അരുണോദയം



വൃന്ദാവനത്തിലെ രാധാവല്ലഭ ക്ഷേത്രം.
കണ്ടു മടുത്ത ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു രീതിയിൽ ക്ഷേത്രത്തെ കാണാൻ ശ്രമിക്കുകയായിരുന്നു അയാളുടെ ക്യാമറ. തുരുതുരെ ക്യാമറ കണ്ണുകൾ തുറന്നടഞ്ഞു.
അതിനിടയിൽ എപ്പോഴോ ക്ഷേത്രനടയിൽ സാരി അലസമായി പുതച്ചു പരിസരം മറന്നു നിന്ന അവളും ക്യാമറയിൽ പതിഞ്ഞു!
ഫോട്ടോ സൂം ചെയ്തു നോക്കിയപ്പോഴാണ് അതിൽ പതിഞ്ഞ ആ സ്ത്രീരൂപം ശ്രദ്ധിച്ചത്.
എന്തുകൊണ്ടോ മനസ്സവളെ രാധയോട് ഉപമിക്കാൻ ശ്രമിച്ചു.

പക്ഷെ! അവൾ രാധയെ പോലെ സുന്ദരി ആയിരുന്നില്ല. കുറച്ച് തടിച്ച ശരീരം…. ചായം തേക്കാത്ത നഖങ്ങൾ…വളകളില്ലാത്ത കൈകൾ…. വിണ്ടുകീറലുള്ള കാൽപാദങ്ങൾ….വിഷാദം തളം കെട്ടി നിൽക്കുന്ന കണ്ണുകൾ….അവിടവിടെ നരകയറിയ തലമുടി.
പക്ഷെ! അവളുടെ മുഖം സൗന്ദര്യം നിറഞ്ഞ ഒരു യൗവനത്തിന്റെ അവശേഷിപ്പ് വിളിച്ചറിയിക്കുന്നുണ്ടായിരുന്നു.
അവളുടെ അരികിലൂടെ അവളെ ശ്രദ്ധിച്ചുകൊണ്ട് അയാൾ മുന്നോട്ട് നടന്നു.
അവൾ അപ്പോഴും അവൾക്ക് മാത്രം പരിചിതമായ മറ്റേതോ ലോകത്തായിരുന്നു.

വൃന്ദാവനത്തെ കുറിച്ച് ഒരു ഡോക്യൂമെന്ററി തയ്യാറാക്കാൻ എത്തിയതാണ് ശ്യാം മോഹൻ എന്ന അയാൾ.
അവിടെ അന്ന് കണ്ട കാഴ്ചകളിൽ ഒന്ന് മാത്രമായിരുന്നു അവളും.
ഡൽഹിയിൽ നിന്നും രാവിലെ ആണ് വൃന്ദാവനത്തിലെത്തിയത്.
ഹോട്ടലിൽ ബാഗ് വച്ച് ഫ്രഷ് ആയ ഉടനെ ഇറങ്ങിയതാണ്.
നല്ല ക്ഷീണം..
വഴിവക്കിലെ ഉന്തുവണ്ടികളിൽ വൃന്ദാവനത്തിന്റെ രുചി നിറയുന്ന ഭക്ഷണസാധനങ്ങൾ.
നല്ല വൃത്തിതോന്നിയ ഒരു സ്ഥലത്ത് നിൽക്കുന്ന ഉന്തുവണ്ടിയെ സമീപിച്ച് ഒരു മസാല ചായയും,കുൽച്ചയും ഓർഡർ ചെയ്ത് അടുത്തുള്ള ബെഞ്ചിൽ ഇരുന്നു.
സന്ധ്യകഴിഞ്ഞതേ ഉള്ളൂ. തളർന്നിരിക്കുന്നു….റൂമിലെത്തി ഒന്ന് കിടന്നാൽ മതി..
റോഡരികിലെ വെജിറ്റബിൾ മാർക്കറ്റിൽ വിലപേശലുകളുടെ ബഹളം.
ചുറ്റും നിറഞ്ഞ ബഹളങ്ങളുടെ നടുവിൽ ഇരുന്ന് അയാൾ ആഹാരം കഴിച്ചു ഒന്നും ശ്രദ്ധിക്കാതെ.
റൂമിൽ എത്തി വേഗം കുളിച്ചു….കിടന്നു.
നാളെ കുറച്ച് നേരത്തെ പോകണം. ഉദയസൂര്യന്റെ പ്രകാശത്തിൽ വൃന്ദാവനത്തിന്റെ സൗന്ദര്യം ഒപ്പിയെടുക്കണം.
ചിന്തകൾക്കിടയിൽ കണ്ണുകളെ ഉറക്കം തഴുകി.

പ്രേം മന്ദിർ ഉദയസൂര്യന്റെ പ്രകാശത്തിൽ തിളങ്ങി നിന്നു. ക്ഷേത്രം രാവിലത്തെ പൂജക്കായി തുറന്നതേ ഉള്ളൂ. ഒരു പറ്റം സ്ത്രീകൾ ഭജൻ പാടുന്നു.
കൃഷ്ണഭക്തിയിൽ മുഴുകി എല്ലാം മറന്നു പാടുന്നത് കൊണ്ടാവാം കാതുകൾക്ക് അതിമധുരമായി തോന്നുന്നത്.
ആ സ്ത്രീകളിൽ മിക്കവാറും എല്ലാവരും വിധവകളാണ്.
വൃന്ദാവൻ വിധവകളുടെ കൂടി നഗരമാണ്. ആശ്രയിക്കാൻ ആരുമില്ലാത്ത സ്ത്രീകളുടെ അഭയ കേന്ദ്രം.
അയാൾ വന്നതും വൃന്ദാവനത്തിലെ വിധവകളെ തേടിയാണ്.
ക്യാമറ ഭജൻ പാടുന്ന സ്ത്രീകളെ നോക്കി കണ്ണ് ചിമ്മി.
എടുത്ത ഫോട്ടോയിൽ ഒന്ന് കണ്ണോടിച്ചു പോകവേ ഇന്നലെ പതിഞ്ഞ അതേ മുഖം! കണ്ണടച്ച് ധ്യാനിച്ച് ഒരറ്റത്ത് അവൾ ഇരിക്കുന്നു.
‘അവളും വിധവയായിരിക്കുമോ? ‘
അയാളുടെ ജിജ്ഞാസ ഉണർന്നു.
ഭജൻ തീർന്നപ്പോൾ അവൾ എഴുന്നേറ്റ് പതിയെ പുറത്തേക്ക് നടന്നു.
തന്റെ ക്യാമറയിൽ അറിയാതെ പതിയുന്ന മുഖം.
അവളോട് സംസാരിക്കണം എന്ന് കരുതി പിൻതുടരുമ്പോൾ അവളെകുറിച്ചറിയാനുള്ള ആഗ്രഹം കൂടി വന്നു.
ഭജൻ ഗ്രൂപ്പിൽ നിന്ന് മാറി ഒറ്റക്കാണ് അവൾ നടക്കുന്നത്.
ക്ഷേത്രത്തിന്റെ വശത്തായുള്ള പടികളിൽ ഒന്നിൽ അവൾ ഇരുന്നു.
” നമസ്തേ ജി “
” നമസ്തേ “
അവൾ കൈകൂപ്പി.
” ആപ് കഹാസേ ? “
“കേരൾ സെ “
” മലയാളി!”
“അതേ “
മാതൃഭാഷ അവരിലെ അപരിചിതത്വം പൊടുന്നനെ ഇല്ലാതാക്കി. അയാൾ തന്നെ പരിചയപെടുത്തിയതിനൊപ്പം അവളെയും പരിചയപെട്ടു.
അരുണിമ മുഖർജി.
ഭർത്താവ് ബംഗാളിയായ അലോക് മുഖർജി. ഭർത്താവിന്റെ മരണശേഷം തന്റെ ആർക്കിയോളജിസ്റ്റ് ജോലി രാജിവച്ച് തീർത്ഥാടനം തുടങ്ങി, അങ്ങനെ വൃന്ദാവനത്തിലെത്തി.
“ഇവിടെ എന്നെ പിടിച്ചു നിർത്തുന്ന എന്തോ ഉണ്ട്. എത്തിയിട്ട് ഒരു മാസമായി. പക്ഷെ തിരിച്ച് പോകാൻ തോന്നുന്നില്ല! “
“വൃന്ദാവൻ അങ്ങനെയാണ് അരുണിമ. പ്രണയം കൊണ്ട് തീർത്ത ഈ നഗരം അങ്ങനെ ആകർഷിച്ചു കൊണ്ടേ ഇരിക്കും. “
“അരുണ എന്ന് വിളിക്കാം. അങ്ങനെയാണ് എല്ലാവരും വിളിക്കാറ്. “

വൃന്ദാവനം സജീവമായിരുന്നു അപ്പോഴേക്കും. ക്ഷേത്രത്തിലേക്കുള്ള റോഡ് കച്ചവടക്കാരെയും ഭക്തരെയും കൊണ്ട് നിറഞ്ഞു. തിരക്ക് നിറഞ്ഞ റോഡിലൂടെ അവർ ഒന്നിച്ച് നടന്നു. അയാൾ ഡോക്യൂമെന്ററിയുടെ ഡീറ്റെയിൽസ് അവളുമായി പങ്കുവച്ചു. നന്നായി സംസാരിക്കാനുള്ള അയാളുടെ കഴിവ് അവരിൽ പെട്ടെന്നൊരടുപ്പം നിറച്ചു.
സാമാന്യം തരക്കേടില്ല എന്ന് തോന്നിയ ഒരു ഹോട്ടലിൽ ബ്രേക്ക്ഫാസ്റ്റ് കഴിക്കാനായി കയറി.
അയാൾ അവളെ ശ്രദ്ധിച്ചു.
ചിരിക്കുമ്പോൾ അവളൊരു സുന്ദരിയാണ്. പക്ഷെ വിഷാദമാണ് സ്ഥായീഭാവം.
“ഭർത്താവ് മരിച്ച സ്ത്രീകൾ എന്തിനാണ് ഇങ്ങനെ വെള്ള ഉടുക്കുന്നത്? എല്ലാ സന്തോഷങ്ങളും ഉപേക്ഷിക്കുന്നത്? അരുണയും ഈ ആചാരങ്ങൾക്കൊക്കെ ഒപ്പമാണോ? കളർ വസ്ത്രങ്ങൾ ഉപയോഗിക്കാറില്ലേ? “
അവൾ ഒന്നും പറയാതെ മുന്നിലിരുന്ന ആഹാരം ശ്രദ്ധയോടെ കഴിച്ചു.

പിന്നീടുള്ള അവരുടെ യാത്രകൾ ഒന്നിച്ചായിരുന്നു. അവളുടെ ആർക്കിയോളജിയിലുള്ള അറിവ് അയാൾക്ക് സഹായമായി. ആശ്രമങ്ങളിലെ വിധവകളോട് സംസാരിക്കാൻ അവളും കൂടി. അതോടെ അയാളുടെ ജോലി എളുപ്പമായി.
ഡോക്യൂമെന്ററിക്ക് വേണ്ട വിവരങ്ങൾ ശേഖരിച്ചു തീർന്ന ദിവസം, അവർ വീണ്ടും രാധാവല്ലഭ ക്ഷേത്രത്തിൽ തിരിച്ചെത്തി. അയാളുടെ ക്യാമറക്ക് വിശ്രമം കൊടുത്ത് തിരക്കില്ലാത്ത ഒരിടത്ത് ഒന്നിച്ചിരുന്നു.

“വൃന്ദവനത്തിലെ ജീവിതം അവസാനിപ്പിക്കാൻ സമയമായി… അടുത്ത ആഴ്ച തിരിച്ചു പോകും ഞാൻ “
അവൾ ഒന്നും മിണ്ടാതെ ദൂരേക്ക് കണ്ണും നട്ടിരുന്നു.

“അരുണാ…പലതവണ ചോദിച്ചിട്ടും നീ നിന്റെ കഥ പറഞ്ഞില്ല.. പോകുന്നതിന് മുൻപ് എനിക്കതറിയണം “

“അത് വേണോ… എന്നെക്കുറിച്ചറിയാതെ ഈ സൗഹൃദത്തിൽ

പിരിഞ്ഞാൽ പോരേ?”

“എന്നെ കുറിച്ചെല്ലാം നിനക്കറിയാം ഇപ്പോൾ….പക്ഷെ നീ എനിക്ക് ഒരു കടംകഥയാണ് ഇന്നും. പറയാൻ ബുദ്ധിമുട്ടില്ലെങ്കിൽ… “
അവൾ അയാളുടെ കണ്ണുകളിലേക്ക് നോക്കി. അതിൽ ഒരു സ്നേഹസാഗരം മാത്രമേ അവൾ കണ്ടുള്ളൂ. അല്ലെങ്കിലും
അയാളുടെ സ്നേഹവും കരുതലും ഒരു മാസമായി അവൾ അനുഭവിക്കുന്നുണ്ടായിരുന്നു.
“ശരി, ഞാൻ പറയാം.”

അവൾ പറഞ്ഞു തുടങ്ങി
“അച്ഛന് കൽക്കട്ടയിൽ ബിസിനസ്സ് ആയിരുന്നു. അച്ഛന്റെ പാർട്ണർ ആയിരുന്നു അലോകിന്റെ അച്ഛൻ. 7 വയസ്സുള്ളപ്പോഴാണ് എന്റെ അമ്മ ഒരു റോഡാക്സിഡന്റിൽ മരിക്കുന്നത്. അമ്മയുടെ മരണം അച്ഛനെ തളർത്തി. പതിയെ അച്ഛൻ ഒരു മദ്യപാനിയായി. ആരും ശ്രദ്ധിക്കാനില്ലാത്ത എന്നെ അലോകിന്റെ അച്ഛനും അമ്മയും സ്നേഹത്തോടെ ചേർത്ത് പിടിച്ച് വളർത്തി… പഠിപ്പിച്ചു….അവസാനം ആഗ്രഹിച്ച ജോലിയും നേടി. ജന്മനാ ഹൃദ്രോഗിയായിരുന്നു അലോക്. അലോകിന്റെ അച്ഛനും അമ്മയും അവരുടെ കാലം കഴിഞ്ഞാൽ ഒറ്റക്കായി പോകുന്ന അവനെകുറിച്ച് ആകുലപ്പെട്ടിരുന്നു. ഒരുപാട് സ്നേഹം തന്ന അലോകിന്റെ വീട്ടുകാർക്ക് തിരികെ നൽകാൻ ഉണ്ടായിരുന്നത് സ്വന്തം ജീവിതം തന്നെ ആയിരുന്നു. അലോകുമായുള്ള വിവാഹം…അലോക് ഒറ്റക്കാവാതിരിക്കാൻ. അധികം വൈകാതെ അലോകിന്റെ അച്ഛനും അമ്മയും മരിച്ചു….മദ്യത്തിനടിമപ്പെട്ട എന്റെ അച്ഛനും. അതോടെ കേരളത്തിലേക്കു മാറി. അലോക് മനസ്സറിഞ്ഞു സ്നേഹിച്ചിരുന്നു. അതിൽ കൂടുതൽ ഒന്നും അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല. കുട്ടികൾ എന്ന മോഹം ഉണ്ടായിരുന്നില്ല.
നിരാശ തോന്നിയിരുന്നില്ല ഒരിക്കലും. ഒടുവിൽ അലോകും പോയി. ആരുമില്ലാതെ ഭൂമിയിൽ ഒറ്റക്കായ നിമിഷം. യാത്ര ചെയ്യാൻ തീരുമാനിച്ചത് അപ്പോഴാണ്. മനസ്സിൽ ഒളുപ്പിച്ച ആഗ്രഹങ്ങളിൽ ഒന്നായിരുന്നു വൃന്ദാവനം കാണുക എന്നത്….അങ്ങനെ ഇവിടെ എത്തി. വൃന്ദാവനത്തിൽ അഭയം തേടിയ മറ്റൊരു വിധവ.”

അവൾ പറഞ്ഞു നിർത്തി.

ജയശങ്കറിന്റെ മനസ്സ് അപ്പോൾ അറിയാതെ ഡൽഹിയിലെ തന്റെ വീട്ടിലേക്കു പോയി. ഭാര്യയും ഏകമകളും. അവർക്ക് വേണ്ടിയാണ് ജീവിക്കുന്നത്. എങ്കിലും ഒന്നിലും തൃപ്തിവരാതെ നിരന്തരം കുറ്റപ്പെടുത്തുന്ന ഭാര്യ. വിവാഹം കഴിഞ്ഞ അന്ന് മുതൽ ഈ മധ്യവയസ്സ് വരെ അതിനൊരു മാറ്റവും വന്നില്ല. ഈയിടെയായി മടുപ്പ് തോന്നുന്നു. മനസ്സ് തുറന്നൊന്നു സംസാരിക്കാനോ സ്നേഹിക്കാനോ ആരുമില്ല എന്ന തോന്നൽ ശക്തമാകുന്നു.
പക്ഷെ! ഇവൾ നിസ്സ്വാർത്ഥ സ്നേഹത്തിന്റെ ഉദാഹരണം. അയാൾക്ക് അവളോട് ആരാധന തോന്നി. മനസ്സിൽ തോന്നിയ അസ്വസ്ഥത മറക്കാനെന്നവണ്ണം അയാൾ തന്റെ മൊബൈൽ അവളുടെ നേരെ നീട്ടി. ഡാൻസ് ഡ്രെസ്സിൽ സുന്ദരിയായ ഒരു പെൺകുട്ടി വാൾപേപ്പറിൽ നിറഞ്ഞു നിൽക്കുന്നു.
” മോളുടെ ഇന്നലത്തെ പെർഫോമൻസ് ഫോട്ടോ ആണ്.”
” പ്ലസ് ടുവിൽ എന്നല്ലേ പറഞ്ഞത്”
” അതേ, അവൾക്ക് ഡാൻസ് ആണ് ഇഷ്ടം. അതിൽ തന്നെ ഡോക്ടറേറ്റ് എടുക്കണം എന്നാണ് ആഗ്രഹം.”
അയാൾ മകളുടെ വിശേഷങ്ങളിൽ വാചാലനായി. അരുണക്ക് അയാളുടെ മകളെ നെഞ്ചോട് ചേർത്ത് പിടിക്കാൻ കൊതി തോന്നി. നേരത്തെ തന്നെ ഭാര്യ രുഗ്മയും അവളുടെ മുന്നിൽ അവതരിക്കപ്പെട്ടിരുന്നു ഉത്തമയായ ഭാര്യയായി. പക്ഷെ! സംതൃപ്തമായ ദാമ്പത്യത്തെകുറിച്ച് വാ തോരാതെ സംസാരിച്ച അയാളുടെ കണ്ണിൽ നിറഞ്ഞു നിന്ന നിരാശ കണ്ടിട്ടും അവളൊന്നും ചോദിച്ചില്ല. എന്തുകൊണ്ടോ കൂടുതലൊന്നും ചോദിക്കാതെ അയാളെ കേട്ടിരിക്കാനായിരുന്നു അവൾക്കിഷ്ടം.

തുടർന്നുള്ള ദിവസങ്ങളിൽ അവർ സ്വതന്ത്രരായി വൃന്ദാവനത്തിൽ ചുറ്റി നടന്നു. വൃന്ദാവനത്തിന്റെ മുക്കും മൂലയും പരിചിതമായിരുന്ന അവൾ അയാൾക്ക് വൃന്ദാവനത്തെ അവളുടെ കണ്ണിലൂടെ പരിചയപ്പെടുത്തി. സംസാരിച്ചു മതിവരാത്തവരായി അവർ വൃന്ദാവനത്തിന്റെ തെരുവുകളിൽ ഒന്നിച്ച് നടന്നു. ഒറ്റക്കല്ല എന്ന് ഓർമിപ്പിക്കാനെന്നവണം ചിലപ്പോഴൊക്കെ അയാൾ അവളുടെ കൈകൾ ചേർത്ത് പിടിച്ചു. അയാൾ അവളുടെ സാന്നിധ്യം ഏറെ ഇഷ്ടപ്പെട്ടിരുന്നു. അവളും ആ സ്നേഹം ആസ്വദിച്ചു. ഒറ്റക്കല്ല എന്നൊരു തോന്നൽ അവളിൽ നിറഞ്ഞു നിന്നു.
വിഷാദം അസ്തമിച്ച് അവളുടെ മുഖത്ത് ചിരി ഉദിച്ചു തുടങ്ങി.

ഡൽഹിയിലേക്ക് തിരിച്ച് പോകുന്നതിന്റെ തലേന്ന് അയാൾ അവളെയും കൂട്ടി യമുന ആരതി കാണാൻ പോയി.മനസ്സു കുളിർക്കുന്ന ഒരു കാഴ്ച്ചയാണ് യമുന ആരതി. ദീപങ്ങളുടെ നടുവിൽ നിൽക്കുന്ന അരുണയും ഒരു നിലവിളക്ക് പോലെ ആയിരുന്നു.
ബാഗിൽ നിന്നും അയാൾ ഒരു പാക്കറ്റ് എടുത്ത് അവൾക്കു നേരെ നീട്ടി…..
ചുവപ്പും കറുപ്പും ചേർന്ന ഒരു സാരി….
“നാളെ….. “ബാക്കി മുഴുമിപ്പിക്കാതെ നിർത്തി.
വെള്ളസാരിയിൽ നിന്നും അവളെ മോചിപ്പിക്കാൻ അയാൾ ആഗ്രഹിച്ചിരുന്നു.

നിധിവൻ…രാധാകൃഷ്ണ സംഗമസ്ഥാനം.
ദൈവങ്ങൾ പോലും കാണാൻ ആഗ്രഹിച്ച കൃഷ്ണരാധ രാസലീല നടക്കുന്നത് അവിടെയാണ്.
തന്റെ നേരെ നടന്നു വരുന്ന ആ സ്ത്രീ അരുണയാണെന്ന് മനസ്സിലാക്കാൻ അയാൾ സമയം എടുത്തു. അവൾക്ക് സാരി നന്നായി ചേരുന്നുണ്ടായിരുന്നു.
അവളുടെ അഴിഞ്ഞു കിടന്ന മുടി കാറ്റിൽ പറക്കുന്നുണ്ടായിരുന്നു.
നെറ്റിയിൽ ചുവന്ന വലിയ സിന്ദൂരപൊട്ട്….കറുപ്പിച്ചെഴുതിയ കണ്ണുകൾ… കൈകളിൽ വളകൾ….നഖങ്ങളിൽ ചായങ്ങൾ. അവളുടെ കാലുകളിൽ കൊലുസ് കുലുങ്ങി ചിരിച്ചു.
അയാൾ അന്നത്തെ ഉദയം കണ്ടത് അവളുടെ മുഖത്തായിരുന്നു. ‘അരുണോദയം.’
കണ്ണ് എടുക്കാതെ നോക്കി നിന്നു പോയി.
അവൾ ചിരിച്ചു കൊണ്ട് അടുത്ത് വന്ന് ചേർന്ന് നിന്നു. രാധയെ കണ്ട കൃഷ്ണനെ പോലെ അയാൾ അവളെ ചേർത്ത് പിടിച്ചു.

“ഗോപികമാരെന്നു സങ്കല്പിക്കപെടുന്ന 16008 മരങ്ങൾ ഉണ്ട് നിധിവനിൽ. രാത്രിയിൽ അവർ ഗോപികമാരാവും. കൃഷ്ണരാധാ രാസലീലക്ക് മാറ്റുകൂട്ടാൻ. സൂര്യാസ്തമനത്തോടെ രംഗമഹൽ രാധാകൃഷ്ണ പ്രണയത്തിനു സാക്ഷിയാവും.”

രംഗമഹലിലെ സ്വാമിജി പറഞ്ഞു നിർത്തി. രംഗമഹലിൽ നിന്നും തിരികെ നടക്കുമ്പോൾ അരുണ രാധാകൃഷ്ണ പ്രണയത്തെകുറിച്ച് വാചാലയായി.
“ഈ ഭൂമിയിലെ ഏറ്റവും പവിത്രമായ പ്രണയം,രാധാകൃഷ്ണ പ്രണയം. രാധ ജീവാത്മാവും കൃഷ്ണൻ പരമാത്മവുമാണ്. രാധയുടെ നിസ്സ്വാർത്ഥ സ്നേഹമാണ് ഏറ്റവും വലിയ ഭക്തി. അവരെന്നും ഒന്നാണ് യുഗയുഗാന്തരങ്ങൾക്ക് ഇപ്പുറത്തും”
അയാൾ അവളിൽ ഒരു രാധയെ കാണുകയായിരുന്നു അപ്പോൾ. കോർത്തുപിടിച്ചിരുന്ന കൈകൾ ഒന്നുകൂടെ അയാൾ ഇറുകെ പിടിച്ചു. പരസ്പരം ഒന്നും പറഞ്ഞില്ലെങ്കിലും വിരഹത്തിന്റെ അലയടികൾ ആ മനസ്സുകളിൽ നിറഞ്ഞു.
ഒന്നിച്ച് നടന്ന തെരുവുകളിലൂടെ അവർ വീണ്ടും കൈ പിടിച്ച് നടന്നു പിരിയാൻ കഴിയാതെ. അയാൾ വാച്ചിൽ നോക്കി 6 മണിയാവുന്നു.

“7മണിക്ക് റെയിൽവേസ്റ്റേഷനിൽ എത്തണം. “


തിരികെ ഹോട്ടലിലേക്ക് നടക്കുമ്പോൾ അരുണ തികച്ചും ശാന്തയായിരുന്നു.
ഹോട്ടലിന്റെ ലോബിയിൽ വെയിറ്റ് ചെയ്യാൻ പറഞ്ഞ്, ബാഗ് എടുക്കാൻ റൂമിലേക്ക് നടന്നു.
ബാഗ് പാക്ക് ചെയ്ത് വച്ചിരുന്നു. ബാഗ് എടുത്ത് റൂം ലോക്ക് ചെയ്യുമ്പോൾ അയാളുടെ ഹൃദയം വല്ലാതെ വിങ്ങി. കണ്ണുകൾ നിറഞ്ഞു കവിയുമോ എന്നയാൾ ഭയപ്പെട്ടു. ചെക്ക്ഔട്ട് ചെയ്ത് ഒരു ടാക്സിയിൽ അരുണക്കൊപ്പം റെയിൽവേസ്റ്റേഷനിലേക്ക് പുറപ്പെട്ടു. ടാക്സിയിൽ ഇരിക്കുമ്പോഴും അരുണ അയാളുടെ കൈകളിൽ മുറുകെ പിടിച്ചിരുന്നു.
” ഞാനും നാളെ തിരിച്ചു പോകുവാണ് പാലക്കാടേയ്ക്ക്. ഇനി ഇവിടെ നിൽക്കാനാവില്ല. “
അവളുടെ വേദന അറിഞ്ഞിട്ടും അയാൾ നിർവികാരനായി ഒന്നു മൂളി.

റെയിൽവേ സ്റ്റേഷനിലും അയാളുടെ കൈ പിടിച്ച് അവൾ നിന്നു. ആ യാത്ര അനിവാര്യമാണ് എന്ന് അവൾക്കും അയാൾക്കും അറിയാമായിരുന്നു. ട്രെയിൻ അനൗൺസ്മെന്റ് മുഴങ്ങി.
ഒരു നിമിഷം അരുണ ആ കൈകൾ ഇറുക്കി പിടിച്ചു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
അയാൾ അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു, വിട്ട് പോകാൻ ഇഷ്ടമില്ലാതെ….നെഞ്ചിൽ തല ചായ്ച്ചു അവൾ ഹൃദയം പൊട്ടി കരഞ്ഞു.
അവളുടെ കൈകൾ അയാളെ പൊതിഞ്ഞു പിടിച്ചിരുന്നു. രാധ കൃഷ്ണനിൽ ലയിച്ചത് പോലെ ശരീരം ഇല്ലാതെ ആത്മാവ് മാത്രമായി അയാളിലേക്ക് ലയിച്ചു ചേരാൻ അവൾ കൊതിച്ചു. അവളുടെ ശരീരത്തിന്റെ ഇളം ചൂട് തന്റെ ആത്മാവിനു ജീവൻ പകരുന്നതായി അയാൾക്കും തോന്നുന്നുണ്ടായിരുന്നു. കൃഷ്ണനെയും രാധയെയും പോലെ ആത്മാവുകൾ ഒന്നുച്ചേർന്ന രണ്ട് ശരീരങ്ങളായി അവരും.

ട്രെയിൻ ചൂളം വിളിച്ചു അവരെ വേദനിപ്പിച്ചു അടുത്ത് വന്നുകൊണ്ടേയിരുന്നു.
അരുണ അയാളിൽ നിന്നും അകന്നു മാറി. ബാഗ് എടുത്ത് യാത്ര പറച്ചിലിന്നെന്നവണ്ണം അവൾക്കു നേരെ കൈ നീട്ടി. അവൾ ആ കൈയിൽ മുഖം അമർത്തി പൊട്ടികരഞ്ഞു. കണ്ണുനീർ കൈകളിലൂടെ ഒഴുകി അയാളുടെ കാലിൽ പതിച്ചു കൊണ്ടേ ഇരുന്നു.
കണ്ണുനീരിനാൽ ആ കാലുകൾ ശുദ്ധമാക്കപ്പെട്ടു.
അതൊരു യാചന ആയിരുന്നു….ഒറ്റക്കാക്കി പോകരുതേ എന്ന യാചന.
അവൾ രാധയായിരുന്നു.
ഈ യുഗത്തിലെ രാധ.
പക്ഷെ! അയാൾ കൃഷ്ണനായിരുന്നു.
സംസാരബന്ധനത്തിൽ അകപ്പെട്ടു പോയ കൃഷ്ണൻ.
അവളുടെ കണ്ണുനീർ കാണാതെ പോയേ പറ്റൂ…കണ്ണുനീരിന്നാൽ ശുദ്ധമാക്കപ്പെട്ട കാലുകൾ വലിച്ചു വച്ച് അയാൾ നടന്നു,തിരിഞ്ഞു നോക്കാതെ.
അയാൾ ഭയപ്പെട്ടിരുന്നു എന്ന് വേണം കരുതാൻ. തിരിഞ്ഞു നോക്കിയാൽ അവളുടെ കണ്ണിലെ തന്നോടുള്ള സ്നേഹം അയാൾക്ക് കാണാതിരിക്കാൻ പറ്റില്ല.
അതിനെ എതിർത്ത് പോകാൻ പറ്റില്ല.
അതിനാൽ അയാൾ തനിക്കാവുന്ന വേഗത്തിൽ തിരിഞ്ഞു നോക്കാതെ നടന്നു.

ട്രെയിനിൽ കയറി സീറ്റിൽ ഇരുന്നതിന് ശേഷം അയാൾ അരുണയെ നോക്കി. ആശ്രയമറ്റ് ഒരു പ്രതിമകണക്കെ നിൽക്കുന്നു അവൾ. ഹൃദയം പറിഞ്ഞു പോകുന്ന വേദനയായിരുന്നു ആ കാഴ്ച്ച! ‘വയ്യ, അവളെ ഒറ്റയ്ക്കാക്കാൻ വയ്യ!’
അയാൾ ട്രെയിനിൽ നിന്നും തിരിച്ചിറങ്ങി അവളുടെ അടുത്തോടിയെത്തി ചേർത്തു പിടിച്ചു. നെറ്റിയിൽ ചുംബിച്ചു.
” ഞാൻ വരും… പാലക്കാടേയ്ക്ക്… ഈ കണ്ണുകൾ ഇനി നിറയരുത്.”
അരുണയ്ക്ക് ഒരു നിമിഷം താൻ സ്വപ്നലോകത്താണെന്ന് തോന്നി. അവിശ്വസനീയത മാറും മുൻപേ അയാൾ തിരികെ ട്രെയിനിൽ കയറി. ട്രെയിൻ നീങ്ങി തുടങ്ങി. ഒരു ദീർഘനിശ്വാസത്തോടെ അയാൾ സീറ്റിലിരുന്നു. ഹൃദയത്തിന്റെ ഭാരം കുറഞ്ഞിരിക്കുന്നു. കണ്ണുകൾ അരുണയെ തേടി. നിറചിരിയുമായി കൈ വീശി കാണിക്കുന്നുണ്ടായിരുന്നു അവൾ. മറ്റുകാഴ്ചകളൊന്നും അവളുടെ ചിരിക്കുന്ന മുഖം മായ്ക്കാതിരിക്കാൻ അയാൾ കണ്ണുകൾ ഇറുകെ അടച്ചു. മുല്ല പൂക്കൾ നിറഞ്ഞു നിൽക്കുന്ന പാലക്കാട്ടെ അരുണയുടെ പഴയ തറവാടും അവിടെ തന്നെ കാത്തിരിക്കുന്ന അരുണയും അയാളുടെ ജീവിതത്തിന് പുതിയ നിറം നൽകി.

രമ്യ ഗോവിന്ദ്

ചിത്രീകരണം: സംഗീത് ബാലചന്ദ്രൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!