Āmi dēkhēchi ritu..ഞാന്‍ കണ്ട ഋതു..

ദഹൻ

ഋതുപർണോഘോഷ് സിനിമകൾ മിക്കതും അതിഭാവുകത്തിനിടമില്ലാത്ത ജീവിത- നേർചിത്രങ്ങളാണ്. ‘ദഹനും’ വ്യത്യസ്തമല്ല. സമൂഹത്തിലെ ആണധികാരങ്ങളുടെ മേൽക്കോയ്മയ്ക്ക് സ്ത്രീപക്ഷത്തു നിന്നു കിട്ടുന്ന ശക്തമായ താക്കീതായി ഓരോ ഘോഷ് സിനിമയും ആസ്വാദകരെ തേടിയെത്തുന്നു. സുമിത്ര ഭട്ടാചാര്യയുടെ നോവലിനെ ആസ്പദമാക്കി 1997- ൽ ചിത്രീകരിച്ച ദഹൻ മധ്യമ വർഗ്ഗ സ്ത്രീകളുടെ കഥ പറയുന്നു.

റോമിത ചൗധരി എന്ന നവവധു തന്റെ ഭതൃഗൃഹത്തിന്റെ ബാൽക്കണിയിൽ നിന്നുകൊണ്ട് തന്റെ കാനഡയിലുള്ള സഹോദരിയോട് കത്തു വഴി സംവദിക്കുന്നതിലൂടെ തുടങ്ങുന്ന സിനിമ, ആ ബാൽക്കണി കാഴ്ചകൾ അവൾക്ക്, തന്റെ പുതിയ ഗൃഹത്തിലെ ബന്ധുക്കളെപ്പോലെ എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് പറയുന്നുണ്ട്. സിനിമ പുരോഗമിക്കുമ്പോൾ അതേ ബാൽക്കണിതന്നെ അവളുടെ ഒരേയൊരു അഭയസ്ഥാനമാകുന്നതും കാണാം!

റോമിതയും ഭർത്താവ് പലാഷും ഒരു വൈകുന്നേരം ഷോപ്പിംഗിന് ഇറങ്ങിയതാണ്. മടങ്ങുമ്പോൾ മെട്രോ സ്റ്റേഷന് മുന്നിൽവെച്ചു അവർ ആക്രമിക്കപ്പെടുന്നു. കാഴ്ചയിൽ മാന്യരെന്നു തോന്നിപ്പിക്കുന്ന നാലിലധികം പേർ അവരെ പിന്തുടർന്നു വന്നു പലാഷിനെ അടിച്ചു വീഴ്ത്തുകയും റോമിതയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. നടുറോഡിൽ റോമിത ക്രൂരമായ ആക്രമണത്തിന് വിധേയയാവുമ്പോൾ, അതുവഴി കടന്നുപോകുന്ന, ഈ സീൻ കണ്ട് അഭിപ്രായം പറയുന്ന നിരവധി ആളുകളുണ്ട്. കുടുംബവുമായി കാറിൽ സഞ്ചരിക്കുന്നവരും മറ്റും; അതിലെ സ്ത്രീകൾ പ്രതികരിക്കാൻ തയ്യാറാവുന്നുണ്ടെങ്കിലും പുരുഷന്മാർ, തങ്ങൾക്കെന്തിന് അത്തരം സൊല്ല എന്ന നിലപാടിൽ ഉറച്ചു കണ്ട മട്ടു നടിക്കാതെ മാറിപ്പോകുന്നു. പീഡനം രൂക്ഷമാകുകയും അക്രമികൾ റോമിതയെ ബൈക്കിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്യുന്ന നേരത്താണ് ഒരു സ്കൂൾ ടീച്ചറായ ശ്രോബോണ സർക്കാർ (ഝിനുക്ക്) എന്ന യുവതി, ഷെയേർഡ് ഓട്ടോയിൽ ആ വഴി വരുന്നത്. തന്റെ സഹയാത്രികരായ പുരുഷന്മാരോട് അവർ റോമിതയെ രക്ഷിക്കാൻ സഹായമാവശ്യപ്പെടുന്നു എങ്കിലും അവരാരും തന്നെ അതിനു തയ്യാറാവാതെ യാത്ര തുടരുന്നു. ഓട്ടോയിൽ നിന്ന് ചാടിയിറങ്ങുന്ന ഝിനുക്ക്, അക്രമികളോട് ഏറ്റുമുട്ടി റോമിതയെ രക്ഷിക്കുന്നു. അബോധാവസ്ഥയിൽ ആയ പലാഷിനും റോമിതയ്ക്കും തിരക്കുള്ള ആ തെരുവിൽ നിന്നു കിട്ടുന്ന ആദ്യത്തെ സഹായം!

സിനിമയിൽ പലയിടത്തും പിന്നീട് വെറുമൊരു ആക്‌സിഡന്റ് മാത്രമായി പരാമർശിക്കപ്പെടുന്ന ആ സംഭവം, അന്നുവരെ അപരിചിതരായിരുന്ന രണ്ടു സ്ത്രീകളുടെ ജീവിതം ഒരേ രേഖയിൽ ചലിപ്പിക്കുന്നതാക്കി, കുറച്ചുകാലത്തേക്കെങ്കിലും! ഝിനുക്ക്, പത്രത്താളുകളിൽ വീര പരിവേഷത്തോടെ നിറഞ്ഞു. തന്റെ സ്കൂളിലും കുട്ടികളുടെയും സഹപ്രവർത്തകരുടെ ഇടയിലും അനേകം സ്ത്രീസംഘടനകളിലും റോമിതയുടെ ബന്ധുക്കൾക്കിടയിലും അവരുടെ പ്രവൃത്തി വാഴ്ത്തപ്പെട്ടു. അതിനും അല്‌പായുസ്സായിരുന്നു എന്നറിയുന്നത്, അക്രമത്തെ നിയമപരമായി നേരിടാനുള്ള അവരുടെ തീരുമാനത്തിന് എതിരായി ബാഹ്യ സമ്മർദ്ദങ്ങൾ ഉയരുമ്പോൾ മാത്രമാണ്.

റോമിതയുടെ അവസ്ഥ ഏറെ പരിതാപകരമായിരുന്നു. ആദ്യത്തെ ഒരു സിംപതിയൊഴിഞ്ഞപ്പോൾ ഭതൃ ഗൃഹത്തിൽ അവർ വിചാരണ ചെയ്യപ്പെട്ടു. സാമൂഹികമായുണ്ടായേക്കാവുന്ന അപമാനമായി ആ പീഡന ശ്രമത്തെ വീട്ടുകാർ വിലയിരുത്തി. വെറുമൊരു ആക്സിഡന്റായി കണ്ട് അതങ്ങു മറന്നു കളയുകയാണ് ഉത്തമമെന്നു തീരുമാനത്തിൽ വീട്ടുകാരെത്തുമ്പോൾ ,തന്റെ ഭാര്യയെ അത്തരമൊരു സാഹചര്യത്തിൽ പിന്തുണച്ചു കൂടെ നിൽക്കേണ്ട പലാഷ്, അവളെ സംശയിക്കുകയാണ് ചെയ്യുന്നത്. ‘പീഡന ശ്രമം മാത്രമേ ഉണ്ടായുള്ളോ, അതോ ശരിക്കും പീഡിപ്പിക്കപ്പെട്ടോ, അക്രമികളിൽ ആരെങ്കിലുമായി റോമിതയ്ക്ക് പൂർവ്വബന്ധമുണ്ടോ’ തുടങ്ങിയ ചോദ്യങ്ങളുമായി അയാളുടെ സഹപ്രവർത്തകർ പലാഷിന്റെ ഉള്ളിൽ സംശയത്തിന്റെ വിത്തുകൾ പാകിയിരുന്നു. അപ്പോഴുള്ള മാനസിക നിലപോലും കണക്കിലെടുക്കാതെ റോമിതയെ സ്വന്തം ഭർത്താവ് തന്നെ ബലാൽസംഗം ചെയ്തുകൊണ്ടിരുന്നു.കുടുംബത്തിന്റെ അഭിമാന പ്രശ്‍നം പറഞ്ഞു നിയമ വഴികളിലേക്ക് പോകാതെ സംഭവം മൂടിവയ്ക്കാനായിരുന്നു വീട്ടുകാരുടെ തീരുമാനം.

ഝിനുക്കിന്റെ ജീവിതത്തിലും ഈ സംഭവം ബുദ്ധിമുട്ടുണ്ടാക്കി. നിയമപരമായി നേരിടാനുള്ള അവരുടെ ഉറച്ച തീരുമാനത്തിന് മേൽ സ്വന്തം ഭാവിവരനാണ് എതിരഭിപ്രായമുന്നയിച്ചത്. അക്രമികളിലൊരാൾ അയാളുടെ ബോസ്സിന്റെ സുഹൃത്തിന്റെ മകനാണ് എന്നതായിരുന്നു അയാളുടെ കാരണം. സംഭവം ഒതുക്കി തീർത്താൽ ലഭിക്കുന്ന വിദേശ പ്രോജെക്ടിൽ അയാൾ ലക്‌ഷ്യം വയ്ക്കുന്നു എന്ന് ഝിനുക്ക് തിരിച്ചറിയുന്നു. സാഹചര്യത്തിന്റെ സമ്മർദ്ദത്തിൽ കുടുങ്ങി, മനഃസ്സാക്ഷിക്കു വിരുദ്ധമായി പ്രവർത്തിക്കേണ്ടി വരുന്ന രണ്ടു സ്ത്രീകളുടെ ദുരവസ്ഥ! കോടതിയിൽ സത്യം പറയാതെ തന്നെ ആക്രമിച്ചവരെ സ്വതന്ത്രരായി വിടുന്ന നിസ്സഹായതയിൽ റോമിതയും, അനീതിയെക്കെതിരെ പ്രതികരിച്ചിട്ടും അതിൽ വിജയിക്കാനാവാത്ത ഝിനുക്കും, വൃദ്ധസദനത്തിൽ കഴിയുന്ന മുത്തശ്ശിപറയുംപോലെ ‘സമൂഹത്തിൽ ശരികൾ ചെയ്യാൻ ശക്തിയില്ലാത്ത, നട്ടെല്ലില്ലാത്ത പരശ്ശതം ആൾക്കാരുടെ’ കൂട്ടത്തിൽ ചേരുകയായിരുന്നു.

പലാഷിനെ ഡിവോഴ്സ് ചെയ്യാതെ തന്നെ അയാളിൽ നിന്ന് അകന്ന് തന്റെ സഹോദരിയോടൊപ്പം വിദേശത്തു കഴിയാനുള്ള തീരുമാനത്തിൽ റോമിതയും തന്റെ മനസ്സ് എപ്പോഴും ഉറക്കെ തുറന്നുപറയാൻ കഴിയുന്ന, മുത്തശ്ശി താമസിക്കുന്ന വൃദ്ധസദനത്തിൽ സമാധാനം കണ്ടെത്തുന്ന ഝിനുക്കും സിനിമയുടെ അവസാനം കണ്ടെത്തുന്ന ഒരു സത്യമുണ്ട്. വീടിനുള്ളിലും വെളിയിലും വൈകാരികമായോ ശാരീരികമായോ സ്ത്രീ ഒരു കാലത്തും സുരക്തിതത്വം അറിയുന്നില്ലെന്ന സത്യം! റോമിത സുരക്ഷിത ആകുന്നത് ആ ബാൽക്കണിയിലും ഝിനുക്ക് വൃദ്ധസദനത്തിൽ മരിക്കാൻ തയ്യാറായിക്കഴിയുന്നവരുടെ ഇടയിലുമാണ്!!

സ്ത്രീ മനസ്സിന്റെ അസ്വസ്ഥതകളെ ആഴത്തിലറിഞ്ഞ ഘോഷിന് അത്രയും മനോഹരമായി ഈ ചിത്രം എടുക്കാനായതിൽ അത്ഭുതമില്ല. റോമിതയായി ഋതുപർണോ സെൻഗുപ്തയും ഝിനുക്കായി ഇന്ദ്രാണി ഹാൽദറും മമത ശങ്കറും ഒക്കെ സ്‌ക്രീനിൽ ജീവിച്ച ഈ ഋതുപർണ്ണോഘോഷ് ചിത്രം അദ്ദേഹത്തിൻറെ മികച്ച ചിത്രങ്ങളിൽ ഒന്നാം സ്ഥാനത്തു കാണുന്നവർ വിരളമല്ല. 45 -ആമത്തെ ദേശീയ അവാർഡുകളിൽ മികച്ച ബംഗാളി ചിത്രത്തിനും മികച്ച സ്ക്രിപ്റ്റിനും (ഋതുപർണോഘോഷ്‌) മികച്ച നടിയ്ക്കും ( ഋതുപർണോ സെൻഗുപ്ത, ഇന്ദ്രാണി ഹാൽദർ) അവാർഡുകൾ വാരിക്കൂട്ടിയ മറ്റൊരു ഘോഷ് ചിത്രം, ‘ദഹൻ- ദ ബേർണിങ്..’

ബിന്ദു ഹരികൃഷ്ണൻ

Leave a Reply

Your email address will not be published.

error: Content is protected !!