നിത്യത..

അവളെ പുൽകാനായി
അവൻ തൻ്റെ ചില്ലകളെ അനന്തതയിലേക്കു വിടർത്തി..
എവിടെ നിന്നോ നീണ്ടു വരുന്ന കരുണയുടെയും സ്നേഹത്തിൻ്റെയും കരങ്ങൾക്കായ്
രാപ്പകലുകളെ ധ്യാനമാക്കി തീർത്തു..
തൻ്റേതു മാത്രമായ ഒരു കാത്തിരിപ്പിൽ വിരിയുമെന്നോർത്ത
സുഗന്ധ സൂനങ്ങളെ കിനാവിലൊളിപ്പിച്ച്
വിചിത്രമായ ആകാശങ്ങളിലൂടെ അലഞ്ഞു തിരിഞ്ഞ്..
തിരിച്ചറിയപ്പെടുന്ന അർഥശൂന്യതയ്ക്കൊടുവിൽ
തന്നിലേക്കു തന്നെ മടങ്ങിയെത്താനുള്ള ക്ഷണം
നിരസിക്കാനാവാതെ മൗനത്തിൻ്റെ കൂട്ടിലേക്ക്..!

എത്രയോ വിദൂരമായ ആകാശത്തിനും ഭൂമിക്കുമിടയിൽ
കുന്നുകളും.. പുഴകളും.. അരുവികളും.. സൃഷ്ടിച്ച്
ഹൃദയത്തിലെ തിരമാലകൾ അടക്കി വച്ച്..
കനലുകൾക്ക് മുകളിലൂടെ നടക്കുന്നു.
തന്നിലേക്ക് വരുന്ന ആകസ്മികതകളെ തിരിച്ചറിഞ്ഞ്
തൻ്റെ ഭൂമിയാക്കി മാറ്റുന്നിടത്ത് പലതും മാഞ്ഞു പോവുന്നു.

തിടുക്കപ്പെട്ടു കടന്നു വരുന്ന ചിന്തകളെയും ഭയത്തെയും
ആത്മഭൂമികയിലെ വിത്തുകളായ്മുളപ്പിച്ചെടുത്തു.
നന്മതിന്മകളെ തിരിച്ചറിയാനാവാതെ
തിരിച്ചു നടക്കാനൊരുങ്ങുമ്പോഴൊക്കെയും
മുന്നോട്ടു കാത്തിരിപ്പുണ്ടെന്ന് കരുതുന്ന ഗഗനചാരുതയെയും..
ഒരു പക്ഷേ, അതിനപ്പുറത്തുള്ളതിനെയും സ്വപ്നം കണ്ട്..
സ്വയം പറഞ്ഞു കഴിയുന്നിടത്ത്,
ആകാശവും ഭൂമിയും കൊഴിഞ്ഞു വീഴുന്നു.

ഇന്ന് ഞാൻ നിന്നോട് ഒരുപാടു നന്ദിയുള്ളവളായിരിക്കുന്നു.
അവളുടെ കാതിണകളെ തന്നിലേക്ക് വലിച്ചടുപ്പിച്ച് ആർദ്രതയോടെ പിറുപിറുത്തു..
എത്ര നാളായി നാമൊപ്പമായിട്ട്,
ഒരു നിമിഷം പോലും നീയെന്നെ പരിഗണിച്ചില്ല.
പീഢകളും വേദനകളും എന്നെ ഒരുപാടു തളർത്തി,
നിൻ്റെയടുത്ത് ഞാനെപ്പോഴും നിസ്സഹായയായിരുന്നു..
എങ്കിലും എനിക്കറിയാമായിരുന്നു നീ തിരിച്ച് എന്നിലേക്ക് വരുമെന്ന്..

അവനൊന്നു കൂടെ എന്നോടു ചേർന്നിരുന്നു.
നമുക്ക് ഈ നിലാവിനെ കുടിച്ചു വറ്റിക്കാം..
പുഴയുടെ ആഴങ്ങളിലേക്കു പോയി ജലഭിത്തി പണിയാം..
അവിടെ നമ്മൾ മാത്രം മതി, നീയും.. ഞാനും ..

നമുക്ക് പിറക്കാതെ പോയ സ്വപ്നങ്ങളെ വിരിയിക്കാം..
ജലത്തുള്ളികൾ വാരിവിതറാം..
ആകാശത്തിൻ്റെ ചില്ലകളിലേക്ക് ചേക്കേറാം..
അപ്പോഴേക്കും നാം ചിറകു മുളച്ച വെളുത്ത പിറാക്കളായിരിക്കും..
അവിടെ ഒരിക്കലും നീയും ഞാനുമാവില്ല.
ഒരേ തൂവലും ഇതളനക്കങ്ങളുമുള്ള
മൗനത്തിൻ്റെ ഒരു കുഞ്ഞു തുള്ളിയായ്..
നിത്യതയിലലിയാം..

കവിത. ബി

error: Content is protected !!