കുട്ടിപ്പാട്ട്

പാട്ടൊന്നു പാടുവാൻ കൂടാത്ത പൈങ്കിളീ
പുന്നെല്ലിൻ പാടത്ത് പാറുന്ന തേൻകിളീ
പാറിപ്പറന്നു നീ പൂന്തേനുണ്ണുവാൻ
പൂമരക്കൊമ്പിലേക്കൊന്നു വായോ…

ആലോലം താലോലം ഓലെഞ്ഞാലിക്കിളീ
ആടിക്കളിക്കുന്ന പഞ്ചവർണക്കിളീ
ആകാശക്കൊമ്പിലേക്കൂയലിട്ടാടുവാൻ
ആടുന്നൊരോലമേലൊന്നു വായോ..

മാനത്ത് കാറൊന്നു പൂക്കണ കണ്ടേ
മാരിവിൽപ്പൂങ്കൂല മിന്നണ കണ്ടേ
മിന്നലും ധുംധുഭിനാദവും വന്നേ
മയിലാടുംകുന്നിലേക്കാടിവാ മയിലേ..

കളകളനാദം നിരനിരയായ് കേട്ടും
കാറ്റിൻ കൈകളെ തഞ്ചത്തിൽ തൊട്ടും
കൈതോലക്കയ്യിൽ ചാടിക്കളിച്ചും
കുറുവാലൻകിളീ കൂടൊന്ന് നെയ്തേ…

പട്ടുചിറകുകൾ വീശിവിരിച്ചും
പച്ചക്കറുകയെ കൊത്തിക്കൊറിച്ചും
പാണന്റെ പാട്ടിനെ ഏറ്റുപറഞ്ഞും
പച്ചപ്പനംതത്തേ കൂട്ടിന്നു വായോ

ജ്യോതി സന്തോഷ്

error: Content is protected !!