എല്ലോറയിലേക്ക് ഒരു യാത്ര

ഇന്ത്യയുടെ പലഭാഗത്തും സഞ്ചരിച്ച് , വൈവിധ്യം നിറഞ്ഞ കാഴ്ചകളും അനുഭവങ്ങളും കിട്ടിയിട്ടുണ്ടെങ്കിലും പാഠപുസ്തകങ്ങളിൽനിന്നും വായിച്ചറിഞ്ഞ , യുനെസ്കോയുടെ
ലോകപൈതൃകകേന്ദ്രങ്ങളിൽ ഉൾപ്പെടുത്തിയ , മഹാരാഷ്ട്രയിലെ ഔറംഗബാദിൽ സ്ഥിതിചെയ്യുന്ന അജന്ത എല്ലോറ ഗുഹാക്ഷേത്രങ്ങൾ കാണാനുള്ള ആഗ്രഹവുമായി നാസികിലെ ആർമി ക്യാമ്പിൽനിന്നും ഔറംഗബാദിലേക്ക് മെയ് മാസത്തിൽ യാത്രതിരിക്കുമ്പോൾ ഏറെക്കാലത്തെ ആഗ്രഹം നിറവേറുന്നതിനൊപ്പം ഭാരതീയശില്പകലയുടെ അദ്ഭുതങ്ങളെ നേരിട്ടറിയാൻ സാധിക്കുമെന്ന സന്തോഷവും ഉള്ളിൽ നിറഞ്ഞിരുന്നു. മക്കളും ഭർത്താവും അടങ്ങുന്ന ഞങ്ങളുടെ യാത്ര റോഡുമാർഗമായിരുന്നു ഏകദേശം 3 മണിക്കൂർ നീണ്ട യാത്രയിൽ, മഹാരാഷ്ട്രയുടെ മനോഹരമായ പ്രകൃതിഭംഗി ആസ്വദിക്കാൻ കഴിഞ്ഞു.

മൊത്തം 34 ഗുഹകൾ, മൂന്ന് പൈതൃകങ്ങളുടെ സംഗമസ്ഥാനമാണ് എല്ലോറ ഗുഹാക്ഷേത്രങ്ങൾ.1 മുതൽ 12 വരെയുള്ള ഗുഹകൾ ബുദ്ധിസവും, തുടർന്ന് 29 വരെ ബ്രാഹ്മണിസവും , 30 മുതൽ 34 വരെ ജൈനിസവും നിറഞ്ഞ ഗുഹാക്ഷേത്രങ്ങളാണ് എല്ലോറ. മെയ് മാസത്തിലെ അത്യുഷ്ണത്തിലും സഞ്ചാരികളെക്കൊണ്ടു നിറഞ്ഞ എല്ലോറ ഗുഹകൾ.ഫോട്ടോഗ്രാഫിയും, ബ്ലോഗിംങ്ങുമായി ഇന്ത്യയുടെ പലഭാഗത്തുനിന്നുമുള്ള സഞ്ചാരികൾ. അവർക്കു സഹായമായി ഗൈഡുകളും, കൂടാതെ ചെറുവാണിഭക്കാരുമെല്ലാമായി എല്ലോറ ഗുഹകൾ ശബ്ദമുഖരിതമായിരുന്നു.

ഏറ്റവും ആദ്യത്തെ ഗുഹാകവാടം കൈലാസ ക്ഷേത്രം സ്ഥിതി ചെയ്യുന്ന 16 നമ്പർ ഗുഹയാണ്. ഒരു മലയെ താഴേക്ക് കൊത്തി നിർമിച്ച ക്ഷേത്രം . ഏകദേശം 100 വർഷങ്ങളെടുത്തു ഈ നിർമ്മിതിക്കെന്നു പറയപ്പെടുന്നു. നിറയെ കൊത്തുപണികൾ, മൃഗങ്ങളും, ഹൈന്ദവ ദൈവങ്ങളുമെല്ലാം നിറഞ്ഞ കൈലാസക്ഷത്രത്തിനു രണ്ടു വശത്തും വിജയസ്തംഭങ്ങളും രണ്ട് ആനകളുണ്ട്. ആനകളുടെ തുമ്പികൈ കാലപ്പഴക്കത്താൽ ഒടിഞ്ഞുപോയിരുന്നു. ക്ഷേത്രത്തിനു ചുറ്റും മല തുരന്ന് രണ്ടു നിലകളിലായി നിറയെ മുറികളും ഭിത്തിയിൽ
ഹൈന്ദവ ദൈവങ്ങളുടെ കൊത്തുപണികളും ചുവർ ചിത്രങ്ങളുമുണ്ടായിരുന്നു.
“കൈലാസത്തെ കുലുക്കുന്ന രാവണനും ” “നരസിംഹാവതാരവും” ചിത്രങ്ങൾ, കാലപ്പഴക്കത്താൽ നിറം മങ്ങിയിരുന്നു.13 മുതൽ 29 വരെയുള്ള ഗുഹകൾ കണ്ടതിന്നുശെഷം , ബുദ്ധവിഹാരങ്ങളായ 1മുതൽ 12 വരെയുള്ള ഗുഹകൾ കാണാനായി നടന്നു. ഗുഹകൾക്കുളളിലെ
ശീതളിമകാരണം വേനൽച്ചൂട് അറിഞ്ഞതേയില്ല.

ബുദ്ധവിഹാരങ്ങളായ 12 ഗുഹകളിൽ ഏറ്റവും ആകർഷകമായത് 10 നമ്പർ ഗുഹയായിരുന്നു. ശ്രീബുദ്ധന്റെ വലിയ പ്രതിമയും കല്സ്തൂപങ്ങളും ആർച്ച് രൂപത്തിലെ മേൽക്കൂരയും നിറഞ്ഞ ധ്യാനകേന്ദ്രം. സഞ്ചാരികൾ ചെറു ശബ്ദത്തിൽ” ഓം” എന്ന് ഉച്ഛരിക്കുന്നത് മനോഹരമായി പ്രതിധ്വനിക്കുന്നുണ്ടായിരുന്നു. മറ്റു ശബ്ദങ്ങളോ വർത്തമാനങ്ങളോ അതിനുള്ളിൽപാടില്ലെന്ന് സെക്യൂരിറ്റിയുടെ കർശനമായ നിർദ്ദേശമുണ്ടായിരുന്നു.

മറ്റ് ഗുഹകളും അതിന്റെ കൊത്തുപണികളും കണ്ടശേഷം ജൈനിസത്തിൻറെ അടയാളങ്ങൾ നിറഞ്ഞ 30 മുതൽ 34 വരെയുള്ള ഗുഹകൾ കാണാൻ പുറപ്പെട്ടു. എല്ലോറ ഗുഹകളിൽ ജൈനഗുഹകൾ 29 വരെയുള്ള ഗുഹകളിൽനിന്നും ഏകദേശം ഒരു കിലോമീറ്റർ ദൂരമുണ്ട്. അതിന്നായി ബസ് സർവീസുണ്ട്. അവിടെ വർദ്ധമാനമഹാവീരൻറെ ദിംഗബരപ്രതിമകളും , ധ്യാനകേന്ദ്രങ്ങളും കൊത്തുപണികളും നിറഞ്ഞ നാല് ഗുഹകളും കണ്ട് തിരിച്ച് 16 നമ്പർ ഗുഹാകവാടത്തിലെത്തി കൈലാസക്ഷേത്രത്തിൻറെ ഏറ്റവും മുകളിൽ കയറി. ഔറംഗബാദിൻറെ മൊത്തം മനോഹരിത അവിടെനിന്നാൽ കാണാമായിരുന്നു.

യാതൊരു യന്ത്രങ്ങളുടേയും സഹായമില്ലാതെ നൂറ്റാണ്ടുകൾക്കു മുമ്പ്
ഭാരതീയശില്പികളുടെ കരവിരുതിൽ വിരിഞ്ഞ മഹാദ്ഭുതമാണ് എല്ലോറ ഗുഹാക്ഷേത്രങ്ങൾ. പ്രകൃതിയുടെ മനോഹാരിത നിലനിർത്തിക്കൊണ്ടുതന്നെ
ഇത്തരം നിർമ്മിതികൾ ഭാരതസംസ്കാരത്തിന്റെയും ശില്പകലയുടേയും ഉത്തമോദാഹരണമാണ്.
ഏകദേശം 5 മണിക്കൂർ എല്ലോറ ഗുഹകളിൽ ചിലവഴിച്ചശേഷം ഏറെ സന്തോഷത്തോടെ അടുത്ത സ്ഥലത്തേക്കു യാത്ര തുടർന്നു.

ജ്യോതി സന്തോഷ്

error: Content is protected !!