ഗുരു

ഈ പുഴയുടെ ഒഴുക്കിനു തടസമില്ലാതെ അതിനെ ഗതിതിരിച്ചു വിടുകയെന്നത് പ്രയാസകരമായ അവസ്ഥയാണെങ്കിലും അങ്ങനെയുള്ള ഗുരുക്കന്മാർ നമുക്കുണ്ടായിട്ടുണ്ട്, ഇന്നും ഉണ്ടാകുന്നുണ്ട്‌.

തടയിണകൾ കെട്ടാതെ, കല്ലുകളിൽ തടയാതെ, ചെളി പുരളാതെ, അതങ്ങനെയവർ ഒഴുകിക്കൊണ്ടു പോകുന്നതനുഭവിക്കാൻ ഒരു സുഖമുണ്ട്. പരുക്കേൽക്കാതെ, സ്വയം താളം കണ്ടെത്തിയൊഴുകുന്നതു കാണാൻ എത്ര ഭംഗിയാണ്.. ഒരു പക്ഷിമാനസം പോലെ… ‘Feather Heart’; അങ്ങനെയൊരു പ്രയോഗം ചില എഴുത്തുകളിൽ കണ്ടിട്ടുണ്ട്. ഒട്ടും ഭാരമില്ലാത്ത മനുഷ്യർക്കേ അങ്ങിനെ ഒഴുകാനാവൂ. ഒരു തൂവലിന്റെ ഭാരമേ ഉണ്ടാവൂ അവർക്ക്.

പുലരിയിൽ പറന്നുയരുന്ന ആ തൂവലിനു അന്തിയാകുമ്പോൾ അപ്പൂപ്പൻ താടിയുടെ ഭാരമേ ഉണ്ടാവൂ. അതിലൊരു മഞ്ഞുതുള്ളി പതിച്ചാൽ പോലും താളം നഷ്ടപ്പെടും. പൊടുന്നനെയുള്ള ഒരു ശ്രുതിഭംഗം, അത്രമാത്രം..

എങ്കിലും ആ അപ്പൂപ്പൻതാടി വീണ്ടും താളം കണ്ടെത്തി പറന്നുയരും.. പറന്നുകൊണ്ടേയിരിക്കും. ഉള്ളിലുള്ള ഗുരുവിന്റെ നിലാ വെളിച്ചത്തിൽ..

പ്രാർത്ഥിക്കേണ്ടത്‌ ഗുരുക്കന്മാർക്കുവേണ്ടിയാണെന്നത് എത്ര ശരിയാണ്. അതും ‘ഞാൻ’ എന്ന എന്നിലെ ഗുരുവിനുവേണ്ടി കൂടിയാകുമ്പോൾ..

കണ്ണീരുപോലുള്ള ജലധാരയുണർത്താൻ ഗുരുക്കന്മാരും, അവരുടെ ഉള്ളിലെ ഉറവയാകാൻ ഒരുപിടി മനുഷ്യരും..

എത്ര ഭംഗിയുള്ള വിചാരമാണത്..!!

റോബിൻ കുര്യൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!