ഭയം നയിക്കുന്ന വായന: 124

“ഭയം അതിന്റെ തീക്കനൽ പോലുള്ള നാക്കുകൊണ്ട് നരേന്ദ്രന്റെ നട്ടെല്ലിൽ നക്കി” സുഭാഷ് ചന്ദ്രന്റെ പറുദീസാ നഷ്ടം എന്ന കഥയിലെ ഒരു വാചകം വി. ഷിനിലാൽ തന്റെ ഏറ്റവും പുതിയ നോവലിന്റെ പതിനേഴാം അദ്ധ്യായത്തിൽ ചേർത്തിട്ടുണ്ട്. ഒരുപക്ഷേ, ഇതുപോലെ ഒരു നോവൽ എഴുതപ്പെടാൻ മാത്രമുള്ള കാരണങ്ങളിൽ ഒന്ന് എഴുത്തുകാരന്റെ നട്ടെല്ലിൽ തീക്കനൽ നാവിനാൽ നക്കപ്പെട്ട ഭയം മാത്രമാകാം.


അത് ഒരാളിന്റെ മാത്രം ഭയമല്ല. എഴുത്തുകാരനൊപ്പം ആ ഭയം അനുഭവിക്കുന്ന അനേകമായിരങ്ങളോ, നിരവധി ലക്ഷങ്ങളോ ഇന്ന് നമ്മുടെ മുന്നിൽ തന്നെയുണ്ട്. അരിച്ചിറങ്ങുന്ന ഭയം വെറുമൊരു ഭയം മാത്രമല്ല, അത് നമ്മെ നാളെ വിഴുങ്ങാൻ നിൽക്കുന്ന തീയാണെന്നും, അതിന്റെ കനൽ ഊതിപ്പെരുപ്പിക്കുന്ന ഫാസിസത്തിന്റെ വക്താക്കൾ നമ്മുടെ കൺമുന്നിൽ തന്നെയുണ്ട് എന്നും സമീപകാല സംഭവങ്ങൾ ഓർമ്മിപ്പിക്കുന്നു. ഒരാൾ എന്ത് കഴിക്കണം, എന്ത് ധരിക്കണം, എന്ത് എഴുതണം, എന്ത് ചിന്തിക്കണം, എങ്ങനെ ജീവിക്കണം എന്ന് ഒരു പ്രത്യയശാസ്ത്രവും അതിന്റെ വക്താക്കളും നിരന്തരം പ്രഖ്യാപനങ്ങൾ നടത്തുന്നിടത്താണ് 124 (നോവൽ: ഷിനിലൽ പ്രസാധനം: ഡി. സി ബുക്സ്) ന്റെ പ്രസക്തി.

നമ്മളിലാരെങ്കിലും മറ്റൊരു മനുഷ്യനെയോർത്ത് ആകുലപ്പെടാറുണ്ടോ.
അപരിചിതനായ ഒരാളെപ്പറ്റി നമുക്ക് ആകുലപ്പെടേണ്ട കാര്യമേയില്ല!(?)

പരിചയമുള്ള,
അടുത്തറിയാവുന്ന,
അയൽവാസിയായ,
ബന്ധുവായ,
അച്ഛൻ അമ്മ സഹോദരങ്ങൾ ഭാര്യ മക്കൾ,
നമ്മളെപ്പറ്റിയെങ്കിലും…. ഉണ്ടാവും. ഉറപ്പ്!

അത്, ഇന്നെന്ത് എന്നോർത്തുള്ള ആകുലതകൾക്കപ്പുറം, നാളെ എന്താകും എന്നുള്ള ആകുലതകളും ഭയവും പേടിസ്വപ്നങ്ങളുമാണ് 124. ഇന്ന് അവർ, നാളെ നമ്മൾ/ഞാൻ! പുതിയകാലത്തിൽ എഴുതപ്പെടാൻ പോകുന്ന പുത്തൻചൊല്ലുകൾക്കുള്ള മുന്നറിയിപ്പായി നോവലിനെ കണക്കാക്കാം.

മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച 124 എന്ന കഥയുടെ വിപുലീകരണമാണ് ഈ നോവൽ. നോവലിസ്റ്റ് തന്നെ അത് പറയുന്നുണ്ട്. ഒപ്പം, നോവലിസ്റ്റിന്റെ സമാന്തരൻ, സ്റ്റേറ്റ്‌സ്മാൻ എന്നീ കഥകളും 124 എന്ന നോവലിൽ കടന്നുവരുന്നുണ്ട്.
മാധ്യമത്തിൽ പ്രസിദ്ധീകരിച്ച 124 (കഥ)ന്റെ പ്രമേയം ‘ജനഗണമന’യാണ്. സ്കൂൾ ദിവസങ്ങളിൽ എല്ലാ വൈകുന്നേരങ്ങളിലും “ദേശീയ”ഗാനം ചൊല്ലുമ്പോൾ ബാഗ് പാക്ക് ചെയ്തിട്ടില്ലാത്തവരും ജയ ജയ ജയഹേ എത്തുമ്പോഴേക്കും ബാഗ് തോളിലേക്ക് ഇടാത്തവരുമുണ്ടാകുമോ. അങ്ങനെ ചെയ്തവരൊക്കെയും രാജ്യദ്രോഹികളാകാം.
മലയാളം പാഠപുസ്തകത്തിലെ ദേശീയ ഗാനത്തിൽ മഷിപ്പേനയിൽ നിന്നും മഷി ചാടിയതിന് വർഷങ്ങൾക്കിപ്പുറം രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ‘വില്ലൻ’ നോവലിസ്റ്റാണോ, അതോ വായിക്കുന്ന നമ്മളാണോ എന്ന ചോദ്യത്തിന്റെ ഉത്തരം കൂടിയാകുന്നു 124.
124 എന്ന കഥ വായിച്ചവർക്കും ആ കഥയുടെ ആഴത്തിലേക്ക് പോയവർക്കും കഥാവായനയുടെ അവസാനം നട്ടെല്ലിലേക്ക് ഭയം ഇരച്ചുകയറിയവർക്കും നാളെ നമുക്ക് തീരെ അപരിചിതനായ ഒരാൾക്ക് എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന ആകുലത ഉള്ളിൽ കാളിയവർക്കും ഒരുപക്ഷേ, നോവലിന്റെ പരപ്പ് ആസ്വാദനത്തിന്റെ വേലിയിറക്കങ്ങൾ ഉണ്ടാക്കിയേക്കാം. പതിവ് രീതികളിൽ നിന്നുള്ള ആഖ്യാനത്തിന്റെ വ്യത്യസ്തത വായന എന്ന രീതിയിൽ നോവലിന് സ്വീകാര്യത കൂടും എന്നതിൽ സംശയമില്ല.


124 ഒരു രാഷ്ട്രീയമാണ്. സമീപകാലത്ത് നാം മുന്നിൽ കാണുന്ന ഭയത്തിന്റെ രാഷ്ട്രീയം. ഒരുപക്ഷേ, ധാബോൽക്കർക്കും ഭഗവാനും ഗൗരി ലങ്കേഷിനും സംഭവിച്ചത് നാളെ ആർക്കും സംഭവിക്കാം എന്ന എഴുത്തുകാരന്റെ ഉൾഭയം വായനക്കാരൻ കൂടി പേറുന്നുണ്ട്. ഓരോ പേജിലും വായനയെ മുന്നോട്ട് നയിക്കുന്നത് ആ ഭയമാണ്. ഈ നോവൽ എഴുതിയതിന്റെ പേരിൽ ഇരിഞ്ചയത്തെ ‘പ്രകൃതി’യുടെ മുന്നിൽ ഇരമ്പിയെത്തുന്ന ബുള്ളറ്റുകളുടെ ശബ്ദം അത് വായിച്ചതിന്റെ പേരിൽ നമ്മളെയും തേടിയെത്താം. ഭയമാണ് ഇനി നമ്മളെ നയിക്കാൻ പോകുന്നത് എന്നും, ഇരയും വേട്ടക്കാരനും ആരെന്ന് തിരിച്ചറിയാൻ പറ്റാത്ത ‘ജനാധിപത്യ’ത്തിലേക്കുള്ള ഓട്ടത്തിലാണ് നാമെന്നും വായനയുടെ അവസാനം മനസിലാകുന്നിടത്താണ് എഴുത്തുകാരന്റെ സംവേദനം വിജയിക്കുന്നത്.

എസ് ജെ സുജിത്

Leave a Reply

Your email address will not be published.

error: Content is protected !!