വേഷം മാറുന്ന കടൽ

ഏകാന്തത ഭ്രാന്തു പിടിപ്പിച്ചിരുന്ന വേളയിൽ മനസ്സിലേയ്ക്കറിയാതെ കയറിവന്നതാണ് ഒരു യാത്രയിൽ കണ്ട കടല്. വാസ്തവത്തിൽ അത്, പല വർണ്ണത്തിലും ഭാവത്തിലും കടലും കടലോളം സ്നേഹവും നിറഞ്ഞൊരു യാത്രയായിരുന്നു; ഇങ്ങിനി വരാത്തവണ്ണം നഷ്ടമായ ചിലതിൽ ഒന്ന്. അന്നു കണ്ടതിൽ ഏറ്റവും ആകർഷകമായി തോന്നിയത് തലശ്ശേരി സീവ്യൂ പാർക്കിൽ നിന്നു കണ്ട കടലാണ്. ഉയർന്നു നിൽക്കുന്ന പാർക്കിന്റെ കൈവരിയിൽ പിടിച്ചു താഴേയ്ക്ക് നോക്കുമ്പോൾ പാറക്കൂട്ടങ്ങളിൽ തലതല്ലിയാർക്കുന്ന കടൽ ഭ്രമിപ്പിച്ചത് ചില്ലറയല്ല. പാറകളുടെ നിറം പകർന്നിട്ടോ എന്നറിയില്ല അന്നത്തെ കടൽ കറുത്തിട്ടായിരുന്നു. തിരമാലകളാൽ ജീർണ്ണമാക്കപ്പെട്ട കടൽപ്പാറകളുടെ ഡിസൈനിങ്ങിൽ മനസ്സ് നഷ്ടപ്പെട്ട് എത്ര നേരം നിന്നെന്നറിയാത്ത, പിന്നെയുമേറെക്കാലം ‘കടലെ’ന്ന വാക്കവശേഷിപ്പിച്ച തിരമാലകളുടെ നൃത്തം.
കടലെന്നും വിഭ്രമിപ്പിക്കുന്ന ഒന്നായതിൽ അത്ഭുതം തോന്നിയിട്ടില്ല. മരുന്നുകളിലൊന്നും ഒതുങ്ങാതെ വിറളിപിടിച്ച പനിയെ കടൽക്കാറ്റുകൊണ്ട് വരുതിയിലാക്കിയിരുന്ന അമ്മയിൽ നിന്നു കിട്ടിയതായിരുന്നു ആ കടൽഭ്രാന്ത്‌. നേരത്തിന്റെ അതിർവരമ്പുകളില്ലാതെ കടലെപ്പോഴും സാന്ത്വനിപ്പിച്ചിരുന്നു; ഏതു വിഷമഘട്ടങ്ങളേയും സംയമനത്തോടെ നേരിടാൻ പ്രാപ്തയാക്കിയിരുന്നു. അരക്ഷിതത്വങ്ങളെ, അന്യഥാദുഃഖത്തെ സമാധാനം നിറച്ച്‌ പാകപ്പെടുത്തിയിരുന്നു.
ഏതാനും മാസങ്ങൾക്കു മുൻപ്, ഒരു യാത്രയുടെ അവസാനം തിരക്കുകുറഞ്ഞ വഴിയെന്ന് കണ്ട് തെരഞ്ഞെടുത്തൊരു കടൽത്തീര പാത മനസ്സിൽ നിന്ന് മാഞ്ഞിരുന്നില്ല; അരികും മൂലയും മാത്രം കണ്ടൊരു കടലും! അതുകൊണ്ടുതന്നെ കടലുകണ്ടൊരു യാത്രയ്ക്ക്, രണ്ടാമതൊന്നു ചിന്തിയ്ക്ക പോലും ചെയ്യാതെ സുഹൃത്തിനെ അങ്ങോട്ടുതന്നെ നയിച്ചു.
റൂട്ട്മാപ്പ് തുറന്നെങ്കിലും വൈകാതെ അതടച്ചുവച്ച്‌ തണലിടങ്ങളിലൂടെ ഞങ്ങളുടെ യാത്ര മുന്നേറി. പോകുന്നത് പെരുമാതുറ വഴി കായിക്കരയിലേക്കാണ്, കുമാരനാശാന്റെ ജന്മസ്ഥലം. കുമാരനാശാൻ സ്മാരകത്തിൽ വച്ച് മാസങ്ങൾക്കു മുൻപ് ഒരു പുസ്തകപ്രകാശനമുണ്ടായിരുന്നു. അന്ന് കൂടെക്കൂടിയതാണ് വീണ്ടും അങ്ങോട്ടേയ്ക്കൊരു യാത്ര എന്നത്.

pic. curtesy: Anoop Neduveli

ഈ യാത്രയിലെന്തോ വല്ലാത്തൊരു ഗൃഹാതുരത്വം എന്നെ പിടികൂടിയിരുന്നു. ‘നൊസ്റ്റാൾജിയ’ എന്നു പറയുന്നതിനേക്കാളും ‘നൊസ്സാട്ടോമാനിയ’ എന്നതല്ലേ ഇപ്പോൾ തോന്നുന്നതിന് കൃത്യമായ വാക്കെന്ന് ഞാൻ സംശയിച്ചു. എനിക്കെപ്പോഴുമുണ്ടാകുന്ന വികാരത്തിന് ആ വാക്കാണ് യോജിക്കുക, സംശയമില്ല. ആഫ്രിക്കൻ പായൽ മൂടിയ പാർവ്വതീപുത്തനാർ തീരം എന്തിനോ കണ്ണാന്തളിപ്പൂക്കളെ മനസ്സിൽ കൊണ്ടുവച്ചു. കണ്ണാന്തളിപ്പൂക്കൾ സ്വാഭാവികമായും എം.ടി യെ ഓർമ്മിപ്പിക്കും, അവയുടെ ശരിക്കുള്ള നിറം വയലറ്റാണോ റോസാണോ എന്ന് ഞാനും സന്ദേഹപ്പെടും! അതു തന്നെ ഇപ്പോഴും.. അങ്ങനെയാണ് പാർവ്വതീപുത്തനാർ തീരത്തെ തണൽത്തടത്തിലൂടെ യാത്രചെയ്തു ഞാൻ എം. ടിയുടെ പറക്കുളം കുന്നും താന്നിക്കുന്നുമൊക്കെ മനക്കണ്ണിൽ കാണാൻ തുടങ്ങിയത്. ഒന്നു കണ്ണടച്ചു കൈനീട്ടിയാൽ തൊടാൻ പാകത്തിൽ ‘കന്നുകാലികളും പക്ഷികളും പൂക്കളും കുട്ടികളും കാറ്റും ഒരുമിച്ചുകളിക്കുന്ന കുന്നിൻപുറം’ (ആലങ്കോട് ലീലാകൃഷ്ണൻ) തിക്കിത്തിരക്കിവന്നത്. വളരെക്കാലമായുള്ള മോഹമാണ് ആ കുന്നിൻപുറമൊക്കെ നേരിട്ടുകാണണമെന്നത്. കണ്ണാന്തളികളവശേഷിക്കുന്നില്ലെന്നറിയാം, കുന്നുകളെങ്കിലുമുണ്ടാകണേ എന്നതാണ് ഇപ്പോഴത്തെ പ്രാർത്ഥന.
“വടക്കേപ്പാടത്തെ നെല്ല് പാലുറയ്ക്കാൻ തുടങ്ങുമ്പോൾ തന്നെ താന്നിക്കുന്നു തൊട്ട് പറക്കുളം മേച്ചിൽപ്പുറം വരെ കണ്ണാന്തളിപ്പൂക്കൾ തഴച്ചു വളർന്നു കഴിയും. ആ പൂക്കളുടെ നിറവും ഗന്ധവും തന്നെയായിരുന്നു പുന്നെല്ലരിയുടെ ചോറിനും.” (കണ്ണാന്തളിപ്പൂക്കളുടെ കാലം).
അന്നത്തിനും പ്രകൃതിയ്ക്കും ഒരേ നിറവും മണവുമുണ്ടായിരുന്ന കാലത്തിന്റെ പടിവാതിൽക്കലിരുന്നാണ് എം.ടി നമുക്ക് കഥകൾ പറഞ്ഞുതന്നത്.
മോട്ടോർ സൈക്കിളിനൊപ്പം ചിന്തയും പറപറന്നു. ഇങ്ങു തിരുവനന്തപുരത്തെ തിരക്കുള്ളൊരു ബൈപാസിലൂടെ സഞ്ചരിക്കുന്ന ഞാൻ, സമതലപ്രദേശത്തിലിരുന്ന് അങ്ങ് പാലക്കാടൻ മലനിരകളെ സ്വപ്നം കാണുന്നു! മനോരാജ്യമല്ലേ കുന്നുകളെ ഓർക്കുന്നതിൽ കേടില്ല, ഇന്ന് പക്ഷെ ലക്‌ഷ്യം കടലാണ്. ചിന്തകളിൽ കടന്നുകൂടുന്ന വൈചിത്ര്യമോർത്തപ്പോൾ ചിരിവന്നു, ഒരു ബന്ധമോ തുടർച്ചയോ ഇല്ലാത്ത ചിന്തകൾ! ചിരി മായുംമുൻപേ പച്ച നിറത്തിൽ വിഭ്രമിപ്പിച്ചുകൊണ്ട് കടലിതാ മുന്നിൽ. പെരുമാതുറ എന്ന് സ്ഥലബോർഡ് പറഞ്ഞു. പാലത്തിൽ നിന്ന് കാണാവുന്ന കാഴ്ചകളെ കണ്ണിൽ നിറച്ച് ഞങ്ങൾ വീണ്ടും മുന്നോട്ട്..
പിന്നെയുള്ള യാത്രയിൽ അങ്ങോളം കടൽ ഞങ്ങളുടെ കൂടെത്തന്നെയുണ്ടായിരുന്നു, ഭാവഭേദങ്ങൾ ഉണ്ടായിരുന്നെങ്കിലും കൃത്രിമത്വം ലവലേശമേശാതെ അന്തമില്ലാത്ത വിസ്മയം തന്നുകൊണ്ട് ഒപ്പം വന്നു.

pic. curtesy: Anoop Neduveli

പച്ചയായും നീലയായും വെള്ളിത്തിരമാലകളടിച്ചുകയറ്റിയും കടൽ എന്റെ കണ്ണിലൂടിരച്ചുകയറി മനസ്സു കീഴടക്കിയിരുന്നു. പ്രകൃതിയൊരുക്കിയ വിസ്മയങ്ങളിൽ അതിശയംകൂറി അങ്ങെത്തുവോളം ഞങ്ങൾ പരസ്പരം ചോദിച്ചുകൊണ്ടേയിരുന്നു, ‘എന്നാലും നമ്മൾ ജനിച്ചു വളർന്ന ഇടത്തിനു വിളിപ്പാടകലെയായിട്ടും ഇവിടം നമ്മളിത്രകാലവും അറിഞ്ഞിരുന്നേ ഇല്ലല്ലോ’യെന്ന്. ഉള്ളിൽ കുറ്റബോധത്തോടെ പലപ്പോഴും പ്രകൃതിയോട് ക്ഷമപറഞ്ഞു. പച്ചയും നീലയും പിന്നെ രാത്രികണ്ട കറുത്തതുമായ കടലിനോട് തല്ക്കാലം വിടചൊല്ലുമ്പോഴും ഞാനൊന്ന് മനസ്സിലുറപ്പിച്ചിരുന്നു, ഇവിടേക്ക് വീണ്ടും വരുമെന്ന്!

ബിന്ദു

Leave a Reply

Your email address will not be published.

error: Content is protected !!