ആക്രി

“പുരാവസ്തുക്കളെന്തുണ്ട്
വില്പനയ്ക്ക് വണിഗ് പ്രഭോ
പണസ്സഞ്ചി തുറന്നേകാം
വില, ചേതം പെടാതെടോ

കോടികൾ കൊണ്ടുയർത്തീ ഞാൻ
മോടിയിൽ സൗധമൊ,ന്നതി
ന്നലങ്കാരം നടത്തിടാൻ
എന്തൊന്നുണ്ടിഹ ചൊല്ലുക!”

“ദണ്ഡിയുപ്പുണ്ട്, മണ്ണുണ്ട്
മഹാത്മാവിൻ്റെ ദണ്ഡവും
ഖാദി നൂലുണ്ടയും ഘോരൻ
ഘാതകന്നുടെയുണ്ടയും.

വട്ടക്കണ്ണട കിത്താബും
പൊട്ടപ്പാദുക ജോടിയും
വക്കുപൊട്ടിയ പിഞ്ഞാണ
പ്പാത്രം, പിത്തള മൊന്തയും”

“കൊള്ളാം ! ചേരുമിതെല്ലാമെൻ
പഞ്ചനക്ഷത്ര വീടകം
കർമ്മചന്ദ്രമഹാത്മാവി-
ന്നോർമ്മകൊണ്ടുവിളങ്ങണം”

“ബില്ലു തയ്യാറുചെയ്തീടാം
തെല്ലു സാറിങ്ങിരിക്കുമോ
സെൽഫിയൊന്ന് പിടിച്ചീടാൻ
സദയം മതിയേകുമോ

മാന്യ സന്ദർശക, സ്വാമിൻ !
തവ പാദയുഗത്തിനാ
ലേകീ സ്പർശന സൗഭാഗ്യം
ധന്യമീ വർത്തകഗൃഹം”

“ഓക്കേ വന്നിടുവൻ വീണ്ടും
ഐറ്റം നല്ലത് വന്നിടിൽ
ഫോണിൽ പേശിടുകല്ലായ്‌കിൽ
വാട്ട്സാപ്പിൽ കുറിയേകുക!

എന്തേ കാൺമു പുതുസ്റ്റോക്കോ
കൂനയായ് അങ്ങു മൂലയിൽ
പലമാതിരി വസ്തുക്കൾ.
ഇപ്പൊഴേ കണ്ടതുള്ളു ഞാൻ!”

“കൊള്ളത്തില്ലതു വേസ്‌റ്റെല്ലാം
ബാക്കിയായത് കൂട്ടിനേൻ
ആക്രിയാണതെടുത്തീടാൻ
നാളെക്കാലത്ത് വന്നിടും

ആദർശം, സഹനം, സത്യം
സത്യാഗ്രഹമഹിംസയും
സ്വാശ്രയം ച സദാചാരം
പാഴെല്ലാമത്. കമ്മെഗയ്ൻ “

ശ്രീകുമാർ കക്കാട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!