കൂട്ടുകാരി

അവൾ കരയുകയായിരുന്നു….നിസ്സഹായയായി.
അവളുടെ കണ്ണുകൾ മഴക്കാലത്തു നിറഞ്ഞൊഴുകുന്ന പുഴപോലെയായിരുന്നു.
അവൻ അവളെ നോക്കി മിണ്ടാതിരുന്നു.
പതിവുപോലെ അന്നും അവന് അവളുടെ സങ്കടത്തിന്റെ കാരണം മനസ്സിലായില്ല.
എങ്കിലും അവളുടെ സങ്കടത്തിന് കൂട്ടായി, കാരണം അവളെ കരയാൻ പഠിപ്പിച്ചത് അവനായിരുന്നു.

നോക്കിയിരുന്നപ്പോൾ മനസ്സിൽ അവളുടെ ചിരിക്കുന്ന ഒരു മുഖം തെളിഞ്ഞു വന്നു. ഓഫീസിൽ അവൾ ജോയിൻ ചെയ്ത ദിവസം.
പതിവുപോലെ രാവിലെ ചായകുടിക്കാനായി ഇറങ്ങിയപ്പോഴാണ് ഒരു പച്ച ചുരിദാറിട്ട് നിറഞ്ഞ ചിരിയുമായി തന്റെ മുന്നിലേക്ക് അവൾ വന്നത്.
ആ വരവ് തന്റെ മനസ്സിലേക്കായിരുന്നു.
എത്ര പെട്ടെന്നാണ് അവൾ തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയായത്!
ഒരു കിലുക്കാം പെട്ടി പോലെ എപ്പോഴും ചിരിച്ചു കൊണ്ട് അവൾ കൂടെ നടന്നു അന്ന് മുതൽ.

അവൾ മീര.
മീരാഭായിയെ പോലെ തന്നെ അവളും ഒരു കൃഷ്ണഭക്ത ആയിരുന്നു.
“എന്റെ കൃഷ്ണാ” എന്ന വിളിയിൽ പരിഭവങ്ങളെല്ലാം അവളും ഒളിച്ചു വച്ചിരുന്നു.

ഒരു നല്ല കേൾവിക്കാരിയായിരുന്ന അവളോടൊപ്പമുള്ള ടീ ബ്രേക്കും ലഞ്ച് ബ്രേക്കും ഓഫീസിലെ തിരക്കിനിടയിൽ ഒരാശ്വാസമായിരുന്നു.
അല്ലെങ്കിലും ഏതൊരു മനുഷ്യനും തേടുന്നതും കൂട്ടുകാരാക്കുന്നതും തന്നെ കേൾക്കുന്നവരെ ആണല്ലോ!
തന്റെ രാഷ്ട്രീയ വീക്ഷണങ്ങളും,പുതിയ ആശയങ്ങളും,തമാശകളും,ജോലിയിലെ ബുദ്ധിമുട്ടുകളും, അങ്ങനെ എന്തും അവളോട് പങ്കു വയ്ക്കാമായിരുന്നു.
പൊതുവേ ഹോം സിക്ക്നെസ് ഉള്ള തനിക്ക് അവളും കുടുംബവും വീട്ടുകാരായതും പെട്ടെന്നായിരുന്നു.
ചിലപ്പോഴൊക്കെ അവൾ ചേച്ചിയായി ഉപദേശിച്ചു, അമ്മയെ പോലെ ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കിതന്ന് വയറു നിറയെ കഴിപ്പിച്ചു, കൂട്ടുകാരിയായി സപ്പോർട്ട് ചെയ്യ്തു. പറിച്ചുമാറ്റാൻ കഴിയാത്ത ഒരു സ്ഥാനം കുറച്ച് സമയം കൊണ്ട് അവൾ മനസ്സിൽ നേടിക്കഴിഞ്ഞിരുന്നു.

ഒരു വീക്കെൻഡ് ലീവ് കഴിഞ്ഞ് തിങ്കളാഴ്ച ഓഫീസിൽ എത്തിയ അവളുടെ മുഖത്തെ ചിരിക്ക് പതിവുപോലെ നിറവുണ്ടായിരുന്നില്ല.
വൈകുന്നേരം ചായകുടിക്കാൻ എന്നും വരാറുള്ള അവളെ കാണാത്തത് കൊണ്ട് സീറ്റിൽ തിരഞ്ഞു പോകേണ്ടിവന്നു.
ഡെസ്കിൽ കൈവച്ച് കുനിഞ്ഞിരിക്കുകയായിരുന്നു അവൾ.

“എന്ത് പറ്റി മീരാ?”

അവൾ ഞെട്ടി തല ഉയർത്തി.
അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നോ?
വളരെ പെട്ടെന്ന് തന്നെ അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു
” ചായ കുടിച്ചോ? ഞാൻ ടൈം നോക്കിയതേ ഇല്ല “

“നിന്നെ കാണാത്തത് കൊണ്ട് വന്നതാണ് ഞാൻ”
അവൾ ചായകുടിക്കാനായി എഴുന്നേറ്റു.

“വല്ലാത്ത തലവേദന സിസ്റ്റത്തിൽ നോക്കാൻ പറ്റുന്നില്ല…അതാണ് കണ്ണടച്ചിരുന്നത്”
നടക്കുമ്പോൾ അവൾ പറഞ്ഞു.
ചായകുടിച്ചിരിക്കുമ്പോൾ അവൾ മൗനിയായിരുന്നു.
അവൾക്ക് സംസാരിക്കാൻ വിഷയങ്ങൾ ഇല്ലാതായ പോലെ.
ചായകുടിച്ചു തിരികെ സീറ്റിൽ വന്നിരുന്നപ്പോൾ അസ്വസ്ഥത തോന്നി.
മീരയ്ക്കെന്തോ വിഷമം ഉണ്ട്.അവൾ അത് മറയ്ക്കാൻ ശ്രമിക്കുകയാണ്.ഒന്ന് ചോദിച്ചു നോക്കാം എന്ന ചിന്തയുമായി
സീററിലെത്തിയപ്പോൾ കണ്ടത് തലയ്ക്ക് കൈ കൊടുത്തിരിക്കുന്ന അവളെയാണ്.

“മീരാ…”
അവൾ ഞെട്ടി കണ്ണുകൾ ഉയർത്തി നോക്കി.
കണ്ണുകൾ ശരിക്കും നിറഞ്ഞിരിക്കുന്നു!

ഒട്ടും പ്രദീഷിക്കാതെയുള്ള തന്റെ വരവിൽ കണ്ണുനീർ തുടക്കാൻ അവൾക്കു പറ്റിയില്ല.
” തലവേദന”
കണ്ണ് തുടച്ച് കൊണ്ട് അവൾ പറഞ്ഞു.
അതൊരു കളവാണെന്നു മനസ്സിലായി.
അവൾ ചിരിക്കാൻ നന്നേ പാടുപെട്ടു.

“എന്ത് പറ്റി മീരാ?”

അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.
2 വർഷത്തിനിടയിൽ ആദ്യം കാണുന്ന കാഴ്ച്ച.
അടുത്തുള്ള കസേരയിൽ അനുവാദത്തിന് കാത്തുനിൽക്കാതെ ഇരുന്നുകൊണ്ട് പിന്നെയും ചോദിച്ചു.

“നിനക്കെന്തോ സങ്കടം ഉണ്ട്….. എന്ത് പറ്റി നിനക്ക്?”

അവൾക്കു അധികം നീളമില്ലാത്ത കട്ടിയുള്ള മുടിയായിരുന്നു.
അഴിച്ചിട്ടിരുന്ന ആ മുടി അവൾ ഒതുക്കി.
കഴുത്തിൽ ചുവന്ന് തിണർത്ത പാടുകൾ…. ഇടത്തെ കവിള്ളിലും നേർത്തചുവന്ന പാടുകൾ.

ആ കാഴ്ചയിൽ ഒന്ന് ഞെട്ടി!

“എന്റെ ഭർത്താവ് ഉപദ്രവിച്ചതാണ് ഇന്നലെ. എനിക്കിപ്പോൾ തല അനക്കാൻ വയ്യ. വല്ലാതെ വേദനിക്കുന്നു.
വിവാഹം കഴിഞ്ഞ നാൾ മുതൽ അനുഭവിക്കുന്നതാണ് “

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

വിശ്വസിക്കാൻ പറ്റിയില്ല!
എപ്പോഴും ചിരിച്ചു കൂടെ നടന്നിരുന്ന ഇവളുടെ ഉള്ളിൽ ഇത്രയും സങ്കടങ്ങൾ ഉണ്ടായിരുന്നോ?
സർവ്വം സഹയായ ഒരു സ്ത്രീയെ ആണ് അവളിൽ അപ്പോൾ കണ്ടത്.
പിന്നെ അറിഞ്ഞത് അവളുടെ വേദനകൾ ആയിരുന്നു.
അനുഭവിക്കുന്ന പീഡനങ്ങൾ ആയിരുന്നു.
പ്രതികൂല സാഹചര്യങ്ങളിലും തന്റെ സ്വപ്നങ്ങൾ കൈവിട്ടിരുന്നില്ല എന്നത് അവളോടുള്ള ബഹുമാനം കൂട്ടി.
വീടും ഓഫീസും ഒരുപോലെ നോക്കാൻ കഴിവുള്ളവൾ. എന്നിട്ടും?
ആ ചോദ്യം ഉള്ളിൽ ഉത്തരമില്ലാതെ കിടന്നു.

വിവാഹിതനായപ്പോഴാണ് മീരയുടെ ദുഃഖങ്ങളുടെ ആഴം അറിയാൻ പറ്റിയത്.
അതോടെ അവൾക്ക് കരയാൻ ഒരു കൂട്ടു നൽകി…..കാരണങ്ങൾ ചോദിക്കാതെ.
മനസ്സിലെ സങ്കടങ്ങൾ ഒരുപുഴയായി അവളിൽ നിന്നും തനിലേക്കൊഴുകി….ഒരു കടലായി കൂടെ നിന്ന് ആ പുഴയെ സ്വീകരിച്ചു.

അവളിലെ സ്ത്രീ ചവിട്ടി അരക്കപ്പെട്ടിരുന്ന വിവാഹജീവിതം അവസാനിപ്പിച്ചു ഒറ്റക്ക് ജീവിക്കാൻ അവൾ തീരുമാനിച്ചു.
എല്ലാ പീഡനങ്ങളും സഹിച്ച് ഭാര്യയായി ജീവിച്ചപ്പോൾ വാനോളം പുകഴ്ത്തിയ സമൂഹം നെറ്റിയിലെ സിന്ദൂരം മായ്ച്ചു താലി ഊരിവച്ച് സ്വന്തം കാലിൽ നിൽക്കാൻ ശ്രമിക്കുന്ന അവളെ ചുറ്റും നിന്ന് ആക്രമിക്കുന്നത് കണ്ടത് അപ്പോഴാണ്.
മറ്റു കുലസ്ത്രീകൾ അവളുടെ സ്വഭാവശുദ്ധിയെ സംശയിച്ചു.
അവളുടെ മനസ്സിലെ മുറിവറിയാതെ ശരീരത്തെ സ്നേഹിക്കാൻ അടുത്തുകൂടുന്ന ആൺ വർഗ്ഗത്തോട് ചിലപ്പോഴൊക്കെ പുച്ഛം തോന്നി.
ശക്തയായ ഒരു പെണ്ണിനെയാണ് പിന്നെ കണ്ടത്.
തന്റെ സാഹചര്യങ്ങളെ എതിരിടാൻ ദുർഗ്ഗയും കാളിയും സരസ്വതിയും ലക്ഷ്മിയും ഒക്കെ ആയി അവൾ മാറുന്നത് കണ്ടു.
ഓരോ ദേവി ക്ഷേത്രങ്ങളിലും പൂജിക്കപ്പെടുന്നത് തനിക്കു ചുറ്റുമുള്ള ശക്തയായ സ്ത്രീകളാണെന്ന് തോന്നിയതും അപ്പോഴാണ്.

പക്ഷെ! വിധി അവളെ വിടാതെ പിന്തുടരുകയായിരുന്നു. വിധി ചങ്ങലയിൽ ബന്ധിച്ച മീരാഭായിയായി അവളും.
ഓരോ കണ്ണികളും പൊട്ടിച്ചു മുന്നേറാൻ ശ്രമിച്ച അവളെ അത് പുതിയ കണ്ണികളാൽ ബന്ധിച്ചു കൊണ്ടേ ഇരുന്നു.

വേദന ഒരുപാട് സഹിച്ചു ശീലിച്ചത് കൊണ്ടാവാം ഇടക്കിടക്ക് വരുന്ന ശക്തമായ തലവേദന അവൾ സഹിച്ചത്.
ചിലപ്പോഴൊക്കെ അത് അവളുടെ കണ്ണുകളെ ഇരുട്ടിലാഴ്ത്തി.

ഒരു ദിവസം ചായകുടിക്കാനായി ഇറങ്ങിയപ്പോൾ അവൾ കുഴഞ്ഞു വീണു.
ബോധം നഷ്ടപ്പെട്ടു കിടന്ന അവളെ ഹോസ്പിറ്റലിൽ എത്തിച്ചത് ഭയത്തോടെ ആയിരുന്നു.
ഒരുപാട് ടെസ്റ്റുകൾ.
ഒടുവിൽ ഡോക്ടർ വിധി പറഞ്ഞു!
ക്യാൻസർ അവളുടെ ബ്രെയിൻ സെൽസിനെ കാർന്നു തിന്നുതുടങ്ങിയിരിക്കുന്നു.
ട്രീറ്റ്മെന്റ് പ്രയോജനം ചെയ്യാത്ത ഒരു സ്റ്റേജിൽ എത്തിയിരുന്നു അത്.
വിധി കാണിക്കുന്ന ക്രൂരതകണ്ട് വെന്തുരുകിയ ഒരു നിമിഷം.
ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ അവളെ നോക്കി.
അവൾ കരയാതെ ഇരിക്കുന്നു
“എനിക്ക് ഇനി എത്ര നാൾ ബാക്കി ഉണ്ട്?”
ആ ചോദ്യത്തിന് മറുപടിയില്ലാതെ ഡോക്ടർ അവളുടെ തോളിൽ ഒന്ന് തട്ടി. അതിൽ എല്ലാം വ്യക്തമായിരുന്നു.
അവൾ കരഞ്ഞില്ല.
എത്ര നിർബന്ധിച്ചിട്ടും ചികിത്സ വേണ്ടാന്ന് വച്ച് എല്ലാ ദിവസവും അവൾ ഓഫീസിൽ എത്തി.
മുന്നിലുള്ള കുറച്ച് ദിവസങ്ങളിൽ തന്റെ കടമകൾ ഭംഗിയായി ചെയ്തു തീർക്കുകയായിരുന്നു അവൾ.

ആ വേദന കണ്ടു നിൽക്കാനേ കഴിഞ്ഞുള്ളു. എല്ലാവരുടെയും മുന്നിൽ വിധിയെ പരിഹസിച്ച് അവൾ ചിരിച്ചു. അവളുടെ ചിരിക്കുന്ന മുഖം നെഞ്ചിൽ എരിയുന്ന കനലായി.

ചിന്തയിൽ നിന്നും ഉണർന്ന് അവളുടെ കണ്ണുകളിലേക്ക് നോക്കി.
അവളപ്പോഴും കരയുകയായിരുന്നു.
അവളിലെ നിസ്സഹായായതയുടെ അഴങ്ങൾ തിരിച്ചറിഞ്ഞു.
കാരണം ചോദിക്കാൻ പേടി തോന്നി.
അവളുടെ കൈകൾ ചേർത്ത് പിടിച്ച് മിണ്ടാതെ ഇരുന്നു.
അവൾ പതിയെ കരച്ചിൽ നിർത്തി.

” മീരാ….നീ വാ….നമുക്ക് ഒരു ചായ കുടിക്കാം….നിനക്കിഷ്ടമുള്ള ടീ സ്റ്റാളിൽ നിന്ന് “
അവൾ സമ്മതം മൂളി.
ടീ സ്റ്റാളിലേക്ക് പോകുമ്പോൾ അവൾ സംസാരിച്ചതേ ഇല്ല.

അവൾക്കിഷ്ടപ്പെട്ട ഒരു പാട്ട് സന്ദർഭത്തിന് അനുയോജ്യമായി കാറിൽ നിറഞ്ഞു.
” നീർമിഴി പീലിയിൽ നീർമണി തുളുമ്പി നീ എൻ അരികിൽ നിന്നു കണ്ണുനീർ തുടക്കാതെ ഒന്നും പറയാതെ നിന്നു ഞാനും ഒരന്യനെ പോലെ “
പാട്ടിന്റെ വരികൾ ശ്രദ്ധിച്ച അവന് ഒന്നും ചെയ്യാൻ കഴിയാതെ പോകുന്ന തന്റെ നിസ്സഹായതയിൽ വേദന തോന്നി.

അവൾക്ക് ഇഷ്ടപ്പെട്ട മട്ക ചായ ഓർഡർ ചെയ്തു ടീ സ്റ്റാളിനു മുന്നിലെ ആലിൻ ചുവട്ടിൽ ഇരിക്കാനായി സെറ്റുചെയ്തിരിക്കുന്ന ബെഞ്ചിൽ അവൾക്കൊപ്പം ഇരുന്നു.
അവൾ ഒന്നും മിണ്ടാതെ ചുറ്റും നോക്കുകയായിരുന്നു… കാഴ്ചകൾ കണ്ട് മതിവരാത്തതു പോലെ…
ടീ സ്റ്റാളിലെ പയ്യൻ ചായ കൊണ്ട് വന്നു.
ആ ചായയുടെ ഗന്ധം അവൾ കണ്ണടച്ച് ആസ്വദിച്ചു.
ആ ഒരു നിമിഷത്തിന് വല്ലാത്തൊരു ഭംഗി തോന്നിയത് കൊണ്ട് അവളറിയാതെ ആ രംഗം തന്റെ മൊബൈലിൽ പകർത്തി.
ഒന്നും മിണ്ടാതെ അവർ ആ ബെഞ്ചിൽ ഇരുന്നു, മൗനത്തിലും പരസ്പരം അറിയുന്ന നല്ല കൂട്ടുകാരായി.

ഓഫീസിൽ നിന്നും തിരികെ വീട്ടിലേക്കു പോകുമ്പോഴും അവൾ ഒന്നും മിണ്ടിയില്ല.
അവളുടെ മൗനം അസ്വസ്ഥതയുടെ ആഴം കൂട്ടി.
വീട്ടിൽ എത്താറായപ്പോൾ അവൾ പറഞ്ഞു
” ഇനിയൊരു ജന്മം ഉണ്ടെങ്കിലും എനിക്ക് നിന്റെ കൂട്ടുകാരിയാവണം…. പക്ഷെ കുറേ നേരത്തെ കാണണം….കുറേ നാൾ കൂട്ടുകാരായി ജീവിക്കണം “
ആ സ്വരം ഇടറി.
അവൻ അവളുടെ കയ്യിൽ മുറുകെ പിടിച്ചു.
ആ കൈകൾ വല്ലാതെ തണുത്തിരിന്നു…. മരണം തൊട്ടതു പോലെ!
” നിനക്കെന്താ പറ്റിയത്? ഏതെങ്കിലും വയ്യായിക ഉണ്ടോ? “
” ഒന്നുമില്ല…. ചുറ്റും നിഴലുകളാണ് ചലിക്കുന്ന മുഖമില്ലാത്ത നിഴലുകൾ “
കണ്ണിൽ നോക്കി അവൾ പറഞ്ഞു.
പിന്നെ കാറിൽ നിന്നിറങ്ങി വീട്ടിലേക്കു നടന്നു.

ഒരു വിങ്ങലോടെ അവൻ തന്റെ വീട്ടിലേക്ക് കാറോടിച്ചു.
മുറ്റത്ത് കാത്തുനിൽക്കുന്ന കുഞ്ഞിനെ കണ്ടപ്പോൾ ഒരാശ്വാസം തോന്നി.
രാത്രി ഏറെ വൈകിയിട്ടും ഉറങ്ങാൻ കഴിയാത്ത അസ്വസ്ഥത കണ്ട ഭാര്യ ചോദിച്ചു.
” എന്ത് പറ്റി “
“മീരക്ക് എന്തോ വയ്യായ്കയുണ്ട് “
“നാളെ ചോദിച്ചു നോക്കാം….ഞാൻ കൂടെ വരാം….നമ്മുക്ക് ഹോസ്പിറ്റലിൽ കൊണ്ട് പോകാം “
അവനോട് ചേർന്ന് കിടന്നുകൊണ്ട് ഭാര്യ പറഞ്ഞു.
ഭാര്യയുടെ ആശ്വാസവാക്കുകളിൽ മനസ്സ് ശാന്തമായി.
തന്നോട് ചേർന്ന് കിടന്ന് ശാന്തമായി ഉറങ്ങുന്ന ഭാര്യയെ നെഞ്ചോടു ചേർത്ത് പിടിച്ചു.
മീരയുടെ സങ്കടങ്ങളുടെ ആഴം അറിഞ്ഞതാണ് തന്നെ ഒരു നല്ല ഭർത്താവാക്കിയത്.
പതിയെ ഉറക്കത്തിലേക്കു വഴുതിവീണ അവൻ ഉറക്കത്തിന്റെ ആഴങ്ങളിൽ മീരയെ കണ്ടില്ല.

രാവിലെ എഴുന്നേറ്റപ്പോൾ ആദ്യം ഓർത്തത് മീരയെ ആണ്. വിളിച്ചു നോക്കാം.
ഫോൺ കയ്യിലെടുത്തതും മീരയുടെ അച്ഛന്റെ കാൾ വന്നു.
ഹലോയ്ക്ക് പകരം മുളച്ചീന്തും പോലൊരു കരച്ചിൽ മാത്രം.
ആ ഉറക്കച്ചടവിൽ തന്നെ ഓടി അവളുടെ വീട്ടിലെത്തി.
അച്ഛൻ അവളുടെ ബെഡ്റൂമിലേക്ക് കൈ ചൂണ്ടി.
കട്ടിലിൽ അവൾ ശാന്തയായി ഉറങ്ങുന്നു.
അടുത്ത് ചെന്നിരുന്ന് കുലുക്കി വിളിച്ചു. പക്ഷേ അവൾ കേട്ടില്ല!
വിളിച്ചാൽ വിളികേൾക്കാത്ത ഒരു ലോകത്തേക്ക് അവൾ പോയിരുന്നു… യാത്ര പറയാതെ!
കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി.
അവളുടെ അവസാനവാക്കുകൾ കാതിൽ മുഴങ്ങി.
” ചുറ്റും നിഴലുകളാണ്….മുഖമില്ലാത്ത നിഴലുകൾ “
അതൊരു യാത്ര പറച്ചിലായിരുന്നോ?

അവൻ തന്റെ മൊബൈൽ കയ്യിൽ ഇറുകെ പിടിച്ചു…അതിലാണ് അവളുടെ തലേന്നെടുത്ത ഫോട്ടോ ഉള്ളത്.
ഇനി കൂട്ടായി അവളുടെ ഓർമ്മകൾ മാത്രം.
അവനും സങ്കടങ്ങളുടെ ഒരു പുഴയായി മാറി, ഒഴുകിചേരാൻ കടൽ അരികിലില്ലാത്ത പുഴ.

രമ്യ ഗോവിന്ദ്

ചിത്രീകരണം : സംഗീത് ബാലചന്ദ്രൻ

Leave a Reply

Your email address will not be published.

error: Content is protected !!