വയനാടന്‍ കാപ്പിത്തോട്ടം

പറവൂരു നിന്നും ആദ്യ നിയമനം കിട്ടി വയനാടന്‍ ചുരം കയറുമ്പോഴേ ജാസ്മിന്റെ മനസ്സില്‍ കയറിക്കൂടിയതാണ് ഒരു കാപ്പിത്തോട്ടം സ്വന്തമാക്കണമെന്ന മോഹം. ആഗ്രഹിക്കാന്‍ കപ്പം കൊടുക്കണ്ടല്ലോ എന്ന ആത്മഗതം തൊട്ടടുത്തിരുന്ന കെട്ടിയോന്റെതായിരുന്നു. യു. പി. സ്കൂള്‍ ടീച്ചര്‍ ആയിട്ടാണ് നിയമനം.അതും കാട്ടിനുള്ളിലെ ഒരു സ്കൂളില്‍. കിട്ടുന്നിടത്തു ജോയിന്‍ ചെയ്യാതെ തരമില്ല. നാലുവയസ്സു മാത്രം പ്രായമുള്ള സുനുമോളെ അമ്മച്ചിയെ ഏൽപ്പിച്ചിറങ്ങുമ്പോള്‍ കണ്ണുനിറഞ്ഞൊഴുകുന്നത് നിയന്ത്രിക്കാനായില്ല. മുഖം തിരിച്ചു നടക്കുന്ന ജയേട്ടന്റെയും അവസ്ഥ വ്യത്യസ്തമാവില്ലെന്നറിയാം. അതിനാല്‍ സങ്കടം അടക്കിപ്പിടിച്ചു ജോലിയില്‍ ചേരാനിറങ്ങിയത് ഇന്നലെ കഴിഞ്ഞ പോലെയോര്‍ക്കുന്നു.
ഗള്‍ഫിലാണ് ജയേട്ടന്‍. കാര്യമായ ജോലിയൊന്നുമല്ല. തട്ടിമുട്ടിക്കഴിഞ്ഞു പോകാം. പ്രാരാബ്ദം നിറഞ്ഞ അവരുടെ വീടും നോക്കണം. എല്ലാംകൂടി ശ്വാസംമുട്ടി കഴിയുന്ന നേരത്താണ് പണ്ടെങ്ങോ എഴുതി ലിസ്റ്റില്‍ കടന്നുകൂടിയ യു.പി. അസിസ്റ്റന്റിന്‍റെ നിയമന ഉത്തരവ് കിട്ടുന്നത്. ജയേട്ടന്‍ ആദ്യമായി നാട്ടില്‍ വന്ന സമയമായിരുന്നു. അതിനാല്‍ വയസ്സായ അപ്പച്ചനെ തണുപ്പ് സഹിപ്പിച്ചു വയനാട് കയറ്റാതെ കഴിഞ്ഞു. സ്കൂള്‍ കണ്ടുപിടിക്കാനും ഹോസ്റ്റലില്‍ താമസമൊരുക്കാനും പുള്ളിക്കാരന്‍ കൂടെയുണ്ടായിരുന്നതിനാല്‍ ബുദ്ധിമുട്ടിയതേയില്ല. വന്നിട്ടിപ്പോള്‍ രണ്ടു വര്‍ഷമായി. കിട്ടുന്നതില്‍ നിന്ന് മിച്ചം പിടിച്ചു ഇത്തിരി സ്ഥലം എന്ന മോഹം യാഥാര്‍ഥ്യമാകാന്‍ ഇനിയും എത്രകാലമെടുക്കുമോ? ജാസ്മിന്‍ നിശ്വസിച്ചു.
ഇടയ്ക്കിടയ്ക്ക് സ്കൂളിലെ പ്യൂണ്‍ അരവിന്ദേട്ടനെ ഓര്‍മിപ്പിക്കും. തോട്ടമൊന്നും വേണ്ട ,ഇത്തിരി മണ്ണ് മതി. നല്ല പ്രായത്തിലൊന്നും മലയിറങ്ങിപ്പോകാനുള്ള ഉത്തരവ് കിട്ടുമെന്നുള്ള പ്രതീക്ഷയില്ല. പോയിട്ടും കാര്യമൊന്നുമില്ല. നാട്ടിലും ഒരു കൂരവയ്ക്കാനുള്ള മണ്ണ് സ്വന്തമായിട്ടില്ല. വീട്ടില്‍ നിന്ന് കിട്ടിയത് വിറ്റിട്ടാണ് ജയേട്ടന്‍ ഗള്‍ഫില്‍ പോയത്. ഇനി ഇവിടെ വല്ലതും ഒപ്പിക്കുന്നതേ നടക്കൂ. ഇവിടാകുമ്പോള്‍ സ്ഥലത്തിനും വില കുറവുണ്ട്. സ്കൂളില്‍ നിന്ന് വന്നശേഷം കുളികഴിഞ്ഞുടനെ പ്രാര്‍ഥിക്കാനിരുന്നതാ. ജാസ്മിന്റെ സന്ധ്യാ പ്രാര്‍ഥനകള്‍ എപ്പോഴും ഇങ്ങനെയൊക്കെയാണ്. ഈ ഇത്തിരി സമയമല്ലേ സ്വന്തമായിക്കിട്ടുള്ളൂ കാര്യങ്ങളിങ്ങനെ ഉറക്കെ ചിന്തിക്കാന്‍. കര്‍ത്താവ് പറ്റുമെങ്കില്‍ കേള്‍ക്കട്ടെ. ആറുവയസ്സു തികഞ്ഞിട്ടില്ലാത്ത കൊച്ചിനെ പിരിഞ്ഞു ഇവിടെ വന്നു തനിച്ചു താമസ്സിക്കുന്നത്‌ ജോലിചെയ്തു വല്ലതും സമ്പാദിക്കാന്‍ തന്നെയാണ്. ജയേട്ടന്റെ ശമ്പളത്തില്‍ നിന്നും മിച്ചം വയ്ക്കാന്‍ ഒന്നുമില്ല. ‘ ഇത്തിരി മണ്ണ് വല്ലതും വാങ്ങിയിട്ടാല്‍ അവനോന്നു നല്ലത് ‘ അമ്മച്ചിയുടെ ഉപദേശമാണ്. ഉപദേശങ്ങള്‍ക്ക് പിന്നെ പണച്ചിലവില്ലല്ലോ.
പ്യൂണ്‍ അരവിന്ദേട്ടന്റെ പിറകേ നടന്നുപറയാന്‍ തുടങ്ങീട്ടു കാലം കുറെയായി. നാളെ കാണുമ്പോൾ ഇത്തിരി കടുപ്പിച്ചു തന്നെ ചോദിക്കണം വല്ലതും നടക്കുമോ എന്ന് . എത്ര നാളായി അയാളു പറയുന്നിടത്തെല്ലാം സ്ഥലം കണ്ടു നടക്കുന്നു. അയാളോടുള്ള ഈര്‍ഷ്യയില്‍ വേദപുസ്തകമടച്ചതും താഴെ നിന്ന് തനിയ്ക്ക് ഫോണെന്ന മേട്രന്റെ വിളിയുയര്‍ന്നു. ഈ നേരത്താരാ എന്ന ചിന്തയോടെ ജാസ്മിന്‍ ഓഫീസിലേയ്‌ക്കോടി. ജയേട്ടന്‍ വിളിക്കുന്ന സമയമല്ല. ഇനി നാട്ടിൽ നിന്നായിയിരിക്കുമോ? മോളെക്കുറിച്ചോ ര്‍ത്തപ്പോള്‍ ശ്വാസം നിലയ്ക്കുന്നപോലെ. ഫോണ്‍ എടുക്കുമ്പോള്‍ മറുതലയ്ക്കല്‍ കേട്ടത് അരവിന്ദേട്ടന്റെ ശബ്ദം. ആശ്വാസത്തോടെ നിശ്വസിച്ചുകൊണ്ട് അരവിന്ദേട്ടന്റെ വാക്കുകള്‍ക്കു ചെവിടോര്‍ത്തു.

“ടീച്ചറു കൊച്ചേ നമ്മള്‍ കഴിഞ്ഞാഴ്ച കണ്ട സ്ഥലമില്ല്യോ ആ പതിനഞ്ചു സെന്റ്, അതു നടക്കുന്ന ലക്ഷണമാ. അതിന്‍റെ പാര്‍ട്ടി ഇന്നെന്നെ വിളിച്ചിരുന്നു. അവര്‍ക്കത്യാവശ്യമാ. “
“അതിനെന്താ അരവിന്ദേട്ടാ നമുക്കത് നോക്കാം. വഴി സൗകര്യം കുറവാണെന്നത് പ്രത്യേകം പറയണം കേട്ടോ” അതു പറയുമ്പോള്‍ വിലപേശാന്‍ പിന്നേം സൗകര്യമുണ്ട് എന്നു മനസ്സിലോര്‍ത്തു. ആ സ്ഥലം അത്രയ്ക്കങ്ങു ഇഷ്ടപ്പെട്ടുപോയിട്ടല്ല. ഒരു കാട്ടുപ്രദേശം തന്നെ അതും. വളഞ്ഞും തിരിഞ്ഞും പോകുന്നൊരു ചെമ്മൺ പാത വളരെ സഞ്ചരിച്ചു ചെന്ന് വേറൊരു പറമ്പ് കയറിമറിഞ്ഞു വേണം അവിടേക്കെത്താൻ. വില്പന നടക്കുവാണെങ്കിൽ ഉടമസ്ഥൻ നടന്നുകയറാനുള്ള വഴി അടുത്ത പറമ്പുകാരനോട് പറഞ്ഞുണ്ടാക്കിത്തരാമെന്നേറ്റിട്ടുണ്ട്. വിലയിൽ ഒന്നാഞ്ഞു പിടിക്കണം. ആകെ പതിനഞ്ചു സെന്റെയുള്ളൂ. അവിടെയാണ് ജാസ്മിൻ അവളുടെ കാപ്പിത്തോട്ടമുണ്ടാക്കാൻ പോകുന്നത്.
തൊട്ടുചേർന്ന് ഏതോ ഒരു മുതലാളിയുടെ ഏക്കറുകണക്കിനുള്ള കാപ്പിത്തോട്ടമുണ്ട്. അയാളുടെ പുരയിടത്തിന്റെ സൈഡിലൂടെ വേണം ജാസ്മിന് വാങ്ങാൻ പോകുന്ന വസ്തുവിൽ കയറാൻ. അടുത്തുകിടക്കുന്ന വസ്തു വാങ്ങാൻ ഉദ്ദേശമുണ്ടെന്നുള്ള കാര്യം നേരിട്ടുകണ്ടു സംസാരിക്കണമെന്ന് വിചാരിച്ചിട്ട് കുറച്ചായി. അവർ വിലയിലൊതുങ്ങിയിട്ടുമതിയല്ലോ എന്നോർത്തു താമസിപ്പിച്ചതാണ്. ഇന്നതിന്റെ കാര്യത്തിലൊരു തീരുമാനമായാൽ നാളെത്തന്നെ മുതലാളിയോട് വഴിയുടെ കാര്യത്തിലും സംസാരിക്കാം. പിന്നീടൊരു പൊല്ലാപ്പ് വേണ്ടല്ലോ, ജാസ്മിനോർത്തു.
പിറ്റേന്ന് സ്‌കൂളിൽ പോകും മുൻപ് അരവിന്ദനും ജാസ്മിനും സ്ഥലത്തെത്തി. സ്ഥലമുടമയ്‌ക്കൊപ്പം വേറെ രണ്ടപരിചിതരെക്കൂടെ കണ്ടപ്പോൾ ജാസ്മിന്റെ ഉള്ളം കിടുങ്ങി. സ്ഥലം വാങ്ങാൻ വന്നവരാകുമോ ഇവർ? ഒരുവിധം പറഞ്ഞുറപ്പിച്ചെടുക്കാമെന്നായിരുന്നു പ്രതീക്ഷ. അതും മങ്ങുന്നതായി അവൾക്കു തോന്നി. ഇവരെക്കണ്ടിട്ടു ഈ ഒരു ചെറിയ സ്ഥലം വാങ്ങാൻ വന്നവരാണെന്നു തോന്നുന്നുമില്ല. സഹായത്തിനായി ജാസ്മിൻ അരവിന്ദനെ നോക്കി. ഭയഭക്തിയോടെ ഓച്ഛാനിച്ചു നിൽപ്പാണ് പുള്ളിക്കാരൻ. നോക്കിനിൽക്കെ രണ്ടുപേരിൽ പ്രായം കൂടിയ ആൾ ജാസ്മിന്റെ സമീപമെത്തി.
“ടീച്ചറല്ലേ ഈ സ്ഥലത്തിന് വിലപറഞ്ഞിരിക്കുന്നത്? ഇത് നിങ്ങൾ പറഞ്ഞ വിലയ്ക്കുതന്നെ തരും കേട്ടോ. ഞാൻ ദേവസ്സിയോട് പറഞ്ഞിട്ടുണ്ട്. കുട്ടികൾക്ക് അക്ഷരം പറഞ്ഞുകൊടുക്കുന്ന ആളല്ലേ , പോരെങ്കിൽ അന്യദേശത്തൂന്ന് വരുന്നൊരു സ്ത്രീയും. പിന്നെ ഇവിടേയ്ക്ക് അത്യാവശ്യമൊരു വണ്ടികയറാനുള്ള വഴി ഞാൻ തരാം കേട്ടോ. എന്നെങ്കിലും ഇതിലൊരു വീട് വയ്ക്കണമെന്ന് തോന്നിയാലോ? “
കേൾക്കുന്നതൊക്കെ യാഥാർഥ്യം തന്നെയോ അതോ തനിക്കു തനിക്കു വെറുതെ തോന്നുന്നതോ എന്ന് തിരിച്ചറിയാനാകാതെ നിൽക്കുന്ന ജാസ്മിനെ കടന്ന് അവർ രണ്ടുപേരും ചെമ്മൺ റോഡിലിറങ്ങി. കണ്ണീർപ്പാട മങ്ങലേൽപ്പിച്ച കാഴ്ചയിൽ ജാസ്മിനവർ രണ്ടു പുണ്യാളൻമാരുടെ രൂപമാണെന്നു തോന്നി. പതിനഞ്ചു സെന്റിൽ താൻ തീർക്കാൻ പോകുന്ന കാപ്പിത്തോട്ടം സ്വപ്നം കണ്ട് ജാസ്മിൻ സ്‌കൂളിനെ ലക്ഷ്യമാക്കി നടന്നു.

ബിന്ദു ഹരികൃഷ്ണൻ

error: Content is protected !!