സ്വപ്നം പോലൊരാൾ…

ജമന്തിപ്പാടത്തിനക്കരെ എത്തുമ്പോഴേ അമ്മ വിളിച്ചുകൂവുന്നതു കേട്ടു.

“സെൽവീ… കൊഞ്ചം ശീഘ്രം വാമ്മാ.. മണി എന്നാകിറതെന്നു പാത്തിയാ. പുള്ളൈയിന്നും ലേറ്റാകത്താൻ പോകിറത്.”

“നില്ല്. എതുക്ക് ഇപ്പടി കത്ത്ത്! വന്നിട്ട് താനേ ഇറ്ക്ക് ത്!”

സെൽവിയും വിട്ടുകൊടുത്തില്ല. അവരുടെയൊരു ചെല്ലപ്പിള്ളയും അവന്റെയൊരു സ്കൂളിൽപ്പോക്കും. അവൾക്കു ദ്വേഷ്യം വന്നു. ഒക്കത്തേറ്റിയ വെള്ളക്കുടം ഒന്നുകൂടെ കയറ്റിത്തട്ടിവച്ചതു മാധവേട്ടന്റെ ഊരയ്ക്കിട്ടായിപ്പോയി. കൈവീശിയടിച്ചെന്നപോലെ ഏട്ടൻ ചാടിയെഴുന്നേറ്റിരുന്നു.

“എന്തൊരു തൊന്തരവാണിത്! നിനക്ക് കിടന്നുറങ്ങുമ്പോഴെങ്കിലും ഒന്നലയ്ക്കാതിരുന്നൂടെ പെണ്ണെ!”

ഉറക്കം മുറിഞ്ഞ ഈറയായിരുന്നു മാധവേട്ടന്റെ വാക്കുകളിൽ. പായിലെഴുന്നേറ്റിരിക്കുന്ന സെൽവിയെക്കണ്ടപ്പോൾ സ്വരം താനേ മൃദുവായി. അവളുടെ മുതുകിൽ തട്ടിക്കൊണ്ടു മാധവേട്ടൻ പറഞ്ഞു.

“കിടന്നുറങ്ങാൻ നോക്ക്. വഴക്കൊക്കെ നമുക്ക് നാളെ തീർക്കാം”.

നിറഞ്ഞുവന്ന കണ്ണുകൾ മാധവേട്ടൻ കാണാതെ മറച്ചു പിടിച്ചു സെൽവി ചിരിച്ചു. മാധവേട്ടൻ തിരിഞ്ഞുകിടന്നു; അധികം വൈകാതെ കൂർക്കംവലിയുമുയർന്നു. സെൽവിക്ക് സമാധാനമായി. പാവം പകലു മുഴുവൻ അദ്ധ്വാനിച്ചു തളർന്നുവരുന്ന ആളാ; രാത്രിയിൽ കിടന്നുറങ്ങാനും കൂടെ സ്വൈര്യം കൊടുക്കില്ലാന്നുവച്ചാൽ!!

പാലക്കാട്- കോയമ്പത്തൂർ അതിർത്തിയിലുള്ള ഒരുൾനാടൻ ഗ്രാമമാണ് ഈ പ്രദേശം. നാഗരികത കടന്നുവരാൻ ഇനിയും നൂറ്റാണ്ടുകളെടുത്തേയ്ക്കാമെന്നു തോന്നിക്കും ഇവിടുത്തെ രീതികൾ കണ്ടാൽ. ഏക്കറുകണക്കിനുള്ള തെങ്ങിൻതോപ്പും മാവിൻന്തോട്ടവുമുള്ള ഒരു കൃഷിയിടത്തിന്റെ മേൽനോട്ടക്കാരനായി വന്നതാണ് മാധവേട്ടനെന്നു നാട്ടുകാർ വിളിക്കുന്ന മാധവൻ നായർ. തോട്ടം മുതലാളിയുടെ സ്വന്തമാളെന്ന് പരിചയപ്പെടുത്തി അങ്ങ് തെക്കുനിന്നെങ്ങാണ്ടുന്നോ വന്നൊരാൾ! അത്രമാത്രമേ അന്നാട്ടുകാർക്കു അയാളെക്കുറിച്ചറിയൂ. അവർക്കത്ര തന്നെ ധാരാളമായിരുന്നു. തന്റെ സരസ സംഭാഷണം കൊണ്ടും പെട്ടെന്നടുപ്പംകൂടുന്ന പ്രകൃതം കൊണ്ടും മാധവേട്ടൻ അന്നാട്ടിലെ തന്നെ ആളായിമാറാൻ അധികം താമസിച്ചില്ല. കുട്ടികളടക്കം ‘മാധവേട്ട’നെന്നയാളെ സംബോധനചെയ്തു. ലോകകാര്യങ്ങൾ കിറുകൃത്യമായി അപ്പപ്പോളറിയുന്ന മാധവേട്ടൻ ഗ്രാമത്തിന്റെ ഏറ്റവും വിവരമുള്ള മനുഷ്യനുമായി. പിന്നീടാരും അയാളുടെ ഊരും പേരുമൊന്നും അന്വേഷിക്കാൻ പോയില്ല.

തോട്ടത്തിലെ അന്നത്തെ പണി കഴിഞ്ഞു പണിക്കാരെയും പറഞ്ഞുവിട്ടശേഷം വൈകുന്നേരം രണ്ടു സൊറപറയാൻ കവലയിലെത്തിയതാണ് മാധവേട്ടൻ. കവലയിലധികം കടകളൊന്നുമില്ല. കുമാരന്റെ ചായക്കടയും ഒരു മുറുക്കാൻ പീടികയും സൈക്കിൾ ഷോപ്പും പിന്നെയൊരു മരുന്നുകടയും തീർന്നു കവലയിലെ സൗകര്യങ്ങൾ. ചായക്കടയിലേക്ക് കയറും മുൻപ് ആരോ ഒരു സംശയവും കൊണ്ട് പിന്നീന്നു വിളിച്ചു, ആരെന്നു നോക്കാൻ തിരിഞ്ഞുനിന്നപ്പോഴാണ് സെൽവി എന്ന് വിളിപ്പേരുള്ള കലൈസെൽവി മാധവേട്ടന്റെ ജീവിതത്തിലേയ്ക്ക് ഇടിച്ചിറങ്ങിയത്! അക്ഷരാർഥത്തിൽ അതൊരിടിച്ചിറങ്ങൽ തന്നെയായിരുന്നു. ഒരു സൈക്കിളിന്റെ ക്യാരിയറിൽ രണ്ടുവശത്തും തൂക്കിയിട്ട തുണിക്കെട്ടുകളും ക്യാരിയറിൽ വീണുപോകാതിരിക്കാൻ വച്ചുകെട്ടിയ നിലയിൽ രണ്ടുവയസ്സുള്ള മകളെയും കൊണ്ട് കഷ്ടപ്പെട്ടു ബാലൻസ് ചെയ്തുവരികയായിരുന്നു സെൽവി. സൈക്കിളിന്റെ പന്തിയല്ലാത്ത വരവുകണ്ടു അങ്ങോട്ടോ ഇങ്ങോട്ടോ മാറേണ്ടതെന്നു അന്ധാളിച്ച മാധവേട്ടന്റെ ദേഹത്തേയ്ക്ക് സൈക്കിൾ സെൽവിയും കുഞ്ഞും തുണിക്കെട്ടും സഹിതം ഇടിച്ചിറങ്ങുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ സെൽവിയെ കൈയ്യേറ്റം ചെയ്യുമെന്നായപ്പോൾ അവരുടെ സ്നേഹദൂതനായ മാധവേട്ടൻ സെൽവിയ്ക്കു നേരെയും സഹായഹസ്തം നീട്ടി. അപ്പോഴാണ് വീണുകിടക്കുന്ന സൈക്കിളിലിൽ അള്ളിപ്പിടിച്ചിരിക്കുന്ന കുഞ്ഞിനെ കണ്ടത്. മാധവേട്ടൻ കൊച്ചിനെ വേഗം കെട്ടഴിച്ചെടുത്തു. പെട്ടെന്നുണ്ടായ സംഭവവികാസങ്ങളിൽ അമ്പരന്നു കരയാൻ മറന്നിരുന്ന കുഞ്ഞ് ഉച്ചത്തിൽ കരയാൻ തുടങ്ങി.

ആളുകൾക്കിടയിൽ നിന്ന് സെൽവിയെ ചായക്കടയ്ക്കകത്തെ ബെഞ്ചിലും കുഞ്ഞിനെ അവളുടെ മടിയിലും വച്ചശേഷമാണ് മാധവേട്ടൻ തന്റെ മുറിഞ്ഞു ചോരയൊലിക്കുന്ന കൈമുട്ടു ഗൗനിച്ചത്. കുമാരന്റെ സമോവറിലെ തിളയ്ക്കുന്ന വെള്ളത്തിൽനിന്നും കുറച്ചെടുത്ത് ആവശ്യത്തിന് പച്ചവെള്ളവും ചേർത്തു നീറ്റച്ചൂടിൽ മുറിവിലേയ്ക്ക് പാർന്നപ്പോൾ ചോര ഒഴുകിപ്പോയി. അടുപ്പീന്നു തന്നെ ഒരൽപം ചാരം മുറിവിൽ വാരിപ്പൊത്തി സെൽവിയെ വിചാരണചെയ്യാനിരുന്നു. ഓടിക്കൂടി അത്ഭുതം കണ്ടുനിൽക്കുന്നവരിൽ അവളെ പരിചയമുള്ളവരും ഇല്ലാതില്ല.

ഇതേ ഗ്രാമത്തിന്റെ അങ്ങേയറ്റത്തെ മൂലയിൽ ഉള്ളവളായിരുന്നു അവൾ. അതിർത്തിയിലായതുകൊണ്ടു തമിഴ് കലർന്ന മലയാളം സംസാരിക്കുന്നവൾ. അച്ഛൻ തമിഴനും അമ്മ മലയാളത്തുകാരിയും. രണ്ടുപേരും പക്കത്തുവീട്ടുകാർ തന്നെ, പക്ഷെ സംസ്ഥാനം രണ്ടായിപ്പോയി. അങ്ങനെ വന്നതാണ് കലൈസെൽവി എന്ന തമിഴാളം. സൈക്കിളിൽ വച്ചുകെട്ടിയിരുന്നതും ഇപ്പോൾ മടിയിലിരിക്കുന്നതുമായ കുഞ്ഞ് അവളുടെ സ്വന്തം തന്നെയാണ്. കുട്ടിത്തം വിട്ടുമാറിയിട്ടില്ല ഇവൾക്ക് തന്നെ അവൾക്കും ഒരു കുഞ്ഞ്! അതും ഒരു രണ്ടുവയസ്സുകാരി, മാധവേട്ടന് അമ്പരപ്പായിരുന്നു.

” അപ്പൊ കുഞ്ഞിന്റെ അച്ഛനെവിടെ?”

മാധവേട്ടനും കേൾവിക്കാരും ജിജ്ഞാസുക്കളായി. സെൽവി മിണ്ടിയില്ല.

“നീയീ സന്ധ്യാസമയത്ത് ഇതൊക്കെ കെട്ടിപ്പെറുക്കി എങ്ങോട്ട് പോക്ന്ന്?”

കുമാരൻ തിരക്കി.
കുമാരന്റെ ചോദ്യത്തെ എല്ലാവരും പിന്താങ്ങി. അവളപ്പോൾ മുളചീന്തുമ്പോലെ ഒറ്റക്കരച്ചിൽ! മറുപടിക്കായികാത്തു നിന്നവർ വല്ലാതായി. പെണ്ണൊരുത്തി ഒക്കത്തൊരു കുഞ്ഞുമായി സന്ധ്യാസമയത്തു വീട്ടിലേക്കല്ല പോകുന്നതെന്ന് അവിടെ കൂടിയവർക്കെല്ലാം ഏതാണ്ടുറപ്പായി. കരച്ചിൽ നീണ്ടപ്പോൾ മാധവേട്ടൻ സെൽവിയെ ആശ്വസിപ്പിച്ചു.

“കരയാതെ. ഒരു ചായയൊക്കെ കുടിച്ചിട്ട് സംസാരിച്ചാൽ മതി. നോക്ക് നീ കരയുന്നകണ്ട് നിന്റെ മോളും കരയാൻ തുടങ്ങുന്നത്”.

ഇതിനകം കരച്ചിൽ നിർത്തിയിരുന്ന കുട്ടി വീണ്ടും ചുണ്ടുപിളർത്താൻ തുടങ്ങിയിരുന്നു.
എപ്പോഴുമെന്നപോലെ ഇപ്പോഴും മാധവേട്ടന്റെ വാക്കുകൾ അംഗീകരിക്കപ്പെട്ടു. പിന്നെയാരും അവളോടൊന്നും ചോദിച്ചില്ല. പെട്ടെന്ന് തന്നെ ചായ വന്നു, മുൻവശത്തെ ഭരണിയിൽനിന്നും കാഴ്ചക്കാരിലൊരാൾ രണ്ടു ബിസ്‌കറ്റെടുത്തു കുഞ്ഞിന് കൊടുത്തു. കുഞ്ഞ് കരയാനുള്ള ശ്രമമുപേക്ഷിച്ചു ബിസ്ക്കറ്റ് തിന്നാൻ തുടങ്ങി.

അനന്തരം സെൽവി അവളുടെ കഥപറഞ്ഞു. അമ്മയും അച്ഛനും അനിയനുമുണ്ട് അവൾക്ക്. വീടും ചുറ്റുമുള്ള ജമന്തിപ്പാടവും അവർക്കു സ്വന്തമായുണ്ട്. അച്ഛന് കോയമ്പത്തൂരിൽ വർക്ക്ഷോപ്പിൽ വേലയാണ്. എന്നുമെന്നും വീട്ടിൽ വരുകൊന്നുമില്ല. വർക്ക് ഷോപ്പ് അപ്പായുടെ ചിത്തിമകന്റെ സ്വന്തമാണ്. അവർക്കു അപ്പായെ വിശ്വാസമായതുകൊണ്ടു ഏല്പിച്ചുപോകും ചിലപ്പോഴൊക്കെ എന്നാണു വീട്ടിൽ പറഞ്ഞത്. ഒരിക്കൽ അപ്പാ വരാൻ ഒരുമാസത്തിലേറെ താമസിച്ചപ്പോൾ അമ്മ കോയമ്പത്തൂരിൽ പോയന്ന്വേഷിച്ചു. അപ്പോഴല്ലേ അറിയുന്നത് അവിടെ വേറൊരു കുടുംബമൊക്കെയായി അപ്പാ സുഖമായിരിക്കുന്നു എന്ന്. തിരികെ വന്ന അമ്മ കെട്ടിത്തൂങ്ങി ചാവാൻ നോക്കി. അമ്മയെ അന്ന് ആശുപത്രിയിലൊക്കെ കൊണ്ടുപോയത് അകന്ന ബന്ധു മുരുകണ്ണനാണ്. സ്‌കൂളിൽ പഠിക്കുമ്പോഴേ സെൽവിയിലൊരു കണ്ണുണ്ടായിരുന്നു മുരുകണ്ണൻ സംരക്ഷകനായി ചമഞ്ഞു. വീട്ടിൽ സ്ഥിരതാമസമാക്കുമെന്നായപ്പോൾ അമ്മ സെൽവിയെ മുരുകന് കെട്ടിച്ചുകൊടുത്തു.

ആദ്യമൊക്കെ കുടുംബം നോക്കിയിരുന്ന മുരുകണ്ണൻ കുഞ്ഞു പിറന്നശേഷം അധികം വീട്ടിലേയ്ക് വരാതായി. മധ്യസ്ഥം പറയാൻ ചെന്ന അമ്മ ഉൾപ്പെടെയുള്ളവരോട് മുരുകണ്ണൻ തന്റെ നിരാശയെപ്പറ്റിപ്പറഞ്ഞു തടിതപ്പി. ഒരു ആൺകുഞ്ഞിനെയാണ് താനാശിച്ചത്, സെൽവി പ്രസവിച്ചതോ ഒരു പെൺകുഞ്ഞിനെയും. ആൺകുഞ്ഞ് ഇനിയുമുണ്ടാകാമല്ലോ എന്ന വാദമൊന്നും വിലപ്പോയില്ല; മുരുകണ്ണൻ സെൽവിയെന്ന, പെണ്ണിനെ പ്രസവിച്ചവളെ ഉപേക്ഷിക്കാൻ തന്നെ തീരുമാനിച്ചു. സെൽവി സന്തോഷിക്കയാണ് ചെയ്തത്, ബന്ധമൊഴിയാൻ വെറും മുട്ടാപ്പോക്കു പറയുന്നവന്റെ കൂടെ ഇനി താമസിക്കണ്ടല്ലോ, അവനെ ഇനി കാത്തിരിക്കുകയും വേണ്ടല്ലോ! പക്ഷെ സെൽവിയെന്ന ഭാരമിറക്കിവച്ചു സ്വസ്ഥമായി മരിക്കാനൊരുങ്ങിയിരിക്കുന്ന അമ്മയും പഠിച്ചൊരു കരപറ്റാൻ തീവ്രശ്രമത്തിലേർപ്പെട്ടിരിക്കുന്ന അനുജനും സെൽവിയുടെ സന്തോഷത്തെ എതിർത്തു. തള്ളിപ്പറഞ്ഞ മുരുകണ്ണനൊപ്പം പോയി താമസിക്കാൻപറഞ്ഞു വീട്ടിൽനിന്നു ഇറക്കിവിട്ടിരിക്കുകയാണ്. തന്റേതായ സാധനങ്ങൾ കെട്ടിപ്പെറുക്കിയെടുത്തു എങ്ങോട്ടെന്നറിയാതെയുള്ള പോക്കാണിതെന്നു പറഞ്ഞപ്പോൾ സെൽവി വീണ്ടും പൊട്ടിക്കരഞ്ഞു. കേൾവിക്കാരുടെയും കണ്ണുനിറഞ്ഞു. കുഞ്ഞ് ഇതൊന്നുമറിയാതെ ബിസ്ക്കറ്റ് തിന്നുകയായിരുന്നു.

മാധവേട്ടൻ മാത്രം ഒന്നും പറഞ്ഞില്ല, സഹതപിക്കാനും കൂടിയില്ല. അദ്ദേഹമെന്തോ ഗഹനമായ ചിന്തയിലായിരുന്നു. ചിന്തിക്കുന്നതിനിടയിലും അയാൾ സെൽവിയെ ശ്രദ്ധിച്ചു. എണ്ണക്കറുപ്പിലും പെണ്ണിനൊരൈശ്വര്യമൊക്കെയുണ്ട്. മെടഞ്ഞിട്ട നീണ്ടമുടിയും അത്രമുഷിയാത്ത ഉടുവസ്ത്രവുമൊക്കെയായി ആകപ്പാടെയൊരു മെനയും വൃത്തിയുമൊക്കെ തോന്നുന്നുണ്ട്. നല്ല ആരോഗ്യമുള്ള ഒരു കുഞ്ഞും. ദീനദയാലുവായ അയാൾക്ക് അവരെ ഉപേക്ഷിക്കാൻ തോന്നിയില്ല.

“നീയിനി എങ്ങോട്ടും പോകണ്ട. എന്റെകൂടെ പോന്നോ പെണ്ണേ. എനിക്കും തനിയെയുള്ള ജീവിതം മടുത്തു. അവിടെ നിനക്കുംകൂടെ ചെയ്യാനുള്ള ജോലിയുമുണ്ട്.”

മാധവേട്ടൻ ഒട്ടും മടിക്കാതെ പറഞ്ഞു. അയാൾക്ക് അധികമൊന്നും ആലോചിക്കാനില്ലായിരുന്നു അത് പറയുമ്പോൾ. അവിടെ കൂടിയിരുന്നവർ ഒന്നടങ്കം കൈയ്യടിച്ചു ആ തീരുമാനത്തെ സ്വാഗതം ചെയ്തു. ഒന്നും മിണ്ടാതെ നിന്ന സെൽവിക്കും അതനുസരിക്കാതെ വേറെ ഒരുവഴിയും മനസ്സിൽവന്നില്ല.

അങ്ങനെയാണ് ആ ജീവിതം തുടങ്ങിയത്. കൊട്ടുംകുരവയുമിട്ടു താലികെട്ടുകയോ, പുടവകൊടുക്കുകയോ, രെജിസ്റ്ററിൽ ഒപ്പു വയ്ക്കുകയോ ഒന്നുമുണ്ടായില്ല. അയാളവളെയും കുഞ്ഞിനേയും നന്നായി സംരക്ഷിച്ചു. കളപ്പുരയെങ്കിലും അതൊരു വീടാക്കി, അവിടെ അവരുടെ ലോകമാക്കി, മാധവേട്ടനും കലൈസെൽവിയും കഴിഞ്ഞുവന്നു. അയാളെക്കുറിച്ചു അവളൊന്നും ചോദിച്ചില്ല, അറിഞ്ഞുമില്ല. വൈകികിട്ടിയ സന്തോഷവും സമാധാനവും കൈവിട്ടുപോകരുതേയെന്നതു മാത്രമായി സെൽവിയുടെ പ്രാർഥന, ആഗ്രഹം. അയാളുടെ നാട്ടിൽനിന്ന് ആരോ മാധവേട്ടനെ അന്വേഷിച്ചു വന്നപ്പോൾ അവരുടെ മുന്നിലേക്ക് കൊടുവാളുമായി ചാടിവീഴാൻ സെൽവി തുനിഞ്ഞത് അവളുടെ സ്വർഗ്ഗം നഷ്ടപ്പെടുമെന്നുള്ള പേടി അത്രയ്ക്കും ശക്തമായിരുന്നിട്ടാണ്. വന്നവർ അയാളെക്കണ്ട് മടങ്ങിപ്പോകുന്നതുവരെ ഒരുവയസ്സു തികയാത്ത മകനെയും മൂത്തമകളെയും അടക്കിപ്പിടിച്ചു അടുക്കള മൂലയിലിരുന്ന് അറിയാവുന്ന ദൈവങ്ങളെ അത്രേം വിളിച്ചു കരയുകയായിരുന്നു. തിരികെപ്പോകുന്നവരുടെ പിറകെ മാധവേട്ടൻ കാണാതെപോയി കണ്ണീരോടെ അപേക്ഷിച്ചു.

“ങ്ങളെന്റെ മാധവേട്ടനെ കൊണ്ടോവല്ലേ… അതിനെപ്പറ്റി ആലോചിക്കാൻ പോലും എനിക്കാവൂല്ല. എനിക്കുമെന്റെ മക്കൾക്കും ആരൂല്ല മാധവേട്ടനല്ലാതെ”.

വന്നവർ കണ്ണിൽക്കണ്ണിൽ നോക്കി. ഒരാൾവന്നു കൈയ്യില്പിടിച്ചു പറഞ്ഞു.

“ആരെ പറഞ്ഞത് ഞങ്ങളയാളെ കൊണ്ടോവാൻ വന്നവരാണെന്ന്? അല്ല കേട്ടോ. ഒരു കേസുണ്ടായിരുന്നു അങ്ങ് നാട്ടിലേ. അതിന്റെ വിവരം പറയാൻ വന്നതാ. ഇനി വരേണ്ടിയും വരില്ല. നിങ്ങള് സമാധാനമായിട്ടിരിക്ക് കേട്ടോ”.

എന്നിട്ടും ഒരുനാൾ, ആരും വന്നു കൂട്ടിക്കൊണ്ടുപോകാതെ തന്നെ, സെൽവിയുടെ ഭയങ്ങളെ യാഥാർഥ്യമാക്കിക്കൊണ്ട്, അവൾ തുണയ്ക്കു വിളിച്ച ദൈവങ്ങളെ നിഷ്പ്രഭരാക്കിക്കൊണ്ടു മാധവേട്ടൻ ഒരുനാൾ അപ്രത്യക്ഷനായി, എങ്ങെന്നറിയാതെ….

ബിന്ദു ഹരികൃഷ്ണൻ

Leave a Reply

Your email address will not be published.

error: Content is protected !!