ചിഹ്നങ്ങൾ

അശാന്തി നിറയും താഴ്വാരത്തിലൊ-
രരക്കിറുക്കൻ വന്നു
വളഞ്ഞുകുത്തി തളർന്നു നിന്നവൻ
വെളിച്ചമെങ്ങും പരതി
ഉയർത്തി ചൂണ്ടുവിരൽ, അതിലായിരം
ഉരുക്കുചോദ്യം വന്നു
തളർന്നുനിന്നവൻ ഉയർത്തെണീറ്റു
വളർന്നു ചോദ്യചിഹ്നം
അശാന്തിനിറയുംതാഴ്വര കേട്ടു
അവന്റെ ചോദ്യശരങ്ങൾ
വാക്കുകൾ വാളുകളായി ജ്വലിച്ചു
പാട്ടുകൾ പിറവിയെടുത്തു
താഴ്വരയാകെ പാടിനടന്നു
അവന്റെ വീരചരിതം
പാട്ടുകൾ അർത്ഥവിരാമം തീർത്തു
വാക്കുകൾ വാക്യാർത്ഥങ്ങൾ മുഴക്കി
കുത്തുകൾ ,കോമകൾ, ബ്രായ്ക്കറ്റുകളായ്
അർത്ഥതലങ്ങൾ മാറി
കണ്ടവർ, കേട്ടവർ മെല്ലെച്ചൊല്ലി
ബ്രായ്ക്കറ്റതിനെയൊതുക്കി
ആകാശത്തിൻ മീതേനിന്നും
തോരാവർഷം പെയ്തു
പൊളിഞ്ഞുവീണു കെട്ടിപ്പൊക്കിയ
കോട്ടകൾ, കൊട്ടാരങ്ങൾ
ഉയിർത്തെഴുന്നേറ്റുയരും ശബ്ദം
ഉരുക്കുകോട്ട തകർത്തു
ചോദ്യചിഹ്നം ചാട്ടുളിയായി
ചാവേർപ്പടകളുയർന്നു
ആശ്ചര്യചിഹ്നങ്ങൾ മാത്രം
കണ്ണും പൂട്ടിയിരുന്നു.
താഴ്‌വരതന്നിലെ കാവൽക്കാരോ
തോക്കുകളേന്തി നിരന്നു
ചോദ്യചിഹ്നം തടവിലമർന്നു
നാക്കുകൾ പിഴുതുകളഞ്ഞു
പൂർണ്ണവിരാമം വെടിയുണ്ടകളായ്
ചീറിപ്പാഞ്ഞുപതിച്ചു
അതിന്റയൊച്ചകൾ നിറഞ്ഞുനിൽക്കേ
അതിന്റെ ചോരക്കളികൾ പരക്കേ
അശാന്തി നിറയും താഴ്വരചൊല്ലീ
അധമാ നിർത്തൂ യുദ്ധം!
കയ്യിൽ കിട്ടിയതെന്തും പോരിന്
കോപ്പുകളായി ഭവിക്കേ
കുത്തും കോമയുമൊത്തും വേറെയും
ഒത്തുകളിക്കാരാകേ
തടവറതന്നിൽ നാവുമുറിഞ്ഞൊരു
ചോദ്യചിഹ്നം കേണു
അവന്റെകണ്ണിൽ നിന്നും ചിന്തിയ
ചുടുകണ്ണീരുകൾ ചേർന്നു
നീണ്ടൊരുവരയായുയർന്നു
വന്നതു തടവറ തട്ടിയുടച്ചു
കലാപഭൂമിയിൽ തെളിഞ്ഞുവന്നു
കരുത്തുപൂണ്ടൊരു രൂപം
നിവർന്നു നിന്നവനാദ്യം
പിന്നെ പതിയെ വളഞ്ഞുവന്നു
ഒടുവിൽ വീണ്ടും കണ്ടു
മറ്റൊരു ചോദ്യചിഹ്നപ്പിറവി!
അവന്റെ ചോദ്യം മാറ്റൊലി കൊണ്ടു
താഴ്വരയാകെ വിറച്ചു
അശാന്തി പടർന്ന താഴ്വരയാകെ
ശാന്തിധ്വനികളുയർന്നു
അവന്റെ ശബ്ദം മുറിവുകൾ മാറ്റി
അവന്റെ പാട്ടുകൾ താരാട്ടായി
അവന്റെ വേദന ചരിത്രമായി
അവന്റെ വഴികൾ പൂവുകളായി
താഴ്വരയാകെ പാടിനടന്നു
അവന്റെ വീരചരിതം
താഴ്വരയാകെ ശാന്തിപടർത്തി
അവന്റെ ധീരചരിതം

അനീഷ് തകടിയിൽ

Leave a Reply

Your email address will not be published.

error: Content is protected !!