ഓട്ടം

ആത്മീയതയുടെ പടവുകൾ ചവിട്ടുന്ന നമ്മൾ ചിലപ്പോൾ ആയിരം മീറ്റർ ഓട്ടക്കാരനോട് സദൃശം.. ആനന്ദത്തിന്റെ സമതലങ്ങൾ നീന്തുന്ന നമ്മൾ പതിനായിരം മീറ്റർ ഓട്ടക്കാരനോടും.

തുടങ്ങുമ്പോൾ വല്ലാതെ കിതക്കും.. പരിചയക്കുറവ്, അനായാസമില്ലായ്മ, ശാരീരിക ക്ഷീണം എന്നിവ തുടക്കത്തിൽ തന്നെ ഓട്ടം അവസാനിപ്പിക്കാനുള്ള വഴി തെളിക്കും.

ആദ്യദിനം പത്തു മീറ്റർ, അടുത്ത ദിനം ഇരുപത്.. പിന്നെ മുപ്പത്.. അങ്ങനെ അനുദിനം മുൻപോട്ടു പൊയ്ക്കൊണ്ടേയിരിക്കുക.

പലപ്പോഴും തലേദിവസം ഓട്ടം നിർത്തിയിടത്തുനിന്നും വീണ്ടും തുടങ്ങാനാവില്ല, കാരണം രാത്രികളിൽ ബോധം നിങ്ങളെ വല്ലാതെ തലോടി ഓട്ടം തുടങ്ങിയിടത്തു കൊണ്ടു നിർത്തും. എങ്കിലും അതിരാവിലെ ഉണർന്നു മുന്നോട്ടു നോക്കുക, ഉതപ്പിനെയെല്ലാം ഉടച്ചുകളഞ്ഞു വീണ്ടും കുതിക്കുക.

കൂടെ ഓടുന്നവർ വളരെ ചുരുക്കമായിരിക്കും. ഓടുന്നുണ്ടെങ്കിലും പലപ്പോഴും അവരുടെ നോട്ടം നിനക്ക് പ്രചോദനമാകുന്നതിനു പകരം, നിന്നുപോകാനുള്ള പ്രലോഭനമാകാറുണ്ട്. കണ്ണുകളഞ്ചുമടച്ച്, ഒരു ദീർഘനിശ്വാസമെടുത്ത് മുന്നോട്ടു നീങ്ങുക.

കാലുകൾ തളർന്നേക്കാം, കൈകൾ കുഴഞ്ഞേക്കാം.. എഴുന്നേൽപ്പിക്കുവാൻ ആരും വരില്ല.

കാണികളുടെ ഇരമ്പലുകൾ കേൾക്കാം, പ്രോത്സാഹിപ്പിക്കുന്നത് നിന്നെയായിരിക്കില്ല എങ്കിലും ഉള്ളിലെ ജീവന്റെ ഇരമ്പലുകളായി അവയെ പ്രതിധ്വനിപ്പിച്ച് ഓട്ടം തുടരുക.

ആർപ്പുവിളികൾക്കിടയിലെ ചില ഒറ്റപ്പെട്ട സ്വരങ്ങൾ നിനക്കു കേൾക്കാം. ചുറ്റുമുള്ള ചിലമ്പലുകളിൽ അവ മുങ്ങിപ്പോകാതെ ഉള്ളിലെ മുഴക്കങ്ങളാക്കി അവയോടു ചേർന്നിരിക്കുക.

ട്രാക്ക് മാറാതെ ശ്രദ്ധിക്കുക, ഇനി മാറിയാലും സ്വന്തം ട്രാക്കിൽ തിരികെ പ്രവേശിക്കാൻ ശ്രമിക്കുക.

ഓടി മറികടന്ന ഇടങ്ങളിലെ കുഴികളെയോർത്ത് നിന്നുപോകരുത്, അവയിൽ നിന്നും ആഞ്ഞുകയറിയപ്പോൾ ഉണ്ടായ പേശീബലത്തിൽ രണ്ടുമീറ്റർ കൂടുതൽ ഓടുക.

കുതറിയോടരുത്, ശാന്തമായി ഓടുക. എങ്കിലേ ലക്ഷ്യത്തിൽ എത്തൂ.

മുൻപേ ഓടിയ ചിന്നിയ കുടങ്ങളിൽ നിന്നും വീണ ജലധാരയുണ്ട്..

കുംഭങ്ങൾ സ്വയമുടച്ചുതിർത്ത അമൃതമുണ്ട്..

സ്വരലയങ്ങൾ പൊഴിച്ച മൗനമുണ്ട്..

ഉന്മാദധാരയിൽ വഴിതെറ്റിയലഞ്ഞപ്പോൾ ഉണ്മതെളിച്ചൂറ്റിയ വീഞ്ഞിൻ ലഹരിയുണ്ട്..

പ്രകൃതി പൊഴിച്ച മഞ്ഞു കണങ്ങളിൽ വിരിഞ്ഞ പൂക്കളുണ്ട്..

വാനമുഴിഞ്ഞ മഴത്തുള്ളികളിൽ കിളിർത്ത പുൽപ്പാടങ്ങളുണ്ട്..

ഉച്ചയിൽ ഉശിരുകൂടുമെങ്കിലും, അതികാലത്തും അന്തിയിലും അറിവായി വിരിയുന്ന അർക്കന്റെ പ്രകാശച്ചീളുകളുണ്ട്..

അതിനുമപ്പുറം, ഉള്ളിൽ ഉറഞ്ഞുകൂടിയ മെഴുകുശിലകളെ വിയർപ്പുതുള്ളികളാക്കുന്ന ബാഷ്പീകരണ സുഗന്ധമുണ്ട്..

ആത്മീയതയുടെ ഓരോ പടവും നീ മുഖമടിച്ചു വീഴുമ്പോൾ, ആനന്ദത്തിന്റെ ചൂളയിലിരുന്നവൻ പറയും..
നിനക്കാണിപ്പോൾ എന്നെക്കാൾ അഴക്.. നിനക്കാണിപ്പോൾ എന്നെക്കാൾ സുഗന്ധം..

റോബിൻ കുര്യൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!