Āmi dēkhēchi ritu..ഞാന്‍ കണ്ട ഋതു..

റെയിൻകോട്ട്‌

നോവുകൾ ആത്മദുഃഖങ്ങളേയും കടന്ന് അസ്തിത്വദുഖങ്ങളിലേയ്ക്ക് ചേക്കേറുന്നത്, ഒരു കലാകാരന്റെ ജീവിതത്തിൽ സ്വാഭാവികം മാത്രം. ഒരുപക്ഷെ ആ നോവുകളാവും അയാളെ ഒരു ഉത്തമ കലാകാരനാക്കുന്നതും! ഋതുപർണ്ണഘോഷിന് തീർച്ചയായും വേദനകൾ അന്യമല്ല. അത് അദ്ദേഹത്തിന്റെ വർക്കുകളിൽ പ്രകടമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. അത്തരമൊരു ആത്മപ്രകാശനം എന്നു തോന്നിയ സിനിമയാണ്, ഓ. ഹെൻഡ്രിയുടെ ‘The Gift of Magi’ എന്ന ഷോർട്ട് സ്റ്റോറിയെ ആധാരമാക്കി ഋതുപർണ്ണോഘോഷ് അണിയിച്ചൊരുക്കിയ ചിത്രം ‘റെയിൻകോട്ട്‌’.

അജയ് ദേവ്ഗൺ – ഐശ്വര്യറായ് ജോഡിയിൽ ഭദ്രമായ, നോവുന്ന ഈ പ്രണയ കഥ, ഒരു മഴപെയ്യുന്ന കൽക്കട്ട മധ്യാഹ്നത്തിലേയ്ക്ക് ഇറങ്ങിപ്പോകുന്ന നായകൻറെ ഗതികേടിലേയ്ക്ക്, അയാളുടെ പതിനേഴുവർഷം മുൻപ് നഷ്ടപ്പെട്ട പ്രണയിനിയെ കൊണ്ടുവന്നു നിർത്തുന്നു. തന്റെ സാമ്പത്തികമായ അരക്ഷിതാവസ്ഥയ്ക്ക് മുന്നിൽ, ഒരുപക്ഷെ അതിനേക്കാളും ഏറെ തന്റെ കാമുകിയായിരുന്ന നീരജയെ കാണുകയെന്ന മോഹമാവണം മനോജിനെ അവളെ തേടി കണ്ടുപിടിക്കാൻ പ്രേരിപ്പിച്ചത്. തനിക്കു നല്കാനാവാത്ത ജീവിത സൗകര്യങ്ങൾ പ്രാപ്‌തമാക്കാനായി നീരു തന്നെ കണ്ടെത്തിയ, മെച്ചപ്പെട്ട ജീവിതം കാണുകയും അയാളുടെ ലക്ഷ്യമായിരുന്നു. അതിനായി, കടം വാങ്ങിയ റെയിൻകോട്ടുമായി മഴ തിമിർക്കുന്ന ആ തെരുവിലെത്തുമ്പോൾ അയാൾക്ക് സന്ദേഹമുണ്ടായത് സ്വാഭാവികം. മെച്ചപ്പെട്ട ജീവിതം ജീവിക്കുന്നവരുടെ വീടുകളുടെ ചിത്രമായിരുന്നില്ല അവിടെങ്ങും ഉണ്ടായിരുന്നത്. എന്നിട്ടും ഏറെ ശ്രമപ്പെട്ട് അയാൾ തുറപ്പിച്ച വാതിലിനു പിന്നിൽക്കണ്ടത്, വർഷങ്ങൾക്കു മുൻപ് വിട്ടുപോയ പെൺകുട്ടിയുടെ ഓജസ്സു ചോർന്ന മുഖമായിരുന്നു.

പഴകിയ ഒരു റെയിൻകോട്ടുപോലെ അവളെ നനയാതെ സംരക്ഷിച്ചിരുന്ന വാടകവീടും, പുകമറയിട്ടു അവർക്കിടയിൽ അകലം തീർത്തിരുന്ന മങ്ങിയ ഗ്ലാസ്സ് പാർട്ടീഷനും അവരുടെ തന്നെ ജീവിതത്തിന്റെ നേർചിത്രങ്ങളായി, വളരെ ബുദ്ധിപൂർവമായ ഒരു അവതരണ രീതിയാണ് ഘോഷ് ഈ ചിത്രത്തിൽ കൊണ്ടുവന്നിരിക്കുന്നത്. മനസ്സിലടങ്ങിക്കിടക്കുന്ന രണ്ടുപേരുടെയും ഈഗോയുണ്ട് അവരുടെ വർത്തമാന ജീവിതത്തിൽ, അതിനിണങ്ങിയ കളർ ടോൺ സിനിമയെ ഗൗരവമായി കാണുന്നവർക്കു ശ്രദ്ധിക്കാതെ വയ്യ. ഫ്ലാഷ്ബാക്ക്, അവരുടെ സന്തോഷങ്ങളിലേയ്ക്ക്, തെളിച്ചമള്ള ഭഗൽപൂരിലെ സായന്തനങ്ങളിലേയ്ക്ക് തിരിച്ചു വച്ച് മനസ്സിന് ലാഘവമുണ്ടാക്കുന്ന രംഗങ്ങളാണ് സിനിമ കാട്ടിത്തരുന്നത്.

ഏറ്റവും മോശമായ സാഹചര്യങ്ങളിലേയ്ക്ക് ജീവിതം അവരെ രണ്ടാളെയും വലിച്ചു കൊണ്ടുപോയെങ്കിലും പരസ്പരം അത് തുറന്നു പറയാനാവാതെ രണ്ടാളും ദുരഭിമാനം സംരക്ഷിക്കാനായി പറയുന്ന കള്ളങ്ങളും, അവയുടെ സത്യാവസ്ഥ അറിഞ്ഞിട്ടും വീണ്ടും തങ്ങളുടെ കള്ളങ്ങൾ പൊലിപ്പിച്ചെടുക്കേണ്ടി വരുന്ന നായികാ നായകന്മാരും, കഥയുടെ സത്ത ഒട്ടും ചോരാതെ അതു പകർത്തിയെടുത്ത ക്യാമറയും അങ്ങേയറ്റത്തെ സംവിധായ മികവുമായി ഒരു ഋതുപർണ്ണോഘോഷ് ചിത്രം കൂടി, 2004- ൽ പുറത്തിറങ്ങിയ റെയിൻകോട്ട്‌. എടുത്തുപറയേണ്ടുന്നത് ഇതിലെ ഗാനങ്ങളാണ്. പിയാ തോര കൈസാ അഭിമാൻ…(ഗുൽസാർ) മധുര നഗരപതി..(ഋതുപർണ്ണോഘോഷ്) (വരികൾ നൽകിയ) ഗാനങ്ങൾക്ക് ദേബജ്യോതി മിശ്രയുടെ മനംകവരുന്ന സംഗീതവും..

“Life is full of sniffles, sobs and smiles. With sniffles predominating.”
― O. Henry, ‘The Gift of the Magi’

ബിന്ദു ഹരികൃഷ്ണൻ

Leave a Reply

Your email address will not be published.

error: Content is protected !!