പുസ്തകം- എൻറൊ

പുസ്തകം- എൻറൊ
ഇനം-കവിതാസമാഹാരം
കവി-റാസി
പ്രസാധകർ-ബ്ലാക്ക്ലാഷ് പബ്ലികാ
വില-150
പേജ്-112

നിങ്ങളുടെ മുന്നിൽ ഇന്നു പരിചയപ്പെടുത്തുന്ന പുസ്തകം തിരോന്തോരത്തെ ജീവിതകവിത
സിറാ റാസിയുടെ രണ്ടാമത്തെ ‘കവിതാജീവിതസമാ-ആഹാരം’ ‘എൻറൊ’യാണ്.

ഭാഷയുടെ പരിണാമമാണോ അതോ മനുഷ്യന്റെ പരിണാമമാണോ കവിതകൾ എന്നു തോന്നിപ്പോകുന്നവിധംതന്റെ സ്വതസിദ്ധമായ ശൈലിയിൽ നാട്ടുവർത്തമാനങ്ങളുടെ, ജീവിതഗന്ധിയായ അനുഭവങ്ങളുടെ കാഴ്ചകളെ
‘ക
ബി

യാ
യി’
എഴുതി കവിതകളെത്തന്നെ വെല്ലുവിളിക്കുന്ന കവിതകളാണ് എൻറൊ.
65 കവിതകൾ, 65 ജീവിതവീക്ഷണങ്ങളാണ്. ശുദ്ധമായ തുറഭാഷയെന്നോ, അതൊ കാഴ്ചയെന്നോ വേർതിരിച്ചു പറയാൻ കഴിയാത്തവിധം, ഒരു പക്ഷെ മഹാനായ ബഷീറിന്റെ രചനാശൈലി ഹൃദയത്തിൽ സ്വീകരിച്ച വായനക്കാർക്ക്, റാസിയുടെ കവിതകളും ഹൃദയത്തിൽ സ്വീകരിക്കാൻ കഴിയും.

ഞമ്പ് എന്ന തലക്കെട്ടിൽ തുടങ്ങി കവിതയും ജീവിതവും എന്ന തലക്കെട്ടിൽ അവസാനിക്കുന്ന കവിതാസമാഹാരം.
അതിലെ ചില കവിതകിലൊന്നായ ഫലാസ് അതിൽ പറയുന്നു
‘മുത്തിനെ ഈ ഉടുപ്പണിയിച്ചതാരാ?
ക്യാമ്പീന്ന് കിട്ടി
കൊടിയും പിടിച്ച് രാവിലെ എങ്ങോട്ടാ?
ഞാനും കൂട്ടുകാരി നസീഹയും കളിക്കുന്ന സ്ഥലത്ത്
വലിയ വലിയ പന്തുകൾ വീഴുന്നുണ്ട്.
മുത്തേ…’

അധിനിവേശക്യാമ്പിൽ ഒന്നും അറിയാതെ കളിക്കാൻമാത്രം അറിയാവുന്ന കുട്ടികൾ, അവിടെ വീഴുന്ന ബോംബുകൾ, നിസ്സഹായരായ മനുഷ്യരുടെ , നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെ അവസ്ഥയെ ഇതിലും ഭംഗിയായി എഴുതാൻ കഴിയില്ല.
എങ്ങനെയും വായിക്കാവുന്നത് എന്ന തലക്കെട്ടിൽ റാസി തന്റെ ജീവിതംതന്നെ എഴുതിയിട്ടുണ്ട്. അതിൽ ‘ഉത്തരവാദിത്വം’ എന്ന തലക്കെട്ടിൽ
‘സക്കാത്തിന്റെ നിയമമെന്താണാവോ?
കഞ്ഞി കുടിച്ച്
നോമ്പുമുറിച്ചു കരഞ്ഞ്
പള്ളിയാണ് തലയിൽ
ഇശായ്ക്ക് മു അദ്ധിൻ
തൊണ്ട് ശരിയാക്കുമ്പോൾ
തമിഴ് ഊരിലേക്ക് ടിക്കറ്റെടുക്കും
ബസ്സിലോ
ട്രെയിനിലോ
(അ) ശാന്തമായുറങ്ങാനാണ്
നോമ്പുമാസം കഴിഞ്ഞ വെള്ളിയാഴ്ചകളിൽ
പള്ളിവാതിലിൽ
വാച്ചറുമാരെ സമ്മതിക്കണം
ഉരുളൻ വടികൊണ്ടുള്ള
അവരുടെ ഉത്തരവാദിത്വമേ!!!!’
പട്ടിണിയുടെ രുചി അറിഞ്ഞവന് നോമ്പ് ഉത്സവമാണ്. നോമ്പു മുറിയുമ്പോൾ കിട്ടുന്ന കഞ്ഞി സദ്യയും. നോമ്പുകാലത്ത് കിടക്കാൻ പള്ളിപടികളുണ്ട്. അതു കഴിഞ്ഞാൽ സ്വന്തമായി കിടപ്പാടമില്ലാത്തവൻ ബസ്സോ, ട്രെയിനോ കിടക്കാൻ ശരണം. സ്വന്തം ജീവിതം റാസിയിങ്ങനെ എഴുതുമ്പോൾ വായനക്കാരൻറെ കണ്ണുകൾ ഈറനണിഞ്ഞെങ്കിൽ അദ്ഭുതമില്ല. ജീവിതകവിത പലപ്പോഴും നൊമ്പരമാണ്.
ഗാന്ധിപാർക്ക് എന്ന ആക്ഷേപഹാസ്യകവിതയിലെ വരികൾ
തികച്ചും ഇന്നത്തെകാലത്തെ പ്രഹസനങ്ങൾക്കു നേരേയുള്ള രൂക്ഷമായ പ്രതികരണമാണ്. വരികൾ ഇങ്ങനെയാണ്;

‘തിരോന്തരം
ഗാന്ധിപാർക്കിൽ
ഇന്ന് വൈകിട്ട്
മഹാത്മാ ഗോഡ്സെ
അനുസ്മരണം.
നല്ലവരായ
പൊതുജനങ്ങൾ
ജനാധിപത്യവിശ്വാസികൾ
പങ്കിടുക്കുമല്ലോ!’

ഇങ്ങനെ വ്യത്യസ്തമായ 65 കവിതകൾ.
അതിലെ ഭാഷയറിയാൻ വായനക്കാർ ഒരു ഭാഷാപണ്ഡിതാവരുത്. ഒരു പച്ചമനുഷ്യനാവുക, നാട്ടുകാരിൽ ഒരാളാവുക .എങ്കിൽ മാത്രമേ നിങ്ങൾക്ക് എൻറൊ വായിക്കാൻ കഴിയൂ, ആഴത്തിൽ മനസ്സിലാക്കിയുള്ളൂ.
ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ വിവിധ ഭാവങ്ങളിൽ റാസിയെന്നെ ജീവിതകവിതയെ നിങ്ങൾക്കുകാണാം. എൻറൊ ആ ജീവിതമാണ്. ഇതു വായിക്കുവാൻ നിങ്ങൾക്ക് മലയാളത്തെ ഏറെ സ്നേഹിക്കേണ്ടിവരും.

പ്രിയ സഹോദരാ താങ്കളുടെ
‘ജീ
വി


വി



റൊ’
വായനക്കാർക്ക് സമർപ്പിക്കുന്നു..

മറ്റു രചന
ഏഴ് മുറികളിൽ കവിത

ജ്യോതി സന്തോഷ്

error: Content is protected !!