മനസ്സ്

മനസ്സെപ്പോഴെങ്കിലും നിന്നെ ഭ്രാന്തുപിടിപ്പിച്ചാൽ ആ സമയത്തുണ്ടാകുന്ന ബോധമണ്ഡലത്തെ നിന്റെ ശത്രുവായി കാണുക. അത് നിനക്ക് ‘അന്യ’യാണ്. നിന്നോടു ‘സമരസ’പ്പെടാൻ അതിനു താല്പര്യമില്ലെന്നർത്ഥം.

നിന്റെ ആന്തരികയുദ്ധഭൂമികയിൽ അപ്പോൾ യുദ്ധം നടക്കും.

ആ കുരുതിക്കളത്തിൽ കണ്ണുനീരും നിലവിളികളുമുണ്ടാകും, അതുനിന്നെ വാരിയെടുത്ത് ചുഴറ്റിയെറിയും..

സ്നേഹം വെറുപ്പായും, അറപ്പായും നിന്നിൽ പ്രതിഫലിച്ച് അഭിനയിക്കും..

ആ കുരുക്ഷേത്രഭൂമിയിൽ നീതി അനീതിയായും, സത്യം മിഥ്യയായും നിന്നോടു സംസാരിക്കും..

നിന്നിലെ അന്യബോധം നൂറു മക്കളെ പ്രസവിക്കും.. അതു നിന്റെ പഞ്ചേന്ദ്ര്യയങ്ങളോടു പടവെട്ടി കപടവേഴ്ച്ച നടത്തും.

നിന്നിലെ യഥാർത്ഥ സ്നേഹം നിന്നോടു വീണ്ടും വീണ്ടും വിളിച്ചു പറയും.. “ഞാനാണു വഴി..! ഞാനാണു സത്യം..! ഞാനാണു ജീവൻ..! ഇതിലെ പോകുക..” പക്ഷെ, പത്മവ്യൂഹത്തിൽ അകപ്പെട്ട നിനക്ക്, പുറത്തുകടക്കാനുള്ള വഴി തെളിഞ്ഞുവരികയില്ല.

ആത്മാവിന്റെ ഇരുണ്ടരാത്രികൾ ചിലപ്പോൾ നിനക്കു കാണാം. ആ കൂരിരുളിന്റെ താഴ്‌വരകളിൽ കൂടി നീ നടന്നാലും നിനക്കൊരനർത്ഥവും സംഭവിക്കില്ല.

വെറുതെ കാത്തിരിക്കുക.., സമയം കൊടുക്കുക.., സ്നേഹത്തിൽ ലയിച്ചിരിക്കുക.. അവസാന ജയം നിന്റേതായിരിക്കും.

ആ ബോധം നിന്നോടു സമരസപ്പെട്ട്, ശാന്തമായ പുൽത്തകിടിയിലേയ്ക്ക് നിന്നെ നയിക്കും.. പ്രശാന്തമായ ജലാശയങ്ങളിലേയ്‌ക്ക് അവൻ നിന്നെ കൊണ്ടുപോകും.

അവിടെ, മാതളനാരകവും മുന്തിരിയും വിളയുന്ന ഗ്രാമങ്ങളിൽ നീ രാപാർക്കും.. അതികാലത്തെഴുന്നേറ്റ് മുന്തിരിവള്ളികൾ തളിർത്തു പൂവിടരുകയും, മാതളനാരകം പൂക്കുകയും ചെയ്തോ എന്നു നോക്കും..

അവിടെവച്ച്.., അവൻ നിനക്കവന്റെ പ്രണയം തരും..

അപ്പോൾ.., ദൈവത്തിന്റെ മുലപ്പാൽ നുണയുന്ന ഇളം ചുണ്ടുകളാണു നമ്മൾ..

റോബിൻ കുര്യൻ

Leave a Reply

Your email address will not be published.

error: Content is protected !!