ലയണ്‍

ചന്ദാ കോ ടൂൺഡ്നെ സഫീ താരേ നികൽ പഡേ….
ഗലിയോം മേ വോ നസീബ് കെ മാരേ നികൽ പഡേ…
ചന്ദാ കോ …..

പാടുന്നത് ആശാ ഭോൻസ്‌ലേയും മുഹമ്മദ് റാഫിയുമല്ല അമിതയും സരൂവുമാണ്.  ചുറ്റും നടക്കുന്ന നന്നല്ലാത്ത കാര്യങ്ങൾക്കുള്ള പ്രതികരണമല്ല, സ്വയം പാടിയുറങ്ങുന്ന കുഞ്ഞു മുഖങ്ങൾ മാത്രമാണവർ, തെരുവിലുറങ്ങുന്നവർ. 2016 ൽ പുറത്തിറങ്ങിയ ലയൺ എന്ന സിനിമയിലൂടെ തൻ്റെ സിനിമാ സാന്നിധ്യമറിയിച്ച പ്രശസ്ത ആസ്‌ട്രേലിയൻ കൊമേർഷ്യൽ-ടെലിവിഷൻ സംവിധായകൻ ഗാർത്ത് ഡേവിസിന്റെ നവാഗത സംരംഭം ‘ലയൺ’ ആണ് ഇത്തവണ വെള്ളിത്തിരയിൽ. എ ലോങ്ങ് വേ ഹോം എന്ന സരൂ ബ്രയർലിയുടെ അനുഭവകഥയെ ആധാരമാക്കി ഇന്ത്യയിലും ആസ്‌ട്രേലിയയിലുമായി ചിത്രീകരിച്ച സിനിമ ഇതിനോടകം വിപുലമായി ചർച്ചചെയ്യപ്പെട്ടുകഴിഞ്ഞു. 89 -ആമത് അക്കാഡമി അവാർഡിന് ആറ് ഓസ്കാർ നോമിനേഷനോടെ മികച്ചു നിൽക്കുന്നൊരു സിനിമ, പ്രേക്ഷക മനസ്സിൽനിന്ന് വിട്ടൊഴിഞ്ഞുപോകാൻ കൂട്ടാക്കാതെ, ഭാഷാ ദേശ വ്യത്യാസമറിയിക്കാതെ തുടക്കം മുതലൊടുക്കം വരെ ശ്വാസമടക്കി കാണാൻ പ്രേരിപ്പിക്കുന്നൊരു സിനിമ, വായനക്കായി വയ്ക്കുന്നതിൽ ചാരിതാർഥ്യമുണ്ട്.

സരൂ എന്ന അഞ്ചു വയസ്സുകാരൻ, പാറപൊട്ടിച്ച്‌ ഉപജീവനം കഴിക്കുന്ന അമ്മയുടെ മൂന്നുമക്കളിൽ രണ്ടാമൻ ചേട്ടൻ ഗുഡ്ഡുവിനൊപ്പം ട്രെയിനിൽ നിന്ന് കൽക്കരി പെറുക്കാൻ പോകുന്നതും നിർത്തിയിട്ട ട്രെയിനിൽ കിടന്നുറങ്ങിപ്പോകുന്ന സരൂ ചേട്ടനിൽ നിന്ന് വേർപെട്ടു വളരെ അകലെയുള്ള കൽക്കട്ടയിലെത്തുന്നതും അവിടെ നിന്നും വീട്ടിലെത്താനാകാതെ കഷ്ടപ്പെടുന്നിടത്തും ആരംഭിക്കുന്നു, മനുഷ്യ ജീവിതം അത്രമേൽ ആത്മാർഥതയോടെ ചിത്രീകരിക്കുന്ന ചലച്ചിത്രം. നയനമനോഹരമായ ആകാശക്കാഴ്ചയിലൂടെ തുടങ്ങുന്ന ജീവിതചിത്രം, ഇത്ര തൻമയത്തോടെ അഭ്രപാളിയിലെത്തിച്ച സംവിധാന ബ്രില്യൻസ് അഭിനന്ദനമർഹിക്കുന്നു.

ആദ്യ പകുതിയിലെ പച്ചയായ ഇന്ത്യൻ സാഹചര്യത്തെ പൂർണ്ണമായും അതിന്റെ തീവ്രതയോടെ നമുക്കുമുന്നിലെത്തിച്ചത് രണ്ടു വിദേശികളാണെന്നത് സിനിമയോടുള്ള അവരുടെ അളവറ്റ അർപ്പണബോധം വെളിവാക്കുന്നു . ലൂക്ക് ഡേവിസിന്റെ ശക്തമായ തിരക്കഥയ്ക്കും, ഗാർത് ഡേവിസിന്റെ ഡയറക്ഷനും ആറ് ഓസ്കാർ നോമിനേഷൻ അധികമല്ലതന്നെ. സണ്ണി പവാർ എന്ന അഞ്ചുവയസുകാരൻ, അഭിനയം കൊണ്ടെന്നപോലെ അവന്റെ നിഷ്കളങ്കമായ ശബ്ദം കൊണ്ടും പലപ്പോഴും കണ്ണുനനയിച്ചു. ആ അഭിനയത്തിന് പ്രക്ഷകമനസ്സിന്റെ ഓസ്‌കാർ പണ്ടേ സണ്ണി കരസ്ഥമാക്കിയെന്നു തോന്നിപ്പോയി!

ദേവ് പട്ടേൽ, നിക്കോൾ കിഡ്മാൻ എന്നിവർക്കു കിട്ടിയ ഓസ്കാർ നോമിനേഷനും പ്രകടനം വച്ച് നോക്കിയാൽ ഉചിതംതന്നെ. പതിഞ്ഞ പശ്ചാത്തല സംഗീതവും മനസ്സിലേക്കാഴ്ന്നിറങ്ങുന്ന ഛായാഗ്രഹണവുമായി, കണ്ണിന്മുന്നിൽ കഥയാണോ അതോ യാഥാർഥ്യമോ നടക്കുന്നതെന്ന് വേർതിരിക്കാനാവാതെ പ്രേക്ഷകനെ 118 മിനുട്ട് അനുഭവിപ്പിക്കുന്ന, വളരെക്കാലം മനസ്സിൽ നിന്നുപോകാത്ത ഒരു നോവായി, പിന്നെപ്പോഴെക്കെയോ നേർത്ത ആശ്വാസമായി ‘ലയൺ’. കാഴ്ചക്കാരുടെ മനസ്സിൽ പ്രത്യാശയുടെ, പ്രതീക്ഷയുടെ നിറവു പകർന്ന് അവനുണ്ട്, സരൂ എന്നവന്റെ അമ്മ തെറ്റി ഉച്ചരിക്കുന്ന ഷേരു അഥവാ ലയൺ !!

ബിന്ദു ഹരികൃഷ്ണൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!