അച്ഛനില്ലാത്ത പെൺകുട്ടി

അച്ഛനില്ലാത്ത
പെൺകുട്ടിക്ക്
ചുളുങ്ങിപ്പോയ
പ്യാരിമുട്ടായിയുടെ
കടലാസിൻറെ രൂപമാണ്.
നിവർത്തിയും മടക്കിയും
നിറം മങ്ങിമങ്ങി.

ചുളിവുമാറാൻ
ബുക്കിന്റെ ഒത്തനടുക്കിൽ
മുട്ടായികടലാസ് വെക്കും.
അടുത്ത പേജിൽ ഒരു
മയിൽപ്പീലിയുണ്ടാവും,
മാനം കാണാതെ!!

മുറ്റത്തേക്കിറങ്ങി
കാജാബീഡിയുടെ
കുറ്റിയോ മുറുക്കാൻറെ
ചെല്ലമോ വരാന്തയിലുണ്ടോയെന്നു
നോക്കും.

മുറ്റത്തിരിക്കുന്ന
ഹെർക്കുലീസ് സൈക്കിൾ
വെറുതെ തുടച്ചുവെക്കും.

ഒരു തുടം കട്ടൻകാപ്പിയുടെ
പങ്ക്, പാത്രത്തിൻറെ അരുകിൽ
രാവിലെ കണ്ണുതിരുമ്മി ഉണ്ടോയെന്നുനോക്കും.

അശയിൽ തൂക്കിയ
ഷർട്ടുകൾ വെറുതെ
മണത്തുനോക്കും.

സന്ധ്യക്ക്
കപ്പലണ്ടി മിഠായിയുടെ
പൊതിക്കായ് നോക്കിയിരുന്ന്
നാമം ജപിക്കും.

കാത്തുകാത്തിരുന്ന്
അച്ഛൻറെ ഷർട്ടണിഞ്ഞ്,
ബീഡിയുടെ പൊതിയെടുത്ത്
ഷർട്ടിൻറെ കൈമടക്കിൽ തിരുകി,
ഇത്തിരി ഭസ്മവും ധരിച്ച്,
തുരുമ്പിച്ചുതുടങ്ങിയ
സൈക്കിളിൽ ബെല്ലടിക്കാൻ
ശ്രമിച്ച്,
അച്ഛനായൊരു പെൺകുട്ടി
വെറുതെ അച്ഛനേയും കാത്ത്
കരയുന്നുണ്ടാവും.

ജ്യോതി സന്തോഷ്

error: Content is protected !!