അന്നവിചാരം

“ദീപ ഇന്ന് പനീർ ഗീ റോസ്റ്റ് ഉണ്ടാക്കി ഫോട്ടോ അയച്ചിരുന്നേ, കണ്ടിട്ട് കിടുവായിട്ടുണ്ട്, ടേസ്റ്റും അടിപൊളിയായിരിക്കണം,റെസിപ്പി ഒക്കെ ഞാൻ തപ്പി വെച്ചിട്ടുണ്ട്. ഫ്രിഡ്ജിൽ ഒരു പാക്കറ്റ് പനീർ ഇരിപ്പുണ്ട്, ഇന്ന് രാത്രിയിലത്തേക്ക് അതുണ്ടാക്കിയാലോ എന്നാ ഞാൻ വിചാരിക്കുന്നെ, വാട്ട് യു സെ മിസ്റ്റർ മനോജ്?”, ജോലി സമയത്തെപ്പോഴോ മനുച്ചേട്ടൻ ഫോൺ ചെയ്തപ്പോൾ ഞാൻ ചോദിച്ചു.

“ആഹാ.. ദീപ ബീറ്റ്റൂട്ട് തോരനും മോര് കറിയും കടലയും പരിപ്പുമൊക്കെ വിട്ട് പനീർ ഗീ റോസ്റ്റിലൊട്ടൊക്കെ തിരിഞ്ഞോ?”

“ഇപ്പോൾ പിന്നെ എന്തുമാവാമല്ലോ..സുഖിക്കേ അല്ലെ..വെറുതെ മനുഷ്യനെ കൊതിപ്പിക്കാനായിട്ട്…..വ്ളാഡി ഫൂൾ. ഞാൻ ചോദിച്ചതിന് ഉത്തരം പറ.”

“മ്മ്മ്..ഇന്ന് വേണ്ട..ചൊവ്വാഴ്‌ചയല്ലേ..ഒരു സുഖമില്ല. വ്യാഴാഴ്ച വൈകുന്നേരം മതി.”

അത് കേട്ടതും ആർത്തിരമ്പി നിന്ന ആവേശമെല്ലാം ശൂ എന്ന് കെട്ടടങ്ങി മനസില്ലാമനസ്സോടെ ഞാൻ പനീർ ഗീ റോസ്റ്റ് മോഹം വ്യാഴാഴ്ച വൈകുന്നേരത്തേക്ക് മാറ്റി വെച്ചു.

അടുത്ത ആഴ്ചയിലെ വിളികളിൽ എപ്പോഴോ ഞാൻ ചോദിച്ചു.

“ഇന്ന് വിദ്യ ഉച്ചക്കൽത്തേക്കു മഷ്‌റൂം പുലാവ് ഉണ്ടാക്കി കൊണ്ട് വന്നു, നല്ല ടേസ്റ്റ് ആയിരുന്നു. ഒന്നുമില്ല.. സിമ്പിൾ ആണ് ഉണ്ടാക്കാൻ. ആവശ്യമുള്ള സാധനങ്ങളിൽ മഷ്‌റൂം മാത്രമേ ഇല്ലാതുള്ളൂ, പോകുന്ന വഴിക്ക് തലാൽ നിന്ന് മേടിക്കാം, നാളെ ഉച്ചക്ക് അതാക്കിയാലോ മനുച്ചേട്ടാ?”

“നാളെ വേണ്ട. നാളെ തൈരും ചമ്മന്തിയും മതി. അതാണ് സേഫ്.”

“സേഫാ?..എന്ത് സേഫ്?”

“അല്ല ഹരിക്കുമ്പോഴും ഗുണിക്കുമ്പോഴും… സോറി..വിഷയം മാറി….ഭയങ്കര ചൂടല്ലേ?, അപ്പോൾ തൈരാണ്‌ ശരീരത്തിന് നല്ലത് എന്നാണ് ഞാൻ ഉദേശിച്ചത്. വ്യാഴാഴ്ച വൈകുന്നേരം നീ ഉണ്ടാക്കിക്കോ, അപ്പോൾ നമുക്ക് മൂന്ന് പേർക്കും ഒരുമിച്ചിരുന്നു കഴിക്കാമല്ലോ.”

വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ചകളിലുമാണ് നമ്മൾ ഒരുമിച്ചിരുന്നു സന്തോഷമായി ഭക്ഷണം കഴിക്കുന്നത്. അയ്യോ പാവം ആ സ്നേഹവും ആഗ്രഹവും കൊണ്ട് പറഞ്ഞതല്ലേ, അത് കൊണ്ട് ഞാൻ മഷ്‌റൂം പുലാവ് ആഗ്രഹം പകുതി സങ്കടത്തോടെയും ബാക്കി പകുതി സന്തോഷത്തോടെയും ആ വാരത്തിലെ വ്യാഴാഴ്ച വൈകുന്നേരത്തിലേക്ക് സൂക്ഷ്മതയോടെ ഒതുക്കി വെച്ചു.

അതിനടുത്ത ആഴ്ച എപ്പോഴോ തൊട്ടടുത്ത ഫ്ളാറ്റിലെ കൂട്ടുകാരി സോജ, മൈ രാജകുമാരി, ഒരു ബോക്സ് ബ്ലൂബെറി സമ്മാനം ആയി തന്നു. അത് വെറുതെ കഴിക്കാൻ സുഖമൊന്നും ഇല്ലാത്തത് കൊണ്ട് പാലും, പഞ്ചസാരയും, തൈരും, വാനില എസ്സെൻസും കിടുപിടികളും ഒക്കെ ചേർത്ത് ഒരു ബ്ലൂബെറി സ്മൂത്തി ഉണ്ടാക്കാം എന്ന പ്ലാനിൽ ഇരിക്കെ അന്നേ ദിവസത്തെ വിളിയിൽ കണവനോട് കാര്യം അവതരിപ്പിച്ചു.

“സ്മൂത്തിയ?..എന്തായാലും സോജ ഉണ്ടാക്കും, ഒരു ഗ്ലാസ് എങ്കിലും നിനക്ക് തരാതിരിക്കില്ല, തത്കാലം അത് നീ കുടിക്ക്, എന്നിട്ട് വ്യാഴാഴ്ച വൈകുന്നേരം നമുക്ക് വേണ്ടീട്ടും ഉണ്ടാക്കാം, സോജക്കും കൊടുക്കാം.”

എന്ത് പറഞ്ഞാലും വ്യാഴാഴ്‌ച വ്യാഴാഴ്ച എന്ന പല്ലവി കേട്ടു മടുത്ത ഞാൻ;
“സ്മൂത്തി കുടിക്കാൻ ഒരുമിച്ച് ഇരിക്കേണ്ട കാര്യമൊന്നുമില്ല കേട്ടാ..അല്ലാതെയും കുടിക്കാം. വ്യാഴാഴ്ച വരെ കാത്തിരിക്കാനാ ഈ ബ്ലൂബെറി ബോക്സും നോക്കികൊണ്ട്?..ഞാനിന്നു തന്നെ ഉണ്ടാക്കും നോക്കിക്കോ, മര്യാദക്ക് കുടിച്ചോളണം, പറഞ്ഞേക്കാം, ഇല്ലെങ്കിൽ ആ..”

“ഒരുമിച്ചിരുന്നു കഴിക്കുന്നതൊക്കെ സന്തോഷമുള്ള കാര്യം തന്നെ, പക്ഷെ ഞാനത് കൊണ്ടൊന്നുമല്ല വ്യാഴാഴ്ച മതി എന്ന് പറയുന്നത്.”

“പിന്നെ എന്തിനു?”.

“ഇന്നാള് നീ ഉണ്ടാക്കിയ..അതിന്റെ പേരെന്തായിരുന്നു?…ആ…ചിക്കൻ ചവിട്ടികുഴച്ചത്..

“ചവിട്ടികുഴച്ചതും ഇടിച്ചു പിഴിഞ്ഞതൊന്നുമല്ല..ചിക്കൻ പൊട്ടിത്തെറിച്ചത്..” ഞാൻ ഇടയിൽ കയറി, അല്ല പിന്നെ മനുഷ്യനെ ഒരുമാതിരി ആക്കുന്നോ കള്ള.. വേണ്ട ഭർത്താവായി പോയില്ലേ ബാക്കി മനസ്സിൽ ഒതുക്കാം.

“എന്റമ്മോ നല്ല കറക്റ്റ് പേര് തന്നെ അതിന് ഇട്ടേക്കുന്നത്, “ചിക്കൻ പൊട്ടിത്തെറിച്ചത്”..അത് കഴിച്ചതിനു ശേഷം വയറിനകത്തു മുഴുവൻ പൊട്ടിത്തെറി ആയിരുന്നു കുറേനേരം, അന്ന് വൈകുന്നേരം ഉണ്ടായിരുന്ന പർച്ചേസ് മീറ്റിംഗ് പോലും പിറ്റേന്നത്തേക്ക് മാറ്റി വെക്കേണ്ടി വന്നു ആ പൊട്ടിത്തെറി കാരണം. നീ എന്ത് വേണേലും ഉണ്ടാക്കി പരീക്ഷിച്ചോ ഞാൻ കഴിച്ചോളാം, പക്ഷെ വ്യാഴാഴ്ച വേണം, എന്റെ അഭ്യർത്ഥനയാണ്. അതാകുമ്പോൾ അടുത്ത ദിവസം വെള്ളിയാഴ്ച അവധിയാണ്, വീട്ടിൽ തന്നെയല്ലേ, വയറു പണി മുടക്കിയാലും പ്രശ്നമില്ല. ഏത്?”.

“അതെന്ത് നിങ്ങളുടെ ഓഫീസിൽ വാഷ്‌റൂം ഒന്നുമില്ലേ?” അഭിമാനത്തിന് ക്ഷതമേറ്റ ഞാൻ കൊഞ്ഞനം കുത്തി കൊണ്ട് ചോദിച്ചു.

“അയ്യാ..ഉള്ള ദിവസം മുഴുവൻ വാഷ്‌റൂമിൽ ഇരിക്കാൻ അല്ല കമ്പനി എനിക്ക് ശമ്പളം തരുന്നത്.”

ഓ വാച്ച്റൂമിൽ ഇനിക്കാൻ അല്ല ചമ്പലം കൊടുക്കുന്നതത്രെ, ഞാൻ ഫോൺ കട്ട് ചെയ്തിട്ടു പിറുപിറുത്തു, അല്ലേ പർച്ചേസ് മീറ്റിംഗ് മാറ്റി വെച്ചെന്നു അത് കഴിച്ചത് കൊണ്ട്, ചുമ്മാ..

ചിക്കൻ പൊട്ടിത്തെറിച്ചതിനു എന്തായിരുന്നു കുഴപ്പം നല്ല ടേസ്റ്റ് ആയിരുന്നല്ലോ, ഞാൻ ആ വെടക്ക് രുചി മനസ്സിൽ ഓർത്തു.

എന്നാലും..കല്യാണം കഴിഞ്ഞിട്ടു കൊല്ലം എട്ടായി, ഇത്രയും കാലം ഞാൻ വെച്ചുണ്ടാക്കി കൊടുത്തതൊക്കെ ഒട്ടും വിശ്വാസമില്ലാതെയാണോ ഇങ്ങേരു കഴിച്ചോണ്ടിരുന്നത്. വിശ്വാസം, അതല്ലേ എല്ലാം, എന്നിട്ടും, എന്നോടിത്. ഈ ബന്ധം ഇനി മുന്നോട്ട് കൊണ്ട് പോയിട്ട് കാര്യമില്ലാ.

“ശേ പോട്ടെ മഹാലക്ഷ്‌മി, ആഫ്റ്റർ ആൾ തെറ്റെല്ലാം നിന്റെ ഭാഗത്തല്ലേ?, ബന്ധം ഒന്നും വേർപെടുത്തണ്ട, പിന്നെ നീ ഒന്നോർക്കണം നീ ഉണ്ടാക്കുന്നതൊക്കെ മിണ്ടാതെ കഴിക്കാൻ ഇത് പോലെ വേറെയോരാളെ നിനക്കിനി ജന്മം ചെയ്താൽ കിട്ടില്ല”, എന്റെ മനസ്സാക്ഷി ഞാൻ മാത്രം കേൾക്കെ പറഞ്ഞു. അത് കറക്റ്റ്, അപ്പോൾ ഇങ്ങനെ തന്നെ പോട്ടെ.

“ഉച്ചക്ക് ഫുഡ് കഴിച്ചത് ശരിയാവാത്ത പോലെ, കഫെറ്റീരിയയിൽ നിന്ന് നമുക്ക് ഓരോ പരിപ്പ് വട മേടിച്ചാലോ മഹി?”, കണവന്റെ കമന്റിൽ നിരാശയുടെ പടുകുഴിയിൽ ഇരുന്ന ഞാൻ ഉരുട്ടി ഉരുട്ടി മനസ്സിൽ അടുക്കി വെച്ചിരുന്ന മനോവിഷമം ഓരോന്നായി വിഴുങ്ങി വയറു നിറയ്ക്കാം എന്ന് കരുതിയിരിക്കുമ്പോഴാണ് വിദ്യയുടെ ചോദ്യം.

“പരിപ്പ് വട, മണ്ണാങ്കട്ടി..” എന്ന് പറയാൻ ആണ് വായ തരിച്ചതെങ്കിലും, “എനിക്ക് ഒരു പഴംപൊരി കൂടി” എന്നാണ് ശബ്ദം പുറത്തു വന്നത്.

അഭിമാനത്തിനേറ്റ ക്ഷതം പഴംപൊരി കഴിച്ചാൽ തീരും ഉറപ്പാണ്, അല്ലെങ്കിൽ തന്നെ ഇതൊക്കെ എന്ത്, എത്ര കണ്ടിരിക്കുന്നു.

നബി: എന്തൊക്കെ പറഞ്ഞാലും ഞാൻ പാചകത്തിൽ സകലകാലാവല്ലഭയാണ് എന്ന സർട്ടിഫിക്കറ്റ് ദശമൂലം ദാമു സ്റ്റൈലിൽ പിച്ചാത്തി കാണിച്ചു ഭീഷണിപ്പെടുത്തി വിദ്യയേയും ദീപയെയും സോജയെയും കൊണ്ടു എനിക്ക് തരീച്ചിട്ടുള്ളതും, അത് കൂടാതെ ഞാൻ തന്നെ ഒപ്പിട്ട് എനിക്കു തന്നെ നൽകിയിട്ടുള്ളതായും താഴ്മയായി അറിയിച്ചു കൊള്ളുന്നു.

എന്ന് ഒപ്പ്.. കുത്ത്..

മഹാലക്ഷ്‌മി മനോജ്

Leave a Reply

Your email address will not be published.

error: Content is protected !!