വഴിവിളക്ക്

പുൽമൂടി ഉടൽ മുറിഞ്ഞൊരാ
വഴിയരികിൽ
ആസന്നമരണം കാത്ത്
വെളിച്ചം വിതറി നിൽക്കുന്നുണ്ടൊരു
വഴി വിളക്ക്,
ചിതൽ തിന്നൊരാ മരക്കാലിൽ
സമരചരിത്രം അയവിറക്കി
കാറ്റിൽ നിറംമങ്ങി പാറുന്നൊരു കൊടി
കാടും മരവും നഷ്ടപ്പെട്ടൊരു കിളി
കൂടുകൂട്ടി മുട്ടയിട്ട്
കാവലിരിക്കുന്ന മാതൃത്വം

കാലം നൽകിയ മുറിപ്പാടുകളിൽ
ഉപ്പു വിതറി കടൽക്കാറ്റ്
ഇനിയും വെളിച്ചം തിരയുന്നവർക്കായി
തലയിൽ ജീവഭാരവുമേറി
പേമാരിയും വെയിലും നേരിട്ട്
ഇപ്പോഴും വഴികാട്ടുന്ന
വിപ്ലവം

വഴിപോക്കരെല്ലാം
വഴിമാറി പോയതറിയാതെ
ബാക്കിയായി വഴിയും
വഴി വിളക്കും.

എസ് ജെ സുജീവ്

error: Content is protected !!