ഡിപ്രഷൻ -ഒരു കുറിപ്പ്

“ഡിപ്രഷൻ “ആളുകൾ ഒരുപാട് ഉപയോഗിച്ച് പ്രാധാന്യം നഷ്ടപ്പെട്ട ഒരു വാക്ക്. ദൈനംദിന ജീവിതത്തിൽ വരുന്ന ഒരു ചെറിയ മൂഡ് ചെയ്ഞ്ചിനെ പോലും അഡ്രസ്സ് ചെയ്യാൻ ഉപയോഗിക്കുന്ന ഒരു വാക്ക്. “Feeling depressed”,”I am in depression”സോഷ്യൽ മീഡിയയിൽ പതിവായി കാണാറുള്ള സ്റ്റാറ്റസ് അപ്ഡേറ്റ്. എത്ര ആൾക്കാർക്ക് ഡിപ്രഷൻ എന്ന മാനസികാവസ്ഥ അല്ലെങ്കിൽ രോഗത്തെകുറിച്ച് അറിയും എന്നറിയില്ല. ഡിപ്രഷൻ അത് ഒരു രോഗമാണ്. ഡിപ്രഷൻ അനുഭവിക്കുന്ന നമ്മുടെ പ്രിയപ്പെട്ടവരിൽ ചിലർക്ക്, അല്ലെങ്കിൽ നാം ദിവസവും കാണുന്ന നമുക്കധികം അറിയാത്ത ചിലർക്ക്,അതുമല്ലെങ്കിൽ ഡിപ്രഷനിൽ നിന്നും രക്ഷപെടാൻ കഴിയാതെ മരണത്തിനു കീഴടങ്ങിയ ഒരുപാട് മനുഷ്യർക്ക്‌ വേണ്ടിയാണ് ഈ കുറിപ്പ്. വേണ്ടപ്പെട്ടവരുടെ വേർപാട്, റിലേഷൻഷിപ്സിൽ വരുന്ന വിള്ളലുകൾ, പെട്ടെന്ന് ഉണ്ടാവുന്ന രോഗങ്ങൾ, ക്രോണിക് പെയിൻ, അങ്ങനെ നിരവധി കാരണങ്ങൾ ഡിപ്രഷൻ എന്നൊരവസ്ഥയിലേക്ക് ഒരാളെ നയിക്കാം.താൻ അനുഭവിക്കുന്നത് ഡിപ്രഷൻ ആണ് എന്ന് അനുഭവിക്കുന്ന ആൾ പോലും തിരിച്ചറിയാതെ പോകുന്ന അവസ്ഥ. വർണശഭളമായ ഈ ഭൂമി ഇരുട്ടായി മാറുന്ന അവസ്ഥ. ഇരുട്ടിനെ സ്നേഹിച്ചു തുടങ്ങുന്ന ഒരവസ്ഥ. ചുറ്റും കാണുന്ന കാഴ്ചകളിലൊന്നും സന്തോഷം കണ്ടെത്താൻ പറ്റാത്ത അവസ്ഥ. ഒരുപാട് പേർ ചുറ്റുമുണ്ടായാലും സ്നേഹിക്കാൻ ആരുമില്ല എന്നു തോന്നുന്ന നിമിഷങ്ങൾ. രാത്രികളിൽ ഉറക്കം വരാതെ ചുറ്റുമുള്ള ഇരുട്ടിനെ നോക്കി ഒറ്റപ്പെടലിൽ ഭാവിയുടെ ഇരുട്ടിനെ പേടിക്കുന്ന മനസ്സ്. ആരുടെയെങ്കിലും കൈക്കുള്ളിൽ ഒരു കൊച്ചുകുഞ്ഞിനെ പോലെ ഒളിച്ചിരിക്കാൻ കൊതിക്കുന്ന മനസ്സ്. സ്നേഹിച്ചു വളർത്തിയ മാതാപിതാക്കൾക്കും ഒപ്പം വളർന്ന സഹോദരങ്ങൾക്കും എന്നും കൂടെ നിന്ന സുഹൃത്തുക്കൾക്കും മനസിലാവാത്ത എല്ലാവരും കുറ്റപ്പെടുത്തുന്ന വെറുക്കുന്ന അവസ്ഥ. തന്റെ പ്രത്യേക മാനസികാവസ്ഥയെ അഹങ്കാരം, തന്റേടം എന്നൊക്കെ വേണ്ടപ്പെട്ടവർ പറയുന്ന കേട്ട് തിരിച്ചൊന്നും പറയാൻ കഴിയാതെ വേദനയിൽ മുങ്ങിപോകുന്ന മനസ്സ്. ആരോടും ഒന്നും പറയാൻ കഴിയാതെ മനസ്സിലെ ഇരുട്ടിൽ മുങ്ങിതാണുപോകുന്ന ഒരുപാട് പാവം മനുഷ്യർ. അറിയണം ആ മനുഷ്യരെ. ഡിപ്രഷൻ വരാനുള്ള കാരണം അത് എന്ത് തന്നെയായാലും, കേൾക്കുന്ന മറ്റൊരാൾക്ക്‌ അത് നിസ്സാരമായി തോന്നിയേക്കാവുന്നത് ആണെങ്കിലും, അതിന് ആ വ്യക്തിയെ ഡിപ്രഷനിലേക്കു നയ്യിക്കാൻ മാത്രം ശക്തിയുണ്ടായിരുന്നു എന്ന് മനസ്സിലാക്കുക. ഒറ്റപ്പെടുത്താതെ കൂടെ നിന്ന് രക്ഷപ്പെടുത്തണം ഡിപ്രഷൻ എന്ന അവസ്ഥയിൽ നിന്ന്. നിങ്ങളുടെ കൂടെയുള്ള ഒരാൾ പെട്ടെന്ന് വല്ലാതെ മാറിപോകുന്നുണ്ടെങ്കിൽ ജീവിതത്തെ ഒട്ടും പോസിറ്റീവ് ആയി കാണാൻ കഴിയാതെ ഇരുട്ടിലായി പോകുന്നുണ്ടെങ്കിൽ അയാളെ ശ്രദ്ധിക്കുക. ഒരുപക്ഷെ അയാൾ ഡിപ്രഷൻ എന്ന മാനസിക രോഗത്തിന്റെ തുടക്കത്തിൽ ആയിരിക്കും. നിങ്ങളുടെ സ്നേഹപൂർവമായ ഒരു കരുതൽ മതിയാവും അയാളെ ഡിപ്രഷൻ എന്ന ഇരുട്ടിൽ നിന്നും രക്ഷിക്കാൻ, അയാളുടെ ജീവിതത്തിൽ വീണ്ടും പുതുവെളിച്ചം നിറയ്ക്കാൻ. ഡിപ്രഷൻ എന്ന രോഗത്തിന്റെ ആഴമറിയാതെ സ്റ്റാറ്റസ് അപ്ഡേറ്റ് ഇടുന്നവരോട്: വെറുതെ പോലും അങ്ങനെ ഒരു വാക്ക് പറയാതിരിക്കുക അങ്ങനെ ഒരു രോഗം ഒരിക്കലും ഉണ്ടാവാതിരിക്കാൻ പ്രാർത്ഥിക്കുക. ഡിപ്രഷനിൽ പെട്ടു പോയവരോട് ഒരു വാക്ക്, ഡിപ്രഷൻ ആണെന്ന് തിരിച്ചറിഞ്ഞാൽ വേണ്ട പ്രൊഫഷണൽ ഹെല്പ് എടുക്കുക, അടുപ്പമുള്ളവരോട് തുറന്നു പറയുക. ഡിപ്രെഷൻ വരാനുണ്ടായ സാഹചര്യം മനസ്സിലാക്കി അതിനെ ഉൾക്കൊണ്ട്‌ പുറത്ത് വരാൻ ശ്രമിക്കുക. എല്ലാ മനുഷ്യരും പോരാളികളാണ്. ജീവിതത്തിൽ വരുന്ന എന്ത് പ്രതിസന്ധിയും നേരിടാൻ ശക്തിയുള്ള പോരാളികൾ. തോറ്റുപോകാതെ ഡിപ്രഷനെതിരെ പോരാടുക അല്ലാതെ അതിൽ പെട്ട് ജീവിതം അവസാനിപ്പിക്കരുത്. ജീവിതത്തിൽ നല്ല ദിനങ്ങൾ ഇനിയും ബാക്കി ഉണ്ട്. ആ ദിനങ്ങൾ നിങ്ങളെ തേടിവരും. പ്രത്യാശയോടെ കാത്തിരിക്കുക. “Life is beautiful”.

NB: എന്റെ ചിന്തകൾ ഒരു കുറിപ്പാക്കി മാറ്റിയതാണ്. അല്ലാതെ ഒരു പഠനം നടത്തി എഴുതിയതല്ല എന്ന് വിനയപൂർവം പറഞ്ഞു കൊള്ളട്ടെ.
എന്ന്
രമ്യ ഗോവിന്ദ്

error: Content is protected !!