അയ്യപ്പൻ – കേട്ടതിനും അറിഞ്ഞതിനുമപ്പുറം

കാട് തന്നതൊക്കെയും കലർപ്പില്ലാത്തതായിരുന്നല്ലോ… കലർത്തിയെടുത്തപ്പോൾ ചേർത്ത മായത്തിൻ്റെ അളവ് കൂടുതലാണെന്ന് തിരിച്ചറിയുന്നവർ ഉറവ് തേടിയിറങ്ങും. അങ്ങനെ ഇറങ്ങിത്തിരിച്ച ഒരു അന്വേഷിക്ക് മാത്രം വെളിപ്പെട്ട ഒരു ചരിത്രം, അതിൻ്റെ എല്ലാ തലവും ഉൾക്കൊണ്ട് എഴുതിയ അയ്യപ്പൻ എന്ന നോവലിന് വിശ്വാസിക്കും അവിശ്വാസിക്കും ഒരു പോലെ സ്വീകാര്യമാവുന്ന അവതരണത്തികവ് അവകാശപ്പെടാനുണ്ട്. അടുക്കും ചിട്ടയോടെയും അവതരിപ്പിച്ച 41 അധ്യായങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഓരോ കഥാപാത്രത്തിനും പുതിയൊരു മാനം കണ്ടെത്താൻ കഴിഞ്ഞു എന്നത് കഥാകാരൻ്റെ എടുത്തു പറയേണ്ട മികവ് തന്നെയാണ്.

കേട്ടു പഴകിയ കെട്ടുകഥയിലെ മോഹിനീ പുത്രൻ മലയരയൻ കണ്ടൻ്റെയും കറുത്തമ്മയുടേയും കൈകുഞ്ഞായി താലോലിക്കപ്പെടുന്ന ചിത്രം തുടക്കത്തിൽ തന്നെ വായനക്കാരുടെ ഹൃദയത്തിൽ പതിയുന്നതോടെ കഥാകാരൻ തൻ്റെ പാതി ദൗത്യം പിന്നിട്ടു. പിന്നീട് കഥ മുന്നോട്ട് പോകുന്നത് കേട്ടു പരിചയമുള്ള അയ്യപ്പചരിതത്തിലെ സംശയങ്ങളോരോന്നും നിവാരണം ചെയ്ത് ഓരോ കഥാപാത്രങ്ങളേയും യഥാസമയം അവതരിപ്പിച്ചു കൊണ്ടാണ്.

കഥയിലെ ചിണ്ടനെന്ന കഥാപാത്രത്തിന് ഗുരു കാരണവൻമാരിൽ നിന്ന് കിട്ടിയ അറിവ് പോലെ തന്നെ ‘ഏറ്റവും ആവശ്യമുള്ളത് മാത്രമേ എടുക്കാവൂ ‘ എന്നത് നോവലിൻ്റെ അവതരണത്തിൽ കഥാകാരനും പാലിച്ചു എന്നു വേണം കരുതാൻ. പന്തളത്തെ പടനായകനായ അയ്യപ്പനെങ്ങനെ ജനങ്ങൾക്ക് കൺകണ്ട ദൈവമായെന്ന് ചരിത്രത്തിലെ ഏറ്റവും ആവശ്യമായ ഏടുകൾ മാത്രം വേർതിരിച്ചെടുത്ത് മനോഹരമായി നോവലിൽ പറഞ്ഞു വക്കുന്നു. അതിൽ പ്രണയവും വിരഹവുമുണ്ട്, സൗഹൃദവും ശത്രുതയുമുണ്ട്, പോരും പോർവിളികളുമുണ്ട്, വിശ്വാസത്തിൻ്റെ മുദ്രയണിഞ്ഞ ആണും പെണ്ണുമുണ്ട്, തുടക്കവും ഒടുക്കവും നമ്മൾ ചെന്നെത്തുന്ന അഭയവും ഭയവുമായ കാടുണ്ട്.

കഥയിലെ ഉറച്ച നിലപാടുകളും കരുണ ചുരത്തുന്ന സ്തനങ്ങളുമുള്ള കറുത്തമ്മയും തന്നിലെ നിതാന്തമായ പ്രണയം കൊണ്ട് ധീരയായി മാറി കഥയിൽ നിറഞ്ഞ് നിന്ന് പൊരുതിയ പൂങ്കുടിയും അവതാര കഥകൾ പാടി നടന്നവർ ചരിത്രത്തിൽ നിന്ന് മന:പൂർവ്വമോ അല്ലാതെയോ മറന്നുവച്ച സ്ത്രീകളാണ്. മറച്ചു പിടിച്ചതായാലും മറന്നു പോയതായാലും സ്ത്രീയെ ആകുന്നതാണല്ലോ എക്കാലത്തും എളുപ്പം!
വായിച്ചു തീർന്നിട്ടും ഉള്ളിൽ ഉടക്കി നിൽക്കുന്ന കഥാപാത്രം മഹിഷിയെന്ന ലീല തന്നെയാണ്. കഥ പറഞ്ഞവരാരും പറയാത്ത ഒരു മഹിഷിയെ ആണ് കഥാകാരൻ അയ്യപ്പനിൽ അവതരിപ്പിച്ചത്. നമ്മളിറക്കി വിട്ടാലും നമ്മളിൽ നിന്നിറങ്ങി പോകാതെ നോവൽ വായിച്ചു തീരുന്ന ഓരോരുത്തരേയും മഹിഷി വേട്ടയാടുമെന്ന് തീർച്ചയാണ്. അനുഭവങ്ങളുടെ നോവിൽ നമ്മളെടുത്തണിയുന്ന കൊമ്പുകൾക്ക് മോക്ഷം കിട്ടേണ്ടതുണ്ടെന്നും തിരിച്ചറിയും.

അയ്യപ്പനെന്നാൽ കാടാണ്! തൻ്റെ അവസ്ഥകളുടെ ഉത്തരമെന്തെന്ന് തേടി അയ്യപ്പനിലേക്ക് കല്ലും മുള്ളും ചവിട്ടി മലകയറിയെത്തിയവരെ എല്ലാം അതു നീയാണെന്ന് പറഞ്ഞ് അയ്യപ്പൻ മടക്കി അയച്ചു കൊണ്ടിരിക്കും. അവസ്ഥകളിൽ നിന്ന് അവസ്ഥകളിലേക്കുള്ള പ്രയാണമാണ് ജീവിതമെന്ന തിരിച്ചറിവിൽ ഇരുളടഞ്ഞ ഗുഹകളിലൊക്കെയും നമ്മൾ തന്നെ ഉണർവിൻ്റെ ജ്യോതി തെളിക്കും.

അമൃത സാകേതം

error: Content is protected !!