Āmi dēkhēchi ritu..ഞാന്‍ കണ്ട ഋതു.. നൗകാദുബി

ഋതുപർണ്ണോഘോഷ് സിനിമകളിൽ എപ്പോഴുമൊരു വൈവിധ്യം കാണാനാകും. ഒരേപോലുള്ള സ്റ്റോറിലൈനുകൾ കൊണ്ട് പ്രേക്ഷകനെ ബോറടിപ്പിക്കുന്ന രീതി ഒരിക്കലും ഘോഷ് പിന്തുടർന്നിരുന്നില്ല. എല്ലാ സിനിമകളും വ്യക്തിയിലും വ്യക്തിബന്ധങ്ങളിലും ഒതുങ്ങിനിൽക്കുന്നതായിട്ടും ഒരുതവണപോലും ഒരാവർത്തനം പ്രേക്ഷകന് തോന്നാതിരിക്കണമെങ്കിൽ അപാരമായ കൈയടക്കത്തോടെ വിഷയം കൈകാര്യം ചെയ്തിരിക്കണം. ഏതു കഥാതന്തുവിനേയും അത്രയും ആത്മാർഥമായി സമീപിക്കുന്ന ഒരാളിനേ അത് സാധ്യമായിക്കൊള്ളണമെന്നുള്ളൂ! ഘോഷ്, അക്കാര്യത്തിൽ അവസാനവാക്കാണ് എന്ന് പറയേണ്ടിയിരിക്കുന്നു. ഒന്നിനൊന്നുചേരാതെ ഒന്നായിത്തന്നെ ചേർന്നുകിടക്കുന്ന കഥകൾ, പലതായി നമുക്കു മുന്നിലൊരുക്കാൻ ഘോഷിലെ പ്രതിഭയ്ക്ക് നിഷ്പ്രയാസം സാധിച്ചു!
‘നൗകാദുബി’ ആണ് ഇന്ന് ഞാൻ കണ്ട ഋതുവിൽ. രബീന്ദ്രനാഥ ടാഗോറിന്റെ കഥകളെ അടിസ്ഥാനമാക്കിയുള്ള ചലച്ചിത്രങ്ങൾ ഒട്ടും വിരളമല്ല ബംഗാളി സിനിമാലോകത്ത്. സത്യജിത് റേയും തപൻ സിൻഹയും തരുൺ മഞ്ചുംദാറും ശ്രേണിയിൽ ഋതുപർണ്ണോഘോഷും തീർച്ചയായും ചേർന്നിട്ടുണ്ട്. ടാഗോർ കഥകളിലെ മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണത, ഋതു സിനിമകൾക്ക് അന്യവുമല്ല. ആ സങ്കീർണ്ണതകളെ ലാളിത്യത്തോടെ അവതരിപ്പിച്ചാണ് ഘോഷ് സിനിമകൾ വെള്ളിത്തിരയിൽ ഇടംനേടുന്നത്!
നൗകാദുബിയും വ്യത്യസ്തമല്ലാത്തൊരു കഥയാണ് പറയുന്നത്. രമേഷും (ജിഷു സെൻഗുപ്‌ത) ഹെംനാളിനിയും ( റൈമ സെൻ) പ്രണയിതാക്കളാണ്. എല്ലാ പ്രണയകഥയിലെയും പോലെ ഇവിടെയും തടസ്സം ഉണ്ടാകുന്നു. രമേശിന്റെ അച്ഛന്റെ നിർബന്ധപ്രകാരം, അവരുടെ ഗ്രാമത്തിലെ ഒരു വിധവയുടെ മകളെ രമേഷിന് പെട്ടെന്നൊരു ദിവസം കല്യാണം കഴിക്കേണ്ടി വരുന്നു: അച്ഛൻ കൊടുത്ത വാക്കുപാലിക്കാൻ വേണ്ടിമാത്രം! ഹെംനാളിനിയുടെ ബർത്ത്ഡേ പാർട്ടിയിൽനിന്നു കാണാതാവുന്ന രമേഷിന് സുഷീലയുടെ വരനാവുകയെന്ന നിയോഗത്തിൽ നിന്ന് ഒഴിഞ്ഞുമാറാനായില്ല.
വിവാഹശേഷം നവവധുവുമൊത്തു കൽക്കട്ടയ്ക്കു തിരികെ വരുമ്പോൾ അപ്രതീക്ഷിതമായുണ്ടാകുന്ന കാറ്റിൽപ്പെട്ട്‌ അവർ സഞ്ചരിച്ചിരുന്ന ബോട്ട് നദിയിൽ മറിഞ്ഞ് അപകടമുണ്ടാകുന്നു. അനന്തരം ഏകാന്തമായ ഒരു കരയിൽ അടിയുന്ന രമേഷിന് ബോധം തിരികെകിട്ടുമ്പോൾ കുറച്ചുദൂരെയായി നവവധുവിന്റെ വേഷത്തിൽ ഒരു യുവതിയെ കാണാനാകുന്നു. നിലാവെളിച്ചത്തിൽ, അവൾ തന്റെ വധുവാണെന്നുറപ്പിക്കുന്ന രമേഷ്, അവൾക്കുവേണ്ട പ്രഥമശുശ്രൂഷ നൽകുകയും അയാളുടെ ‘സുഷീലാ’ എന്നുള്ള വിളിയിൽ അവൾ കണ്ണുതുറക്കുകയും ചെയ്യുന്നു. അതുതന്നെയാണ് തന്റെ വധു എന്ന ബോധ്യത്തിൽ ആളൊഴിഞ്ഞ ആ സ്ഥലത്തുനിന്ന് അവർ പണിപ്പെട്ട് കൽക്കട്ടയിലെത്തുകയും ചെയ്യുന്നു. അപ്പോഴും നവവധു, തങ്ങളെന്താണ് കാശിക്കു പോകാതെ കൽക്കട്ടയിലെത്തിയതെന്ന് ആശങ്കപ്പെടുന്നു.
അയാളുടെ ജീവിതത്തിലെ പുതിയ സംഭവവികാസങ്ങളറിയാതെ ഹെംനാളിനി രമേശിനെ കാത്തിരിക്കുന്നു.
അപ്രതീക്ഷിതമായി കിട്ടിയ പുതുജീവിതം തുടങ്ങുമ്പോൾ തന്നെ തന്റെ വധു സുഷീല അല്ലെന്ന് രമേഷ് മനസ്സിലാക്കുന്നു. അവൾ കമലയാണ് (റിയ സെൻ ), നളിനാക്ഷ ചാറ്റർജി(പ്രൊസേൻജിത് ചാറ്റർജി) എന്ന ഡോക്ടറുടെ ഭാര്യ കമല! അപകടത്തെത്തുടർന്ന് സ്വബോധം നഷ്ടപ്പെട്ട കമലയെ കൈവിടാൻ മനസ്സുവരാതെ, രമേഷ് അവളുടെ ഭർത്താവിനെ തെരഞ്ഞു പത്രപ്പരസ്യം ചെയ്യുന്നു. കമലയെ തൽക്കാലത്തേക്ക് ഒരു ബോർഡിങ് സ്കൂളിലാക്കി അയാൾ അവളുടെ ഭർത്താവിനെത്തേടി അലയുന്നു. ഇതിനിടയിൽ ഹെംനാളിനിയുടെ വരനാവാൻ മോഹിച്ചുനടക്കുന്ന അക്ഷയ്, രമേശിന്റെ ‘രഹസ്യം’ കണ്ടുപിടിക്കുകയും അത് അവളെ അറിയിക്കുകയും ചെയ്യുന്നു. മനസ്സുതകർന്ന ഹെംനാളിനിയെ അച്ഛൻ, ഒരാശ്വാസത്തിനായി കാശിയിലേക്കയക്കുന്നു. അവിടെ അവൾ നളിനാക്ഷ ചാറ്റർജിയെ കാണുകയും അയാളിൽ അനുരക്തയാവുകയും ചെയ്യുന്നു.
ഇതിനിടയിൽ, തന്റെ ഐഡന്റിറ്റി പഴയ പത്രത്താളിലൂടെ തിരിച്ചറിയുന്ന കമലയും തന്റെ ആത്മഹത്യയ്ക്ക് കാശി തന്നെ തെരഞ്ഞെടുക്കുകയും ആ ഉദ്യമത്തിൽ പരാജയപ്പെട്ട്, തന്റെ ഭർത്താവായ നളിനാക്ഷയുടെ അമ്മയുടെ സംരക്ഷണയിൽ എത്തിച്ചേരുകയും ചെയ്യുന്നു. ഇങ്ങനെ, മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണത വരച്ചുകാട്ടാൻ ഘോഷ് ഇവിടെ വിധിയെ കൂട്ടുപിടിക്കുന്നു. ‘വിധി’ തന്നെ ഒരു കഥാപാത്രത്തോളം വളർന്ന് സിനിമയെ മുന്നോട്ടു നയിക്കുന്നു. ഒടുവിൽ, രമേഷ്-കമല, നളിനാക്ഷ-ഹെംനാളിനി ബന്ധങ്ങളിലെ അവ്യക്തതപോലും വിധിയുടെ മുൻപിൽ വിശുദ്ധിയോടെ ഒത്തുപോകുന്നതിലെ വൈചിത്ര്യം, അത് പ്രണയത്തിനും ദാമ്പത്യത്തിനുമപ്പുറത്തേയ്‌ക്ക്‌ മാനങ്ങൾ തേടുന്ന ഒന്നാകുന്നതിലെ സാധാരണത്വവും സംവിധായത്തികവിന്റെ, മികവിന്റെ ഉദാഹരണമായി എക്കാലവും ചൂണ്ടിക്കാണിക്കാവുന്നതാണ്.
പ്രൊസെൻജിത് ചാറ്റർജിയും ജിഷു സെൻഗുപ്‌തയും റൈമ സെന്നും മികച്ച അഭിനയം കാഴ്ചവച്ച ഒരു ഋതുപർണ്ണോഘോഷ് ചിത്രം കൂടി.. നൗകാദുബി- Boat wreck! 2010 -ൽ 41- ആമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ പനോരമ സെഷനിലെ ഓപ്പണിങ് ചിത്രമായ നൗകാദുബിയ്ക്ക് ഒരു പ്രത്യേകതകൂടെയുണ്ട്, ടാഗോറിന്റെ 150- ആമത് ബർത്ത് ആനിവേഴ്സറി വർഷം പ്രദർശനത്തിനെത്തി എന്നതും കൂടെയാണ് അത്. എന്നിരുന്നാലും വിവാദങ്ങളൊഴിയുന്നില്ല; ഇത്തവണ, നളിനാക്ഷയുടെ മാതാവിനു ഡബ്ബ് ചെയ്ത വകയിൽ ഋതുപർണ്ണോഘോഷ് വിമർശിക്കപ്പെട്ടു!

NAUKADUBI
Directed by: Rituparno Ghosh
Screenplay by: Rituparno Ghosh
Based on Noukadubi
by Rabindranath Tagore
Produced by: Subhash Ghai
Starring: Prosenjit Chatterjee
Jisshu Sengupta
Raima Sen
Riya Sen
Cinematography: Soumik Haldar

ബിന്ദു ഹരികൃഷ്ണൻ

error: Content is protected !!