Āmi dēkhēchi ritu..ഞാന്‍ കണ്ട ഋതു..

അസൂഖ്

ഘോഷ് സിനിമകളെപ്പോഴും മനുഷ്യബന്ധങ്ങളെ അങ്ങേയറ്റം മൃദുലമായി, ലോലമായാണ് കൈകാര്യം ചെയ്തിട്ടുള്ളത്. അതുതന്നെയാണ് ഋതുപർണ്ണോഘോഷ് സിനിമകളുടെ വിജയവും. ആ രീതിയിൽ തന്നെ അവയോരോന്നും ആസ്വാദക ലോകം സ്വീകരിച്ചു. ഏറ്റവും ലളിതമായ കഥാതന്തു തെരഞ്ഞെടുക്കുന്നതിലും വികാര തീവ്രതയോടെ അത് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നതിലും ഘോഷ് സിനിമകൾ മുന്നിട്ടു നിന്നു. കഥ പുരോഗമിക്കുമ്പോൾ അവിടെ ഗാനത്തിനോ സാധാരണ സിനിമകളിൽ കാണുമ്മ ഗിമ്മിക്കിനോ സ്ഥാനമില്ലാതെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഒരു വൈകാരിക ഘടകം ആദ്യം മുതൽ തന്നെ അദ്ദേഹത്തിന്റെ സിനിമകളുടെ മുഖമുദ്രയാണ്. അങ്ങനെയൊരു വ്യത്യസ്തമായ അവതരണരീതിയുടെ വിജയമാണ് ഓരോ ഘോഷ് സിനിമയും. നല്ല സിനിമയെയും പ്രേക്ഷകനെയും തമ്മിൽ യോജിപ്പിക്കുന്ന ഒരു പാലം, അതാണ് ഋതുപർണ്ണോഘോഷ് എന്ന ഫിലിംമേക്കർ.

തുടരെത്തുടരെ ആരോഗ്യം മോശമാകുന്ന രോഹിണിയുടെ അമ്മയ്ക്ക് ഡോക്ടർ HIV ടെസ്റ്റ് നിർദ്ദേശിക്കുന്നു. മാതാപിതാക്കൾ അത് അസംബന്ധമായിക്കണ്ട് തള്ളിക്കളയുന്നു എങ്കിലും രോഹിണി സംഭീതയായിപ്പോകുന്നു. സംശയവും പേടിയുമായി അച്ഛന്റെ നേരെ തിരിയുന്ന രോഹിണി, പിതാവു തന്നെയാവും അതിനു കാരണമെന്നു തീർച്ചയാക്കുന്നു. സംശയം, ഉൽക്കണ്ഠ, പേടി എന്നെ വികാരങ്ങളെ ഒരേ ഫ്രെയിമിൽ പ്രതിഷ്ഠിച്ചു ഘോഷ് നേടുന്നത് പ്രേക്ഷകമനസ്സിൽ ഒരു സ്ഥിരസ്ഥാനമാണ്; അധികമാരും അവകാശപ്പെടാത്തൊരു സ്ഥിരത! ഉൽക്കണ്ഠാകുലവും ഉദ്വേഗജനകവുമായ ഒരവസ്ഥ!

മുൻപ് ഉനിഷേ ഏപ്രിൽ (1994) പറഞ്ഞത് അമ്മയും മകളും തമ്മിലുള്ള വ്യക്തിബന്ധമാണെങ്കിൽ, അഞ്ചു വർഷം കഴിഞ്ഞ് അസൂഖ്(1999),അത് അച്ഛനും മകളും തമ്മിലുള്ള മാനസിക ബന്ധത്തിലേക്ക് ചുവടുമാറി എന്നുമാത്രം! രോഹിണി എന്ന ചലച്ചിത്ര നടിയ്ക്ക് തന്റെ തിരക്കുപിടിച്ച അഭിനയജീവിതത്തിനിടയ്ക്കു മാതാപിതാക്കൾക്കായി ചെലവഴിക്കാൻ സമയമില്ലായിരുന്നു. സ്വകാര്യ ജീവിതത്തിൽ ഏതാണ്ട് ഒരേ സമയം സംഭവിച്ച രണ്ടു കാര്യങ്ങൾ അവരുടെ ജീവിതത്തെ ആകെ മാറ്റിമറിക്കുന്നു. ജീവിതത്തിൽ ഇരട്ട വേഷങ്ങൾ അഭിനയിച്ചു ഫലിപ്പിക്കാനാവാതെ അവർ വിഷമിക്കുന്നു. വർഷങ്ങളായുള്ള കൂട്ട്, തന്റെ ഭാവിവരൻ എന്ന് കണ്ടിരുന്ന ആൾ മറ്റൊരു ബന്ധത്തിൽ ആകൃഷ്ടനാകുന്നതും അമ്മയെ ഗുരുതരമായ രോഗത്തെ തുടർന്ന് ആശുപത്രിയിലാക്കുന്നതും ഏതാണ്ട് ഒരേ സമയം സംഭവിക്കുന്നു. രോഹിണിയോട് പക്വതയുള്ള സ്ത്രീയായി മാറാൻ ഉപദേശിക്കുന്ന അച്ഛൻ, അവളിലെ ചെറിയ പെൺകുട്ടിയെ ആണ് സ്വയം കാണുന്നത്. പിതാവിന് തന്റെ പുത്രിയോട് തോന്നുന്ന പരിശുദ്ധമായ സ്നേഹത്തിനെ അച്ഛനും മകളും തമ്മിലുള്ള സംഭാഷണങ്ങളിലൂടെ മനോഹരമായി ചിത്രീകരിക്കുകയാണ് ഇവിടെ ഘോഷ്.

Chotto amar meye

songinider dak shunte peye
Siri die nicher tolay jachilo se neme
Andhokare bhoy bhoy theme theme
Haate chilo prodip khani
Achol die aral kore cholchilo sabdhani

Ami chilam chhaate

taray bhora choitro maser rate Hathat may r kanna sune, uthe

dekhte gelam chhute Sirir modhe jete jete

prodip ta tar nibe geche batasete
Sudhai tare “ki hoeche bami”
Se kede koy niche theke “harie gechi ami”

Taray bhora choitro maser rate

phire gie chhaate
Mone holo akash pane cheye
Amar bami r motoi jeno omni ke ak meye
Nilamborer achol khani ghire

dipsikhati bachiye eka cholche dhire dhire
Nibto jodi alo, jodi hatat jeto thami
Akash bhore uthto kede “harie gechi ami”.

(HARIYE JAOYA – Rabindranath Tagore)

സിനിമയ്ക്കുള്ള തന്റെ പ്രചോദനം രബീന്ദ്രനാഥ ടാഗോറിന്റെ ഈ കവിതയാണെന്ന് പരാമർശിച്ചുകൊണ്ട് പശ്ചാത്തലത്തിൽ രബീന്ദ്രസംഗീതം ചേർത്തുവയ്ക്കുന്നു. രോഹിണിയെ ടാഗോറിന്റെ കടുത്ത ആരാധികയാക്കാൻ ബെഡ്റൂമിലെ ഛായാചിത്രം മാത്രമല്ല, കവിതാ ആലാപനത്തിലുള്ള കഴിവും സിനിമയിൽ കൊണ്ടുവരുന്നുണ്ട്.

യാഥാർഥ്യങ്ങളിൽ നിന്ന് ഓടിയൊളിക്കാൻ ഒരുമ്പെടാത്തൊരു ശൈലി എന്നും ഘോഷ് ചിത്രങ്ങൾക്ക് അവകാശപ്പെടാനുണ്ട്. ഇക്കുറിയും വ്യത്യസ്തമല്ലാത്തൊരു ചിത്രം, മാനുഷിക വികാരങ്ങളെ തരളമായി കൈകാര്യം ചെയ്യുന്ന അസൂഖ്!!

ബിന്ദു ഹരികൃഷ്ണൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!