പച്ചകം

അകം വെളുപ്പാണെന്നൊരാള്‍
ഇല്ല ,കറുപ്പെന്നു മറ്റൊരാള്‍ .
കറുപ്പും വെളുപ്പും വറ്റിയൊരകപ്പാളം –
മുറിച്ചുഗ്രവേഗത്തില്‍ തീവണ്ടി പായവേ
പച്ചകം പച്ചകം
പച്ച തോര്‍ന്ന വയലകം
നഗരത്തിന്‍റെ മുഷ്ടിക്കരുത്തില്‍
തകരുന്ന നേരകം.

വെളുപ്പാന്‍നേരമായിട്ടും
വേലിക്കല്‍ നിന്ന
കൂട്ടുകാരിപ്പെണ്ണിന്‍റെ
മോതിരവിരലില്‍ നിന്നല്ലോ
സൂര്യനെങ്ങോ മറഞ്ഞത് .

അഞ്ചിതള്‍പ്പൂക്കളുണ്ട് .
ഇതളിലൊന്നില്‍
നിറം കെട്ടൊരാകാശം,
രണ്ടാമിതളില്‍
ഉറവ വറ്റിയ കിണര്‍ ,
മൂന്നാംവിരലി-
ലനന്തമൃത്യുവിന്‍ വായുസഞ്ചാരങ്ങള്‍ ,
നാലാമിതളില്‍
നിലയറ്റൊരഗ്നി ,
അഞ്ചിലടിമപ്പെട്ട ദിക്കും ദുരന്തവും .

കാടിറങ്ങി വരുന്നല്ലോ
പച്ച കെട്ടൊരു നേരത്ത്
കൂട്ടിനില്ല കിളികളും ,പൂക്കളും
കാട്ടുതേനും , പഴങ്ങളും .
നെഞ്ചിനുള്ളിലെഴുത്താണി
പോറിയിട്ട വാക്കുകള്‍
കടല്‍ കടന്നേ പോയല്ലോ
വാക്കു പൂക്കാതിരിക്കുന്നു .
കാടു കാണാതെ
വാക്കു പൂക്കാതെ
വീടകത്തിന്‍ വഴികള്‍ തേടുന്നു .
വീടിനുള്ളില്‍ വസന്തമില്ല
വര്‍ഷമില്ല
സ്നേഹമാതളപ്പൂക്കളില്ല
പുഴയില്ല
പ്രണയം സൌഹൃദം കോട്ടിയ
കുമ്പിളും കാണ്മാനില്ല .
വീടിറങ്ങിപ്പോകുന്നു .

പച്ചകം പച്ചകം
പച്ച തോര്‍ന്ന ചെത്തങ്ങളി –
ലുച്ചി പൊട്ടിത്തെറിച്ചസ്തമിച്ച കൂട്ടുകാര്‍
പച്ച തോരാസാക്ഷികള്‍.

വിനോദ് വെള്ളായണി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!