സൗഹൃദം


ഞാനും കുഞ്ഞനും കൂട്ടുകാരാണ്. വെറും കൂട്ടല്ല ഇണപിരിയാത്ത കൂട്ടുകാര്‍. വാസ്തവത്തില്‍ അവനല്ലാതെ ജീവിതത്തില്‍ എനിക്ക് വേറാരുമില്ല. ഞങ്ങളുടെ സൗഹൃദം തുടങ്ങിയത് തന്നെ വലിയൊരു കഥയാണ്. അടുത്ത വീട്ടിലെ ബാല്‍ക്കണിയില്‍ എന്തൊക്കെയോ ചിന്തിച്ചു വെയില്‍ കാഞ്ഞു കിടക്കുമ്പോഴാണ് ഞാന്‍ കുഞ്ഞനെ ആദ്യം കാണുന്നത്. അവനന്ന് എന്നെ ശ്രദ്ധിച്ചതേയില്ല. പക്ഷെ ഞാനന്നേ അവനിലൊരു സാധുവിനെ കണ്ടു. മനുഷ്യരില്‍ സാധാരണ കാണുന്ന ക്രൂരതകളേതുമില്ലാതെ, ഒച്ചയുയര്‍ത്തി സംസാരിക്കപോലും ചെയ്യാത്ത ഒരു പാവം. ഇവന്‍ കൊള്ളാമെന്നു മനസ്സില്‍ കണക്കു കൂട്ടി. അവന് എന്തൊക്കെയോ വിഷമങ്ങളുണ്ടെന്ന് ആ നിശബ്ദത കണ്ടപ്പോള്‍ തോന്നി. അപ്പുറത്തെ വീട്ടിലെ ആ തലതെറിച്ച പയ്യന്‍ എത്ര തവണ എന്നെ കല്ലെറിഞ്ഞിരിക്കുന്നു, ഒരു കാരണവുമില്ലാതെ. കാണുന്നിടത്തിട്ടൊക്കെ ദ്രോഹിക്കും. എന്തോ ഇവനെങ്ങനെയൊന്നും ചെയ്യില്ലെന്നൊരു തോന്നല്‍. കുറച്ചു ദിവസം കുഞ്ഞന്റെ വരവും പോക്കും കണക്കാക്കി ഞാന്‍ എതിര്‍വശത്തെ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. അപ്പോഴും അവന്‍ മൈന്‍ഡ് ചെയ്യാനുള്ള കോളൊന്നുമില്ല. പിന്നെ പതിയെ മുന്നിലെ റോഡിലിറങ്ങി നിന്ന് നോക്കി. അവന്റെയത്ര ഭാരമുള്ള ബാഗും തൂക്കി അവന്‍ സ്‌കൂളില്‍ പോകുന്നത് എന്റെ തൊട്ടു മുന്നില്‍ക്കൂടെയായി. എപ്പോഴൊക്കെയോ അവന്‍ എന്നെ വെറുതെ നോക്കി. ഞാനും അവന്റെ മുഖത്ത് ദൃഷ്ടിയുറപ്പിച്ചു നിന്നു. അങ്ങനെയുള്ള ഒരു ദിവസം അവന്‍ ശരിക്കും എന്നെ കണ്ടു. ഞങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ച.

രണ്ടുമൂന്നു ദിവസത്തെ നിരീക്ഷണത്തില്‍ നിന്ന് അവന്‍ തിരികെ എത്തുന്ന സമയം ഞാന്‍ മനസ്സിലാക്കി. മുറ്റത്തെ ചാമ്പ മരത്തിന്റെ നിഴല്‍ പുറകിലേക്ക് ചാഞ്ഞു തുടങ്ങുമ്പോള്‍ അവന്‍ സ്‌കൂളില്‍ നിന്നെത്തും. മെയിന്‍ റോഡില്‍ നിന്നും നടന്നാണ് വരാറുള്ളത്. അപ്പോള്‍ കൂടെ കൂടിയാല്‍ ഒന്നിച്ചു നടക്കാനാകും. അപ്പോഴവന്‍ കൂടുതല്‍ ശ്രദ്ധിക്കാതിരിക്കില്ല. മെയിന്‍ റോഡുവരെയുള്ളതു വലിയൊരു ദൂരമാണ് എന്നെ സംബന്ധിച്ച്, പക്ഷെ അവനോടു കൂട്ടുകൂടാന്‍ വേറൊരു മാര്‍ഗ്ഗവുമില്ല. അല്ലെങ്കില്‍ തന്നെ ഡോക്ടറുടെ വീട്ടില്‍ നിന്ന് കിട്ടുന്ന ഹോട്ടല്‍ വേസ്റ്റ് തിന്നുകഴിഞ്ഞാല്‍ വേറൊരു പണിയുമില്ല എനിക്ക്, ഉറക്കമല്ലാതെ. അവന്‍ വന്നിറങ്ങുന്നിടത്തു പോകുകതന്നെയെന്നു തീര്‍ച്ചയാക്കി. വെപ്രാളം കൊണ്ടായിരിക്കും വളരെ നേരത്തെ മെയിന്‍ റോഡിലേക്കിറങ്ങുന്നിടത്തെത്തി. കുറേനേരം അവിടെ കൂട്ടിയിട്ടിരിക്കുന്ന ചവറിലും മറ്റും ചികഞ്ഞുപിടിച്ചു നിന്നു. കണ്ണ് മെയിന്‍ റോഡില്‍ തന്നെയായിരുന്നു. ചെക്കനെ കാണുന്നില്ലല്ലോ. ഒരുപാട് നേരം കഴിഞ്ഞു അവനെത്താന്‍. ഓട്ടോയില്‍ വന്ന ചെക്കനെ ഒരു നോട്ടമേ കാണാനായുള്ളൂ, അവന്‍ ഓട്ടോയില്‍ തന്നെ ഇടറോഡും കയറിപ്പോയി. ഇത് വലിയ ചതിയായിപ്പോയി. അവന്‍ വീട്ടിനു മുന്നില്‍ വരെ ഓട്ടോയില്‍ വന്നിറങ്ങുന്നത് ഇതേവരെ കണ്ടിട്ടില്ല. ഇവിടെ ഞാനിങ്ങനെ കാത്തുകെട്ടിക്കിടക്കുന്നതു അവന്‍ കണ്ടതുകൂടിയില്ല. ഇപ്പണി കാണിച്ചവനോട് ദ്വേഷ്യം തോന്നി. ദേഷ്യത്തില്‍ തന്നെ തിരിഞ്ഞൊരു നടത്ത വച്ചുകൊടുത്തു.

നല്ല സ്പീഡില്‍ തിരികെ നടക്കുമ്പോഴാണ് ആ ഭീകരന്‍ കറുമ്പന്‍ വന്നു മുന്നില്‍ ചാടിയത് . ഞാനവന്റെ മുന്നില്‍പ്പെട്ടു എന്ന് പറയുന്നതാവും ശരി. എന്റെ ഇരട്ടിയുള്ള ആ തടിമാടനോട് രണ്ടുമൂന്നു തവണ ഇടഞ്ഞിട്ടുണ്ട്. എന്നെ നിലംപരിശാക്കി അവന്‍ പോയിട്ടുമുണ്ട്. ആ പേടികാരണം അവന്‍ സഞ്ചരിക്കുന്ന വഴിതന്നെ ഒഴിവാക്കുകയാണ് പതിവ്. ഒട്ടൊരങ്കലാപ്പോടെ വലിഞ്ഞു നടന്നു. കാര്യമില്ല. അവനെന്നെ കണ്ടുകഴിഞ്ഞു. ചീറിമുരണ്ടു കൊണ്ട് അടുക്കുമ്പോഴാണ് ദൈവദൂതനെപ്പോലെ ആ ഓട്ടോറിക്ഷ ഞങ്ങള്‍ക്ക് നടുവിലൂടെ ഇരച്ചു വന്നത്. കുഞ്ഞന്‍ വന്ന റിക്ഷയാകും. ഓട്ടോ കണ്ടു വിരണ്ടു നിന്ന കറുമ്പനെ വെട്ടിച്ച് ഒരോട്ടം വച്ചുകൊടുത്തു. ഓട്ടം പക്ഷെ വളരെ നീണ്ടില്ല. എനിക്കു മുന്‍പില്‍ റോഡ് തിരിയുന്നിടത്ത് ദാണ്ടെ പോണു ചെക്കന്‍ ബാഗും തൂക്കി. ഓടി അവന്റെ കൂടെയെത്തി. സ്‌കൂളിന്റെ ഭാരത്തില്‍ വിവശനായി വന്നവന്‍ എനിക്ക് നേരെ തളര്‍ന്ന കണ്ണുകളുയര്‍ത്തി. അപ്പോള്‍ കിട്ടിയ ധൈര്യത്തില്‍ അവന്റെ കാലിലൊന്നുരുമ്മി ഞാനും അവന്റൊപ്പം നടന്നു. പെട്ടെന്ന് അവന്‍ നിന്നു. ഇപ്പോഴാണ് ശരിക്കും അവനെന്നെ ശ്രദ്ധിച്ചതെന്നു തോന്നുന്നു. അവന്‍ കുനിഞ്ഞെന്റെ തലയിലും പുറത്തും തലോടി. എനിക്കങ്ങു സന്തോഷമായി. അവന്റെ വീട്ടിന്റെ ഗേറ്റു വരെ ഞാനും ഒപ്പം നടന്നു. ഗേറ്റ് കടന്നു അവനകത്തു കയറിയപ്പോള്‍ ഞാന്‍ പതിവുപോലെ എതിര്‍വശത്തെ വീട്ടിലെ ബാല്‍ക്കണിയിലേയ്ക്ക് പോന്നു. എന്തൊക്കെയോ ഒരു സമാധാനം കിട്ടിയ പോലെ, എനിക്കും ആരൊക്കെയോ ഉണ്ടെന്നൊരു തോന്നല്‍.

പിന്നെപ്പിന്നെ കുഞ്ഞന്‍ വീട്ടിലുള്ളപ്പോള്‍ ഞാന്‍ ഗേറ്റ് കടന്ന് അവന്റെ മുറ്റത്തേയ്ക്ക് കയറിച്ചെല്ലും. അവനപ്പോള്‍ തന്നെ പുറത്തിറങ്ങി വന്ന് പടിമേലിരിക്കും. അവന്റെ കാല്‍ക്കല്‍ പതുങ്ങുന്ന എന്നെ മെല്ലെ തടവും. എന്റെ ദേഹത്തും തലയിലുമൊക്കെ ഇക്കിളിയിട്ടുകൊണ്ട് അവന്റെ വിരലുകള്‍ ഓടിനടക്കും. ഞാന്‍ പയ്യെപ്പയ്യെ അവന്റെ മടിയിലേയ്ക്ക് വലിഞ്ഞുകയറിയിരിക്കുമെന്ന നിലയിലായി കാര്യങ്ങള്‍. ഒരു ദിവസം സുഖം പിടിച്ചങ്ങനെ ഇരിക്കുമ്പോഴാണ് അവന്റെ വീട്ടില്‍ വരുന്ന ചേച്ചി അവനെ ശാസിച്ചത് .
“മോനെ വെളിയിലൊക്കെ അലഞ്ഞു നടക്കുന്ന ഇതിനെയൊന്നും മടിയില്‍ വച്ച് ലാളിച്ചുകൂടാ. അമ്മ കാണും മുന്‍പ് കൈയ്യും മുഖവും കഴുകിയാട്ടെ.”
അവനെന്നെ നിലത്തു നിര്‍ത്തി എഴുന്നേറ്റു. എനിക്ക് സങ്കടം വന്നു. വട്ടക്കണ്ണു നിറച്ചുകൊണ്ടു ഞാന്‍ ഗേറ്റ് കടന്നു. പോണപോക്കില്‍ തൂത്തുകൊണ്ടിരുന്ന ചൂലുകൊണ്ട് ആ ചേച്ചി എനിക്കിട്ടൊരു തട്ടും തട്ടി. അടിയേക്കാളും കുഞ്ഞനെ പിരിഞ്ഞതിലായിരുന്നു എനിക്ക് വിഷമം.

ഞാനിപ്പോള്‍ കുഞ്ഞന്റെ സന്തതസഹചാരിയാണ്. അവന്റെ അമ്മയുള്‍പ്പെടെയുള്ളവരുടെ എതിര്‍പ്പ് വകവയ്ക്കാതെ പയ്യെപ്പയ്യെ കുഞ്ഞനെന്നെ വീട്ടിനകത്തു കയറ്റി. ഞാനെപ്പോഴും അവന്റെ മടിയില്‍ അല്ലെങ്കില്‍ നെഞ്ചില്‍ കിടന്നുറങ്ങാന്‍ തുടങ്ങി. എന്നെ പുറത്താക്കാനുള്ള വീട്ടുകാരുടെ ശ്രമങ്ങളെല്ലാം അതിജീവിച്ച് ഞാനും കുഞ്ഞനും ഇപ്പോള്‍ ഒന്നിച്ചു താമസിക്കുന്നു. എനിക്കവനൊരു പേരും തന്നിട്ടുണ്ട്, ‘ഷാജി’ യെന്ന്. ആരെയും ചെറുതായിക്കാണുന്നതോ അപമാനിക്കുന്നതോ എന്റെ കുഞ്ഞന് സഹിക്കില്ല. അബലരായവരെ- അതു മനുഷ്യന്‍ തന്നെ ആയിരിക്കണമെന്നില്ല- ആരെങ്കിലും അപമാനിച്ചാല്‍ അവരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കുഞ്ഞന് ആവന്റേതായ മാര്‍ഗ്ഗങ്ങളുണ്ട്. അത്തരത്തിലൊന്നാണ് അവന്റെ ‘ഷാജി പ്രൊഡക്ഷന്‍’ എന്ന കമ്പനി. അവന്‍ കൈകാര്യം ചെയ്യുന്ന എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളുടെയും സീക്രറ്റ് കോഡ് ഷാജി പ്രൊഡക്ഷന്‍സ് എന്നാണ്.

ഇന്നെന്താണാവോ ചെക്കനിത്രേം താമസിക്കുന്നത്. അവനെ കാത്തിരുന്നെന്റെ കണ്ണു കഴച്ചു. ഒരു കണക്കിന് നന്നായി. അവനില്ലാത്തോണ്ടാ എനിക്ക് ഇത്രയുമൊക്കെ നിങ്ങളോട് പറയാനായത്. കുഞ്ഞനെത്തിക്കഴിഞ്ഞാൽ ഞാന്‍ പിന്നെ ഭയങ്കര ബിസിയാ..

ബിന്ദു ഹരികൃഷ്ണൻ

error: Content is protected !!