Āmi dēkhēchi ritu..ഞാന്‍ കണ്ട ഋതു..

ഉൽസബ്

ഇരുപതു വർഷം മുൻപ് പ്രക്ഷകനിലേക്കെത്തിയ, അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു സിനിമ, ഇന്നും പ്രാധാന്യമൊട്ടും കുറയാതെ ചർച്ച ചെയ്യപ്പെടണമെങ്കിൽ, സമകാലീക സാദൃശ്യത്തോടെ നിൽക്കണമെങ്കിൽ, അത്രയും ഗൗരവത്തോടെ ആ ഒരു വിഷയം അത് കൈകാര്യം ചെയ്യപ്പെട്ടിരുന്നിരിക്കണം. അവിടെയാണ് ഋതുപർണ്ണോഘോഷ് എന്ന രചയിതാവിന്റെ, ഡയറക്ടറുടെ പ്രതിഭ ചോദ്യം ചെയ്യപ്പെടാനാകാത്ത ഉയരത്തിലെത്തുന്നത്. സാധാരണ ഘോഷ് സിനിമകളിൽ നിന്ന് വ്യത്യസ്തമായി ഏറ്റവും ലോലമായൊരു കഥാതന്തു ആണ് ‘ഉത്സബി’ലേത്. ഒരു പക്ഷെ ഋതു ശേഖരത്തിലെ ഏറ്റവും ചെറുതും! അതിൽനിന്ന് ബുദ്ധിപരമായി നെയ്തെടുത്ത സിനിമയ്ക്ക് സംവിധായകനുള്ള സുവർണ്ണ കമലവുമായി(2000) മടങ്ങാതെ വയ്യ! ഘോഷിന്റെ ആറാമത്തെ സിനിമയായിരുന്നു അത്.

ദുർഗ്ഗാ പൂജ അന്നേയ്ക്ക് ഒത്തുകൂടിയ ഭഗബതിയുടെ കുടുംബാംഗങ്ങളും അവരെ വരവേൽക്കുന്ന, കൊട്ടാര സദൃശമായ അവരുടെ വീടുമാണ് സിനിമയുടെ അടിത്തറ. പുരാതനമായ ആ വീട്, അതിനോട് ഒരു വൈകാരിക അടുപ്പം ആർക്കും തോന്നുന്നില്ല. അവർക്കോരോരുത്തർക്കും അവരുടേതായ പ്രശ്നങ്ങൾ പരിഹരിക്കാൻ വീട് വിൽക്കുന്നതിലാണ് താല്പര്യം. നാലുമക്കളിൽ രണ്ടു വീതം ആണും പെണ്ണുമുണ്ടെങ്കിലും സഹോദരിമാർക്ക് ഇരുവർക്കും ഇങ്ങനെയൊരു ഒത്തുകൂടലിൽ താല്പര്യമേയില്ല.

അവരോരോരുത്തരുടേയും ജീവിതത്തിലെ വേദനയും സ്നേഹവും ത്യാഗവും കാപട്യവും അവർ ജീവിക്കുന്ന കാലഘട്ടത്തിന്റെ ആധുനികതയുടെ ഭാഗമായി ചിത്രീകരിക്കപ്പെടുമ്പോൾ ഘോഷ് ഏറ്റെടുക്കുന്ന ചലഞ്ച് വലുതാണ്. പരസ്ത്രീബന്ധവും അഗമ്യഗമനവും ഗാർഗികപീഢനം വരെ ശക്തമായ ഫെമിനിസത്തിന്റെ മേലാപ്പിൽ പൊതിഞ്ഞ് അവതരിപ്പിക്കേണ്ടിവരുന്നതിലെ റിസ്ക് അപാരമാണ്. ഒന്നു പാളിയാൽ തിരിച്ചടിച്ചേക്കാവുന്ന നേർത്തൊരു തന്തുവിലൂടെ കഥ പറഞ്ഞു ഫലിപ്പിക്കാൻ അസാമാന്യ കൈവഴക്കം വേണ്ടിയിരുന്നു. ഒരു സൂഷ്മനോട്ടത്തിലൂടെ, അടക്കിപ്പിടിച്ചൊരു നെടുവീർപ്പിലൂടെ, കണ്ണീരുപൊട്ടാൻ വെമ്പിനിൽക്കുന്ന നിശബ്ദതയിലൂടെ ഏറ്റവും വിഷമം നിറഞ്ഞൊരു ജീവിത സാഹചര്യത്തെ ഘോഷ് അടയാളപ്പെടുത്തുന്നുണ്ട് ഈ സിനിമയിൽ.

ഭഗബതിയുടെ മൂത്ത മകളായ പാരുൽ (മമ്‌താ ശങ്കർ) തന്റെ കുടുംബജീവിതം ഒരു പരാജയമാണെന്ന് സമ്മതിക്കുമ്പോൾ ഓരോ സഹോദരങ്ങളായി അവരുടെയും പ്രശ്നങ്ങൾ തുറന്നുപറയാൻ തയാറാവുന്നു. തന്റെ കോർപ്പറേറ്റ് ജോബ് നഷ്ടമായി സാമ്പത്തിക പ്രതിസന്ധിയിലാവുന്ന നിഷിത് എന്ന രണ്ടാമത്തെ മകനും ഭർത്താവിന്റെ അമിത മദ്യപാനം താളംതെറ്റിക്കുന്ന കേയ എന്ന ഇളയ മകളും അവരുടെ ജീവിതം തുറന്നുപറയാൻ തയ്യാറാവുന്നിടത്ത് ദുർഗാപൂജയുടെ പ്രസക്തി കൊണ്ടുവന്ന്, കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും പൈതൃകമായി കിട്ടുന്നവയുടെ പ്രാധാന്യവും തന്മയത്വത്തോടെ ഘോഷ് സിനിമയിൽ അവതരിപ്പിക്കുന്നു. തങ്ങളുടെ പ്രശ്നങ്ങളിൽ കുടുങ്ങി സ്വയം ഒതുങ്ങിപ്പോയവരുടെ തുറന്നുപറച്ചിലുകൾ അവർക്ക് നേടിക്കൊടുക്കുന്ന ആത്മവിശ്വാസവും കുടുബാംഗങ്ങളിൽ നിന്നു കിട്ടുന്ന സപ്പോർട്ടും എടുത്തുകാട്ടി, ഘോഷ് ചെയ്യുന്നതും ഒരു സാമൂഹിക നവീകരണം തന്നെ; ഇത്തരം സാഹചര്യങ്ങളിൽ നിസ്സഹായതകളെ തുറന്നുകാട്ടാൻ മടിക്കുന്ന, സമൂഹത്തിലെ പരശ്ശതം ആൾക്കാരെ പ്രാപ്തരാക്കാൻ ഉതകുന്ന സാമൂഹിക വിപ്ലവത്തിനുള്ള വിത്തിടീൽ!

ബിന്ദു ഹരികൃഷ്ണൻ

ചിത്രീകരണം: സംഗീത് ബാലചന്ദ്രൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!