്ടായ്മകളായി സമരരംഗത്തുള്ളത്. പൗരത്വബില്ല് മാത്രമല്ല അവരുടെ പ്രശ്‍നം; കാലങ്ങളായുള്ള തൊഴിലില്ലായ്മയും പട്ടിണിയും സ്ത്രീകൾക്കുനേരെയുള്ള അക്രമങ്ങളും അടിച്ചമർത്തലുകളും സമരം ചെയ്യാനുള്ള പ്രേരണ ശക്തമാക്കി. ജാമിയ മിലിയ ഇസ്‌ലാമിയയിലെ വിദ്യാർഥികൾക്ക് നേരെയുള്ള പോലീസിന്റെ അതിക്രമം അവരെ ഏറെ പ്രകോപിപ്പിച്ചിരിക്കുന്നു. സമാധാനപരമായ വഴിതടയൽ സമരമാണ് അവർ നടത്തുന്നതെങ്കിലും നാൾക്കുനാൾ ജനപങ്കാളിത്തം കൂടിവരുന്ന പ്രവണതയാണ് കാണുന്നത്.
ചിന്തകൾ പേപ്പറിലേയ്ക്ക് പകർത്താൻ തുടങ്ങിയപ്പോൾ ആദ്യമുണ്ടായിരുന്ന മൗഢ്യമകന്നു. എഴുത്തിനു വേഗതയേറി. ഒച്ചയനക്കങ്ങളില്ലാതിരുന്നാൽ ശാന്തമായിരുന്ന് എത്രവേണമെങ്കിലും എഴുതാം. ആ സമയത്തു മനസ്സ് വെള്ളപേപ്പറിനു സമമായിരിക്കും. ചിന്തകൾക്ക് തെളിച്ചമുണ്ടാകും. നേരം പുലർന്നാലത്തെ കഥ പറയുകയേ വേണ്ട. കൂട്ടുകുടുംബ സംവിധാനമാണ്. ഈ വീട്ടിൽ തങ്ങളെക്കൂടാതെ നിത്യയുടെ അച്ഛനുമമ്മയും മാത്രമേ ഇപ്പോൾ താമസമുള്ളൂ എങ്കിലും അവരുടെ അടുത്ത ബന്ധുക്കളൊക്കെ തൊട്ടയല്പക്കത്തെ വീടുകളിലുണ്ട്. എപ്പോഴും ആരെങ്കിലുമൊക്കെ കയറിവന്നു ഉച്ചത്തിൽ സംസാരിച്ചുകൊണ്ടിരിക്കും. ഇവിടെ ഉള്ളവർക്ക് ഒരിക്കലും ശബ്ദംതാഴ്ത്തി സംസാരിക്കാനറിയില്ലെന്നു തോന്നിയിട്ടുണ്ട്. ഉറക്കമോ പോയി, ഇപ്പോൾ കിട്ടുന്ന ഈ സമയമെങ്കിലും ഫലവത്തായി വിനിയോഗിക്കാൻ തന്നെ ഹരിശങ്കർ ഉറച്ചു. രാത്രിയ്ക്കു നീളം കുറഞ്ഞുകൊണ്ടേയിരുന്നു, അതിനൊപ്പം അയാളുടെ എഴുത്തിന്റെ ഒഴുക്ക് കൂടിക്കൊണ്ടുമിരുന്നു..
(തുടരും..)
ബിന്ദു ഹരികൃഷ്ണൻ