കഥ

അക്ഷരങ്ങളൊരിക്കൽ വാക്കുകളോട്‌ പറഞ്ഞു..
“എന്നെ ചേർത്തു വെച്ചുകൊള്ളുക, പക്ഷേ അർത്ഥവത്തായിരിക്കണം..”

വാക്കുകൾ വരികളോടു പറഞ്ഞു..
“എന്നെയും ചേർത്തുകൊള്ളൂ പക്ഷേ, ഒരേ അകലത്തിലായിരിക്കണം..”

വരികൾ കഥകളോടു പറഞ്ഞു..
“ഒരുമിപ്പിക്കുമ്പോൾ നിന്റെ ഹൃദയം ഞങ്ങൾക്ക്‌ പകരുക..”

അങ്ങനെ കഥ മെനഞ്ഞു.

ഹൃദയം പേറിയ കഥകൾ മനുഷ്യൻ പാടി നടന്നു.. കണ്ണീരൊഴുക്കിയാണു അവൻ പാടിയത്. വരികളും, വാക്കുകളും, അക്ഷരങ്ങളും മിഴിനീരിൽ ചാലിച്ചവൻ വാവിട്ടു കരയുന്നു. അക്ഷരങ്ങളെ ചേർക്കാനറിയാതെ, വാക്കുകളെ ഒന്നിപ്പിക്കാനാവാതെ, വരികളോടു വിടപറഞ്ഞു ഹൃദയം പൊട്ടിക്കരയുന്ന മനുഷ്യനെ നോക്കി കഥ ചോദിച്ചു..

“മനുഷ്യാ, നിന്റെ ഹൃദയമെവിടെ..?”

റോബിൻ കുര്യൻ

error: Content is protected !!