സ്നേഹമഴയേ..
നീ ദൂരെ നിന്നും ചൂളമടിച്ചു വന്നത് ഞാനറിഞ്ഞു.. ശബ്ദ്ദം കേട്ടു, പക്ഷെ കാണാനായില്ല. നിനക്കു മുൻപേ വന്ന നനുത്ത കാറ്റിന്റെ തലോടലിൽ ഉന്മാദയായെങ്കിലും ഞാൻ ഉറച്ചിരിക്കുന്ന എന്റെ വേരുകൾക്ക് ഇളക്കമുണ്ടായില്ല.
ആർത്തലച്ചു വന്നു നീ എന്നെ വല്ലാതെ മദിച്ചു കടന്നുപോയെങ്കിലും നമുക്കിടയിൽ ദൈവം സ്പന്ദിച്ചതു ഞാൻ അറിഞ്ഞു.. എന്നിൽ ആളിപ്പടർത്തിയ അത്യുദാത്തമായ പ്രകാശം എന്റെ ചുറ്റും ഇപ്പോഴും നിറഞ്ഞു നിൽക്കുന്നു.. എനിക്ക് ചേതനയറ്റു എന്നു തോന്നുമ്പോഴും സചേതനമായി നിറഞ്ഞ തെളിച്ചത്തിൽ നീ എന്നെ വാരിപ്പുണരുന്നു..
എന്റെ ഇലവരമ്പിൽ നിന്റെ രണ്ടു തുള്ളികൾ പകുത്തു വെച്ച് നീ കടന്നുപോയി, അവ അവിടെയെപ്പോഴും ഓളം തുള്ളി നിൽക്കും. അതിൽ തിളങ്ങുന്ന സൂര്യവെളിച്ചത്തിൽ എന്റെ ഛായ എനിക്ക് കാണാനാകും..
എന്നെ ഇളക്കിയ മാരുതൻ നിന്നെ ഇളക്കിയില്ല. എന്നെ ഉലച്ച ശിഖരങ്ങൾ നിന്നെ ഉലച്ചില്ല,
നിന്റെ അകമിളകിയില്ല.. മനമുരുകിയില്ല.. സ്വരമിടറിയില്ല.. ഒട്ടും തുളുമ്പിയുമില്ല..!
ചുറ്റും നിന്നെന്നെ ഒറ്റുന്നവർക്കൊരുവറ്റു പകുത്തു വെക്കാൻ, നീ ഉതിർത്തുതന്ന ജീവാംശം എന്നെ പ്രാപ്തമാക്കുന്നു..
എന്റെ അകം സ്വേച്ഛയിൽ നിന്നു പരേച്ഛയിലേക്കും പരേച്ഛയിൽ നിന്ന് അനിച്ഛയിലേക്കുമെത്തുന്നത് ഞാൻ കാത്തിരിക്കുന്നു..
എന്റെ ശ്രദ്ധയെ പ്രാർത്ഥനയിലേയ്ക്കും അവിടെനിന്നു ധ്യാനത്തിലേയ്ക്കും ഒഴുക്കുന്ന ജലശയ്യയാകുവാൻ ഞാൻ ആഗ്രഹിക്കുന്നു..
നിന്നിൽ ഉറ്റിരിക്കണം.. എന്നിൽ നീ പറ്റിയിരിക്കണം..
മരണനാഴികയോളമെങ്കിലും..
റോബിൻ കുര്യൻ