ഒരു നുള്ള് കഥ

ഞാൻ ഒരു കഥ പറയാം… ഓരോ കഥകളും, അതിൻ്റെതായ ഒരു ദൗത്യം നിർവ്വഹിക്കുന്നു എന്ന് വേണം കരുതാൻ. പറയുവാനുള്ള കഥയും അതിൻ്റെ ദൗത്യവും തിരഞ്ഞെടുക്കുകയാണ് ആദ്യ പടി. നിത്യമായ മടിയുടെ ഭാരം ചുമക്കുന്ന ഞാൻ ഇങ്ങനെ ഒരു ധർമ്മം ഏറ്റെടുക്കുന്നതിൽ ഒരു പോരായ്മ ഉണ്ട് എന്ന് തന്നെ കരുതുക. എങ്കിലും കഥകളെ കുറിച്ച് ചിലതൊക്കെ ആധികാരികമായി എനിക്കു പറയാൻ സാധിക്കും.

മരിച്ചു കിടക്കുന്ന അക്ഷരങ്ങൾ ആണ് കഥയുടെ വാഹകർ എന്ന മിഥ്യാ ബോധത്തെ അതിജീവിക്കാൻ എനിക്ക് സാധിച്ചിരിക്കുന്നു. കഥകൾ നമുക്ക് ചുറ്റും ഉണ്ട്, അവ നമ്മളിലൂടെ ഒഴുകി, പല മാനങ്ങളിൽ (Dimension), പല മാനിഫോൾഡുകളായി മാന്ത്രികക്കോണുകൾ സൃഷ്ടിക്കുന്നു. കാഴ്ചയിലുള്ള മനുഷ്യ പരിമിതികളെ മറികടക്കാൻ എൻ്റെ സാങ്കേതിക പരിജ്ഞാനത്തിൽ തീർത്ത സ്ഫടികത്തിലൂടെ നോക്കിയാൽ നമ്മുക്കു ചുറ്റും പരന്നു കിടക്കുന്ന കഥകളെ കാണാം.

കഥകൾ ഇപ്പോൾ എനിക്ക് മുകളിലായി പടർന്നു കിടക്കുകയാണ്. ധ്രുവദീപ്തി പോലെ പല വർണ്ണങ്ങൾ കഥയിലൂടെ ഒഴുകിക്കൊണ്ടിരുന്നു. കഥകൾ നൽകുന്ന ആകാശ കാഴ്ചയുടെ നികവിൽ ഞാൻ ആശങ്കയോടെ ഇരുന്നു. ഏതു കഥയാണ് ഞാൻ തിരഞ്ഞെടുക്കേണ്ടത്? എവിടെ നിന്നാണ് തുടങ്ങേണ്ടത്? എവിടെ നിന്ന് വേണമെങ്കിലും തുടങ്ങാം, കാരണം ഞാൻ മനസിലാക്കിയ കഥകൾക്ക് തുടക്കവും ഒടുക്കവും ഇല്ല. അവ കാലത്തിലും, സ്ഥലത്തിലും അനന്തമായി കിടക്കുന്നു. എവിടെ നിന്ന് തുടങ്ങിയാലും, എവിടെ അവസാനിപ്പിച്ചാലും കഥ അതിൻ്റെ സമ്പൂർണത നിലനിർത്തുന്നു. സമ്പൂർണത എന്നാൽ, ഒരു കഥയിൽ നിന്നും ഒരു നുള്ള് എടുത്താലും, ഒരു കെട്ട് എടുത്താലും അതിനു ഒരേ കഥയാണ്.

സങ്കീർണ്ണമായ കുരുക്കുകളാൽ കഥകൾ പരസ്പരം വേർതിരിക്കാൻ ആകാത്തവിധം ബന്ധിക്കപ്പെട്ടതായി എൻ്റെ സ്ഫടികത്തിലൂടെയുള്ള സൂക്ഷ്മ പരിശോധനയിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്. ഒരു കാര്യം കൂടി സൂചിപ്പിക്കാം, കഥ സഞ്ചരിക്കാറില്ല, അത് സ്ഥായിയാണ്, മനുഷ്യനും, ഭൂമിയും, മറ്റ് എല്ലാ ജീവജാലങ്ങളും, ജീവൻ ഇല്ലാത്തവയും കഥയിലൂടെ സഞ്ചരിക്കുന്നു. “Eulerian” രീതി അങ്ങനേയും വിശേഷിപ്പിക്കാം. ‘ഇവിടെ കഥ നടക്കുന്നു’ എന്ന പ്രയോഗം വരെ തെറ്റാണെന്ന് എൻ്റെ പ്രബന്ധം പറയുന്നു. കഥകൾ എല്ലാം നോക്കി കാണുന്നു, ചലിക്കുന്നതും ചലിക്കാത്തതുമായ എല്ലാം തന്നിലേക്ക് എടുക്കുന്നു. ഒരു തരം Black Hole. എല്ലാം ഒന്നായും ഇല്ലാതായും മാറുന്ന ഇടം. അതാണ് കഥ. മരണമോ ജനനമോ ഇല്ലാത്ത കഥകൾ. വിസ്മൃതിയുടേയും ഗൃഹാതുരത്വത്തിന്റെയും ഭാരം കഥകൾ കൊണ്ട് നടക്കാറില്ല. ഘനമില്ലാത്ത കഥകൾ ഓർമയിലൂടെയും വിസ്മൃതിയിലൂടെയും ഒഴുകി നടക്കുന്നു. അവയിലൂടെ നിറങ്ങൾ ഒഴുകുന്നു എങ്കിലും, കഥകൾക്ക് നിറമോ, മണമോ, രുചിയോ ഇല്ല. കഥയില്ലാത്തവനേയും വിശ്വകഥകൾ രചിച്ചവനേയും എൻ്റെ സ്ഫടികത്തിലൂടെ വേർതിരിക്കാൻ കഴിയാത്ത, മണമോ, നിറമോ ഇല്ലാത്ത, ഒരേ പ്രകാശം വമിക്കുന്ന, പരസ്പരം ഇഴുകിച്ചേർന്ന കഥാശൽകങ്ങൾ ആയി കാണാൻ കഴിയും.

കഥകളുടെ ക്ഷീരപഥത്തിൽ നിന്നും, ഏറ്റവും പുതിയതും മനോഹരവുമായ കഥ വേണം നിങ്ങൾക്ക് വേണ്ടി തിരഞ്ഞെടുക്കേണ്ടത്. നൂറ്റാണ്ടുകളായി കഥകളെ വീക്ഷിക്കുന്ന ഞാനും എൻ്റെ സ്ഫടികവും ഇതുവരെ കാണാത്ത ഒരു കഥ, അത് സ്ഥലത്തിലും കാലത്തിലും ദൂരെ, എവിടെയോ അതിൻ്റെ സാന്നിധ്യം അറിയിച്ചു കൊണ്ടിരിക്കുന്നു. ദൂരക്കാഴ്ചയുടെ പുതിയ സാങ്കേതിക വിദ്യയിലൂടെ ഞാൻ ആ കഥയിലേക്ക് അടുത്തു. നിങ്ങൾക്കു വേണ്ടി ഞാൻ തിരഞ്ഞെടുത്ത ഈ കഥക്ക്, എന്നാൽ ഘനം ഉണ്ടായിരുന്നു, ഗന്ധം ഉണ്ടായിരുന്നു. മനുഷ്യ നിർമിതമായ ഭാഷയുടെ ചട്ടക്കൂടിൽ ഒതുങ്ങന്നതായിരുന്നില്ല എൻ്റെ ഈ കഥയുടെ നിതാന്തമായ ആകർഷണത.

വിശാലമായ കഥകളുടെ ഇടയിൽ നിന്നും എനിക്ക് ആ നുള്ള് കഥയെ നിങ്ങൾക്കു വേണ്ടി അടർത്തി എടുക്കാൻ സാധിച്ചില്ല. ചുറ്റുമുള്ള കഥകൾക്കിടയിൽ ആ കഥ വേർതിരിക്കാനാവാത്ത വിധം അലിഞ്ഞു കിടന്നു. യുഗങ്ങളുടെ അറിവിലും, ഞാൻ പഠിച്ച ശാസ്ത്രത്തിൻ്റെ, സാങ്കേതികതയുടെ നിറവിലും, എൻ്റെ പരീക്ഷണശാലയിൽ നിർമിച്ച യന്ത്രത്താൽ ഞാൻ ആ കഥയെ വേർപെടുത്തി. എൻ്റെ മുൻപിൽ പ്രപഞ്ചം നിശ്ചലമായി. എൻ്റെ കഥാശൽകം നിന്നിടത്തു നിന്നും അതി ശക്തമായ വിസ്ഫോടനം ഉണ്ടായി. ഇഴുകി ചേർന്നിരുന്ന കഥകൾ ഒന്നിൽ നിന്നും വേർപെട്ടു തുടങ്ങി. അവ ശിഥിലീകരിച്ചു. പല ദിക്കുകളിലേക്കും കഥകൾ ചിതറി വീണു. കഥകളുടെ ചീളുകൾ കൊണ്ടുണ്ടായ മുറിവിലൂടെ ഒഴുകി തളം കെട്ടിയ എൻ്റെ ചോരയിൽ പല കഷ്ണങ്ങളായി കഥകൾ ചിതറി കിടന്നു. ഓരോ കഥാശൽകങ്ങൾക്കും ഘനം ഉണ്ടായി, കഥകൾ ഇല്ലാതായി. എനിക്ക് താഴെ, എനിക്ക് ചുറ്റും പല നിറങ്ങളിൽ കോടാനുകോടി കഥയില്ലാത്ത കഥാശൽകങ്ങൾ ഘനീഭവിച്ചു കിടന്നു.

ഇപ്പോൾ ഞാൻ എൻ്റെ പരീക്ഷണശാലയിലാണ്. ഞാൻ അടർത്തിയെടുത്ത എൻ്റെ ആ നുള്ള് കഥയിലേക്ക് കഥകൾ ലയിപ്പിക്കണം. താഴെ ചിതറി കിടക്കുന്ന കഥകളിൽ കഥകൾ ലയിപ്പിക്കണം. ഓരോ കഥയേയും അതിൻ്റെ അടുത്ത കഥയുമായി യോജിപ്പിക്കണം. അതിനു ഒരു പശ നിർമ്മിക്കണം. അങ്ങനെ കഥ മെനയണം.

എന്ന് കഥയിലെ ശാസ്ത്രജ്ഞൻ

രചന: രതീഷ്. ആർ
ചിത്രീകരണം: സംഗീത് ബാലചന്ദ്രൻ

Leave a Reply

Your email address will not be published.

error: Content is protected !!