അവകാശങ്ങൾ

അവകാശങ്ങൾ..

മധുരമായി ഒളിഞ്ഞുനിന്ന് അവയതിന്റെ അവകാശിയെ നോക്കുന്നു. പുഞ്ചിരിക്കുന്നു.., കണ്ണിമയ്ക്കുന്നു. പക്ഷെ, അവകാശികൾ തങ്ങളുടെ ചുണ്ടുകൾകിടയിൽ ഹൃദയമൊളിപ്പിച്ച്, അടക്കം പറഞ്ഞു മറഞ്ഞു നിൽക്കുന്നു. പകർക്കുവാനും പടർന്നു കയറുവാനും അവകാശങ്ങൾ തയ്യാറാണെങ്കിലും അവയെല്ലാം തിരസ്കരിക്കുകയും, സ്വീകരിക്കാതെ മാറിനിൽക്കുകയുമാണവർ.

കോർത്ത വിരലുകളിൽ, സ്പർശിക്കുന്ന ഉടൽതീരങ്ങളിൽ, ചുംബിക്കുന്ന മൗനങ്ങളിൽ എല്ലാം അവകാശങ്ങളുണ്ട്. കത്തിയെരിയുന്ന മണൽക്കാടുകളെ ഇത്തിരിയെങ്കിലും തണുവറിയിക്കുന്ന സ്നേഹകോശങ്ങളുണ്ട്.

എങ്കിലും അവകാശികൾ തലകുനിച്ചു മാറി നിൽക്കുന്നു.

കണ്ണുണ്ടെങ്കിലും കാണുന്നില്ല..
ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല..
ഹൃദയമുണ്ടെങ്കിലും അറിയുന്നില്ല..

ചില ബീജകണികകൾക്കറിയാം ഏതു അണ്ഡത്തിൽ ലയിക്കണമെന്ന്..!

നിന്റെ സൗഹൃദാണ്ഡത്തിൽ ലയിക്കുന്ന സ്നേഹബീജകണികകളുടെ അവകാശി നീ മാത്രമാണ്.. അതിൽ ജനിക്കുന്ന ഓരോ സൃഷ്ടിയും നിനക്കു കിട്ടുന്ന ആത്മസന്താനങ്ങളാണ്.

അവൻ ഉള്ളൊഴിഞ്ഞ കണക്കെ ചൊരിഞ്ഞ എല്ലാ സമൃദ്ധിയും നിന്നിലെ അവകാശങ്ങളായി ലയിക്കണം..

ഇത്തരം അഗാധതകളിൽ നിന്നും ജനിക്കുന്ന ആത്മസന്താനങ്ങളോട് നമുക്കൊരുമിച്ചു പറയാം.. “കുഞ്ഞുങ്ങളെ, നിങ്ങളാണ് മരണമില്ലാത്ത ജീവന്റെ അവകാശികൾ.”

തൂണിലും, തുരുമ്പിലും, ജലത്തിലും, വായുവിലും അനുദിനം നിങ്ങളെ പ്രസവിക്കുന്ന ദൈവത്തോട് എനിക്ക് അസൂയ തോന്നുന്നു..!

റോബിൻ കുര്യൻ

Leave a Reply

Your email address will not be published.

error: Content is protected !!