ഉള്ളറിഞ്ഞ സൗഹൃദം

പുതിയ അധ്യയനവർഷത്തിനായി സ്കൂൾ തുറക്കാൻ ഇനി ഒരാഴ്‌ച കൂടിയേയുള്ളു. സാധാരണ സ്കൂൾ തുറക്കുന്നതിന്റെ അന്ന് തുടങ്ങുന്ന മഴ ഇക്കൊല്ലം നേരത്തെ വന്നു. ഇന്നലെ തുടങ്ങിയ മഴയാണ്, തോരുന്ന ഒരു ലക്ഷണവും കാണുന്നില്ല. മഴവെള്ളം ശക്തിയായി വീണ് മുൻവശത്തെ റോഡിലേക്കിറങ്ങുന്ന സിമെന്റ് തേയ്ക്കാത്ത വഴിയിൽ വലിയൊരു ഗർത്തം തന്നെ രൂപപ്പെടാൻ തുടങ്ങി. ആ കുഴിയിൽ നിറയുന്ന വെള്ളം റോഡിലേക്കൊഴുകി പലവഴിക്കായി തിരിയുന്നത് നോക്കി യമുന ഇരുന്നു.

മഴ തിമിർത്തു പെയ്യുന്നത് കാണുന്നതും, മഴയുടെ തണുപ്പ് അനുഭവിക്കുന്നതുമൊക്കെ നല്ല സുഖമുള്ള കാര്യമാണെങ്കിലും ആ മനോഹര അവസ്ഥയെക്കാൾ ആ ആറാം ക്ലാസുകാരിയെ ചിന്താകുലയാക്കിക്കൊണ്ടിരുന്നത് അവളുടെ പ്രായത്തിനൊത്ത വലിയൊരു പ്രയാസമായിരുന്നു.

കൊല്ലം മൂന്നായി പഴയ സ്കൂൾ ബാഗ് തന്നെയാണ് ഉപയോഗിക്കുന്നത്. മൂന്ന് വർഷമായി, അല്ലെങ്കിൽ പഴയതാണ് എന്നതല്ല അവളുടെ പ്രശ്നം, തുന്നലിനു മേലെ തുന്നലുമായി ആകെ കീറിയ അവസ്ഥയിലാണ് അത്, ഇനിയും തുന്നാൻ കഴിയാത്തത് കൊണ്ട് എല്ലാം കൂടി ചേർത്ത് പിന്ന് കുത്തി ഒരു വിധം വച്ചിരിക്കുകയാണ് അവൾ.

സ്കൂൾ അടയ്ക്കുന്നതിന് മുൻപേ തന്നെ അത് ഈ അവസ്ഥയിൽ ആയതിനാൽ അവൾക്കത് പുറകിലായി ഇടാൻ കഴിയാറില്ലായിരുന്നു. അങ്ങനെ ഇട്ടാൽ തുന്നലെല്ലാം വിട്ട് വായ തുറന്ന അവസ്ഥയിലാകും അത്, ആ കാരണം കൊണ്ട് അവൾ എപ്പോഴും നെഞ്ചോട് ചേർത്താണ് ബാഗ് കൊണ്ട് നടന്നിരുന്നത്. കൂടെ പഠിക്കുന്ന കുട്ടികളിൽ ചിലരുടെയെങ്കിലും കളിയാക്കലുകൾ കേട്ട് കേട്ട് ചെവി തഴമ്പിച്ചത് കൊണ്ട് അതൊന്നും തന്നെ ബാധിക്കാത്തത് പോലെയാകും അവൾ ക്ലാസ്സ്മുറിയിൽ ഇരിക്കുക.

പക്ഷെ ഇക്കൊല്ലവും അത് തന്നെ കൊണ്ട് പോകുന്ന കാര്യം അവൾക്ക് ചിന്തിക്കാനേ വയ്യ. അമ്മയെക്കൊണ്ടാകില്ല എന്ന് അമ്മ നേരത്തെ തന്നെ തീർത്തു പറഞ്ഞു കഴിഞ്ഞു. പൊട്ടിയ ചെരുപ്പ് തുന്നി വച്ചിട്ടുണ്ട്, അത് കുറച്ച് നാൾ കൂടി ഇടാം, കുഴപ്പമില്ല, പക്ഷെ ബാഗ്, ആ മഴയുടെ തണുപ്പിൽ ഇരുന്ന് അവൾ ചിന്തിച്ചു, ആ ചിന്തകൾ കുറച്ചൊന്നുമല്ല അവളെ വിഷമിപ്പിച്ചത്.

മൂന്ന് കൊല്ലങ്ങൾക്ക് മുൻപേ അവളുടെ അച്ഛൻ ആണ് അവൾക്ക് ആ ബാഗ് വാങ്ങി കൊടുത്തത്, ആ വർഷം തന്നെ ഒരു ആക്‌സിഡന്റിൽ അച്ഛൻ മരിച്ചപ്പോൾ അച്ഛന്റെ ജീവനോടൊപ്പം പൊലിഞ്ഞത് അവളുടെയും അമ്മയുടെയും സ്വപ്നങ്ങളും ആഗ്രഹങ്ങളും കൂടിയായിരുന്നു. അച്ഛൻ ഉണ്ടായിരുന്നുവെങ്കിൽ ഇങ്ങനെയൊരു പ്രയാസം വരില്ലായിരുന്നേനെ എന്നും അവൾ വിഷമത്തോടെ ആലോചിച്ചു കൂട്ടി.

അമ്മ മഴവെള്ളം വീടിനുള്ളിൽ വീഴുന്നത് തടയാൻ അങ്ങിങ്ങായി വച്ചിരുന്ന അലുമിനിയം കലങ്ങളിൽ നിറഞ്ഞ വെള്ളം എടുത്ത് പുറത്തു കളഞ്ഞ് തിരികെ യഥാസ്ഥാനത്ത് വയ്ക്കുന്നത് കണ്ടാണ് പിറ്റേന്ന് രാവിലെ അവൾ ഉണർന്നത്.

ജോലിക്ക് പോകാൻ ഇറങ്ങുന്നതിന് മുൻപേയുള്ള അമ്മയുടെ സ്ഥിരം നിർദ്ദേശങ്ങൾക്ക് തലകുലുക്കുമ്പോഴും അവളുടെ ആശങ്ക മുഴുവനും മേശമേൽ ഒതുക്കി വച്ചിരുന്ന തുന്നിക്കൂട്ടിയ അവളുടെ സ്കൂൾ ബാഗിലായിരുന്നു, അവളുടെ അച്ഛൻ അവസാനമായി വാങ്ങിക്കൊടുത്തതായത് കൊണ്ട് അവൾക്ക് അതിനോട് വലിയ ആത്മബന്ധം തന്നെ ഉണ്ടായിരുന്നു. അമ്മയ്ക്ക് ഒരു ചിട്ടി കിട്ടാൻ ഉള്ളതിലായിരുന്നു അവളുടെ പ്രതീക്ഷ മുഴുവനും പക്ഷെ ചിട്ടി പിടിച്ചിട്ട് വേണം പൊട്ടിയ ഓട് ഒക്കെ മാറ്റാൻ എന്ന് അമ്മ പറയുന്നത് കേട്ടപ്പോൾ യമുനയുടെ ഉണ്ടായിരുന്ന പ്രതീക്ഷയും അസ്തമിച്ചു.

അന്ന് പകൽ യമുന തൊട്ടയൽവക്കത്ത് താമസിക്കുന്ന അച്ഛന്റെ അനിയന്റെ മകളും തന്റെ സമപ്രായക്കാരിയുമായ അരുണിമയുമായി കളിക്കുമ്പോഴാണ് അറിഞ്ഞത് അരുണിമയ്ക്കുള്ള പുതിയ ബാഗും ചെരുപ്പും കുടയുമൊക്കെ മേടിക്കാൻ അവരെല്ലാവരും അന്ന് വൈകുന്നേരം പോകുന്നുണ്ട് എന്ന്. മഴയ്ക്ക് തെല്ലൊരു ശമനം വന്ന് സൂര്യൻ കറുത്ത് കിടന്ന മേഘങ്ങൾക്കിടയിൽ നിന്നും ഒളിഞ്ഞു നോക്കുന്നുണ്ടായിരുന്നു, അന്നത്തെ പകലിലെ ആ കാഴ്ച പോലെയൊരു പ്രതീക്ഷയുടെ തിരിവെട്ടം അവളുടെ മനസ്സിലും തെളിഞ്ഞു. അവൾ ആശിച്ചു തനിക്കും കൂടി ഒരു ബാഗ് അവർ വാങ്ങുമായിരിക്കും, അവൾ ആഗ്രഹിച്ചു, ഉള്ളുരുകി പ്രാർത്ഥിച്ചു തനിക്കും കൂടി മേടിക്കാൻ അവർക്ക് തോന്നേണമേ എന്ന്.

അന്ന് വൈകുന്നേരം അരുണിമയ്ക്കുള്ള സാധനങ്ങൾ വാങ്ങാൻ പുറപ്പെട്ട അവരുടെ തിരിച്ചു വരവിനെയും പ്രതീക്ഷിച്ചു നടപ്പടിയിൽ തന്നെ ഇരുപ്പുറപ്പിച്ചു അവൾ. അവരുടെ വരവ് വൈകിയപ്പോൾ വിശപ്പ് പോലും അവൾ അറിഞ്ഞില്ല, അത്താഴം കഴിക്കാൻ ചെല്ലാൻ കൂടി അമ്മ എത്ര വിളിച്ചിട്ടും അവൾ പോയില്ല, “പിന്നെ മതി” എന്ന് പറഞ്ഞു റോഡിലേക്ക് കണ്ണുംനട്ടിരുന്നു.

അവരുടെ വാഹനത്തിന്റെ വെളിച്ചം ദൂരെ നിന്നും കണ്ടതേ അവളുടെ മനസ്സും തുടികൊട്ടാൻ തുടങ്ങിയിരുന്നു. രാത്രി ഏറെ വൈകിയെങ്കിലും അവൾ അതേ മനസ്സുമായി അവരുടെ വീടിനുള്ളിൽ കയറിച്ചെന്നു. മേടിച്ച പുതിയ സാധനങ്ങളെല്ലാം അരുണിമ സന്തോഷത്തോടെ കവറിനുള്ളിൽ നിന്നും എടുത്ത് നോക്കുന്നത് കണ്ടു നിന്ന യമുനയെ അടുത്ത് വിളിച്ച് അരുണിമ അതെല്ലാം കാണിച്ചു കൊടുത്തു. ഓരോന്നും തലോടി അതിന്റെ ഭംഗിയും പുതുമണവും ഒക്കെ ആസ്വദിച്ചു കൊണ്ടിരുന്ന അവളെ കണ്ടാണ് അരുണിമയുടെ അമ്മ അങ്ങോട്ടേക്ക് വന്നത്.

അവൾക്ക് തന്റെ ഉള്ളിൽ നിന്നും പുറത്തേക്ക് പായാൻ വെമ്പി നിന്ന ചോദ്യത്തെ എത്ര ശ്രമിച്ചിട്ടും തടയാനായില്ല, “കൊച്ചമ്മേ, എനിക്കുള്ള ബാഗെവിടെയാ?”, അവൾക്കും കൂടി അവർ ബാഗ് വാങ്ങുമെന്ന പ്രതീക്ഷയെ വെറും പ്രതീക്ഷയാക്കി നിർത്താതെ തനിക്കും വാങ്ങും എന്ന ഉറപ്പിലേക്ക് അവളുടെ മനസ്സ് അപ്പോഴേക്കും എത്തിയിരുന്നു. ആ ഉറപ്പായിരുന്നു അവളെക്കൊണ്ട് ആ ചോദ്യം ചോദിപ്പിച്ചത്.

“എന്തോന്നാ?..നിനക്ക് ബാഗോ?.നിനക്കും കൂടി മേടിക്കാൻ നിന്റെ അമ്മ ഞങ്ങടെ കൈയിൽ പൈസ ഏൽപ്പിച്ചിരുന്നോ? കൊള്ളാമല്ലോ, അവളുടെ ഒരു മോഹമേ.”, പുച്ഛത്തോടെയുള്ള അവളുടെ കൊച്ചമ്മയുടെ വാചകങ്ങൾ വെറും വാക്കുകളായല്ല അവളുടെ ഹൃദയത്തിൽ തറച്ചത്, മൂർച്ചയേറിയ മുള്ളുകളായാണ്, അത് ആ കുഞ്ഞു ഹൃദയത്തെ പാടെ കീറിമുറിച്ചു.

ഉരുണ്ടു വന്ന കണ്ണുനീർ താഴേക്ക് ഒഴുകുന്നതിനു മുൻപേ അവൾ ആ അപമാനത്തിന്റെ തീച്ചൂളയിൽ നിന്നും പതിയെ എഴുന്നേറ്റ് പുറത്തേയ്ക്കിറങ്ങി. ചന്നം പിന്നം പെയ്തുകൊണ്ടിരുന്ന മഴ ശക്തി ആർജ്ജിച്ചു തുടങ്ങിയിരുന്നു.

ഉള്ളിലെ ഞെരുക്കം മുഖത്ത് ഒട്ടും പ്രകടമാക്കാതെ ഒന്നും സംഭവിച്ചിട്ടേ ഇല്ലാത്ത മട്ടിൽ വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ അമ്മ പറഞ്ഞു,
“ശൊ, ഈ രാത്രിയും മഴ തന്നെ, പാത്രങ്ങൾ കൂടുതൽ എടുത്ത് വയ്ക്കണം, ഇല്ലെങ്കിൽ രാവിലെ എണീക്കുമ്പോൾ വീട് മുഴുവൻ വെള്ളമായിരിക്കും. വല്ലതും കഴിച്ചിട്ട് കിടന്നുറങ്ങു യമുനേ നീ.”

യമുനയുടെ അമ്മ പുറത്ത് പെയ്യുന്ന മഴ മാത്രമേ കണ്ടുള്ളു, അവളുടെ ഉള്ളിൽ പെയ്തുകൊണ്ടിരുന്ന അപമാനത്തിന്റെയും സങ്കടത്തിന്റെയും പെരുമഴ കണ്ടില്ല, നല്ലത് തന്നെ എന്നവൾ ചിന്തിച്ചു, അറിഞ്ഞാൽ ഉറപ്പായും അമ്മയ്ക്കും പ്രയാസമാകും.

പിറ്റേ ആഴ്ച സ്കൂൾ തുറന്ന ദിവസം തന്റെ പഴയ ബാഗും നെഞ്ചിലടക്കിപ്പിടിച്ചു ക്ലാസ്സിനുള്ളിൽ കയറിച്ചെല്ലുമ്പോൾ അവൾ കണ്ടു കുട്ടികളെല്ലാം പുതിയ ബാഗും, ചെരുപ്പും, കുടയുമെല്ലാം പരസ്പരം കാണിച്ച് അവരുടെ സന്തോഷം പങ്കുവക്കുന്നത്. അവൾ ഒരു ഒഴിഞ്ഞ ബെഞ്ചിൽ ചെന്നിരുന്നു, അവളുടെ പ്രിയപ്പെട്ടവളും ഒരേയൊരു കൂട്ടുകാരിയുമായ നന്ദിതയുടെ വരവിനായി കാത്തിരുന്നു.

ആറാം ക്ലാസ്സിൽ നിന്നും ഏഴിലേയ്ക്ക് ജയിച്ചപ്പോൾ യമുന ഒരു കാര്യം മാത്രമേ അന്വേഷിച്ചുള്ളൂ, നന്ദു അവളുടെ ക്ലാസ്സിൽ ആണോ എന്ന്, ആണെന്നറിഞ്ഞപ്പോഴാണ് അവൾക്ക് സമാധാനമായത്. ഒന്നാം ക്ലാസ് മുതൽ യമുനയുടെ നിഴൽ നന്ദുവും, നന്ദുവിന്റെത് യമുനയുമാണ്. നന്ദുവും എല്ലാം പുതിയത് മേടിച്ചിട്ടുണ്ടാവും എന്ന് അവൾ ചിന്തിച്ചു.

നന്ദിത അവളുടെ അടുത്ത്‌ ചെന്നു തോളിൽ പിടിച്ചപ്പോൾ മാത്രമാണ് അവൾ ചിന്തകളിൽ നിന്നും ഉണർന്നത്. നന്ദിതയുടെ കൈയിൽ പഴയ ബാഗ് തന്നെ കണ്ട് അവൾ അത്ഭുതപ്പെട്ടു, അവൾ ചോദിച്ചു,
“എന്തേ നന്ദു? നീ ഈ വർഷം പുതിയ ബാഗ് മേടിച്ചില്ലേ?.”

“മേടിച്ചു, ബാഗ്, ചെരുപ്പ്, കുട, എല്ലാം മേടിച്ചു, എനിക്ക് മാത്രമല്ല…നിനക്കും കൂടി.”

“എന്താ?, എനിക്കും കൂടിയോ?”, അത്ഭുതത്തോടൊപ്പം സന്തോഷവും അവളിൽ വാനോളമുയർന്നു.

“അതേ യമുനക്കുട്ടി, നിനക്കും മേടിച്ചു. എനിക്കും നിനക്കും ഒരേ പോലത്തെ ബാഗ് ആണ് മേടിച്ചത്, രണ്ടു കളർ, നിനക്ക് പിങ്ക് അല്ലെ ഏറ്റവും ഇഷ്ടം?, അത് തന്നെ കിട്ടി. കഴിഞ്ഞ ആഴ്ച എല്ലാം വാങ്ങാൻ പോകാമെന്നു അച്ഛൻ പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു ഈ വർഷം എനിക്കൊന്നും വേണ്ട, പകരം യമുനയ്ക്ക് മേടിച്ചാൽ മതി എന്ന്. അപ്പോൾ അച്ഛൻ പറഞ്ഞു എന്നാൽ രണ്ടാൾക്കും മേടിക്കാമല്ലോ എന്ന്. ഇന്നലെ ഞാനും അമ്മയും കൂടി നിന്റെ വീട്ടിൽ വരാൻ വേണ്ടി ഇരുന്നതാ, നിനക്ക് സർപ്രൈസ് ആയിട്ടു അതൊക്കെ തരാൻ, പക്ഷെ പറ്റിയില്ല, സാരമില്ല, ഇന്ന് വൈകുന്നേരം എന്തായാലും ഞാനും അമ്മയും കൂടി നിന്റെ വീട്ടിൽ വരും, എന്നിട്ട് നാളെ മുതൽ നമുക്ക് രണ്ടു പേർക്കും പുതിയ സാധനങ്ങൾ ഉപയോഗിക്കാം, ഓക്കേ?”.

നന്ദിത തന്റെ കൈപ്പത്തി പൊക്കി യമുനയുടെ കൈപ്പത്തിയിൽ അടിക്കാനായി തുനിഞ്ഞു, പക്ഷെ അവൾ ആ കൈ പതിയെ മാറ്റി നിറകണ്ണുകളോടെ നന്ദുവിന്റെ കവിളിൽ ഒരു മുത്തം കൊടുത്തു.

ക്ലാസ്സ്മുറിയിലെ ജനാലയിലൂടെ അവൾ കണ്ടു ആകാശത്തിൽ മേഘങ്ങൾ ഉരുണ്ടുകൂടി കറുത്ത് തുടങ്ങുന്നത്, പക്ഷെ അവളുടെ മനസ്സ് കാർമേഘങ്ങൾ ഒഴിഞ്ഞ തെളിഞ്ഞ ആകാശത്തെ പോലെയായിരുന്നു.

അന്ന് വൈകുന്നേരം യമുന തന്റെ പ്രിയതോഴിയുടെ വരവും കാത്ത് ഉദ്വേഗഭരിതയായി അവളുടെ വീടിന്റെ നടപ്പടിയിൽ ഇരുന്നു. അവളുടെ ആവേശത്തിനും, സന്തോഷത്തിനും പൂർണ്ണത വന്നത് ദൂരെയായി അവളുടെ വീട് ലക്ഷ്യമാക്കി നടന്നു വരുന്ന നന്ദുവിനെയും അമ്മയെയും കണ്ടതോടെയാണ്.

തനിക്കുള്ളതിൽ ഒരു പങ്ക് ഇല്ലാത്തവന്, അല്ലെങ്കിൽ ഉള്ളവൻ ഇല്ലാത്തവന് കൊടുക്കണം എന്ന മാനുഷികതത്വം യമുന പഠിച്ചതും ഹൃദിസ്തമാക്കിയതും അന്നാണ്, അവളുടെ എക്കാലത്തെയും പ്രിയ സൗഹൃദത്തിൽ നിന്ന്.

യമുനയുടെ ജീവിതത്തിലെ മറക്കാനാവാത്തതും, ഏറ്റവും മനോഹരവുമായ നിമിഷം പൂത്തതും ഈ സൗഹൃദചില്ലയിലാണ്.

മഹാലക്ഷ്മി മനോജ്

Leave a Reply

Your email address will not be published.

error: Content is protected !!