പുസ്തകം- മനോയാനം

പുസ്തകം -മനോയാനo
ഇനം-നോവൽ
നോവലിസ്റ്റ്-ശ്രീജാ വാര്യർ
പ്രസാധകർ-സാഹിത്യ പ്രവർത്തക സഹകരണ സംഘം (നാഷണൽ ബുക്ക് സ്റ്റാൾ)
പേജ്-44
വില= 50 രൂപ

മനസ് സഞ്ചരിക്കാത്ത വഴികളില്ല, അതൊരു സാധാരണക്കാരന്റെതായാലും എഴുത്തുകാരന്റെതായാലും ശരി മനസിൻറെ പാത പലപ്പോഴും നമ്മെ അദ്ഭുതപ്പെടുത്താറുണ്ട്. ഒരു രചയിതാവിനെ സംബന്ധിച്ചിടത്തോളം തന്റെ ചിന്തകൾ, മനസിന്റെ സഞ്ചാരപഥം, കാഴ്ചകൾ , ബിംബങ്ങൾ അങ്ങനെ ഓരോന്നും രചനയിൽ സ്ഥാനം നേടാറുണ്ട്. ” കാഴ്ചയിലേക്കിറങ്ങിയ ഉൾക്കാഴ്ചയാണ് രചനകൾ” എന്നുപറയുവാനാണ് എനിക്കിഷ്ടം. മനോയാനം ഒരു എഴുത്തുകാരന്റെ മനസ്സിന്റെ സഞ്ചാരപഥമാണ്. ആ പാതയിൽ തന്റെ ഉപബോധമനസ്സിൽ തെളിയുന്ന കാഴ്ചകളുടെ ബന്ധനത്തിൽപ്പട്ട് , അതിൽനിന്നും തിരികെയിറങ്ങാനാവാതെ നിസ്സഹായനാകുന്ന നികേതൻ എന്ന എഴുത്തുകാരനാണ് കേന്ദ്രകഥാപാത്രം. തന്റെ ചിന്തകളെ കടലാസിലാക്കൻ ശ്രമിച്ച് മനസിന്റെ കടിഞ്ഞാൺ നഷ്ടമായി അലയുകയാണ് നികേതൻ, ഏതോ ഒരു അദൃശ്യശക്തി അദ്ദേഹത്തെ ഏതൊക്കെയോ വഴികളിൽ കൂട്ടിക്കൊണ്ടു പോകുകയാണ്. ആ യാത്ര നികേതൻ കണ്ടുമുട്ടുന്നവർ പിതൃവാത്സല്യത്തിൽ കാമനീലിമപടർന്ന് പൊലിഞ്ഞുപോയ കുഞ്ഞ് ഇമ, അച്ഛനും അമ്മയ്ക്കും ഒറ്റമകനായ ആദർശെന്ന ആദിയും മകനൊപ്പം വളർത്തിയ ഇലഞ്ഞിമരവും അവരുടെ കൂട്ടും, സുഹൃത്തിന്റെ ചതിയിൽ പെട്ട് ജീവിതം നശിച്ച ആദിയുടെ ഒടുക്കവും തുടർ യാത്രയിൽനികേതൻറെ മുത്തശ്ശിയെ വഴിയിൽ കാണുന്നതും തന്റെ സകല നിയന്ത്രണവും നഷ്ടപ്പെട്ട ഒരു കുഞ്ഞിനെപ്പോലെ തനിക്കഭയം തരൂ എന്ന് നിലവിളിച്ച നികേതൻ ഭ്രമത്തിന്റെ, ഭ്രാന്തിന്റെ ജല്പനങ്ങൾ പോലെ പുലമ്പുന്ന നികേതന് മുത്തശ്ശിയുടെ നാമജപം ആശ്വാസമേകുന്നു. നീ നിന്നേ തിരിച്ചറിയൂ കുഞ്ഞേ , അതാണ് മോക്ഷമർഗം എന്ന മുത്തശ്ശിയുടെ ഉപദേശം നികേതനെ ആശ്വാസത്തിന്റെ തണൽ നൽകുന്നു. ഭ്രമത്താൽ വശം കെട്ടനികേതൻ പുലമ്പുന്നു

“അറിയാതെയൊഴുകുമീ പാലാഴിയിൽ അഞ്ജാതത്തോണിയിലമരുന്നു ഞാൻ ദിനരാത്രഭേദങ്ങളറിയാതെ ദീനം ഇനിയെത്ര കാലം ഞാൻ ഒഴുകീടണം”വീണ്ടും അദൃശ്യശക്തിക്കൊപ്പം യാത്ര തുടർന്ന നികേതൻ വർഷങ്ങളായി മക്കളില്ലാതെ ഒടുവിൽ മിണ്ടാനും കേൾക്കനും അനങ്ങാനും കഴിയാത്ത ഒരു പെൺകുഞ്ഞിന് ജന്മം നൽകിയ യശോദയേയും അവരുടെ ജീവിതദുരന്തത്തേയും കാണുന്നതോടെ തീർത്തും നിസ്സഹായനായിതീരുന്നു.ക്ഷമ നശിച്ച നികേതൻ അജ്ഞാതശക്തിയെ “ശിഖി”യെന്ന് വിളിക്കുന്നു. ശിഖിയോട് തന്നിലാവേശിക്കൂ , തനിക്ക് മോക്ഷം നൽക്കൂ എന്ന് കെഞ്ചുകയാണ്. തന്റെ രചനകളിലെ വാചകങ്ങൾ പറയുന്ന ശിഖിയോട് നിർത്തൂ എന്നലറി. തന്റെ സകല കഥാപാത്രങ്ങളേയും ഓർത്തു. സ്വയം തിരിച്ചറിഞ്ഞ നികേതൻ ശിഖിയിൽ ലയിക്കുകയാണ് . പരമാനന്ദമായ മോക്ഷം. ഇപ്പോൾ ശിഖിയില്ല, സന്നിവേശനില്ല, പ്രയാണം കഴിഞ്ഞു മടങ്ങിയ നികേതൻ മാത്രം. സ്വത്വത്തെ തിരിച്ചറിഞ്ഞ്, തന്റെ തൂലികയിലെvമഷിത്തുള്ളിയിൽ “നികേതനചരിതം ‘പൂർത്തിയാക്കി സ്വതന്ത്രനായി പ്രകൃതിയിലേക്ക് മടങ്ങി എഴുത്തുകാരൻ. ഓരോ എഴുത്തുകാരനും ഇങ്ങനെയാണ് തന്റെ രചന പൂർത്തിയാകുംവരെ മറ്റോരു ലോകത്തായിരിക്കും. അതിന്നുശേഷമേ അയാൾ സ്വതന്ത്രനാവുകയുള്ളൂ. നോവൽ ചിന്തകളെ അപ്പാടേ മാറ്റിമറിച്ച നോവലാണ് മനോയാനം. എങ്കിലും ഒരു കുറവ് തോന്നിയത് കവിതകളുടെ അതിപ്രസരമാണ്. സന്ദർഭങ്ങളിൽ കാവ്യങ്ങൾ നല്ലതെങ്കിലും നോവലിൻറ ഒഴുക്കിൽ കവിതകൾ ഇടയ്ക്കിടെ തടസ്സം സൃഷ്ടിക്കുന്നുണ്ട്. രചനാശൈലികളിൽ വ്യത്യസ്തപുലർത്തുമ്പോഴാണ് രചനകൾb കൂടുതൽ സ്വീകാര്യമാകുന്നത്. കവിതയും കഥയും ചേർത്തുള്ള രചനാശൈലി അഭിനന്ദനമർഹിക്കുന്നതുതന്നെ. സുകുമാർ അഴീക്കോട് തത്വമസി ഗ്രൂപ്പിൻറെ മികച്ച നോവലിനുള്ള അവാർഡ് നേടിയ രചനയാണ് വളരെ ചെറിയ നോവലായ മനോയാനം.

മറ്റു രചനകൾ

കഥയില്ലാക്കഥകൾ.
മഞ്ചാടിമണികൾ (ഭാഗവതകഥകൾ രണ്ടു ഭാഗങ്ങൾ)

ജ്യോതി സന്തോഷ്

error: Content is protected !!