മറക്കാതെ കാണുക.. തിങ്കൾ മുതൽ വെള്ളിവരെ..

നല്ല ഉറക്കത്തിലായിരുന്നു. മൊബൈലിന്റെ അലർച്ച ഉറക്കം മുറിച്ചതിലുള്ള അലോസരം മറച്ചുവയ്ക്കാതെയാണ് ഫോൺകോളിനു മറുപടി പറഞ്ഞത്. അതൊട്ടും കാര്യമാക്കാതെ സീരിയൽ ഡയറക്ടർ രമാകാന്തൻ സാർ നേരിട്ട് കാര്യത്തിലേക്കു കടന്നു.
“എന്തായി സത്യനാഥാ തന്റെ പുതിയ സ്ക്രിപ്റ്റ്? എഴുത്ത് പകുതിയാകുമ്പോ താൻ വരാന്നല്ലേ പറഞ്ഞത് ഡിസ്‌കഷന്. ന്നിട്ട് ഇങ്ങോട്ടൊന്നും കണ്ടില്ലല്ലോ.”
“അതുപിന്നെ.. അതൊന്നും ആയില്ല സാറേ. രമ സാറ് രാവിലെ ഇതു ചോദിക്കാനാ വിളിച്ചത്?”
രാവിലെ വിളിച്ചുണർത്തിയതിലുള്ള ഈർഷ്യ ഒട്ടുംകുറയാതെ സത്യനാഥന്റെ മറുപടിയിലുണ്ടായിരുന്നു.
“താൻ ചൂടാവാതെടോ. പ്രൊജക്റ്റ് നടക്കേണ്ടത് തന്റെയും ആവശ്യമല്ലേ? ഇപ്പോഴൊരു എൻട്രിയ്ക്ക് സാധ്യതയുണ്ട്. തന്റേതാകുമ്പോ ഒരു മിനിമം ഗ്യാരന്റി ഉണ്ടാവുമല്ലോ.”
രമാകാന്തൻ സമാധാനപ്രിയനായി.
“അത്രയ്ക്ക് പുരോഗമിച്ചിട്ടില്ല. ഒരു പ്ലോട്ട് ഉരുത്തിരിഞ്ഞിട്ടുണ്ട്. കഥയാക്കി കൊണ്ടുവന്നു പറയാമെന്നു വിചാരിച്ചിരിക്കുവായിരുന്നു.”
സത്യനാഥനും ഒന്നു തണുത്തു. ഇയാളെ പിണക്കിയാൽ പിന്നെ അടുത്തേയ്ക്കെങ്ങും പോകാനാവില്ല. സീരിയൽ രംഗത്തെ അപൂർവ്വം സൗഹൃദങ്ങളിൽ ഒന്നാണ് രമാകാന്തൻ. മുൻപ് നല്ല രണ്ടുമൂന്നു ജനപ്രിയ പരമ്പരകൾ പ്രൊഡ്യൂസ് ചെയ്തിട്ടുണ്ട്. പിന്നീട് രണ്ടു ഷോർട്ട് ഫിലിമുകൾക്ക് സത്യനാഥനെക്കൊണ്ട് തിരക്കഥയെഴുതിച്ച്‌ വന്ന പരിചയം, നല്ലൊരു കൂട്ടുകെട്ടായി ഉറയ്ക്കുകയായിരുന്നു. അന്നൊക്കെ എന്തോ അയാളുടെ രീതികൾ ഇഷ്ടമായിരുന്നു. അടുത്തകാലത്തായി ഒരു മാറ്റമുണ്ട്; ഇൻഡസ്ട്രയിൽ പിടിച്ചുനിൽക്കാനുള്ള തത്രപ്പാടാവും, അതറിയാതെയല്ല. എന്നാലും അയാളുടെ പുതിയ ചിന്തകളോട് എത്ര ശ്രമിച്ചിട്ടും യോജിക്കാനാവുന്നില്ല. കുറച്ചൊരകലം പാലിച്ചത് മനഃപ്പൂർവ്വമാണ്.
“സത്യാ.. താനെന്താ മിണ്ടാത്തത്? എന്നിരിക്കാമെന്നാ ഞാൻ ചോദിച്ചത്.”
“ഇരിക്കാം.. വൈകാതെ. നിങ്ങള് കഥ കേൾക്കുന്നോ? അതു പറയാൻ ബുദ്ധിമുട്ടൊന്നുമില്ല. പേപ്പറിൽ പകർത്തീല്ലെന്നേയുള്ളൂ. സമയമുണ്ടെങ്കിൽ ഇപ്പൊത്തന്നെ സ്റ്റോറിലൈൻ പറയാം.”
“ഫോണിലൂടെയോ? അല്ല, എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല. തനിയ്ക്ക് ഓക്കേ എങ്കിൽ കുഴപ്പമില്ല. ഒറക്കമുണർത്തിയതേ ഞാനാണെന്ന് തോന്നി. താൻ ഓക്കേ ആണെങ്കിൽ പറഞ്ഞോ.”
“നമ്മക്കെന്തോന്ന് സമയോം കാലോം രമസാറേ! ആ കഥയിങ്ങനെ മനസ്സിൽ കിടക്കാൻ തുടങ്ങീട്ട് കുറേയായി.”
“എന്തോന്ന് രമ? തന്നോട് പലപ്രാവശ്യം ഞാനെന്റെ പേര് മുഴുവനും വിളിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. ഇല്ലേൽ എടാ ന്നോ അളിയാന്നോ വിളിച്ചോ! ഈ രമ ഒന്നൊഴിവാക്ക്.”
“ഇവിടിപ്പോൾ അതാണോ വലിയകാര്യം. കഥ കേൾക്കെന്റെ രമ അളിയാ..അല്ല സാറേ!”
സത്യനാഥൻ തമാശ പറഞ്ഞു.
“താനൊന്നും നന്നാവൂല്ല. ന്നാ കേക്കട്ട് തന്റെ വിശേഷപ്പെട്ട കഥ. കൊട്ട് ഇങ്ങോട്ട്!”
കഥപറയാനുള്ള തയ്യാറെടുപ്പോടെ ഫോണും കൊണ്ട് നേരെ ടോയ്‌ലെറ്റിലേക്കാണ് പോയത്. അതുകണ്ട സ്മിത ചിരിയടക്കാൻ പാടുപെടുന്നത് കാണാതെയിരുന്നില്ല. അവൾക്കിട്ട് കൊഞ്ഞനംകുത്തി നേരെ ടോയ്‌ലെറ്റിൽ കടന്നു. കാര്യങ്ങളുടെ കിടപ്പുവശം മനസ്സിലായിട്ടാവാം ഡയറക്ടർ സാറ്, അയാളെ എൻഗേജ്‌ഡ്‌ ആക്കാനായി നടത്തിയ കൊച്ചുവർത്തമാനത്തിൽ വലിയ ശ്രദ്ധകൊടുക്കാതെ മൂളിക്കൊണ്ടിരുന്നു. അഞ്ചാറു മിനിട്ടിനു ശേഷം സ്മിത കൊടുത്ത കട്ടനുമായി സത്യനാഥൻ ചാരുകസേരയിലേയ്ക്കു ചാഞ്ഞു; ശേഷം കഥ പറയാൻ തുടങ്ങി.
“കഥ നടക്കുന്നത് ഒരു കുഗ്രാമത്തിലാണ്. കാലം, പത്തുപതിനഞ്ചാണ്ട് പിന്നിൽ, 2008 കാലത്താണ്. ഉടുമുണ്ടിൽ തൂങ്ങിമരിച്ചു നിൽക്കുന്ന രാമുവിലാണ് കഥ തുടങ്ങുന്നത്. അതൊരാത്മഹത്യയോ കൊലപാതകമോ എന്ന് വ്യക്തമല്ല. കൂടിനിൽക്കുന്ന ഗ്രാമീണർ പലതും അടക്കം പറയുന്നുണ്ട്. രാമുവിന്റെ വീട്ടുകാരോ അടുപ്പക്കാരോ ആയി സമീപത്തൊന്നും ആരുമില്ലെന്ന് ആളുകളുടെ പ്രതികരണത്തിൽ നിന്ന് മനസ്സിലാക്കാം.”
“നിൽക്ക്.. സത്യാ.. ഇടയ്ക്കു കയറിപ്പറയുന്നതിൽ ക്ഷമിക്ക്. ഈ കഥ ഇങ്ങനെത്തന്നെ സ്ക്രിപ്റ്റാക്കാനാണോ ഭാവം? അതായത് പണ്ടുകാലത്തെന്നോ തൂങ്ങിച്ചത്തു നിൽക്കുന്നിടത്തുനിന്ന് കഥപറഞ്ഞുതുടങ്ങാൻ?”
“അതേ.. അതങ്ങനേ തുടങ്ങാൻ പറ്റൂ. എന്നാലേ ഈ കഥ സ്‌ട്രോങ് ആയിക്കൊണ്ടുപോകാനാവൂ സാറേ.”
“അത് ശരിയാവില്ല സത്യാ. കുടുംബ പ്രേക്ഷകർക്കല്ലേ നമ്മളിതു കൊടുക്കുന്നത്; സിനിമയൊന്നും അല്ലല്ലോ. ഉടുമുണ്ടിൽത്തൂങ്ങി നിൽക്കുന്നതൊന്നും കാണിക്കാൻ പറ്റൂല്ല. കഥ പുരോഗമിക്കുമ്പോൾ
ഒരാത്മഹത്യയൊക്കെ കാണിക്കാം, എങ്കിലും തുടക്കത്തിൽ ഇതൊന്നും ആരും സ്വീകരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.”
“ഈ ആത്മഹത്യ ചെയ്ത ആളിന്റെ കഥയാണ് പറയാൻ പോകുന്നത്. അതിങ്ങനെ പോയാലേ ശരിയാവൂ.”
സത്യനാഥന് കുറേച്ചെ കോപം വരുന്നുണ്ടായിരുന്നു. കഥയ്ക്കിടയിലെ ഇടപെടൽ, അതു തുടങ്ങും മുൻപേ ഉള്ളത് വാസ്തവത്തിൽ അയാളെ ദേഷ്യം പിടിപ്പിച്ചു.
“അങ്ങനെയേ തുടങ്ങാനാവൂ എങ്കിൽ നിങ്ങൾ വേറെ കഥ നോക്കൂ സത്യനാഥാ. എനിക്കിത് ആരെക്കൊണ്ടെങ്കിലും സംപ്രേക്ഷണം ചെയ്യിക്കേണ്ടേടോ. ഇതൊന്നും ആരും എടുക്കൂല്ല. ഫണ്ടിംഗ് ബ്ലോക്കായാൽ മറ്റു പ്രോജെക്ട്കളും കൂടെ കഷ്ടത്തിലാവും. എല്ലാം ഒറ്റയ്ക്കാണ് താങ്ങുന്നത്, അറിയാമല്ലോ. മാത്രമല്ല, തന്റെ കാര്യമോ? ജോലിയും പോയി വീട്ടിലിരിക്കുന്ന തന്റെ അവസ്ഥയെന്താ? നമ്മുടെ പ്രൊജക്റ്റ് കഴിഞ്ഞിട്ടുതന്നെ കാലമെത്രയായി. താൻ കുറച്ചു കോംപ്രമൈസ് ചെയ്തിരുന്നെങ്കിൽ സുസ്മിതിന്റെ ആ വലിയ പ്രൊജക്റ്റ് തന്റെ സ്ക്രിപ്റ്റെടുത്തേനെയെന്ന് ഞാൻ വെളിയിൽനിന്നറിഞ്ഞു കേട്ടോ. ഇതിലെങ്കിലും താനിങ്ങനെ കടുംപിടിത്തം പിടിക്കല്ലേ. ആളുകൾക്ക് വേണ്ടത് കൊടുക്കുക, അതാണ് കാലഘട്ടത്തിനു വേണ്ടത്. കഥയുണ്ടോ ഇല്ലയോ എന്നതൊന്നും വിഷയമല്ല, ആളുകൾക്ക് കണ്ടാസ്വദിക്കണം. അടുത്ത ദിവസത്തെ എപ്പിസോഡിനായി അവർ കാത്തിരിക്കണം.”
സത്യനാഥന് ഒന്നും പറയാൻ തോന്നിയില്ല. പുത്തരിയിലെ കല്ലുകടി അയാളുടെ ഉന്മേഷമൊക്കെ വറ്റിച്ചിരുന്നു.
“പിന്നെ എന്താ പറഞ്ഞത്, കുഗ്രാമത്തിലെ കഥയാണെന്നോ? അതും നടപ്പില്ല. കുഗ്രാമത്തിലെ നായികയ്ക്ക് ഇടയ്ക്കിടെ വിലപിടിപ്പുള്ള സാരി മാറിമാറി ഉടുത്തുവരുന്നതും ഹെവി ആഭരണങ്ങളിട്ടു നടക്കുന്നതുമൊന്നും യോജിക്കില്ലെന്ന് ഇപ്പൊ കൊച്ചുകുട്ടികൾവരെ മനസ്സിലായ്ക്കിയിരിക്കുന്നു. ഇതൊന്നുമില്ലാത്ത സീരിയൽ എത്ര സ്വീകരിക്കപ്പെടുമെന്നാ? ആട്ടെ എത്ര കാലം ഓടിക്കാനുള്ള കഥയുണ്ടാകും?”
“ഒരു നൂറ്.. നൂറ്റിപ്പത്ത് എപ്പിസോഡ് കൊണ്ടു തീർക്കണം എന്നാണു എന്റെ മനസ്സിലുള്ളത്.”
സത്യനാഥൻ ഒട്ടും താല്പര്യമില്ലാതെ പറഞ്ഞു.
“കൊള്ളാം.. കഷ്ടിച്ച് ആറുമാസംപോലുമില്ലാത്ത സീരിയൽ അല്ലേ! നിങ്ങളിതേതു ലോകത്താണ് മിസ്റ്റർ ജീവിക്കുന്നത്? പോട്ടെ, നിങ്ങള് നിങ്ങളുടെ ഫാമിലിയെ കുറിച്ചെങ്കിലും ഓർത്തിട്ടുണ്ടോ? കൊറോണക്കാ ലത്ത് പൂട്ടിപ്പോയ നിങ്ങളുടെ കമ്പനി ഉണ്ടായിരുന്നെങ്കിൽ ഗുമസ്തപ്പണി തുടർന്നെങ്കിലും കുടുംബത്തെ പോറ്റാമായിരുന്നു. ആ സാഹചര്യത്തിൽ ആ രണ്ടു പ്രൊജെക്ടുകളും കൂടെ കിട്ടിയിരുന്നില്ലെങ്കിൽ നിങ്ങളുടെ അവസ്ഥ എന്താകുമായിരുന്നു? അതും കൂടൊന്ന്‌ ഓർത്തോളൂ സത്യനാഥാ? ഈ കടുംപിടിത്തം എന്തിന്? യുക്തിയ്ക്ക് നിരക്കുന്നതേ എഴുതൂ എന്നൊക്കെ സിനിമയിലൊരു ചാൻസ് കിട്ടുമ്പോൾ വാശിപിടിച്ചാൽപ്പോരേ? ഇപ്പോൾ സ്വന്തം നിലനിൽപ്പും കൂടൊന്നു നോക്കൂ. ഒരു സുഹൃത്തല്ല, സ്വന്തം ചേട്ടനാണ് പറയുന്നതെന്ന് കരുതിയാൽ മതി.”
രമാകാന്തനും ക്ഷമയറ്റു തുടങ്ങിയിരുന്നു. ഇക്കാലത്തും നേരംവെളുക്കാത്ത ഒരെഴുത്തുകാരൻ! നല്ല കാലിബറുള്ളവനും ആളൊരു സാധുവുമായിപ്പോയി! ഇല്ലെങ്കിൽ എന്നേ ഇത്തരം ജനുസുകളൊക്കെ തന്റെ കോൺടാക്ട് ലിസ്റ്റിൽ നിന്നു പുറത്തായേനെ!
“സാറ് അധികം ബുദ്ധിമുട്ടണ്ട. ഞാനീ കഥയോ പറയുന്ന രീതിയോ മാറ്റില്ല. അത് സീരിയലിനു യോജിക്കില്ലെങ്കിൽ ഞാനൊരു നീണ്ട കഥയാക്കി പ്രസിദ്ധീകരിക്കും. അവിടെ കോംപ്രമൈസ് ഒന്നും വേണ്ടല്ലോ! പിന്നെ കുടുംബത്തിന്റെ കാര്യം, എന്റെ ഭാര്യക്കും കുട്ടികൾക്കും ഒരു പാക്കറ്റ് ബ്രെഡും രണ്ടുമുട്ടയുമുണ്ടെങ്കിൽ ഒരു ദിവസം മുന്നോട്ടു കൊണ്ടുപോവാൻ ഒരു പാടുമില്ല. യുക്തിക്കുനിരക്കാത്ത ഒരു സ്ക്രിപ്റ്റ് എഴുതി വായിച്ചു കേൾക്കുന്നതിനേക്കാൾ അവർക്കു താല്പര്യം നല്ലൊരു കഥ കേൾക്കുന്നതിലായിരിക്കും. അതുകൊണ്ട് ഞാനീ കഥ സീരിയൽ സ്ക്രിപ്റ്റാക്കുന്നില്ല. സാറല്ലാതെ എനിക്കീ രംഗത്തു പരിചയക്കാരോ സഹായിക്കുന്നവരോ ഇല്ല താനും. ഇത് കഥയായിത്തന്നെ ഞാൻ എഴുതിത്തീർക്കും. ബാക്കിയൊക്കെ വരുന്നപോലെ..”
മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത് അയാൾ ഭാര്യയുടെ മുഖത്തുനോക്കി. അവിടെ സംസാരിച്ചത് അക്ഷരംപ്രതി സ്മിതയ്ക്ക് മനസ്സിലായി എന്ന് അവളുടെ വിടർന്ന ചിരി പറഞ്ഞു.
അനന്തരം അയാൾ രാമുവിന്റെ കഥ, കഥയായിത്തന്നെ എഴുതാനിരുന്നു..

ബിന്ദു ഹരികൃഷ്ണൻ

error: Content is protected !!