രണ്ട്
നിത്യ ചായയുമായി വരുമ്പോൾ നേരം നന്നായി പുലർന്നിരുന്നു. മണിക്കൂറുകൾ കടന്നുപോയതറിയാതെ ഹരിശങ്കർ പൂർണ്ണമായും എഴുത്തിന്റെ ലോകത്തായിരുന്നു.
“ഹരിയേട്ടൻ ഇന്നലെ ഇവിടെയാ ഉറങ്ങിയത്? അതോ ഉറങ്ങിയേ ഇല്ലേ? അവിടെ എന്റടുത്ത് കിടക്കുകയായിരുന്നു എന്നാ എന്റെ ഓർമ്മ”.
അവൾ അത്ഭുതം കൂറി.
“ങാ.. നേരത്തേയെണീറ്റു”.
ഹരിശങ്കർ മറുപടി ഒതുക്കി.
തെല്ലിട അയാളുടെ കസേരയ്ക്കു പിറകിൽ നിന്നിട്ട് നിത്യ പോകാൻ തിരിഞ്ഞു.
“നീ നിൽക്ക്, ഒരു കാര്യം പറയട്ടെ”.
അവൾ അയാളെഴുതുന്നതും വായിച്ചു കസേര പിറകിൽത്തന്നെ നിന്നു. എഴുതിക്കൊണ്ടിരുന്നത് മുഴുമിപ്പിക്കും വരെ രണ്ടാളും പിന്നെ മിണ്ടിയില്ല.
“നിനക്കിന്ന് ക്ലാസ്സുണ്ടാ? ശനിയാഴ്ചയല്ലേ?”
“റെഗുലർ ക്ലാസ്സില്ല, പ്ലസ് 2 പിള്ളേർക്ക് സ്പെഷ്യൽ ക്ലാസ്സുണ്ട്. അടുത്താഴ്ച പരീക്ഷ തുടങ്ങുവല്ലേ, അതിന്റെയാ.”
“ഉം. നിന്റച്ഛൻ ഇന്നലെ എന്തോ പറയാൻ തുടങ്ങുവാരുന്നു, അപ്പഴാ അപ്പുമാമ കയറിവന്നത്. എന്താ കാര്യം, നിനക്കുവല്ലതും അറിയാമോ? നിന്റച്ഛൻ സംസാരിക്കാൻ തുടങ്ങുമ്പോഴേ എനിക്കു ടെൻഷനാ. ആളുകള് പെൻഷനായാൽ പിന്നെ ഉപദേശികളാവും. വീട്ടുകാരെയൊക്കെ ഉപദേശിച്ചു നന്നാക്കലാവും മെയിൻ പണി.”
“പയ്യെപ്പറ, അച്ഛനെണീറ്റിട്ടുണ്ട്.”
നിത്യ അയാളുടെ വായപൊത്തി.
“കാര്യം വേറൊന്നുമല്ല, നമ്മുടെ പാർപ്പിടപ്രശ്‍നം തന്നെ. മനുവേട്ടനും കുടുംബവും നാട്ടിലേയ്ക്ക് വരുന്നു. എല്ലാം നിർത്തിയുള്ള വരവാണ്. അതുതന്നെ വലിയൊരു പ്രശ്നമാണ് ഇപ്പോൾ. അമ്മ മാത്രമാണ് അവരുടെ വരവിനെ അനുകൂലിക്കുന്നത്. അറിയാമല്ലോ കുറച്ചുദിവസം നിന്നുകഴിയുമ്പോഴുള്ള പുകിലൊക്കെ.”
നിത്യ തെല്ലിട നിർത്തിയശേഷം തുടർന്നു.
“നമ്മുടെ വീട് പെട്ടെന്ന് തീർത്ത് അങ്ങോട്ട് മാറാൻ പറയുകയാ അച്ഛൻ. അല്ലെങ്കിലും കൂടിക്കിടക്കാൻ പറ്റാത്തതാ മനുവേട്ടന്റെ കുടുംബം. നമുക്ക് നമ്മുടെ വീട്ടിലേയ്ക്കു മാറാം. എനിക്കും അതാ നന്നെന്ന് തോന്നുന്നു. അതാവും അച്ഛനിന്നലെ പറയാൻ തുടങ്ങിയത്.”
“ഉം.”
ഹരിശങ്കർ മൂളി. പ്രതികരണത്തിൽ തൃപ്തിയാകാതെ നിൽക്കുന്ന നിത്യയെ നോക്കി അയാൾ ചിരിച്ചു.
“ശരിയാടീ.. ഞാൻ യോജിക്കുന്നു. വീടിന്റേത് ഇനി വളരെക്കുറച്ചല്ലേ ഉള്ളൂ. നമുക്കത് റെഡിയാക്കാം. തൽക്കാലം ഈ ഒരാർട്ടിക്കിള് ഒന്ന് വായിച്ചുനോക്ക്യേ. കറക്ഷനുണ്ടേൽ പറയ്. ഇന്ന് മെയില് ചെയ്യേണ്ടതാ.”
വിഷയത്തിൽനിന്നുള്ള അയാളുടെ തെന്നിപ്പോക്ക് അത്ര രസിച്ചില്ലെങ്കിലും നിത്യ കമ്പ്യൂട്ടർ സ്ക്രീനിലേക്ക് തിരിഞ്ഞു. അവൾക്കു കസേരയൊഴിഞ്ഞുകൊടുത്തുകൊണ്ട് ഹരിശങ്കർ തൊട്ടടുത്ത ചാരുകസേരക്കൈയിലിരുന്ന് അന്നത്തെ പത്രം പരതി.
“പത്രം ഉമ്മറത്താ?”
“ഉം.”
വായിക്കുന്നതിൽ നിന്ന് കണ്ണെടുക്കാതെ നിത്യ മൂളി.
അവൾ വായിച്ചു തീരുന്നതും നോക്കി ഹരിശങ്കർ ഇരുന്നു. വായന തീർന്നപ്പോൾ നിത്യയുടെ നീരസമെല്ലാം പമ്പകടന്നിരുന്നു.
“ലേഖനം നന്നായിട്ടുണ്ട് ഹരിയേട്ടാ. വായിക്കാൻ മാത്രമല്ല, പ്രായോഗികമാക്കാനും പറ്റുന്ന നല്ല നിർദ്ദേശങ്ങളുമുണ്ട്. പക്ഷെ ഇതിങ്ങനെ എഴുതിക്കൂട്ടിയിട്ടുമാത്രം എന്തുകാര്യം? വല്ലതും നടക്കണമെങ്കിൽ തെരുവിലേക്കിറങ്ങണം എന്നായിട്ടുണ്ട്. അത് അക്രമത്തിനു വഴിവയ്ക്കും, അല്ലെങ്കിൽ സർക്കാർ പോലീസിനെക്കൊണ്ടത് ചെയ്യിക്കും.”
“അതല്ലേ ഇപ്പൊ നടക്കുന്ന ഒട്ടുമിക്ക സമരങ്ങളുടെയും ഗതി. ആവശ്യങ്ങളുന്നയിച്ചു സമാധാനപരമായി സമരം ചെയ്യുന്നവരെ അടിച്ചമർത്തുന്നതാണ് എല്ലാക്കാലത്തും സർക്കാർ നയം, ഇക്കുറിയും വ്യത്യസ്തമല്ല. നിലനിൽപ്പിന്റെ പ്രശ്നമാണ് അവർക്ക്.”
ഹരിശങ്കർ പിന്താങ്ങി.
“ഒറ്റ സംശയം മാത്രം, ജനാധിപത്യ സമ്പ്രദായത്തിൽ ബലംപ്രയോഗിച്ചുള്ള അടിച്ചമർത്തലുകൾക്ക് എവിടെയാണ് സ്ഥാനം?”
“ഇല്ലായെന്ന് തന്നെയാണ് ഉത്തരം. പക്ഷേ, അത് നിനക്കുമെനിക്കും പറയാമെന്നുമാത്രം. കാലങ്ങളായി തുടർന്നുവരുന്ന ആചാരം പോലെ അടിച്ചേൽപ്പിക്കലുകളും ശീലമായിപ്പോയി. ചെറുത്തുനിൽക്കുന്ന ജനത മൈനോറിറ്റിയും. “
“ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ ഏറ്റവും വല്യ ദുര്യോഗം!”
നിത്യയുടെ അഭിപ്രായത്തിനു തലയാട്ടുമ്പോൾ ഹരിശങ്കറിന് അത്ഭുതം തോന്നി. അവളേറെയൊന്നും വായിക്കുന്നതായോ ചിന്തിക്കുന്നതായോ കണ്ടിട്ടില്ല. ഒരു ഹോംലി ടൈപ്പ്, വീട്- കുടുംബം- ജോലികളിൽ ഒതുങ്ങിക്കൂടുന്ന വ്യക്തിത്വം! അങ്ങനെയേ തോന്നിയിട്ടുള്ളൂ. ചിന്തിക്കുന്നുണ്ട്, അതും കാലഘട്ടത്തിനു നിരക്കും വിധമെന്നു തോന്നൽ ആശ്വാസമാണുണ്ടാക്കുന്നത്. പുതിയ കണ്ടെത്തലിന്റെ തെളിച്ചത്തിൽ നിത്യയെ നോക്കി പുഞ്ചിരിക്കുമ്പോൾ ഓർത്തു, തനിയ്ക്കും ആത്മവിശ്വാസം കൂടുന്നുണ്ട്. വായിക്കുന്ന ഒരാളിൽ അഭിപ്രായം രൂപപ്പെടുത്താൻ എഴുത്തിന്നാവുന്നുണ്ടല്ലോ.
“ഹരിയേട്ടനൊന്ന് അച്ഛനോട് സംസാരിക്കണം ട്ടാ. വീടിന്റെ കാര്യത്തിൽ നമ്മള് ഉഴപ്പുന്നു എന്നുവേണ്ട.”
വായിച്ചുകഴിഞ്ഞ വേർഡ് ഫയൽ ഒന്നുകൂടെ സേവ് ചെയ്ത് നിത്യ പോകാനെണീറ്റു.
“നിന്റച്ഛൻ ഉമ്മറത്തുണ്ടോ? ഉണ്ടെങ്കിലാ പത്രമിങ്ങെടുത്തു തന്നിട്ട് പോ. ഒരൽപം കഴിഞ്ഞു സംസാരിക്കാം.”
നീരസത്തിൽ നെറ്റി ചുളിച്ചുകൊണ്ട് നിത്യ സ്റ്റഡി വിട്ടു പുറത്തേയ്ക്കു പോയി. അവളെത്തിക്കാൻ പോകുന്ന അന്നത്തെ ദിനപത്രവും കാത്ത് ഹരിശങ്കർ കസേരയിലേയ്ക്കുതന്നെ ചാഞ്ഞു.
(തുടരും..)
ബിന്ദു ഹരികൃഷ്ണൻ